ADVERTISEMENT

തൊഴിലന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സുപ്രധാനമായ പലതിലും നമ്മുടെ കണ്ണും മനസ്സും ചെന്നേ മതിയാകൂ. മനുഷ്യസഹജമായ മറവി കാരണം മറന്നുപോയതാണെന്ന് ഒഴികഴിവു പറഞ്ഞിട്ടു കാര്യമില്ല. ചെയ്യേണ്ടതെല്ലാം തെറ്റൊന്നുമില്ലാതെ യഥാസമയം ചെയ്തിരിക്കണം. നമ്മുടെ വീഴ്ചകൊണ്ട് അവസരം നഷ്ടപ്പെട്ടുകൂടാ. 

 

എന്റെ ശക്തിദൗർബ്ബല്യങ്ങൾ‌

‘കഃ കാലഃ കാനി മിത്രാണി 

കോ ദേശഃ കൗ വ്യായാഗമൗ 

കശ്ചാഹം കാ ച മേ ശക്തി– 

രിതി ചിന്ത്യം മുഹുര്‍മുഹുഃ’

അർത്ഥശാസ്ത്രത്തിലും രാജ്യതന്ത്രത്തിലും നിപുണനായിരുന്ന ചാണക്യന്റേതെന്നു കരുതുന്ന വരികൾ. ഓരോരുത്തരും ആവർത്തിക്കേണ്ട ചോദ്യങ്ങൾ. ‘കാലമേത്? മിത്രങ്ങളാര്? ദേശമേത്? വരവുചെലവുകളെങ്ങനെ? ഞാനാര്? എന്റെ ശക്തിയെന്ത്? ഇവയെപ്പറ്റി വീണ്ടും  വീണ്ടും ചിന്തിക്കുക.’ 

 

ഇതേ  കാര്യം മറ്റൊരു രീതിയിൽ മാനേജ്മെന്റ് വിദഗ്ധരും  നിർദ്ദേശിക്കുന്നു. സ്വോട്ട് അനാലിസിസ്‌വഴി ശക്തിദൗർബല്യങ്ങൾ വിശകലനം ചെയ്യാൻ. (SWOT Analysis : Strengths, Weaknesses, Opportunities, Threats). ഇല്ലാത്ത ശേഷികളും സാമർത്ഥ്യങ്ങളും  തനിക്കുണ്ടെന്നു കണ്ണടച്ചു വിശ്വസിക്കുന്നവരാണ് നമ്മിൽ പലരും. വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തിയാൽ പോരായ്മ മനസ്സിലാക്കി, തെറ്റു തിരുത്തി, മുന്നേറാൻ പ്രചോദനം ലഭിക്കും. 

 

താഴെപ്പറയുന്നവയിൽ ഓരോന്നും നിങ്ങളെ സംബന്ധിച്ച് എങ്ങനെയെന്നു സ്വയം വിലയിരുത്തി അതുമായി പൊരുത്തപ്പെടുന്ന തുറയിലെ ജോലിയിലെത്താൻ ശ്രമിക്കുന്നത് അഭികാമ്യം. നിങ്ങളുടെ മാനസികാവസ്ഥയനുസരിച്ച് ലിസ്റ്റ് വിപുലപ്പെടുത്തുകയുമാകാം.

∙കണക്കു കൂട്ടുന്നതിലെ പ്രാവീണ്യവും താൽപര്യവും

∙ഭാഷ കൈകാര്യം ചെയ്യുന്നതിലെ മികവ്

∙ആതുരശുശ്രൂഷയിൽ സന്തോഷം

∙സൈനികസേവനത്തിലെ വെല്ലുവിളികളെ നേരിടാൻ ഉത്സാഹം

∙പലരുമായി ഇടപഴകുന്നതിൽ ആനന്ദം

∙ യാത്രകളിൽ രസം

∙ചിത്രരചനയ്ക്കുള്ള വാസന

∙ഒറ്റയ്ക്കു പണിയെടുക്കുന്നതിലെ സമാധാനം

∙ടീം വർക്കിൽ സന്തുഷ്ടി

∙ഉന്നതപദവികളിലെത്താൻ ആവേശം

∙ ഏറെ കഷ്ടപ്പെടുന്നതിലെ വൈമുഖ്യം

∙ പരക്കെയുള്ള അംഗീകാരത്തിനുള്ള ദാഹം

∙ ശാസ്ത്രത്തിന്റെ പുതുനാമ്പുകളിൽ കൗതുകവും, കണ്ടെത്തലുകളിൽ പങ്കാളിയാകാനുള്ള ആഗ്രഹവും

∙തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിലെത്താൻ മോഹം

∙പുതിയ സാങ്കേതികവിദ്യയെ സംബന്ധിച്ച ഭീതി

∙നിർദ്ദിഷ്ട സമയത്തോ തീയതിയിലോ ജോലി തീർക്കേണ്ടതിനെപ്പറ്റി ഭയം

∙  റിസ്‌കെടുക്കുന്നതിനെപ്പറ്റി ഉൽക്കണ്ഠ

∙സർഗാത്മക പ്രവർത്തനങ്ങേളാടുള്ള പ്രേമം

∙വിദഗ്ദ്ധനായി അറിയപ്പെടാനുള്ള അഭിവാഞ്ഛ

∙ഏതു കാര്യവും തന്നിഷ്ടംപോലെ ചെയ്യണമെന്ന വാശി

∙വലിയ ഉത്തരവാദിത്വങ്ങളേറ്റെടുക്കുന്നതിലെ വിമുഖത

∙തീരുമാനങ്ങളുടെ ചുമതല മറ്റാരെയെങ്കിലും ഏൽപ്പിക്കാനുള്ള പ്രവണത

∙ആവർത്തനരീതിയിലുള്ള പ്രവൃത്തിയിൽ മടുപ്പ്

∙പിരിമുറുക്കത്തിലിരുന്ന് ജോലി ചെയ്യുമ്പോഴുള്ള സംഭ്രമം

∙പരിശീലനം നേടുന്നതിനോട് പ്രതിപത്തി

∙ഒരേ ജോലിയിൽ ദീർഘകാലം കഴിയുന്നതിലെ വിരസത

∙മികച്ച സ്ഥാപനത്തിൽ മാത്രം േജാലി ചെയ്യണമെന്ന നിർബന്ധം

∙നിരന്തരമുള്ള മേൽനോട്ടത്തിനു കീഴിൽ ജോലി ചെയ്യുന്നതിൽ മടി

∙എത്ര നേരം കംപ്യൂട്ടറിൽ പണിയെടുക്കുന്നതിലും രസം 

∙മികച്ച അന്തരീക്ഷത്തിൽ മാത്രമേ ജോലി ചെയ്യൂ എന്ന മനഃസ്ഥിതി

∙കാർഷികമേഖലയ്ക്ക് സംഭാവന ചെയ്യാൻ അഭിനിവേശം

∙ നഗരജീവിതത്തിൽ വൈമനസ്യം

∙മികച്ച കായികക്ഷമത

∙ഗവേഷണത്തിൽ ആനന്ദം

∙സംഘാടനവൈഭവം

∙ഡിസൈനിൽ പ്രാവീണ്യം

∙യന്ത്രസംവിധാനങ്ങളിലെ കേടുകൾ കണ്ടെത്തുന്നതിൽ സാമർത്ഥ്യം

∙ഇലക്‌ട്രോണിക് ഉപയുക്തികളിൽ ആസക്തി

∙അദ്ധ്യാപനത്തോടുള്ള സ്‌നേഹം 

∙േനതൃത്വമോഹം

∙വിപണനത്തിൽ കൗതുകം

∙ക്ലേശിക്കുന്നവർക്ക് സാന്ത്വനമേകാനുള്ള തീവ്രാഭിലാഷം

∙സാഹസികത

∙ ധനമാനേജ്‌മെന്റിൽ പ്രാഗല്ഭ്യം

∙വിവരശേഖരണത്തിലും ക്രോഡീകരണത്തിലും താൽപര്യം

 

ഇപ്പറഞ്ഞവയെല്ലാം ഒരാളിലും കാണില്ല. എന്റെ ശക്തികളേവ, ദൗർബല്യങ്ങളേവ എന്നു തിരിച്ചറിഞ്ഞ് അഭിരുചിക്കിണങ്ങിയ പാതയിലൂടെ പോയാൽ തൊഴിൽസംതൃപ്തിക്കു സാധ്യതയേറും. ജോലി തേടുമ്പോൾ ശമ്പളക്കാര്യം മാത്രമാവാം ചിലരുടെ മനസ്സിൽ. പക്ഷേ അതിനപ്പുറം പലതുമുണ്ടെന്ന് ജോലിയിലെത്തി കുറെക്കഴിയുമ്പോൾ തിരിച്ചറിയും. എത്രയോ പേർ കുറഞ്ഞ ശമ്പളമുള്ള ജോലിയിലേക്കു മാറുന്നു. വരവു കുറഞ്ഞാലും മനസ്സിനിണങ്ങിയ ജോലിയിലേർപ്പെടാനുള്ള താൽപര്യമാണിതിനു പിന്നിൽ.

 

ഏതു കാര്യവും കാലേകൂട്ടി ആസുത്രണം ചെയ്തു നടപ്പാക്കുന്നതു  പ്രധാനം. ജീവിതത്തിൽ നിർണായകമായ തൊഴിലന്വേഷണക്കാര്യത്തിലും ഇത് അഭികാമ്യമത്രേ.

Photo Credit : Career Column By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com