ADVERTISEMENT

അക്കാദമിക് പരീക്ഷയിലെ മികവും ഇന്റർവ്യൂവിലെ പ്രകടനവും ആധാരമാക്കി ആയിരുന്നു ഉയർന്ന ജോലികൾക്കുള്ള സിലക്‌ഷൻ മുമ്പൊക്കെ നിർവഹിച്ചുപോന്നത്. ചിലപ്പോൾ ഇന്റർവ്യൂവിനു മുൻപ് എഴുത്തുപരീക്ഷയും കാണുമായിരുന്നു. ഇന്നിപ്പോൾ കഥ മാറി. ഇന്റർവ്യൂവഴി നിർണയിക്കാനാവാത്ത പല വ്യക്തിത്വഗുണങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്താൻ ഗ്രൂപ്–ഡിസ്കഷൻകൂടെ (GD) ഉൾപ്പെടുത്തുന്ന ശൈലിക്കു പ്രചാരമേറി. മികച്ച മാനേജ്‌മെന്റ് കോഴ്‌സുകളിലും മറ്റും പ്രവേശനം കിട്ടണമെങ്കിൽ ഗ്രൂപ്ഡിസ്കഷനിൽ തിളങ്ങണം. 

 

ഏതാനും തലമുതിർന്നവർ ചേർന്ന്, ജീവന്മരണസമരത്തിൽ എന്ന മട്ടിൽ ഇരിക്കുന്ന പ്രായം കുറഞ്ഞ ഉദ്യോഗാർത്ഥിയെ വിലയിരുത്തുമ്പോൾ, അയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉളവാകാൻ സാദ്ധ്യതയേറെ. സമപ്രായക്കാരായവരോടൊത്തിരുന്നു സംസാരിക്കുമ്പോഴുള്ള സ്വാതന്ത്ര്യം മുതിർന്നവരടങ്ങിയ ബോർഡിനു മുന്നിലിരുന്നു ചോദ്യങ്ങളെ നേരിടുമ്പോൾ അനുഭവപ്പെടില്ലല്ലോ. ഈ പോരായ്മ പരിഹരിക്കാൻ സംഘചർച്ചയ്ക്കു കഴിയും. 

അപേക്ഷകന്റെ വ്യക്തിത്വത്തിലെ സവിശേഷതകൾ, നേതൃത്വഗുണങ്ങൾ, വിവിധ അപേക്ഷകരുടെ വ്യക്തിത്വ സവിശേഷതകളുടെ താരതമ്യം, അപേക്ഷകന്റെ ആശയസമ്പത്ത്, ശുദ്ധമായ ഭാഷയിൽ വ്യക്തമായി പറഞ്ഞുഫലിപ്പിക്കാനുള്ള കഴിവ്, സന്തുലിതസമീപനം, അന്യർ പറയുന്നതു കേൾക്കാനുള്ള ക്ഷമ തുടങ്ങിയവ വിലയിരുത്താം.

 

ചർച്ചയുടെ ശൈലി

എട്ടുമുതൽ പന്ത്രണ്ടുവരെ പേർ ആയിരിക്കും ഉൾപ്പെടുക. അധ്യക്ഷനോ ഗ്രൂപ്പ് ലീഡറോ ആരെന്നു നിർദ്ദേശിക്കുകയില്ല.. 25-30 മിനിട്ട് നേരത്തേക്ക് ആയിരിക്കും ചർച്ച. പങ്കെടുക്കുന്നവരെ ഒരു മേശയ്ക്കുചുറ്റും ഇരുത്തുന്നു. നെഞ്ചിലും പുറത്തും നല്ല വലിപ്പത്തിൽ റോൾനമ്പർ എഴുതി പ്രദർശിപ്പിച്ചിരിക്കും. ചർച്ചാവേളയിൽ പരസ്പരം നമ്പർ പറഞ്ഞു മാത്രമേ വിളിക്കാവൂ, ആരുടെയും പേർ സൂചിപ്പിച്ചുകൂടാ.

 

മുഖ്യപരീക്ഷകൻ വന്നു ചർച്ചയുടെ രീതിയെപ്പറ്റി ഹ്രസ്വവിവരണം നല്കും. അതിനുശേഷം ചർച്ചാവിഷയം ഏതെന്നു പറയും. വിവാദപരമായ ഏതെങ്കിലും വിഷയമായിരിക്കും സാധാരണഗതിയിൽ നല്കുക. പറയാൻ ധാരാളമുള്ളവ. 

 

വധശിക്ഷ നിർത്തലാക്കണം, മാതൃഭാഷയിലൂടെ മാത്രമേ ഉന്നത വിദ്യാഭ്യാസം പാടുള്ളൂ, വിദേശങ്ങളിൽനിന്നു കടം വാങ്ങരുത് എന്നിവ ഉദാഹരണങ്ങൾ.

ചർച്ചാവിഷയം പ്രഖ്യാപിച്ചുകഴിഞ്ഞ് പരീക്ഷകൻ പിൻവാങ്ങും. അദ്ദേഹം നിരീക്ഷകൻ മാത്രം. ചിലപ്പോൾ സി.സി.ടി.വി.യിലൂടെയാവും നിരീക്ഷിക്കുന്നത്.

സാധാരണഗതിയിൽ അല്പനേരത്തേക്കു നിശ്ശബ്ദതയായിരിക്കും. ശബ്ദവിതാനം ക്രമേണ ഉയരുമെങ്കിലും അവ്യവസ്ഥിതമായ ഈ നില രണ്ടു മിനിട്ടോളം തുടർന്നേക്കാം. 

 

ഇത്രയുമാകുമ്പോൾ ഏതെങ്കിലും ഒരാൾ സ്വരമുയർത്തി ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ചർച്ചയ്ക്കു തുടക്കം കുറിക്കുന്നതു കാണാം. വിഷയം കേൾക്കുമ്പോൾത്തന്നെ ചാടിയെണീറ്റ് വർത്തമാനം തുടങ്ങുന്നവർ ഉണ്ടെന്നും വരാം.

 

ചിലർ ക്ഷമയോടെ യുക്തിപൂർവം സംസാരിക്കുമ്പോൾ, മറ്റു ചിലർ അനാവശ്യമായി വികാരംകൊണ്ടു സംസാരിക്കുകയോ ക്ഷോഭിക്കുകയോ ചെയ്‌തെന്നുവരാം. വേറെ ചിലരാകട്ടെ, ഒന്നും പറയാതെ വെറും കേൾവിക്കാരായി തുടർന്നേക്കാം. പക്വതയും ഇരുത്തവും പ്രകടമാക്കി, എല്ലാവർക്കും സംസാരിക്കാൻ അവസരം ലഭിക്കത്തക്കവിധത്തിൽ ചർച്ച ഏകോപിപ്പിക്കാൻ കഴിയുന്ന ഒരാൾ മിക്കവാറും ഉയർന്നുവരും. പ്രസന്നമായ സംഭാഷണരീതിയും വശ്യമായ സമീപനവും കാരണം അംഗങ്ങളിൽ ഭൂരിപക്ഷവും അയാളെ അംഗീകരിക്കുകയുംചെയ്യും. 

 

ഗ്രൂപ്പിലെ അംഗങ്ങളെല്ലാം സമന്മാരും സംഘചർച്ചയുടെ സങ്കേതങ്ങൾ സമഗ്രമായി ഗ്രഹിച്ചവരുമാണെങ്കിൽ ഒരുപക്ഷേ, ഒരൊറ്റ നേതാവ് രൂപം കൊണ്ടില്ലെന്നുവന്നേക്കാം. 

 

∙ സംഘചർച്ചയിൽ മികവു കാട്ടാൻ പ്രധാനമായും വേണ്ടതു പഠിച്ചുണ്ടാക്കിയ അറിവാണ്. പത്രവാർത്തകൾ ശ്രദ്ധിക്കുകയും അവ അപഗ്രഥിക്കുകയും ചെയ്യുന്ന ശീലം നേരത്തേ ആർജിക്കണം. ഒറ്റ രാത്രികൊണ്ട് ആർക്കും ഇതിൽ മിടുക്കനാവാൻ പറ്റില്ല. അച്ചടിച്ചു കാണുന്നതെല്ലാം അപ്പടി വിശ്വസിച്ചുകളയരുത്. അവയെപ്പറ്റി സമയം കിട്ടുമ്പോൾ ആഴത്തിൽ ചിന്തിക്കുന്ന ശീലം വേണം. യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ എത്ര ഉന്നതൻ പറഞ്ഞാലും നാം അതേപടി സ്വീകരിക്കേണ്ടതില്ല 

 

∙ ഒന്നാംകിട പത്രങ്ങളുടെ മുഖപ്രസംഗങ്ങളും, എ‍ഡിറ്റോറിയൽപേജ് ലേഖനങ്ങളും, വാർത്താവാരികകളും വായിക്കുന്നത് വിശകലനശീലത്തെയും നിഗമനങ്ങളിൽ എത്തുന്ന സ്വഭാവത്തെയും പുഷ്ടിപ്പെടുത്തും. സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും മൂശയിലിട്ടുരുക്കി ആശയങ്ങളെ സ്ഫുടപാകം ചെയ്തെടുക്കുന്ന ശീലമില്ലെങ്കിൽ നാം അന്യരുടെ ലൗഡ്‌സ്പീക്കറായി തരംതാഴും 

∙ ഭാഷയുടെ അടിസ്ഥാന നിയമങ്ങൾ, പദസമ്പത്ത്, ശ്രദ്ധേയ ശൈലികൾ, മഹദ്വചനങ്ങൾ എന്നിവ സ്വായത്തമാക്കണം.

∙ തെറ്റില്ലാത്ത ഭാഷയായാൽ മാത്രം പോരാ. നല്ല ഭാഷ, ശക്തമായ ഭാഷ, നല്ല ഉച്ചാരണം എന്നിവ ശീലിക്കണം. ദുർഗ്രഹമായ ഭാഷ വേണ്ട. ലളിതമായി കുറിയ വാക്യങ്ങളിലൂടെ  പറയുന്നതാണ് ഗ്രൂപ്ഡിസ്കഷനിൽ ഫലപ്രദം.

∙ ഏതു വാദത്തിനും വസ്തുതകളുടെ പിൻബലം വേണം. പറയുന്നത് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായിരിക്കണം.വസ്തുതകൾ നമുക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കേൾവിക്കാർക്കു തോന്നണം.

∙ചർച്ചയ്ക്കിടയിൽ നൂതനാശയങ്ങൾ അവതരിപ്പിക്കുന്നവരെ ഭാവംകൊണ്ടെങ്കിലും അഭിനന്ദിക്കണം. 

∙എതിരഭിപ്രായത്തെ പുഞ്ചിരിയോടെ നേരിടണം.

∙പരമാബദ്ധം കേട്ടാലും പൊട്ടിത്തെറിക്കരുത്. സൗമ്യമായി ക്ഷമയോടെ പ്രതികരിച്ചാൽ മതി.

∙കൂടുതൽ ഉറക്കെപ്പറയുന്നതുകൊണ്ടു വാദത്തിനു ശക്തി കൂടുകയില്ല. 

∙തുടങ്ങിയ വാക്യം പൂർത്തിയാക്കിയിട്ടുമാത്രം അടുത്ത വാക്യം തുടങ്ങുക .

∙വാക്യത്തിലെ അവസാന വാക്കുകൾ വിഴുങ്ങാതിരിക്കുക. 

∙ശ്രദ്ധിച്ചുപറഞ്ഞ് തിരുത്തൽ ഒഴിവാക്കണം. ആ പദ്ധതിക്ക് 20 കോടി രൂപ – ക്ഷമിക്കണം, 20 ലക്ഷം രൂപ എന്ന മട്ടു വേണ്ട. കേൾവിക്കാരുടെ ക്ഷമ പരീക്ഷിക്കരുത്.

∙ അംഗങ്ങളെ മാറിമാറി നോക്കിവേണം സംസാരിക്കുന്നത്.  

∙നിശ്ശബ്ദരായിരിക്കുന്നവരെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കണം.

∙ തട്ടിക്കയറാൻ വരുന്നവരോട് തർക്കുത്തരം വേണ്ട. കണ്ണിലേക്ക് സഹതാപമട്ടിൽ അർത്ഥപൂർണമായി നോക്കുക. ടിവിയിലെ രാത്രിചർച്ചാരീതി വേണ്ട

∙മറ്റംഗങ്ങൾ പറയുന്നത് മുഴുവനും ഏറ്റവും ശ്രദ്ധയോടെ കേൾക്കുക.

∙ആരെങ്കിലും നമ്മെ ചൂണ്ടി സംസാരിക്കാൻ ആവശ്യപ്പെട്ടാൽ ഒഴിഞ്ഞുമാറരുത്.

∙പ്രസന്നത ഒരിക്കലും കൈവെടിയാതിരിക്കുക

∙ തെല്ലു ഫലിതരസമാകാമെങ്കിലും കോമാളിവേഷം കെട്ടരുത്.

∙ മറ്റൊരാൾ പറയുമ്പോൾ ഇടയ്ക്കുവച്ചു തടയാതിരിക്കുക.

∙ക്ഷോഭം തീർത്തും ഒഴിവാക്കുക.

∙വളരെ ഉച്ചത്തിലോ സ്വരം തീരെ താഴ്ത്തിയോ സംസാരിക്കാതിരിക്കുക.

∙വ്യക്തത നഷ്ടപ്പെടുംവിധം സംഭാഷണത്തിന്റെ വേഗം  വർദ്ധിപ്പിക്കാതിരിക്കുക.

∙അംഗവിക്ഷേപങ്ങൾ ആവശ്യത്തിന്; അവ നാടകീയമാകേണ്ട.

∙സ്വന്തം 'ബോഡി ലാങ്ഗ്വേജ്' സൂക്ഷിക്കുക; അന്യർക്ക് അസൗകര്യമോ ശുണ്ഠിയോ ഉണ്ടാകാൻ വഴിവയ്ക്കരുത്. ദേഹത്തു ചാരാനും കൈ ചൂണ്ടിപ്പറയാനും തുനിയരുത്.

∙സംസ്‌കാരത്തിനു നിരക്കാത്ത ഒരു പദവും പ്രയോഗിക്കരുത്.

∙കഴിയുന്നത്ര വസ്തുതകൾ സമാഹരിച്ചു യുക്തിപൂർവം വാദിക്കുക

∙മുൻകൈയെടുക്കാനുള്ള മനഃസ്ഥിതി പ്രദർശിപ്പിക്കുക.. 

∙കടുംപിടുത്തം വേണ്ട. അയവുള്ള സമീപനമാണ് നന്ന് 

English Summary: Group Discussion Tips By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com