ഡൽഹിയിൽ പഠിച്ചാൽ എന്താണ് ഗുണം? അറിയാം ഈ സാധ്യതകൾ

HIGHLIGHTS
  • ഓഗസ്റ്റ് 2നാണു ഡിയുവിന്റെ ബിരുദ പ്രവേശന റജിസ്ട്രേഷൻ ആരംഭിക്കുക
student
Representative Image. Photo Credit: michaeljung/ Shutterstock.com
SHARE

ഡൽഹിയിൽ ബിരുദ പഠനം നടത്താൻ മോഹിക്കുന്നവരെല്ലാം കാത്തിരിക്കുകയാണ് ഡൽഹി സർവകലാശാലയുടെ കട്ട് ഓഫ് അറിയാൻ. സിബിഎസ്ഇ പൊതുപ്രവേശന പരീക്ഷ റദ്ദാക്കുകയും  പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിക്കുകയും ചെയ്തതോടെ  മാർക്ക് ഉയരുമെന്നാണു പൊതുവിലുള്ള വിവരം. ഓഗസ്റ്റ് 2നാണു ഡിയുവിന്റെ ബിരുദ പ്രവേശന റജിസ്ട്രേഷൻ ആരംഭിക്കുക. ഓഗസ്റ്റ് അവസാനത്തോടെ കട്ട് ഓഫ് പ്രഖ്യാപിക്കുമെന്നാണു സൂചന. 

സിബിഎസ്ഇ മൂല്യനിർണയ രീതികൾ കട്ട് ഓഫിനെ സ്വാധീനിക്കുമെന്നും  ഉയർന്ന കട്ട് ഓഫ് ഇക്കുറിയും തുടരുമെന്നുമാണ്  ഡിയു അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ തവണ ലേഡി ശ്രീറാം കോളജിൽ(എൽഎസ്ആർ) 3 വിഷയങ്ങൾക്ക് ആദ്യ കട്ട് ഓഫ് 100 ശതമാനമായിരുന്നു. ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ(എസ്ആർസിസി) ബികോ ഓണേഴ്സ് കോഴ്സിനു 99.5% കട്ട് ഓഫ്. ഹിന്ദു കോളജിൽ ഫിസിക്സിനു(ഓണേ.) 98.33%. ഡിയുവിൽ ഇംഗ്ലീഷ്(ഓണേ.) വാഗ്ദാനം ചെയ്യുന്ന 44ൽ അഞ്ചു കോളജുകളിൽ ആദ്യ കട്ട് ഓഫ് 98%ത്തിനു മുകളിൽ. കട്ട് ഓഫ് മാർക്ക് ഇത്രയേറെ ഉയർന്നിട്ടും പ്രവേശനം നേടാൻ വിദ്യാർഥികളുടെ തിരക്കായിരുന്നെന്നും ഓർക്കണം. 

∙ എന്തുകൊണ്ട് ഡൽഹി

കൊച്ചിയിൽ നിന്നു 2722.9 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലെത്തി ഡിഗ്രി പഠിക്കേണ്ട കാര്യമുണ്ടോ? ചൂടും തണുപ്പും അന്തരീക്ഷ മലിനീകരണവുമെല്ലാം ഏറ്റവും രൂക്ഷമായ നഗരത്തിൽ പോകേണ്ടതുണ്ടോ? നാട്ടിൽ പഠിച്ചാൽ പോരേ? ഡൽഹിയിൽ പഠിച്ചാൽ എന്താണ് അധികമായി കിട്ടുന്നത്? ഇങ്ങനെ പല ചോദ്യങ്ങളുമുണ്ട് ഡൽഹിയെ ഉപരിപഠനം നടത്താനുള്ള നഗരമായി തിരഞ്ഞെടുക്കുമ്പോൾ. 

പക്ഷേ, ഡൽഹിയിൽ പഠനം നടത്തുന്നവർക്കെല്ലാം ഇക്കാര്യങ്ങളിൽ കൃത്യമായ മറുപടിയുണ്ടെന്നാണ് വാസ്തവം. ഏറ്റവും അപ്ഡേറ്റായ സിലബസ്, പ്രാഗത്ഭ്യം നേടിയ അധ്യാപകർ, ഒട്ടേറെ ലൈബ്രറികൾ, പ്രഗത്ഭരുടെ പ്രഭാഷണങ്ങളും ലക്ചറുകളും കേൾക്കാൻ അവസരം, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇന്റേൺഷിപ്പിനുള്ള അവസരം ഇതെല്ലാം കയ്യെത്തും ദൂരെയുണ്ടെന്നതാണ് വാസ്തവം. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന പലതും നിങ്ങളുടെ  കണ്ണിനു മുന്നിലുണ്ട്. വിദേശസർവകലാശാലകൾക്കു സമാനമായ രീതിയിൽ പഠനവും പാഠ്യേതര പ്രവർത്തനങ്ങളുമെല്ലാം മൂല്യനിർണയവുമെല്ലാം ഏറ്റവും മികവൊത്തത്. 

∙ എന്തുകൊണ്ട് ഡിയു? 

എൽഎസ്ആറിലെ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിക്കു 2019ൽ ബാങ്ക് ഓഫ് അമേരിക്ക വാഗ്ദാനം ചെയ്തതു 37.8 ലക്ഷം രൂപ വാർഷിക പ്രതിഫലം. കോവിഡ് പ്രതിസന്ധി തീർത്തിട്ടും ശ്രീറാം കോളജ് ഓഫ് കൊമേഴ്സിലെ ബികോം(ഓണേ.) വിദ്യാർഥിക്കു കഴിഞ്ഞ വർഷം 17 ലക്ഷത്തിന്റെ വാഗ്ദാനം ലഭിച്ചു. ഡിയുവിലെ കഴിഞ്ഞ വർഷത്തെ ക്യാംപസ് പ്ലേസ്മെന്റിലെ ശരാശരി ശമ്പളവാഗ്ദാനം 6.8 ലക്ഷം രൂപ. മികവിൽ മറ്റു പല പ്രമുഖ സ്ഥാപനങ്ങളെയും മറികടക്കുന്നതാണു ഡിയുവിന്റെ പ്രധാന ആകർഷണം. 

മികച്ച പഠനാന്തരീക്ഷം, ലൈബ്രറികൾ, ഉപരിപഠനത്തിനും പരിശീലനങ്ങൾക്കുമുള്ള അവസരങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയെല്ലാം ഡിയുവിനെയും ഡൽഹിയെയും വിദ്യാർഥികളുടെ പ്രിയകേന്ദ്രമാക്കുമ്പോൾ കട്ട് ഓഫ് വർധിക്കുന്നതിലും അതിശയപ്പെടാനില്ല. 

എൽഎസ്ആറിൽ കഴിഞ്ഞ വർഷം ബിഎ(ഓണേഴ്സ്) ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി കോഴ്സുകൾക്കു 100% ആയിരുന്നു ആദ്യ  കട്ട് ഓഫ്. അതായത് 12–ാം ക്ലാസിൽ 4 വിഷയങ്ങളിൽ മുഴുവൻ മാർക്കും ലഭിച്ചവർക്കാണ് ആദ്യ കട്ട് ഓഫിൽ പ്രവേശനം ലഭിച്ചത്(ഡിയുവിൽ 4 വിഷയങ്ങളുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണു കട്ട് ഓഫ് നിർണയിക്കുക). ഡിയുവിനു കീഴിലെ 70,000 ബിരുദ സീറ്റുകളിലേക്ക് കഴിഞ്ഞ വർഷം അപേക്ഷിച്ച 3,54,003 പേരിൽ  5500 പേർക്കു 4 വിഷയങ്ങൾക്കു 100% ലഭിച്ചിരുന്നു. ഇതിൽ 2512 ആൺകുട്ടികളും 2988 പെൺകുട്ടികളും. 95–99 ശതമാനത്തിനിടയിൽ മാർക്കു ലഭിച്ച 13,990 വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്. ഡിയുവിലെ മിക്ക കോളജുകളിലും പ്രധാന കോഴ്സുകൾക്കെല്ലാം കട്ട് ഓഫ് മാർക്ക് 95 ശതമാനത്തിനു മുകളിലായിരുന്നു. 

ഡൽഹി സർവകലാശാലയിൽ പ്രവേശനം  ലഭിക്കാൻ ഏറെ കടുപ്പം പൊളിറ്റിക്കൽ സയൻസ്(ഓണേഴ്സ്), ബികോം(ഓണേ.) വിഷയങ്ങൾക്കാണ്. കഴിഞ്ഞ തവണ 6 കോളജുകളിൽ ഈ രണ്ടു കോഴ്സുകൾക്കും 99 ശതമാനത്തിനു മുകളിലായിരുന്നു കട്ട് ഓഫ്. സിവിൽ സർവീസ്, ഐഐഎം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉപരിപഠനം, വിദേശ രാജ്യങ്ങളിൽ ഉപരിപഠനം തുടങ്ങിയ ലക്ഷ്യങ്ങളുമായി ഈ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർ ഒട്ടേറെയുണ്ട്. 

കാര്യമിതൊക്കെയാണെങ്കിലും  പ്രധാന കോളജുകളിലെല്ലാം  മലയാളി സാന്നിധ്യം ശക്തമാണ്. സെന്റ് സ്റ്റീഫൻസ്, എൽഎസ്ആർ, എസ്ആർസിസി, ഹിന്ദു, രാംജാസ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം  ഒട്ടേറെ മലയാളി വിദ്യാർഥികൾ ഉപരിപഠനം നടത്തുന്നു. 

എൽഎസ്ആറിൽ കഴിഞ്ഞ വർഷം  പ്രവേശനം ലഭിച്ച രണ്ടു വിദ്യാർഥികൾ പറയുന്നു

∙ അനുവിന്ദ ഗിരീഷ്(എൽഎസ്ആറിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനി)

കോഴിക്കോട് ചാലപ്പുറം ഗവ. ഗണപതി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഹ്യുമാനിറ്റിക്സിലാണു പ്ലസ് ടു പൂർത്തിയാക്കിയത്. ഇക്കണോമിക്സ്, പൊളിറ്റിക്സ്, മലയാളം, ജോഗ്രഫി എന്നീ വിഷയങ്ങൾക്കു   മുഴുവൻ മാർക്കുണ്ടായിരുന്നു. യുപിഎസ്‍സി താൽപര്യമുണ്ടായിരുന്നതു കൊണ്ട് പ്ലസ് ടുവിൽ പഠിപ്പിച്ച അധ്യാപികയാണു  ഡൽഹി സർവകാശാല ശ്രമിക്കാൻ പറഞ്ഞത്. ഹിന്ദു, മിറാൻഡ കോളജുകളായിരുന്നു ആദ്യം മനസിലെങ്കിലും കട്ട് ഓഫ് വന്നപ്പോൾ എൽഎസ്ആറിൽ ശ്രമിക്കാമെന്നു  കരുതി.100 ശതമാനമായിരുന്നു കട്ട് ഓഫ്. അങ്ങനെയാണ് അപേക്ഷിച്ചതും  പ്രവേശനം ലഭിച്ചതും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോളജിൽ പഠിക്കുന്നതിന്റെ സന്തോഷമുണ്ട് ഇപ്പോൾ. ഓൺലൈനിലാണു ക്ലാസെങ്കിലും വിദ്യാർഥികൾക്ക് ഏറെ അവസരങ്ങൾ നൽകാൻ അധ്യാപകർ ശ്രമിക്കുന്നു. കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നു. പഠനരീതി തന്നെ വ്യത്യസ്തമാണ്. ഡിയുവിലാണു പഠിക്കുന്നതെങ്കിലും ഇതുവരെ കോളജിലെത്താൻ സാധിക്കാത്തതിന്റെ വിഷമമുണ്ട്. 

∙ കെ. സരസ്വതി(എൽഎസ്ആറിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി)

പയ്യോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു മുഴുവൻ മാർക്കോടെയാണു പ്ലസ് ടു പൂർത്തിയാക്കിയത്. പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്സും ഇഷ്ടമുള്ള വിഷയങ്ങളാണ്. ഡിയുവിൽ ഇക്കണോമിക്സിൽ ഉപരിപഠനം നടത്താൻ പ്ലസ്ടുവിൽ കണക്ക് വേണം. സ്കൂളിലെ ഒരു സീനിയർ വിദ്യർഥി ഡിയുവിൽ പഠിക്കുന്നുണ്ട്. അങ്ങനെയാണു  ഡിയുവിൽ പഠിക്കണമെന്നുള്ള ആഗ്രഹമുണ്ടായത്. ഹിന്ദു, എൽഎസ്ആർ കോളജുകളായിരുന്നു മനസിൽ. കട്ട് ഓഫ് വന്നപ്പോൾ എൽഎസ്ആറിൽ അപേക്ഷിച്ചു അവിടെ പ്രവേശനവും കിട്ടി. ആദ്യ കട്ട് ഓഫിൽ തന്നെ അഡ്മിഷൻ എടുത്തവരിൽ അഞ്ചിലേറെപ്പേർ മലയാളികളായിരുന്നു. ക്ലാസുകൾ ഓൺലൈൻ ആയിട്ടുകൂടി നമ്മൾക്കു കിട്ടുന്ന അവസരങ്ങൾ ഡിയുവിന്റെയും കോളജിന്റെയും മികവ്. വിവിധ സൊസൈറ്റികളുമെല്ലാമായി സജീവമാണ് ക്ലാസ്. 

∙ ജലീല സിദ്ദീഖ്(ആലുവ സ്വദേശി, എൽഎസ്ആറിൽ ഇക്കണോമിക്സ് വിദ്യാർഥി)

ആലുവ ക്രൈസ്തവ മഹിളാലയം പബ്ലിക് സ്കൂളിൽ നിന്നാണു 12–ാം ക്ലാസ് പൂർത്തിയാക്കിയത്. കണക്ക് ഉൾപ്പെടുന്ന കൊമേഴ്സായിരുന്നു 12ൽ. സ്കൂൾ കാലത്തു തന്നെ  എൽഎസ്ആറും ഡൽഹി സർവകലാശാലയും  സ്വപ്നമായിരുന്നു. 97.75 ശതമാനം മാർക്കാണ് പന്ത്രണ്ടിൽ കിട്ടിയത്.ഇക്കണോമിക്സിനു 100 ശതമാനം മാർക്കുമുണ്ടായിരുന്നു. ആദ്യ കട്ട് ഓഫിസിൽ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിലാണു പ്രവേശനം ലഭിച്ചത്. രണ്ടാം കട്ട് ഓഫ് വന്നപ്പോൾ ഒബിസി വിഭാഗത്തിൽ എൽഎസ്ആറിൽ ലഭിച്ചു. മികച്ച അധ്യാപകരും ഇന്റേൺഷിപ് ഉൾപ്പെടെ ഇവിടെ കിട്ടുന്ന അവസരവും മറ്റൊരു കോളജുമായി താരതമ്യപ്പെടുത്താനാവില്ല. വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരവുമുണ്ട്. 

English Summary: Advantages of Studying in Delhi UniversityEnglish Summary: Advantages of Studying in Delhi University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA