അച്ഛൻ കൊട്ടുകാരനും, അമ്മയുടെ നിർബന്ധം കൊട്ടുമാഷുമാക്കി

HIGHLIGHTS
  • എണ്ണൂറോ തൊള്ളായിരമോ രൂപയാണ് ആദ്യ ശമ്പളം.
mattannur-sankarankutty
SHARE

കൊട്ടുകാരനായി പേരെടുത്ത ശേഷം അധ്യാപകനായി ജോലിക്കു കയറിയ ഓർമകൾ പങ്കുവയ്ക്കുന്നു, ചെണ്ട ആചാര്യൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ 

എന്നെയൊരു കൊട്ടുകാരനാക്കിയത് അച്ഛൻ കണ്ടോത്ത് കുഞ്ഞിക്കൃഷ്ണമാരാരാണ്. പക്ഷേ, എന്നെയൊരു കൊട്ടുമാഷാക്കിയത് അമ്മ കാർത്ത്യായനി അമ്മയുടെ നിർബന്ധമാണ്. 

യൗവനം വിടുംമുൻപേ ചെണ്ടയിലെ മഹാരഥൻമാർക്കെല്ലാമൊപ്പം മേളനിരയിൽ അണിനിരക്കാൻ ഭാഗ്യം കിട്ടിയവനാണു ഞാൻ. ആ എനിക്ക് ഒരു സർക്കാരുദ്യോഗം ആവശ്യമായി തോന്നിയില്ലെന്നു മാത്രമല്ല, അതിനോട് ഇഷ്ടവുമുണ്ടായിരുന്നില്ല. മോശമില്ലാതെ ജീവിക്കാനുള്ള വക കൊട്ടുതന്നെ തരുന്നുണ്ട്. പിന്നെ, മറ്റൊരാൾക്കു കിട്ടേണ്ട ജോലിയിൽ ഞാനായി ഇല്ലാതാക്കണ്ടല്ലോ എന്ന തോന്നൽ. പക്ഷേ, അമ്മ ഇടംവലം വിടാതെ പിടികൂടിയതുകൊണ്ട്, രണ്ടു പതിറ്റാണ്ടോളം ഞാനൊരു സർക്കാർ സ്കൂളിലെ അധ്യാപകനായി. പഠിപ്പിച്ചത് ചെണ്ടകൊട്ടു തന്നെയായതുകൊണ്ട് എന്റെ രണ്ടു തൊഴിലും ഒരേ താളത്തിൽ സമന്വയിച്ചു എന്നു പറയാം.  

ഒരു മഴക്കാലത്താണു പത്രത്തിലൊരു പരസ്യം കണ്ടത്. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗവ. ഹൈസ്കൂളിൽ ചെണ്ട അധ്യാപകനെ നിയമിക്കുന്നു. ജോലി കിട്ടണമെന്നേയില്ല എന്ന മനസ്സോടെതന്നെ, ഒരു രസത്തിന് അപേക്ഷ അയച്ചു. നാലു മാസം കഴിഞ്ഞപ്പോൾ പാലക്കാട്ടെ പിഎസ്‌സി ഓഫിസിൽ ഇന്റർവ്യൂവിനു ക്ഷണിച്ചു. എണ്ണൂറോ തൊള്ളായിരമോ രൂപയാണ് ആദ്യ ശമ്പളം. എനിക്കാണെങ്കിൽ ഓരോ കൊട്ടിനും അന്ന് അതിലേറെ കിട്ടും. ഞാൻ ജോലി വേണ്ടെന്ന് ഉറപ്പിച്ചു. 

ഇന്റർവ്യൂവിനു തലേന്ന് ഒറ്റപ്പാലത്തിനടുത്ത് അകലൂർക്കാവിൽ താലപ്പൊലി മേളമുണ്ട്. ഞാൻ അങ്ങോട്ടു പോയി. പിറ്റേന്നു രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ എന്റെ സർട്ടിഫിക്കറ്റുകളൊക്കെ എടുത്ത് ഒരാൾ മട്ടന്നൂരിൽനിന്നു വന്നിരിക്കുന്നു! അമ്മ പറഞ്ഞയച്ചതാണ്. അമ്മയെ അനുസരിക്കാതിരിക്കാൻ വയ്യ. ഞാൻ ഇന്റർവ്യൂവിനു പോയി. 

ജോലി കിട്ടാൻ മോഹിച്ചെത്തിയ പതിനഞ്ചു പേരെങ്കിലും പിഎസ്‍‌സി ഓഫിസിൽ നിരന്നിരിക്കുന്നു. എല്ലാവരും കൊട്ടുകാരാണല്ലോ? ഞാൻ ചെന്നപ്പോൾ ഇന്റർവ്യൂ നടത്താൻ ചെന്നതായിരിക്കുമെന്നാണ് അവരെല്ലാം കരുതിയത്. ഇന്റർവ്യൂവിൽ കൊട്ടിക്കാണിക്കാൻ ചെണ്ട കൊണ്ടുവരണമെന്നു നിർദേശമുണ്ടായിരുന്നു. പക്ഷേ, ജോലിയേ വേണ്ടെന്ന് ഉറപ്പിച്ച ഞാൻ കയ്യും വീശിയാണു പോയത്. ‘ഏതായാലും പിഎസ്‌സി ഇന്റർവ്യൂ എന്താണെന്നു മനസ്സിലാക്കാമല്ലോ’ എന്ന ചിന്തയിൽ ഞാൻ രണ്ടാമത്തെയാളായി അകത്തു കയറി; ഒട്ടും പരിഭ്രമമില്ലാതെ. 

കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാളാണു ചെണ്ടവിദഗ്ധനായി ഇന്റർവ്യൂ ബോർഡിൽ. അദ്ദേഹത്തിന് എന്നെ നന്നായി അറിയാം. ചുരുക്കത്തിൽ ഇന്റർവ്യൂ ഒരു സൗഹൃദസംഭാഷണമായി മാറി. ബോർഡിലെ മറ്റ് ഉദ്യോഗസ്ഥരൊക്കെ പരുങ്ങിത്തുടങ്ങി. പൊതുവാളാശാൻ എന്നോടു കൊട്ടാൻ പറഞ്ഞു. എനിക്കു മുൻപേ ഇന്റർവ്യൂവിനു കയറിയ ഉദ്യോഗാർഥിയുടെ ചെണ്ട അവിടെത്തന്നെ വച്ചുകൊള്ളാൻ ഞാൻ പറഞ്ഞിരുന്നു. അതെടുത്തു കൊട്ടാൻ തുടങ്ങുമ്പോൾ ഞാൻ ചോദിച്ചു: ‘ഞാൻ താളം പിടിച്ചു കൊട്ടണോ, അതോ...?’. ചോദിക്കുംമുൻപേ ആശാൻ പറഞ്ഞു: ‘വേണ്ട, ഞാൻ താളം പിടിക്കാം’. ആശാന്റെ താളത്തിനൊത്തു കൊട്ടും കഴിഞ്ഞ് ആശങ്ക ഒട്ടുമില്ലാതെ ഞാൻ മടങ്ങി. 

നാലു മാസം കഴിഞ്ഞപ്പോൾ നിയമന ഉത്തരവു വന്നു. ഇനി എന്നെ നിർബന്ധിക്കരുതെന്ന് അമ്മയോടു പറഞ്ഞുനോക്കി. ‘പോയി നോക്ക്. വേണ്ടെന്നു വയ്ക്കാൻ ഒരു വെള്ളക്കടലാസ് മതി. പക്ഷേ, വേണംന്നു വയ്ക്കാൻ പിന്നെ പറ്റില്ലല്ലോ?’–അമ്മ നിർബന്ധിച്ചു പറഞ്ഞയച്ചു. ജോലിക്കു ചേരാൻ പറഞ്ഞ ഡേറ്റിനു ഞാൻ ലണ്ടനിലേക്കു പോവാൻ തീരുമാനിച്ചതാണ്. ഡിഡിഇ പുഷ്കരൻ സാറിന്റെ വീട്ടിൽ ചെന്നു കാര്യം പറഞ്ഞു. അദ്ദേഹം നിയമനത്തീയതി രണ്ടു മാസം നീട്ടിത്തന്നു. 

ഒടുവിൽ 1990 ജൂണിൽ വെള്ളിനേഴി സ്കൂളിൽ അധ്യാപകനായി ഞാൻ ചേർന്നു. എനിക്കപ്പോൾ 35 വയസ്സു കഴിഞ്ഞിരുന്നു. ചെണ്ടക്കാരന്റെ ജീവിതചര്യകളൊക്കെ മാറി. ഞാനൊരു ഉദ്യോഗസ്ഥനായി. രാവിലെ കൃത്യസമയത്തു സ്കൂളിലെത്തണം. ഓരോ യാത്രകൾക്കും അവധി കിട്ടാൻ ഡിപിഐയുടെ പ്രത്യേക അനുമതി വാങ്ങണം. എന്തായാലും, വലിയ അപതാളങ്ങളില്ലാതെ 19 വർഷം ഞാൻ അവിടെ അധ്യാപകനായി ജോലി ചെയ്തു വിരമിച്ചു. 

വെള്ളിനേഴി സ്കൂളിൽ അധ്യാപകനായതോടെ ഞാൻ വെള്ളിനേഴിക്കാരനായി. കഥകളിയെയും മറ്റു കലകളെയും ഹൃദയതാളംപോലെ സ്വീകരിക്കുന്ന ആ നാട്ടുകാർ എന്നെ സ്വന്തക്കാരനാക്കി അവിടെ പിടിച്ചുകെട്ടുകയായിരുന്നു എന്നും പറയാം. സ്കൂളിൽനിന്നു വിരമിച്ചു പിന്നെയും കുറേ വർഷങ്ങൾ വെള്ളിനേഴിയിൽത്തന്നെ തുടർന്നു. പിന്നെ കുറേക്കാലം താനൂരിലും മട്ടന്നൂരിലുമായി താമസം. ഇപ്പോഴിതാ വെള്ളിനേഴി വീണ്ടും എന്നെ തിരിച്ചുവിളിച്ചിരിക്കുന്നു. കൊട്ടുകൊണ്ടും അധ്യാപകവേഷംകൊണ്ടും എന്നെ കെട്ടിയിട്ട വെള്ളിനേഴിയിൽ ഞാൻ രണ്ടു കൊല്ലം മുൻപു വീണ്ടും സ്ഥിരതാമസം തുടങ്ങി. 

തൊഴിൽ എന്നെ പഠിപ്പിച്ചത്

ആഴ്ചകളും മാസങ്ങളും നീളുന്ന വിദേശപര്യടനങ്ങളൊക്കെ സ്കൂൾ അധ്യാപനത്തിനിടെ വേണ്ടിവന്നിരുന്നു. അപ്പോഴും എന്നെ ഏൽപിച്ച ജോലി ബാക്കി സമയത്തു പഠിപ്പിച്ചു തീർക്കാൻ ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കുട്ടികളെ വീട്ടിലേക്കു വരുത്തി വൈകുന്നേരവും രാത്രിയുമൊക്കെ പഠിപ്പിക്കാൻ പലപ്പോഴും സമയം കണ്ടെത്തി. എന്റെ സമയക്കുറവ്, കൊട്ടിനെ സ്നേഹിച്ചെത്തുന്ന കുട്ടികളുടെ താൽപര്യം തളർത്തരുതെന്ന് എനിക്കു നിർബന്ധമായിരുന്നു. 

സ്കൂൾ സമയത്തിന്റെ ചിട്ടവട്ടങ്ങളിൽ മാത്രം ഒതുങ്ങി പഠിപ്പിക്കാൻ എനിക്കു പലപ്പോഴും സാധിച്ചിട്ടുണ്ടാവില്ല. പക്ഷേ, എത്ര ആഴത്തിലും ആത്മാർഥതയിലും ജോലി ചെയ്യുന്നു എന്ന ചോദ്യം വന്നാൽ നൂറു ശതമാനം എന്നു ഞാൻ ഉറപ്പിച്ചുപറയും. ഏതു തൊഴിൽ ചെയ്യുന്നവർക്കും ഉണ്ടാകേണ്ടത് ഈ ഉറപ്പാണ്. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിലേറെ, സ്വന്തം മനസ്സാക്ഷിയുടെ ഉറപ്പിനെ മുറുകിപ്പിടിക്കുക; വിജയം കൂടെത്തന്നെയുണ്ടാവും. 

English Summary: First Job And Career Of Mattannur Sankarankutty Marar

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA