ADVERTISEMENT

ജീവിതത്തിലെപ്പോഴെങ്കിലും സിവിൽ സർവീസ്  ഒരു സ്വപ്നമായി താലോലിച്ചിട്ടില്ലാത്ത ആരുമുണ്ടാവില്ല. നിശ്ചയദാർഡ്യമുള്ളവർക്ക് ആ സ്വപ്നങ്ങളെ നട്ടുനനച്ചു ഫലം കൊയ്യാനാവും. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നവരുടെ കൂട്ടത്തിലൊരാളായി മാറുക ! പൊതുഭരണം, നിയമ പരിപാലനം, നയതന്ത്രം, റവന്യൂ തുടങ്ങിയ വിവിധ മേഖലകളിൽ ഉയർന്ന പദവികൾ നേടാനുള്ള  മികച്ച അവസരമാണ് സിവിൽ സർവീസ് പ്രദാനം ചെയ്യുന്നത്. ശരാശരി 10 ലക്ഷം പേർ അപേക്ഷിക്കുകയും അതിൽ 5 ലക്ഷം പേർ പ്രാഥമിക പരീക്ഷയെഴുതുകയും ചെയ്യുന്ന, രാജ്യത്തെ ഏറ്റവും സുപ്രധാനമായ പരീക്ഷയാണ് സിവിൽ സർവീസ് പ്രവേശനപരീക്ഷ. 

 

സർക്കാർ സർവീസുകളിലെ 24 വിഭാഗങ്ങളിലെ ഒഴിവുകളിലേയ്ക്കു വേണ്ടി ഓരോ വർഷവും നടത്തുന്ന മൂന്നു തലങ്ങളിലുള്ള പരീക്ഷ വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് പരീക്ഷയുടെ ചുമതല. ഓരോ വർഷവും ലഭ്യമായ ഒഴിവുകളുടെ പന്ത്രണ്ടിരട്ടിയോളം പേരെയാണു പ്രാഥമിക പരീക്ഷയ്ക്കു ശേഷം പ്രധാന എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കുക. ഇവരിൽ നിന്നും ഏകദേശം മൂന്നിലൊന്നു പേരെ പേഴ്സണാലിറ്റി ടെസ്റ്റിനും (ഇന്റർവ്യൂ) തിരഞ്ഞെടുക്കും. പ്രാഥമിക പരീക്ഷയെഴുതുന്ന 5 ലക്ഷത്തോളം പേരിൽ നിന്നും സർവീസിലേയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നത് ഏതാണ്ടു 1000 പേരാണ്. അതായത് വിജയാനുപാതം, ഏകദേശം 500ന് 1. ഇതു സൂചിപ്പിച്ചത്, സിവിൽ സർവീസ് പരീക്ഷ ലളിതമായ കടമ്പയല്ലെന്നു കാണിക്കാനാണ്. പക്ഷേ, പരീക്ഷയുടെ ഉള്ളടക്കം അതിഗഹനമാണെന്നു കരുതുകയും വേണ്ട. ഇച്ഛാശക്തിയും അർപ്പണ മനോഭാവവുമുള്ള ആർക്കും പരീക്ഷയിൽ വിജയിക്കാവുന്നതേയുള്ളൂ.

 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ് എന്നിവ ഉൾപ്പെടെ ആകർഷണീയമായ 24 സർവീസുകൾ അടങ്ങുന്നതാണ് ഇന്ത്യൻ സർവീസ് സിവിൽ സർവീസസ്. കേന്ദ്ര-സംസ്ഥാന സർക്കാരുടെ നയരൂപീകരണത്തിലും  അവയുടെ നിർവഹണത്തിലും പങ്കുവഹിക്കുന്നവരാണ് IAS കാർ. സബ് കലക്ടർ, അസി.കലക്ടർ, ഡെപ്യൂട്ടി കമ്മീഷണർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് തുടങ്ങിയ പദവികളിലേയ്ക്കാവും ആദ്യ നിയമനം. ക്രമസമാധാന പരിപാലനവും ഭരണനിർവഹണവുമാണു ചുമതലകൾ. കലക്ടർ, മന്ത്രാലയങ്ങളുടെ സെക്രട്ടറി പദവി, UN, World Bank എന്നിവിടങ്ങളിലെ വിവിധ തസ്തികകൾ, കേന്ദ്ര / സംസ്ഥാന ഗവൺമെന്റുകൾക്കു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ സാരഥ്യം, കാബിനറ്റ് / ചീഫ് സെക്രട്ടറി പദവികൾ എന്നിവയുടെ സാരഥ്യവും ।AS കാരെ കാത്തിരിക്കുന്നു. രാജ്യത്തിന്റെ നയതന്ത്രതാല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ ദൗത്യം.  വിദേശകാര്യ വകുപ്പിലും  വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകളിലുമാണ്  ഇവർ നിയമിക്കപ്പെടുക. സംസ്ഥാന / കേന്ദ്ര സർക്കാരുകൾക്കു കീഴിൽ A.S.P, S. P, DGP, IG തുടങ്ങിയ തസ്തികകളിലേയ്ക്കും NSG, CRPF, CBI, R&AW എന്നിവയിലെ വിവിധ പദവികളിലേയ്ക്കും പരിഗണിക്കപ്പെടുന്ന IPS കാരും സിവിൽ സർവീസിലെ പ്രധാന വിഭാഗമാണ്.  നിയമപരിപാലനവും ആഭ്യന്തരസുരക്ഷയുമാണ് ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥന്റെ ചുമതലകൾ. റവന്യൂ സർവീസ് ഉദ്യോഗസ്ഥർക്ക് നികുതികൾ ഈടാക്കുന്നതും അനുബന്ധ ചുമതലകളുമാണുള്ളത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്,  ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ ട്രേഡ് സർവീസ് എന്നിങ്ങനെ മറ്റ് 21 വിഭാഗങ്ങൾ കൂടി ചേർന്നതാണ് ഇന്ത്യൻ സിവിൽ സർവീസ്.

 

യോഗ്യതയും പ്രായപരിധിയും 

അംഗീകൃത സർവകലാശാലാ ബിരുദമാണ് പരീക്ഷയിൽ പങ്കെടുക്കാനുള്ള മിനിമം യോഗ്യത. ബിരുദതലത്തിൽ ഏതു വിഷയം പഠിച്ചവർക്കും പരീക്ഷയെഴുതാം. വിദൂര വിദ്യാഭ്യാസം വഴിയുള്ള യോഗ്യതകളും പരിഗണിക്കും. ഉയർന്ന പ്രായപരിധി ജനറൽ വിഭാഗക്കാർക്ക്  32 വയസും  ഒബിസി / എസ്‌സി, എസ്ടി വിഭാഗക്കാർക്ക്  യഥാക്രമം 35ഉം 37ഉം വയസ്സാണ്. ജനറൽ വിഭാഗത്തിൽപെട്ടവർക്ക് പരമാവധി ആറുതവണ പരീക്ഷയെഴുതാം.  ഒബിസി വിഭാഗക്കാർക്ക് ഒമ്പത് തവണയും പരീക്ഷയെഴുതാനവസരമുണ്ട്. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 37 വയസ്സിനുള്ളിൽ എത്രതവണ വേണമെങ്കിലും പരീക്ഷയെഴുതാം. സിവിൽ സർവീസ്  പരീക്ഷയ്ക്കുള്ള വിജ്ഞാപനം സാധാരണ ഗതിയിൽ ഫെബ്രുവരി മാസത്തിൽ പ്രതീക്ഷിക്കാം. പ്രാഥമിക പരീക്ഷ ജൂണിൽ നടക്കും. മെയിൻസ് ഒക്ടോബറിലും ഇൻ്റർവ്യൂ അടുത്ത വർഷം മാർച്ചിലും.

 

പരീക്ഷാരീതി  

പ്രാഥമിക പരീക്ഷയിൽ രണ്ട് പേപ്പറുകളുണ്ട്:General Studies l, General Studes l I (അഥവാ CSAT ) ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മാർക്കിനുള്ള ചോദ്യങ്ങളാണ് ഓരോ  പരീക്ഷയ്ക്കുമുള്ളത്. പൊതുവിജ്ഞാനം, ഇന്ത്യൻ ഭരണഘടന, സയൻസ് ആൻഡ് ടെക്നോളജി, ഇക്കണോമിക്സ്, ചരിത്രം, സാമൂഹ്യ വികസനം, രാഷ്ട്രമീമാംസ, പഞ്ചായത്തീരാജ്, ജ്യോഗ്രഫി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പേപ്പർ ഒന്നിലും  മാത്‍സ്, ലോജിക്കൽ റീസണിങ്, ഡേറ്റ ഇന്റർപ്രറ്റേഷൻ, കോംപ്രിഹെൻഷൻ എന്നിവ പേപ്പർ രണ്ടിലും ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടാം പേപ്പറിൽ മൂന്നിലൊന്നു മാർക്ക് നേടണമെന്നേയുള്ളൂ. ആദ്യ പേപ്പറിൽ നിർദേശിക്കപ്പെടുന്ന കട്ട് - ഓഫ് മാർക്കുള്ളവർക്കു മെയിൻ പരീക്ഷയിലേക്ക് സെലക്ഷൻ കിട്ടും. ജനറൽ വിഭാഗത്തിന് ഇത് ഏകദേശം  100  മാർക്കാവും. ഇതര വിഭാഗങ്ങളുടെ കട്ട് ഓഫിൽ മാറ്റമുണ്ടാവും. പ്രിലിമിനറി പരീക്ഷ പാസായി മെയിൻ പരീക്ഷകൾക്ക് പ്രവേശനം നേടുന്നവർക്ക്  മെയിൻ പരീക്ഷയിൽ രണ്ട് യോഗ്യതാ പേപ്പറുകൾ ഉൾപ്പടെ (ഇംഗ്ലീഷിലും മറ്റേതെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷയിലും ) ഒമ്പതുപേപ്പറുകൾ എഴുതേണ്ടതുണ്ട്. ഭാഷാ വിഷയങ്ങൾക്കു പുറമേ, ഉപന്യാസം, ചരിത്രം, സംസ്കാരം, ഭരണഘടന, ഭരണനിർവഹണം, ജൈവ വൈവിധ്യം, പരിസ്ഥിതി, എത്തിക്സ്, ടെക്നോളജി, ഇൻറർനാഷണൽ റിലേഷൻസ് എന്നീ വിഭാഗങ്ങളിലായി 5 പേപ്പറുകളും ഐച്ഛിക വിഷയത്തിൽ 2 പേപ്പറുകളും കാണും. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇന്റർവ്യൂവിലേക്ക് ക്ഷണം ലഭിക്കും. ഉദ്യോഗാർഥിയുടെ നേതൃത്വ ശേഷിയും അറിവും  ആത്മവിശ്വാസവും നീതിബോധവും വിലയിരുത്തി സിവിൽ സർവീസിന് എത്രമാത്രം  യോഗ്യതയുള്ളയാളാണെന്ന് കണ്ടെത്തുകയാണ് ഇന്റർവ്യൂ ബോർഡ് ചെയ്യുക. ചോദ്യങ്ങൾ നിങ്ങളുടെ പ്രൊഫൈലിനെ അടിസ്ഥാനപ്പെടുത്തിയാവും. സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയും ചോദ്യങ്ങൾ കാണും.

 

തയാറെടുപ്പുകൾ

സിവിൽ സർവീസ് ലക്ഷ്യമുള്ള ഒരു വിദ്യാർത്ഥി ഒരു ദീർഘകാല പദ്ധതിയുമായി മുമ്പോട്ടു പോകണം. സ്കൂൾ ക്ലാസ്സുകൾ മുതൽ തന്നെ മികച്ച വായനാശീലം വളർത്തിയെടുക്കണം. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള ശേഷിയോടൊപ്പം മലയാളത്തിലോ മറ്റേതെങ്കിലും ഇന്ത്യൻ പ്രദേശിക ഭാഷകളിലോ ഭേദപ്പെട്ട പ്രാവീണ്യമുണ്ടാക്കണം. ഒരു  മികച്ച മലയാളം പത്രവും ഇംഗ്ലീഷ് പത്രവും സ്ഥിരമായി വായിക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥ, കൃഷി, വിദേശകാര്യം, സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും വേണം. ടെലിവിഷൻ വാർത്തകൾക്കും സംവാദങ്ങൾക്കും വേണ്ടി അൽപ്പം സമയം കണ്ടെത്താം. ഗണിതം, ശാസ്ത്രം, മാനവിക വിഷയങ്ങൾ എന്നിവയിലെ NCERT ടെക്സ്റ്റ് ബുക്കുകൾ വായിച്ചുറപ്പിക്കുക. സ്കൂൾ/കോളേജ് തലങ്ങളിൽ നടക്കുന്ന ഉപന്യാസം, പ്രസംഗം, ക്വിസ്, ഡിബേറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് സിവിൽ സർവീസിന് മികച്ച അടിത്തറയേകുകയും വിദ്യാർഥിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. R.Sശർമ (Ancient Indian History) സതീഷ് ചന്ദ്ര (Midieval Indian History), ബിപൻ ചന്ദ്ര, സുജാത മേനോൻ(Modern History), ശങ്കർ ഗണേഷ്, രമേഷ് സിങ് (Economics), Goog Gochani Leong ( Geography),  ലക്ഷ്മി കാന്ത് ( Indian Polity ) പി.എം ബക്ഷി, ഡി.ഡി. ബസു (Constituition), 11, 12 ക്ലാസ്സുകളിലെ ചരിത്രം, ഇക്കണോമിക്സ് ടെക്സ്റ്റുകൾ എന്നിവ വായിക്കണം. നോട്ടുകൾ തയാറാക്കാനും മറക്കരുത്. Yogana, Kurukshetra തുടങ്ങിയ സർക്കാർ പ്രസിദ്ധീകരണങ്ങളും പ്രയോജനപ്രദമാവും. ഈ പുസ്തകങ്ങളിൽ നിന്നേ ചോദ്യങ്ങൾ വരൂ എന്ന് കരുതരുത്. അതു കൊണ്ട് UPSC പരീക്ഷയെ Unpredictable Service Commission പരീക്ഷയെന്നും വിളിക്കാറുണ്ട്! പക്ഷേ, എല്ലാ ചോദ്യങ്ങളും സിലബസിൽ നിന്നായിരിക്കും എന്നതിൽ സംശയമില്ല.

 

സിവിൽ സർവീസിനുള്ള മികച്ച പരിശീലന സൗകര്യങ്ങൾ ഇന്നു കേരളത്തിലുണ്ട്. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും. ഹൈസ്കൂൾ - പ്ലസ് ടു വിദ്യാർഥികൾക്ക് സ്കൂൾ പഠനത്തെ ബാധിക്കാതെ തന്നെ അടിസ്ഥാന കോഴ്സുകൾ ഓൺലൈനിൽ ചെയ്യാവുന്നതാണ്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ ബിരുദ പoനകാലത്തു തന്നെ ആരംഭിക്കാം. ബിരുദ പഠനത്തിനു ശേഷം കൂടുതൽ സമയം തയാറെടുപ്പുകൾക്കായി മാറ്റി വയ്ക്കാം. തയാറെടുപ്പുകൾ നേരത്തേ തുടങ്ങാൻ കഴിയാത്തവർ സിവിൽ സർവീസിന് ശ്രമിക്കരുതെന്നർഥമില്ല. ആത്മവിശ്വാസത്തോടെ ലഭ്യമായ സമയത്തെ ഉപയോഗിക്കുക. കൃത്യമായ ആസൂത്രണത്തോടെയുള്ള ചിട്ടയായ പരിശീലനം വഴി  വിജയം നേടാവുന്നതേയുള്ളൂ.

 

ഒന്നാമത്തെ ശ്രമത്തിൽ വിജയിച്ചില്ലെന്നതു കൊണ്ടു ശ്രമങ്ങളുപേക്ഷിക്കേണ്ടതില്ല. രണ്ടും മൂന്നും തവണ ശ്രമിച്ചാണ് പലരും മികച്ച വിജയം നേടുന്നത്. സിവിൽ സർവീസ് പരീക്ഷ, ഒരാളുടെ ബുദ്ധിശക്തി അളക്കുന്ന പരീക്ഷയൊന്നുമല്ല. പങ്കെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞ വിജയ നിരക്കും ഗൗരവമായി തയ്യാറെടുക്കുന്നവരെ അസ്വസ്ഥരാക്കേണ്ടതില്ല. സിവിൽ സർവീസിൽ താൽപ്പര്യമുള്ള കുട്ടി ബിരുദതലത്തിൽ ഏതു വിഷയം പഠിക്കണം എന്നു കുട്ടികളും മാതാപിതാക്കളും ചോദിക്കാറുണ്ട്. ഇഷ്ടമുള്ള വിഷയം പഠിക്കുക എന്നതാണുത്തരം. പഠനത്തോടൊപ്പം  വായനാ ലിസ്റ്റിൽ ലോക ക്ലാസ്സിക്കുകളും ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഫ്രണ്ട് ലൈൻ, ബിസിലസ് ലൈൻ, മനോരമ ഇയർ ബുക്ക്, ഇക്കണോമിക്സ് & പൊളിറ്റിക്കൽ 

വീക്ക്‌ലി എന്നിവയും ആർ.കെ.നാരായണൻ, അമർത്യാസെൻ, രാമചന്ദ്രഗുഹ, ജീൻ ഡ്രീസ്, വിക്രം സേത്ത്, അഭിമന്യു ചാറ്റർജി എന്നിവരുടെ പുസ്തകങ്ങളും  ഉൾപ്പെടുത്താം. BBC, National Geoaraphic എന്നിവ കാണുന്നതും അഭിലഷണീയം.

 

ശരാശരി ബുദ്ധിശക്തിയുള്ളവർക്കും സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാവുന്നതേയുള്ളൂ. അർപ്പണ മനോഭാവവും ചിട്ടയായ തയാറെടുപ്പുമുണ്ടെങ്കിൽ. സ്ഥിരോത്സാഹികൾക്ക് ഈ സ്വപ്ന കരിയർ ഒരു ബാലികേറാമലയല്ല.

 

English Summary: Civil Service Examination Preparation Tips By PL Jomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com