മെക്കാനിക്കൽ എൻജിനീയറിങ്ങിൽ റാങ്ക്; ജോലി രാജിവച്ച് ഐഷ പോകുന്നത് ഫിഫ മാസ്റ്റേഴ്സിന് !

HIGHLIGHTS
  • കോഴ്സിന് 45,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 36 ലക്ഷം രൂപ) ആണു ചെലവ്
aisha-nazia
SHARE

കേരള സർവകലാശാലയിൽനിന്ന് എട്ടാം റാങ്കുമായാണ് ഐഷ നസിയ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചിറങ്ങിയത്. ഇന്ത്യൻ ഓയിൽ– അദാനി ഗ്യാസിൽ പ്ലേസ്മെന്റും ലഭിച്ചു. എന്നാൽ ആ ജോലിയിൽ ഒതുങ്ങിനിൽക്കാതെ സ്പോർട്സ് മാനേജ്മെന്റിന്റെ വഴിയേ പോകാനായിരുന്നു ഫുട്ബോളിനെ സ്നേഹിക്കുന്ന കോഴിക്കോട്ടുകാരിയുടെ തീരുമാനം. ഇപ്പോൾ ആ മേഖലയിൽ ലോകത്തെ ഏറ്റവും മികച്ച കോഴ്സുകളിലൊന്നായ ‘ഫിഫ മാസ്റ്റേഴ്സി’നു ചേരുന്നു. 

ഫുട്ബോളിലേക്കുള്ള വഴി 

ഐഷ കൊല്ലം ടികെഎം കോളജിൽ പഠിക്കുന്ന കാലത്താണ് 2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ നടന്നത്. വൊളന്റിയറായി അപേക്ഷിച്ചു; ഫുട്ബോൾ ഫെസിലിറ്റേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെവന്ന രാജ്യാന്തര റഫറിമാരോടു ഫുട്ബോളിലെ കരിയറിനെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കി. പിന്നീട് ജോലിക്കിടെ 2017ൽ ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലെത്തി. അവിടെയും തനിക്കു പറ്റിയ ചുമതലയ്ക്കായി അപേക്ഷ നൽകി. കൊച്ചി സ്റ്റേഡിയത്തിന്റെ വർക്ഫോഴ്സ് മാനേജരായി തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ് കഴിഞ്ഞപ്പോഴേക്കും സ്പോർട്സ് മാനേജ്മെന്റാണ് തന്റെ വഴിയെന്നു മനസ്സിലാക്കി ഐഷ ജോലി രാജിവച്ചു. 

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്റേൺഷിപ് ചെയ്ത ശേഷം ഓപ്പറേഷൻസ് വിഭാഗത്തിൽ പ്രവർത്തിച്ചുതുടങ്ങി. കഴിഞ്ഞ 2 സീസണുകളിൽ ഐഎസ്എൽ സംഘാടക സമിതിക്കൊപ്പം പ്രവർത്തിച്ചു. 

ഫിഫയിലേക്കുള്ള വഴി 

സ്പോർട്സ് മാനേജ്മെന്റിൽ അത്യാവശ്യം പരിചയസമ്പത്തായതോടെ രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ നടത്തുന്ന ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിച്ചു. 32 പേർ മാത്രമുള്ള കോഴ്സിൽ ഇന്ത്യയിൽനിന്ന് ഐഷ ഉൾപ്പെടെ 2 പേർ മാത്രം. സ്പോർട്സ് മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, നിയമം എന്നിവ പഠിക്കണം. ഇറ്റലി, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിലായുള്ള കോഴ്സിന് 45,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 36 ലക്ഷം രൂപ) ആണു ചെലവ്.  പകുതിയോളം തുക സ്കോളർഷിപ്പായി ലഭിച്ചു. ബാക്കി തുക ക്രൗഡ്ഫണ്ടിങ് വഴി കണ്ടെത്തുകയെന്ന പുതുവഴി തേടുകയാണ് ഐഷ.

കളിയറിഞ്ഞാൽ പോരാ

കളിയോടുള്ള താൽപര്യമല്ല സ്പോർട്സ് മാനേജ്മെന്റിൽ ശോഭിക്കാനുള്ള അടിസ്ഥാന യോഗ്യതയെന്ന് ഐഷ പറയുന്നു. സ്പോർട്സ് മാർക്കറ്റിങ്ങിന് അടിസ്ഥാനപരമായി മാർക്കറ്റിങ് അറിഞ്ഞിരിക്കണം. ടൂർണമെന്റ് മാനേജ്മെന്റിന് മാനേജ്മെന്റ് പാഠങ്ങൾ അറിഞ്ഞിരിക്കണം. സമ്മർദമുള്ള, കായികശേഷി വേണ്ട ജോലിയാണിതെല്ലാം. ഇന്ത്യയിൽ ആകർഷണീയമായ തൊഴിലവസരങ്ങൾ അത്രയ്ക്കായിട്ടില്ലെന്നും ഐഷ കൂട്ടിച്ചേർക്കുന്നു.

English Summary: Aisha Nazia Sports Management Career

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA