‘12ൽ മാത്‌സ് പഠിച്ചില്ലെങ്കിലും എൻജിനീയറാകാം, മാറ്റം 2022ൽ; തൊഴിലസവരങ്ങളും ഉറപ്പാക്കണം’

HIGHLIGHTS
  • മാത്‌സ് പഠിച്ചില്ലെന്നു കരുതി അവസരം നഷ്ടമാകരുത്
student
Representative Image. Photo Credit: michaeljung/ Shutterstock.com
SHARE

എൻജിനീയറിങ് അഭിരുചിയുള്ളവർക്ക്, 11, 12 ക്ലാസുകളിൽ മാത്‌സ് പഠിച്ചില്ലെങ്കിലും എൻജിനീയറിങ് പഠനം അനുവദിക്കാനുള്ള തീരുമാനം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ചെയർമാൻ അനിൽ സഹസ്രബുദ്ധെ. എൻട്രൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദഗ്ധ സമിതിയുടെ തീരുമാനം വരാനുണ്ടെങ്കിലും എഐസിടിഇയുടെ കാഴ്ചപ്പാട് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനമെന്ന് അദ്ദേഹം മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

∙ തീരുമാനം വിവാദങ്ങൾക്കും ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. എഐസിടിയുടെ നിലപാട് എന്താണ് ?

തീരുമാനം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ എഐസിടിഇക്ക് ഒരു കാഴ്ചപ്പാടുണ്ട്. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ എൻജിനീയറിങ്ങിന് ആവശ്യമില്ലെന്നു പറഞ്ഞിട്ടില്ല. മാത്‌സ് ഇല്ലാതെ എൻജിനീയറിങ് പഠിക്കുക അസാധ്യമാണ്. അതേസമയം, എൻജിനീയറിങ്ങിൽ താൽപര്യമുള്ള ഒരാൾ പന്ത്രണ്ടാം ക്ലാസിൽ മാത്‌സ് പഠിച്ചിട്ടില്ലെന്നതു കൊണ്ട് അയാൾക്ക് അവസരം നഷ്ടമാകരുതെന്നതാണു നിലപാട്.

∙ ഈ വർഷം തന്നെ ഈ രീതി പ്രതീക്ഷിക്കാമോ?

അടുത്തവർഷം മുതൽ ഈ രീതിയുണ്ടാകും. മാത്‌സ് പഠിക്കാത്തവരെ പ്രവേശന പരീക്ഷ അനുവദിക്കണമോയെന്ന വിഷയം വിദഗ്ധ സമിതി പരിശോധിക്കുന്നുണ്ട്. അവരുടെ തീരുമാനവും ഇതിൽ പ്രധാനമാകും. ചില ബ്രാ‍ഞ്ചുകളിൽ 11, 12ക്ലാസുകളിലെ മാത്‌സ് നിർബന്ധമാകും. ചിലതിൽ അത്രയധികം വേണ്ടി വരില്ല. അവർക്ക് മാത്‌സ് പഠിച്ചില്ലെന്നു കരുതി അവസരം നഷ്ടമാകരുത് എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ കാര്യത്തിലും ഇതു തന്നെ. ഈ സാഹചര്യത്തിൽ, നിർദിഷ്ട വിഷയം പഠിക്കാതെ എത്തുന്നയാളെ അധിക വർഷമെടുത്ത് പഠിപ്പിച്ച്(ബ്രിജ് കോഴ്സ്) എൻജിനീയറിങ് പഠിക്കാൻ അനുവദിക്കും.

∙ എൻജിനീയറിങ് മേഖലയിൽ സീറ്റുകൾ ഒഴി‍ഞ്ഞു കിടക്കുന്ന പ്രശ്നത്തെക്കുറിച്ച് ?

മുൻകാലത്ത് എഐസിടിഇ യഥേഷ്ടം കോളജുകൾക്ക് അനുമതി കൊടുത്തതിന്റെ പ്രശ്നമാണത്. സീറ്റുകൾ ഒഴിഞ്ഞികിടക്കുമ്പോൾ സ്വാഭാവികമായും കോളജുകൾ അടച്ചുപൂട്ടും. ഇതു നടക്കുന്നുണ്ട്. ഈ രീതിയിൽ പ്രതിവർഷം ലക്ഷം സീറ്റുകളോളം കുറയുന്നുണ്ട്. നിലവാരത്തകർച്ചയെക്കുറിച്ചുൾപ്പെടെ പരാതികൾ വരുമ്പോൾ പരിശോധന നടത്തി കൗൺസിൽ തന്നെ പൂട്ടിക്കുന്നവയുമുണ്ട്.

∙ കൂടുതൽ കുട്ടികളെ എൻജിനീയറിങ്ങിലേക്ക് ആകർഷിക്കാൻ കഴിയാത്തതാണോ?

കൂടുതൽപേരെ എൻജിനീയറിങ്ങിലേക്ക് ആകർഷിക്കണം എന്ന അഭിപ്രായം എനിക്കില്ല. ഇപ്പോഴുള്ളതിൽ തന്നെ നല്ലൊരു ശതമാനം ശരിയായ താൽപര്യത്തോടെ വരുന്നവരല്ല. അതു തന്നെ കുറയ്ക്കുകയാണ് വേണ്ടത്. ആളുകളുടെ എണ്ണം കൂട്ടുന്നതിലല്ല. മറിച്ച്, പഠിച്ചിറങ്ങുന്നതിന് ആനുപാതികമായ തൊഴിലവസരങ്ങളുണ്ടോ എന്നതു പരിഗണിച്ചാകണം സീറ്റുകളും കോളജുകളും അനുവദിക്കേണ്ടത്.

anil-sahasrabudhe
അനിൽ സഹസ്രബുദ്ധെ. ചിത്രം: രാഹുൽ ആർ. പട്ടം

∙ എൻജിനീയറിങ് പഠിച്ചിറങ്ങുന്നവർക്ക് ആ മേഖല മാറി തൊഴിലെടുക്കേണ്ടി വരുന്നതു ഗൗരവകരമല്ലേ?

എൻജിനീയറിങ് പഠിച്ചിറങ്ങുന്നവരാരും മോശക്കാരല്ല. പ്രശ്നം ഓരോ വർഷവും എൻജിനീയറിങ് പഠിച്ചിറങ്ങുന്നവർക്ക് ആനുപാതികമായി തൊഴിൽ ഇല്ലാത്തതാണ്. അങ്ങനെ വരുമ്പോൾ ജീവിതമാർഗം തേടി അവർ പല തൊഴിൽ ചെയ്യും. അതിന്റെ പേരിൽ എൻജിനീയറിങ് പഠിച്ചവരെയും ആ പഠനമേഖലയെയും പരിഹസിക്കുന്നതു ശരിയല്ല. എൻജിനീയറിങ് വിദ്യാർഥികൾ പല മേഖലകളിലേക്കു തിരിയുന്നതിൽ എന്താണ് തെറ്റുള്ളത്. അവർ കട തുടങ്ങുകയോ ഐഎഎസുകാരനാകുകയോ ഒക്കെ ചെയ്യട്ടെ. നല്ല വിദ്യാഭ്യാസവും സത്യസന്ധനായിരിക്കുകയുമൊക്കെയാണ് പ്രധാനം. ഇത് എൻജിനീയറിങ്ങ് പഠനത്തിലും സാധിക്കും.

∙ പഠനാനന്തരമുള്ള തൊഴിൽ പ്രശ്നം കൂടി കണ്ടുള്ള മാറ്റം എൻജിനീയറിങ് കോഴ്സിൽ പ്രതീക്ഷിക്കാമോ?

ഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവുമെല്ലാം കോഴ്സിന്റെ ഭാഗമാണ്. പുറമേ, എൻജിനീയറിങ് കോളജുകളോട് നിർദേശിച്ച ഇൻഡക്ഷൻ പ്രോഗ്രാം ഈ ദിശയിലുള്ള പ്രധാന മാറ്റമാണ്. രാജ്യത്തെ മുഴുവൻ എൻജിനിയറിങ് കോളജിലും പ്രവേശനം നേടിയെത്തുന്നവർക്ക് ആദ്യത്തെ മൂന്നാഴ്ച പ്രത്യേക ഇൻഡക്ഷൻ പ്രോഗ്രാം എഐസിടിഇ നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കു പരസ്പരം മനസ്സിലാക്കാനും പഠനത്തെ ഭാരമായി കാണാതെ താൽപര്യം ജനിപ്പിക്കാനും പരസ്പരം സഹായിക്കാനുമെല്ലാം ഇതു സഹായിക്കും. ഐഐടികൾ ഉൾപ്പെടെ ഈ രീതി പിന്തുടരുന്നുണ്ട്. ഇതിനു പ്രത്യേക മൊഡ്യുളും തയാറാക്കി നൽകിയിട്ടുണ്ട്.

∙ മികച്ച സ്ഥാപനങ്ങളുണ്ടായിട്ടും രാജ്യാന്തര റാങ്കിങ്ങുകളിൽ ഇന്ത്യൻ സ്ഥാപനങ്ങൾ പിന്നിൽ പോകുന്നത് എന്തുകൊണ്ടാണ്?

അതിനു പല കാരണങ്ങളുണ്ട്. രാജ്യാന്തര റാങ്കിങ്ങിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ പോലും പ്രശ്നമാണ്. ഒരുദാഹരണം പറയാം. വൈവിധ്യം എന്നൊരു മാനദണ്ഡമുണ്ട്. ഓരോ സ്ഥാപനത്തിലും വിദേശരാജ്യങ്ങളിൽ നിന്ന് എത്രപേർ പഠിക്കുന്നുവെന്നതാണ് പരിശോധിക്കുന്നത്. ഇതു നമ്മൾ വലിയതോതിൽ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് അവിടത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനാണ് പ്രാമുഖ്യം. അതേസമയം, വിദേശരാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ നമ്മുടെ അത്രയും വൈവിധ്യമാർന്ന സംസ്കാരവും ഭാഷയും കടന്നെത്തുന്ന വിദ്യാർഥികൾ ഇല്ല. പക്ഷേ, അതു റാങ്കിങ്ങിൽ പരിഗണിക്കില്ല. റാങ്കിങ് പിന്നിലാണെന്നു കരുതി ഇന്ത്യൻ സ്ഥാപനങ്ങളോ അവിടത്തെ വിദ്യാർഥികളെ ഒട്ടും പിന്നിലല്ല. ലോകോത്തര ഐടി സ്ഥാപനങ്ങളുടെ തലപ്പത്തും അല്ലാതെയും ഇന്ത്യയിലെ എൻജിനീയറിങ് കോളജിൽ പഠിച്ച അനേകം വിദ്യാർഥികളെ നിങ്ങൾക്കു കാണാം. അതേസമയം, ഇത്തരം റാങ്കിങ്ങുകളിൽ കൂടി ഇന്ത്യ മുന്നിൽ വരണമെന്നു തന്നെയാണ് എഐസിടിഇക്കുള്ളത്.

∙ എൻജിനീയറിങ് കോഴ്സുകളിലെ കുറഞ്ഞ വിജയശതമാനത്തെക്കുറിച്ച് ?

നേരത്തെ സൂചിപ്പിച്ചതു പോലെ താൽപര്യമില്ലാത്ത വിദ്യാർഥികളുടെ ആധിക്യം എൻജിനീയറിങ് കോഴ്സുകളിൽ ഉണ്ട്. എൻജിനീയറിങ് കോഴ്സിനു പ്രവേശനം നേടാൻ അടിസ്ഥാന യോഗ്യത പരീക്ഷയിൽ 60% മാർക്ക് വേണമായിരുന്ന കാലമുണ്ട്. ഇതു 45% ആക്കി എഐസിടിഇ കുറച്ചു. എന്നാൽ, തമിഴ്നാട് പോലെ ചില സംസ്ഥാനങ്ങൾ ഇതു പിന്നെയും കുറച്ചു 35% ആക്കി. ഇതൊക്കെ വിജയശതമാനത്തെ ബാധിക്കും.

∙ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനെ കോവിഡ് ബാധിച്ചില്ലേ?

നയം മുന്നോട്ടുവച്ച ഡിജിറ്റൽ അധിഷ്ഠിത ക്ലാസുകൾക്ക് ഏറ്റവും പ്രാധാന്യം കൈവന്ന സമയമാണിത്. അധ്യാപകരെ കൂടുതൽ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾക്കും പഠന മൊഡ്യുളുകൾക്കും എഐസിടിഇ നേരത്തെ തന്നെ തുടക്കമിട്ടു. ഗവേഷണത്തിനു പ്രാമുഖ്യം നൽകുന്ന വിധത്തിൽ സർവകലാശാലകളെ മാറ്റുകയെന്നതാണ് മറ്റൊരു മുൻഗണന. ഇതിനു സ്വാഭാവികമായും കൂടുതൽ സമയമെടുക്കും. ഇക്കാര്യത്തിൽ വൻ ഫണ്ടിങ് ആവശ്യമാണ്. മുൻഗണന അനുസരിച്ചു സർവകലാശാലകൾ മാറിത്തുടങ്ങുന്നുണ്ട്. ഫലം കണ്ടു തുടങ്ങാൻ നാലോ അഞ്ചോ വർഷം വേണ്ടിവരും. എൻജിനീയറിങ് വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പും പുതിയ നയത്തിന്റെ ഭാഗമാണ്. ഇതിനായി ഒരു പുതിയ പോർട്ടൽ തന്നെ സജ്ജമാക്കി. ഇതിൽ വിദ്യാർഥികൾ മാത്രമല്ല, ഇന്റേൺഷിപ് അവസരം നൽകാൻ പ്രാപ്തരായ സ്ഥാപനങ്ങളും ഭാഗമാണ്. നൂതനാശയങ്ങളും ഗവേഷണങ്ങളുമാണ് മറ്റൊന്ന്. ഇതിനായി നടത്തിയ ഹൈക്കത്തോണുകൾക്കു വലിയ സ്വീകാര്യത കിട്ടി. കേരളത്തിൽ നിന്നും മികച്ച പങ്കാളിത്തവും നല്ല ആശയങ്ങളുമാണ് വിദ്യാർഥികൾ നൽകിയത്.

∙ ഇന്ത്യയിൽ എല്ലായിടത്തും ഇന്റർനെറ്റ് ഒരുപോലെ ലഭ്യമല്ല. ഓൺലൈൻ അധ്യയനത്തിന് ഇതു പ്രതിസന്ധിയല്ലേ?

ഒരുപോലെ ഇന്റർനെറ്റ് സേവനമോ ഡിജിറ്റൽ സൗകര്യമോ ലഭിക്കാത്ത ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നം എല്ലാവരും ആവർത്തിക്കുന്ന ഒന്നാണ്. ഇതു പരിഹരിക്കാവുന്ന, സമീപഭാവിയിൽ മാറാൻ പോകുന്ന ഒരു പ്രശ്നമാണ്. പ്രധാനമായി കാണേണ്ടത് ഡിജിറ്റൽ പഠനം എന്ന സാധ്യതയേയാണ്. അതിവിദൂരമായൊരു സ്ഥലത്തു നിന്നു മിടുക്കനായ ഒരു വിദ്യാർഥിക്ക് നഗരത്തിലെ മികച്ച സ്ഥാപനത്തിൽ എത്തിപ്പെടാനും പഠിക്കാനുമുള്ള പ്രയാസം ഓൺലൈൻ അധ്യയനത്തിൽ ഇല്ല. അത്രയും പണച്ചെലവു പോലും ഇല്ല.

∙ ഡിജിറ്റൽ ഡിവൈഡ് എങ്ങനെ പരിഹരിക്കാമെന്നാണ്?

വിദൂരഗ്രാമത്തിൽ ഇരിക്കുന്ന ആൾക്കു കുറഞ്ഞ ഇന്റർനെറ്റ് സൗകര്യമില്ല, മൊബൈൽ ഫോൺ വാങ്ങാനുള്ള പണം ഇല്ല എന്നിവയാണ് ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നമുണ്ടാക്കുന്നത്. കുറച്ചുകാലം മുൻപു വരെ ഇന്ത്യയിൽ എല്ലായിടത്തും വൈദ്യുതി എന്നതു സ്വപ്നമായിരുന്നു. അതു നടന്നു. അതുപോലെ, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏതു മൂലയിലും മികച്ച ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യയിലെ ലോകോത്തര കമ്പനികൾ വർഷാവർഷം ഇ–വേസ്റ്റാക്കി കളയുന്ന ലാപ്ടോപ്പുകളും ആളുകൾ ഉപേക്ഷിക്കുന്ന മൊബൈൽ ഫോണുകളും പാവപ്പെട്ട കുട്ടികളിലേക്ക് എത്തിക്കാനുള്ള വലിയ യജ്ഞത്തിന് സർക്കാർ മുൻകയ്യെടുത്താൽ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത പ്രശ്നവും തീരും. സർക്കാരിനു തന്നെ നേരിട്ടു സബ്സിഡി കൊടുക്കുന്നതും പരിഗണിക്കാം.

∙ വ്യാജന്മാരെ കരുതിയിരിക്കണമെന്ന് എഐസിടിഇ കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനുള്ള സാഹചര്യം ?

അഡ്മിഷൻ നൽകണമെന്നും അംഗീകാരം നൽകാമെന്നുമെല്ലാം പറഞ്ഞ് പല കോളജുകളെയും ബന്ധപ്പെടുന്നതായി പരാതി കിട്ടിയിരുന്നു. സമീപദിവസങ്ങളിൽ ഒരു എൻജിനീയറിങ് കോളജ് പരാതിപ്പെട്ടത് ചെയർമാനായ എന്റെ പേരിൽ ആരോ വിളിച്ചുവെന്നാണ്. മൊബൈലിലെ ട്രൂകോളറിൽ തെളിഞ്ഞുവന്നതു പോലും എന്റെ പേരായിരുന്നു. ഇത്തരം തട്ടിപ്പുകളിൽ വീണുപോകാതിരിക്കാനാണ് മുന്നറിയിപ്പു നൽകിയത്.

∙ ഇന്ത്യൻ എൻജിനീയറിങ് പഠന മേഖലയിൽ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ?

മികച്ച ആളുകളായി(എക്സലന്റ്) വിദ്യാർഥികളെ മാറ്റുക. ജോലിയുള്ളവരാക്കുക(എംപ്ലോയബിൾ), സ്വയം സംരംഭകരാകാൻ (ഓൺട്രപ്രണറർ) സജ്ജരാക്കുക എന്നിവയാണ് എൻജിനീയറിങ് മേഖലയിൽ വരുത്തേണ്ട പ്രധാന മാറ്റമായി മനസ്സിൽ കാണുന്നത്.

English Summary: Interview With All India Council For Technical Education Chairman Anil Sahasrabudhe

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA