പഴയതുപോലെയല്ല, പഠനവും ജോലിയും; എവിടെ പഠിക്കണം, എങ്ങനെ പഠിക്കണമെന്ന് തീരുമാനിച്ചോളൂ

HIGHLIGHTS
  • കരിയറിനെക്കുറിച്ചും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും ചിന്തിക്കാനുള്ള സമയമാണിത്.
education
Representative Image. Photo Credit: Billion Photos/ Shutterstock.com
SHARE

പത്താം ക്ലാസ് കഴിഞ്ഞവരുടെ ശ്രദ്ധയ്ക്ക്: ഇനിയെന്തു പഠിക്കാൻ പോകുന്നു എന്ന ചോദ്യം പലരും ഇതിനകം ചോദിച്ചുകാണും. രണ്ടു ചോദ്യങ്ങൾ കൂടി സ്വയം ചോദിക്കുക- എവിടെ പഠിക്കണം, എങ്ങനെ പഠിക്കണം ?

എസ്എസ്എൽസി ഫലം പുറത്തുവന്നിരിക്കുകയാണല്ലോ. മുൻവർഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയെന്നുമാത്രമല്ല, 1.21 ലക്ഷം വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടുകയും ചെയ്തു. വിദ്യാർഥികൾക്കും മാതാപിതാക്കള്‍ക്കും ഗ്രേഡുകൾക്കപ്പുറം കരിയറിനെക്കുറിച്ചും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും ചിന്തിക്കാനുള്ള സമയമാണിത്. 

കാലമേറെ മാറിയിട്ടും കേരളത്തിലുള്ളവർ മെഡിസിനോ എൻജിനീയറിങ്ങോ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് മറ്റു സാധ്യതകളെക്കുറിച്ചു ചിന്തിക്കുന്നത്. പക്ഷേ ഇന്നു ലോകം ഏറെ മാറുകയും മറ്റു മേഖലകളിൽ കൂടുതൽ അവസരങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. നാലാം വ്യവസായവിപ്ലവത്തോടെ (4th Industrial Revolution) അതിലും വലിയ മാറ്റങ്ങളാണ് തൊഴിൽരംഗത്ത് ഇനി വരാൻപോകുന്നത്. ഈ കാര്യങ്ങൾകൂടി കണക്കിലെടുത്താണ് ഇനിയുള്ള പഠനത്തെക്കുറിച്ചു ചിന്തിക്കേണ്ടത്. 

പല ജോലികളുടെ കാലം 

ടെക്നോളജിയിൽ ഉണ്ടാകാൻപോകുന്ന കുതിച്ചുചാട്ടത്തിനു പിന്നാലെ, എല്ലാ തൊഴിൽ മേഖലകളിലും അതിയന്ത്രവല്‍ക്കരണം (automation) സംഭവിക്കുകയും അതനുസരിച്ച് ഇന്നു നമ്മൾ കാണുന്ന തൊഴിലുകളിൽ മാറ്റം സംഭവിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു വിഷയം പഠിച്ച് ആ മേഖലയിൽതന്നെ ജോലി ചെയ്തു റിട്ടയർ ചെയ്യുന്ന സാഹചര്യം മാറും. പകരം ഒരു വ്യക്തി, തന്റെ തൊഴിൽജീവിതത്തിനിടയിൽ ഒന്നിലധികം തൊഴിലുകൾ ചെയ്യേണ്ട സാഹചര്യമുണ്ടാകും. തൊഴിലിലെ മാറ്റങ്ങളനുസരിച്ച് പഠനം തുടരേണ്ടിവരികയും പുതിയ സ്കില്ലുകൾ നേടേണ്ടിവരികയും ചെയ്യും (up-skilling & re-skilling). 

എന്തുപഠിക്കുന്നു എന്നതിനപ്പുറം നമ്മൾ പഠനകാലത്തുണ്ടാക്കിയെടുക്കുന്ന സാമൂഹിക ശൃംഖലകളാകും (network) ഭാവിയിൽ തൊഴിൽ ജീവിതത്തെ കൂടുതൽ സ്വാധീനിക്കുക. അതിനാൽ പന്ത്രണ്ടാം ക്ലാസിനുശേഷം നമുക്കു സാധ്യമായ ഏറ്റവും മികച്ച സ്ഥാപനത്തിൽ ഉന്നതപഠനത്തിനു ചേരാനുള്ള ശ്രമമാണ് ഇപ്പോഴേ തുടങ്ങേണ്ടത്. ഉദാഹരണത്തിന്, ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളജുകളിൽ ഇക്കണോമിക്‌സോ കൊമേഴ്‌സോ പഠിക്കുന്ന വിദ്യാർഥിനിക്കു ലഭിക്കുന്ന കരിയർ അവസരങ്ങൾ ഏറെയാകും. 

മികവിലേക്കുള്ള വഴി

പന്ത്രണ്ടാം ക്ലാസിനു ശേഷമുള്ള പഠനം കേരളത്തിൽ തുടരണോ, മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ പോകാനുള്ള സാഹചര്യമുണ്ടോ എന്നെല്ലാം സ്വയം വിലയിരുത്തി തീരുമാനിക്കണം. മറ്റുസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർ അവിടങ്ങളിലുള്ള മികച്ച സ്ഥാപനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ആർട്സ് / ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പരിഗണിക്കുന്നവർക്കു ഡൽഹി ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ മികച്ച സ്ഥാപനങ്ങൾ കണ്ടെത്താനാകും. നിയമപഠനത്തിനു നാഷനൽ ലോ യൂണിവേഴ്സിറ്റികളുണ്ട്. 

എൻജിനീയറിങ്ങിന് ഐഐടി, എൻഐടി പോലെയുള്ള സ്ഥാപനങ്ങളും പ്യുവർ സയൻസ് വിഷയങ്ങളിൽ തിരുവനന്തപുരത്തുൾപ്പെടെ ഐസർ, ബെംഗളൂരു ഐഐഎസ്‌സി, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് പോലെയുള്ള സ്ഥാപനങ്ങളുമുണ്ട്. ക്രിയേറ്റീവായ മേഖലകളിലെത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) പരിഗണിക്കാം. ഇത്തരത്തിൽ ഏതു കരിയർ മേഖലയിലേക്കു പോകണമെന്നുള്ള താത്പര്യമനുസരിച്ചാണു 11, 12 ക്ലാസുകളിലെ പഠനവിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടത്. 

ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിൽ 

പ്ലസ്ടുവിനുശേഷം എന്തുപഠിക്കണമെന്നു നിലവിൽ തീരുമാനിച്ചിട്ടില്ലാത്തവർക്ക് സയൻസ് വളരെ ഫ്ലെക്സിബിൾ ആയ ഓപ്‌ഷനാണ്. കാരണം, ഉപരിപഠനത്തിനു സയൻസ്, ആർട്സ് വിഷയങ്ങളിലേതും തിരഞ്ഞെടുക്കാനാകും. മറിച്ച് പ്ലസ് ടുവിന് ആർട്സ് എടുത്താൽ തുടർന്ന് ആ മേഖലയിൽ മാത്രമേ ഉപരിപഠനം നടത്താനാകൂ. ഇക്കണോമിക്സ്, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു പോകുന്നവർ പ്ലസ്ടുവിനു കണക്ക് പഠിച്ചിരുന്നോ എന്ന ചോദ്യം നേരിടാറുമുണ്ട്. 

പ്ലസ്ടു പഠനം പലർക്കും എൻട്രൻസ് കോച്ചിങ്ങിന്റെ കൂടി കാലമാണ്. എന്നാലിത് വിദ്യാർഥികളിൽ മാനസിക സമ്മർദമുണ്ടാക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ പ്ലസ്ടുവിനു ശേഷം ഒരുവർഷം കൂടുതലെടുത്ത് എൻട്രൻസിനുള്ള തയാറെടുപ്പു നടത്താം. 

ആദ്യം സൂചിപ്പിച്ചതുപോലെ നാലാം വ്യവസായവിപ്ലവത്തിന്റെ കാലത്ത് എത്രയും വേഗം തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുകയാണ് അനിവാര്യം. ഡിപ്ലോമ, ഐടിഐ / ഐടിസി കോഴ്സുകളും തൊഴിൽസാധ്യതയുള്ളവയാണ്. ജോലി കിട്ടിയ ശേഷം ഓൺലൈൻ സാധ്യതകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി കൂടുതൽ പഠിക്കുകയും ചെയ്യാം. 

(ബെംഗളൂരുവിൽ കരിയർ മെന്ററാണു ലേഖിക)

English Summary: Courses After SSLC: Article By Neeraja Janaki

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA