ADVERTISEMENT

നിങ്ങൾ എംപ്ലോയബിൾ ആണോ ? Yes എന്ന് ഇന്റർവ്യൂവിൽ ബോധ്യപ്പെടുത്താൻ ഒറ്റദിവസത്തെ തയാറെടുപ്പു പോരാ. കേട്ടിട്ടില്ലേ, Rome was not built in a day

 

oracle-career-guru-rahna-khader
രഹ്ന കാദർ

എൻജിനീയറിങ് പഠിച്ചിട്ടെന്തുകാര്യം ? നാട്ടിൽ എൻജിനീയർമാരെ തട്ടിയും മുട്ടിയും നടക്കാൻ വയ്യ.” പലപ്പോഴും കേൾക്കേണ്ടിവരുന്ന പല്ലവിയാണിത്. അതേസമയം ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനികളിലെ അവസ്ഥയോ ? മികച്ച ഉദ്യോഗാർഥികളെ കിട്ടാത്തതിനാൽ ഒഴിവുകൾ നികത്തുന്നില്ല. കിട്ടുന്നവരെ വച്ച് അഡ്ജസ്റ്റ് ചെയ്യുക എന്ന നയം ആരും സ്വീകരിക്കാറില്ല. ഒരു കമ്പനിയിലേക്കു ജോലിക്ക് അപേക്ഷിക്കുന്നവരിൽനിന്ന് എത്ര ശതമാനം പേരെ തിരഞ്ഞെടുക്കുന്നു എന്നതാണ് അവിടത്തെ candidate conversion rate. ഇന്നത്തെ കണക്കിൽ ഹൈടെക് ഇൻഡസ്ട്രിയിൽ ഇതു 2 ശതമാനത്തിൽ താഴെയാണ്. അതായത് അപേക്ഷിക്കുന്നതിൽ 98 % പേർക്കും ജോലി ലഭിക്കുന്നില്ല. പഠിച്ചിറങ്ങുന്നവരുടെ എംപ്ലോയബിലിറ്റി എത്രത്തോളമെന്ന ചോദ്യം ഇവിടെയാണ് ഉയരുന്നത്.

 

നിങ്ങൾ എംപ്ലോയബിൾ ആണോ ?

ഏതു ബ്രാഞ്ചെടുത്ത് എൻജിനീയറിങ് പഠിക്കുന്ന ആൾക്കും അടിസ്ഥാനപരമായി വേണ്ടത് തനിക്കു മുന്നിലുള്ള പ്രശ്നത്തിന് ഏറ്റവും വേഗത്തിൽ, ഏറ്റവും എളുപ്പത്തിൽ, ഏറ്റവും കുറഞ്ഞ ചെലവിൽ പരിഹാരം കണ്ടെത്താനുള്ള കഴിവാണ്. ഇങ്ങനെയുള്ള optimal solutions ഉണ്ടാക്കാനുള്ള കഴിവാകും ഇന്റർവ്യൂവിൽ ആദ്യം പരിശോധിക്കുക. ഇതു ക്രമേണ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഉദാഹരണത്തിന് നിങ്ങൾ ഒരു പ്രോഗ്രാമിങ് ലാംഗ്വിജ് പഠിച്ച് ഒരു പ്രോഗ്രാം എഴുതുമ്പോൾ, number of lines of code (എത്ര വരി കോഡ് ഉണ്ടെന്നു തന്നെ) ഏറ്റവും കുറച്ച്, പ്രതീക്ഷിക്കുന്ന റിസൽറ്റ് എങ്ങനെ കിട്ടും എന്നത് സ്വയം വെല്ലുവിളിയായി ഏറ്റെടുക്കണം. ഓരോ തവണയും മെച്ചപ്പെടുന്നുണ്ടോയെന്നു സ്വയം വിലയിരുത്തണം. ഇന്റർവ്യൂവിൽ നിങ്ങളോട് സോൾവ് ചെയ്യാൻ പറഞ്ഞിരിക്കുന്ന പ്രോബ്ലം ശരിക്കു മനസ്സിലായെന്ന് ആദ്യം തന്നെ ഉറപ്പു വരുത്തുകയും കഴിയുമെങ്കിൽ അത് ഇന്റർവ്യൂ ചെയ്യുന്ന ആളോടു സംഗ്രഹിച്ചു പറയുകയും ചെയ്യുക. നിങ്ങളുണ്ടാക്കുന്ന സൊല്യൂഷൻ / ഡിസൈൻ ഇന്റർവ്യൂ ചെയ്യുന്നവർക്ക് വിശദീകരിച്ചുകൊടുക്കുന്നതു യുക്തിസഹമായും സ്പഷ്ടമായിട്ടുമായിരിക്കണം. ഇതിലൂടെയൊക്കെയാണ് കമ്യൂണിക്കേഷൻ സ്കിൽസ് അളക്കപ്പെടുന്നത്.

oracle-career-guru-rahna-khader
രഹ്ന കാദർ

 

വൈദഗ്ധ്യം മാത്രം മതിയോ ?

സാങ്കേതികവിദ്യാ നൈപുണ്യം കൊണ്ടുമാത്രം പ്രഫഷനൽ ജീവിതത്തിൽ വിജയം നേടാമെന്നു പരക്കെ തെറ്റിദ്ധാരണയുണ്ട്. സാങ്കേതികവിദ്യാ വൈദഗ്ധ്യം അനിവാര്യമായിരിക്കെത്തന്നെ, പ്രാധാന്യം നൽകേണ്ട മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. Interpersonal skills: മറ്റുള്ളവരോട് എങ്ങനെ ഇടപഴകുന്നു; ഒരു ടീമിൽ എങ്ങനെ പ്രൊഡക്ടീവായ ടീം പ്ലേയറാകുന്നു.

 

Adaptability: മാറിവരുന്ന  ടെക്നോളജികൾ എത്രവേഗം പഠിച്ചെടുത്തു ജോലിയിൽ പ്രയോഗിക്കുന്നു.

Resilience: പ്രഫഷനൽ ജീവിതത്തിലെ തിരിച്ചടികളെ എത്ര വേഗത്തിൽ മറികടക്കുന്നു.

Attention to detail: ചെയ്യുന്ന കാര്യങ്ങളിലെ താൽപര്യവും അതുമൂലമുള്ള സമഗ്രതയും കൃത്യതയും എത്രത്തോളം. കോളജിലെ ക്ലബ് പ്രവർത്തനങ്ങളിൽ സജീവമാകുന്നതുപോലും ഇത്തരം കഴിവുകൾ വികസിപ്പിച്ചെടുക്കാൻ വിദ്യാർഥികളെ സഹായിക്കും.

 

കമ്പനിയോടുള്ള ചോദ്യങ്ങൾ

“നിങ്ങൾക്ക് ഞങ്ങളോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?” ഇന്റർവ്യൂവിന്റെ അവസാനം സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉദ്യോഗാർഥികളോട് ഇങ്ങനെയൊരു ചോദ്യം പതിവുണ്ട്. പൊതുവേ കേട്ടിട്ടുള്ള ചോദ്യമിതാണ്- “എന്തുകൊണ്ടാണു നിങ്ങൾ അഞ്ചു കൊല്ലം പഴയ ടെക്നോളജി ഉപയോഗിക്കുന്നത് ?”

തുടക്കക്കാരിൽനിന്നോ ഒന്നോ രണ്ടോ കൊല്ലം മാത്രം പരിചയമുള്ളവരിൽ നിന്നോ ഇതുകേൾക്കേണ്ടി വരുമ്പോൾ അദ്ഭുതം തോന്നാറില്ല. എന്നാൽ പത്തുകൊല്ലം എക്സ്പീരിയൻസ് ഉള്ളവർ പോലും ഇങ്ങനെ ചോദിച്ചുകളയും . അവർക്ക് ഒരു കമ്പനിയുടെ നടത്തിപ്പിനെക്കുറിച്ചു ധാരണയില്ലെന്ന് അതോടെ മനസ്സിലാകുകയും ചെയ്യും. നിലവിലുള്ള ടെക്നോളജി ഉപയോഗിച്ചു കാര്യങ്ങൾ വേണ്ടവിധം നടക്കാതെ വരുമ്പോൾ മാത്രമേ ഒരു സോഫ്റ്റ്‌വെയർ കമ്പനി പുതിയത് ഉപയോഗിക്കൂ. അല്ലാതെ മാറിമാറിവരുന്ന ടെക്നോളജിക്കനുസരിച്ച് ഒരു സ്ഥാപനവും സോഫ്റ്റ്‌വെയർ മാറ്റിക്കൊണ്ടിരിക്കില്ല. ഇത്തരം കാര്യങ്ങൾകൂടി മനസ്സിലാക്കിയാകണം നമ്മുടെ ചോദ്യങ്ങൾ എന്നർഥം.

(ഹൈദരാബാദിൽ ഒറാക്കിൾ ഇന്ത്യ ഗ്രൂപ്പ് മാനേജരാണു ലേഖിക)

English Summary: Career Scope Of Engineering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com