എന്തിനാണ് എപ്പോഴും ഹലോ പറയുന്നത്, ഫോൺ വിളിക്കുമ്പോൾ ഹലോ പറയാതിരുന്നാൽ ലാഭം ഏറെ

HIGHLIGHTS
  • സംഭാഷണം സൗമ്യമായിരിക്കണം
b-s-varrier-table-2
SHARE

മിക്കപ്പോഴും നടക്കാറുള്ള ഫോൺവിളിയുടെ മട്ടും, അതു ലളിതമാക്കാവുന്ന രീതിയുമാണ് രണ്ടു ചതുരങ്ങളിൽ കാണുന്നത്. ഫോണെടുത്താലുടൻ ‘ഹലോ’ എന്നു പറയണമെന്ന ധാരണയാണ് പലർക്കും. കേൾവിക്കാരന് അതിൽനിന്ന് ഒന്നും മനസ്സിലാകുന്നില്ല. വിളിച്ചയാളും ‘ഹലോ’ എന്നു പ്രതികരിക്കുന്നതോടെ ഇത് ആവർത്തിക്കുന്നു. നേരേമറിച്ച്, റിങ്ങിങ് കേൾക്കുന്നയാൾ ഫോണെടുത്ത് താൻ ആരെന്നു പറയുകയും, ഉടൻതന്നെ വിളിച്ചയാളും ആരെന്നു വ്യക്തമാക്കുകയും ചെയ്താൽ ഇരുകൂട്ടർക്കും സമയലാഭം. വളരെയേറെ കോളുകളെത്തുന്ന സ്ഥാപനങ്ങളിലും മറ്റും ഇത് ഗണ്യമായ ലാഭമാണ്. 

തീരെച്ചുരുക്കം സാഹചര്യങ്ങളിൽ മാത്രമാണ് ഈ രീതി പ്രയാസമുണ്ടാക്കുക. കുസൃതിക്കാരും മറ്റും ആവർത്തിച്ചു  വീട്ടിലേക്കു വിളിച്ചു ശല്യപ്പെടുത്തുന്ന സാഹചര്യത്തിൽ മാത്രം.

സ്ഥാപനങ്ങളാകുമ്പോൾ വ്യക്തിയുടെ പേരിനു പകരം സ്ഥാപനത്തിന്റെ പേരാകും പ്രസക്തം. നല്ല ഹോട്ടലിലേക്കു വിളിച്ചു നോക്കൂ. ‘‘മാറിയറ്റ്, ഗുഡ് മോർണിങ്’’ എന്ന രീതിയിൽ സ്നേഹം തോന്നിക്കുന്ന മറുപടി കേൾക്കും. നല്ല സ്ഥാപനങ്ങളാകുമ്പോൾ മൂന്നു റിങ്ങിനകം ഫോണെടുക്കുകയും  ചെയ്യും.

സംഭാഷണം സൗമ്യമായിരിക്കണം

മുഖഭാവമോ അംഗചലനങ്ങളോ കാണുന്നില്ലെങ്കിലും, സ്വരത്തിൽ നിന്ന് ഫോണിൽ സംസാരിക്കുന്നയാളെപ്പറ്റി കേൾവിക്കാരന്റെയുള്ളിൽ ചില ധാരണകളും മതിപ്പും രൂപംകൊള്ളും.  ഇഷ്ടമില്ലാത്തയാളോടുപോലും ഫോണിലൂടെ ശബ്ദമുയർത്തി കയർക്കുന്നത് മാന്യമല്ല. 

സഹായത്തിനു വിളിക്കുന്നവർ പ്രതീക്ഷിക്കുന്ന സഹായം ചെയ്യുക അസാദ്ധ്യമാണെങ്കിലും സഹതാപവും കാരുണ്യവും കൈവിടാതെ സൗമ്യമായി വിവരം പകരാൻ വിഷമമില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയപ്രവർത്തകർ പൊതുവേ നല്ല ശീലങ്ങൾ പുലർത്തുന്നു.  അല്ലാത്തവർക്കു പിടിച്ചുനിൽക്കാനാവില്ല. പക്ഷേ, ചില  ഉദ്യാഗസ്ഥർ പരാതി പറയുന്നതു ശ്രദ്ധിക്കാതെ എന്തെങ്കിലും തടസ്സം പറയുകയോ, റുളും വകുപ്പും  അവ്യക്തമായി സൂചിപ്പിച്ച് ഫോൺ വച്ചുകളയുകയോ ആണു പതിവെന്ന ചിന്ത സമൂഹത്തിൽ വ്യാപകമാണ്. തെല്ലു ക്ഷമ കാട്ടുന്നതുകൊണ്ട് ആർക്കും നഷ്ടം വരില്ല. ഉദ്യോഗമോ അധികാരമോ ആർക്കും ശാശ്വതമല്ലെന്നും ഓർക്കാം.

ചിട്ടകൾ – വേണ്ടതും അരുതാത്തതും

മൊബൈൽ ഫോൺ സാർവത്രികമായതോടെ പുതിയ ഫോൺസംസ്കാരം തന്നെ രുപം കൊണ്ടു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള 4–മണിക്കൂർ പ്രഭാത ട്രെയിൻ യാത്രയിൽ ഒരാൾ 15 മിനിറ്റ്  കൂടുന്തോറും വീട്ടിൽ വിളിച്ചു കുട്ടികൾ കുളിക്കുന്നതടക്കമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് ഒരിക്കൽ കേട്ടു. സ്പീക്കർഫോൺ മോഡിലായതിനാൽ സഹയാത്രികരെല്ലാം  ഈ പ്രക്ഷേപണം കേട്ടുസഹിക്കേണ്ടിവന്നു.

ചിലരെ ഫോൺ ചെയ്താൽ, ‘ഞാൻ അങ്ങോട്ടു വിളിക്കാനിരുന്നതാണ്’ എന്ന മുഖവുരയോടെ അവർക്കു  പറയാനുള്ളതു പറഞ്ഞു തീർക്കും. തുടർന്ന്, ‘എന്നാൽ വച്ചേക്കട്ടേ?’ എന്ന ചോദ്യവും. 

നമുക്കു സ്വീകരിക്കാവുന്ന ചില നല്ല രീതികൾ 

∙ശ്രദ്ധിച്ചു കേൾക്കുക

∙ഫോണിൽ സംസാരിക്കുമ്പോൾ, അതിൽ മാത്രം ശ്രദ്ധിക്കുക

∙ഒരേ സമയം ഇരുഭാഗത്തുനിന്നും സംസാരിക്കുന്നത് ഒഴിവാക്കുക.

∙സ്വരം മയത്തിലാക്കിനിർത്തുക 

∙വ്യക്തമായി പറയുക

∙ഏറെ ഉച്ചത്തിലോ സ്വരം തീരെത്താഴ്ത്തിയോ സംസാരിക്കാതിരിക്കുക.

∙ഏറെ വേഗത്തിലോ മുഷിപ്പിക്കുംവിധം ഇഴച്ചോ സംസാരിക്കാതിരിക്കുക..

∙പറയാനുള്ള കാര്യങ്ങൾ കുറിച്ചുവച്ചിട്ടു മാത്രം പ്രധാനപ്പെട്ട കോൾ വിളിക്കുക

∙ഓഫീസിലും മറ്റും കുറിപ്പെടുക്കാൻ ബുക്കും പേനയും ഫോണിനടുത്തു വയ്ക്കുക

∙മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ മൊബൈൽ ഫോൺ സൈലന്റ് മോഡിലാക്കുക

∙പൊതുസ്ഥലങ്ങളിൽ സ്പീക്കർഫോൺ ഉപയോഗിക്കാതിരിക്കുക

∙വിഡിയോകോളിൽ മുഖഭാവവും ശരീരഭാഷയും ശ്രദ്ധിക്കുക

∙വലിയ തിരക്കിലിരിക്കുന്നയാളെ വിളിക്കുന്നതിനു മുൻപ്, കഴിയുമെങ്കിൽ എസ്എംഎസ് / വാട്സാപ് വഴി അനുമതി വാങ്ങുക

∙വിനയത്തോടെ യാത്രപറയുംമട്ടിൽ കോൾ അവസാനിപ്പിക്കുക

പുഞ്ചിരിച്ചു സംസാരിക്കുന്നതു കാണുന്നില്ലെങ്കിലും, ശബ്ദത്തിൽനിന്ന് സൗഹൃദഭാവം തോന്നിക്കും. പേരും മറ്റും പറയുമ്പോൾ, അവ്യക്തത മാറ്റാനുള്ള വാക്കുകൾ ഓർമ്മ വച്ച് ഉപയോഗിക്കുക. പി.ജി. കൃഷ്ണൻ എന്നു പറയുമ്പോൾ കേൾക്കുന്നയാൾ ടി.ബി. ആണോ, ബി.ജി. ആണോ എന്നെല്ലാം ചോദിച്ചേക്കാം. പിജി, പിജി എന്ന് ശബ്ദം പെരുപ്പിച്ചാൽ അവ്യക്തത കൂടുകയേയുള്ളൂ. അതു പരിഹരിക്കുന്ന പട്ടികയുണ്ട്. P as for Paper, G as for Gold എന്നു പറഞ്ഞാൽ പ്രശ്നം തീരും. ഇമെയിൽ ഐ‍ഡിയും മറ്റും പറയുമ്പോഴും ഈ രീതിയാകാം.

b-s-varrier-table-1

ലാൻഡ് ഫോണിൽ വലിയ തിരക്കിലാണ് ഓഫീസർ. അദ്ദേഹം കോടികളുടെ കണക്ക് ഉറക്കെ പറയുന്നു. ആഗതൻ ക്ഷമയോടെ കാത്തുനിന്നു. കുറെക്കഴിഞ്ഞപ്പോൾ ഫോണിന്റെ മൗത്പീസ് പൊത്തിപ്പിടിച്ചുകൊണ്ട്,

ഓഫീസർ : ‘ഊം, നിങ്ങൾക്കെന്താ വേണ്ടത്?’

ആഗതൻ : ‘തിരക്കില്ല, സാർ. ഞാൻ ഈ ഫോൺ നന്നാക്കാൻ വന്നതാണ്. ഇതിന്റെ  കണക്‌ഷൻ പോയിരിക്കുകയാണ്, സർ!’

നമ്മെപ്പറ്റിയുള്ള മതിപ്പ് ഫോൺസംഭാഷണത്തിൽ നിന്ന് രൂപപ്പെടുമെന്ന ഓർമ്മയും പക്വതയും ഉണ്ടെങ്കിൽ ഫോൺ–മര്യാദകൾ തനിയേ പാലിച്ചുപോകും.

English Summary: Career Column By B S Warrier: Telephone Manners

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS