ADVERTISEMENT

ക്രൈസ്തവ പുരോഹിതൻ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന ചിത്രം തൂവെള്ള ളോഹക്കുപ്പായമായിരിക്കും എന്നുറപ്പ്. കഴിഞ്ഞ ദിവസം അന്തരിച്ച മാവേലിക്കര ബിഷപ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ റവ. പ്രഫ. കെ. സി മാത്യുവിനെ പക്ഷേ ളോഹയിൽ കണ്ടിരുന്നത് വിരളം. മിക്കവാറും  ‘മഫ്തിയിൽ’ ആയിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിലാണ് കെ. സി മാത്യു അച്ചന്റെ ചിത്രം ആദ്യമായി കാണുന്നത്. ഓഡിറ്റോറിയത്തിലെ സ്റ്റേജിന്റെ വലതു വശത്തുള്ള എണ്ണച്ചായ ചിത്രത്തിൽ സുസ്മേരവദനനായ നിൽക്കുന്ന അച്ചന്റെ രൂപം കാണുന്നത് ഐശ്വര്യം തന്നെയായിരുന്നു.

1993 ജൂണിൽ ഇതേ ഓഡിറ്റോറിയത്തിൽ അമ്മയ്‌ക്കൊപ്പം പ്രീഡിഗ്രി കോമേഴ്‌സ് ഗ്രൂപ്പിലെ ഇൻറർവ്യൂവിനു ചെന്നപ്പോൾ വീണ്ടും ഈ ചിത്രം കണ്ടു, അച്ചന്റെ ഡ്രസ്സിങ് സെൻസ് അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു, ഷർട്ട് ഇൻ ചെയ്തതിനു പോലും പ്രത്യേക ചേലായിരുന്നു. പിന്നീടുള്ള അഞ്ചു വർഷക്കാലത്തെ കോളേജ് പഠന കാലത്തു പല ചടങ്ങുകൾക്ക് അവിടെ എത്തിയ അച്ചനെ ദൂരത്തെ നിന്നും കാണുന്നതിനും കേൾക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിട്ടുണ്ട്.

rev-prof-k-c-mathew-file-image
മാവേലിക്കര ബിഷപ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ റവ. പ്രഫ. കെ. സി മാത്യു (ഫയൽ ചിത്രം)

അച്ചടക്കത്തിന്റെ മൂത്താശാനായ അച്ചനെക്കുറിച്ച് ഞാൻ കൂടുതൽ  കേൾക്കുന്നത് ബന്ധുവും കോളേജ് യൂണിയൻ മുൻ ചെയർമാനുമായ പോൾ ജോർജ് പൂവത്തേരിലിൽ നിന്നുമാണ്. കോളേജ് രജത ജൂബിലി വർഷത്തിൽ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് ലഭിച്ച സ്മരണിക എനിക്ക് സമ്മാനമായി നൽകി. അതിൽനിന്നും ലഭിച്ചത് കോളേജിനെക്കുറിച്ചും മാവേലിക്കരയെക്കുറിച്ചുമുള്ള അപൂർവ വിവരങ്ങൾ. 

വർഷം 1964. കേരള സർവകലാശാലയ്ക്ക് കീഴിൽ അനേകം ജൂനിയർ കോളേജുകൾ ആരംഭിച്ചത്  ഈ വർഷമാണ്. മാവേലിക്കരയിൽ സിഎസ്ഐ മാനേജ്മെന്റിന് സർക്കാർ  കോളജ് അനുവദിച്ചു. കോട്ടയം സിഎംഎസ് കോളജിൽ ഫിസിക്സ് അധ്യാപകനായ അച്ചനെ അന്നത്തെ സഭാ ബിഷപ് റവ. എം.എം. ജോൺ മാവേലിക്കര കോളേജിന്റെ ചുമതല ഏൽപിക്കുകയായിരുന്നു കൂടാതെ അദ്ദേഹം പ്രിൻസിപ്പൽ ആകണമെന്ന സഭയുടെ ആഗ്രഹവും അറിയിച്ചു.

alumni-mavelikara-bishop-moore-college-founder-principal-rev-prof-k-c-mathew-memoir-by-rojin-pynummood

കോളജിന് വേണ്ടി സഭ വാങ്ങിയ സ്ഥലം കാണാൻ കോട്ടയത്തുനിന്നും അച്ചൻ എത്തി. പിന്നീട്  സംഭവിച്ചത് ചരിത്രം. കപ്പക്കൃഷി ചെയ്തിരുന്ന പറമ്പ് മാവേലിക്കരയ്ക്ക് സമീപം കല്ലുമലയിൽ സിഎസ്ഐ മാനേജ്മന്റ് വാങ്ങി. വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കൃഷ്‍ണമൂർത്തി എന്ന കഥാപാത്രത്തിന്റെ റോളിനു സമാനമായിരുന്നു അന്ന് അച്ചനു ചെയ്തു തീർക്കാനുണ്ടായിരുന്ന കാര്യങ്ങൾ. പറമ്പിൽ ഉണ്ടായിരുന്ന ഏഴു വീടുകളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ചുമതല അദ്ദേഹം ഭംഗിയായി നിർവഹിച്ചു. 1964 ഏപ്രിൽ 23ന് കോളജിന് തറക്കല്ലിട്ടു. അന്ന് കോളജിന്റെ ഓഫിസ് പ്രവർത്തിച്ചത് ഇന്നത്തെ ഐ.ഇ.എം ബൈബിൾ കോളജിന്റെ ഓഫിസിലായിരുന്നു അച്ചനും ചില അധ്യാപകരും താമസിച്ചിരുന്നത്.

പനമ്പുകൾ കൊണ്ടു മറച്ച മൂന്ന് ഓലഷെഡിൽ പ്രീഡിഗ്രി ഒന്നാം വർഷ ബാച്ചിൽ മൂന്ന് ഗ്രൂപ്പുകളിലായി 480 വിദ്യാർഥികൾ. ഇവരെ പഠിപ്പിക്കാൻ 18 അധ്യാപകർ. അങ്ങനെ ജൂലൈ മാസം കോളജിലെ  അധ്യയനം ആരംഭിച്ചു. ‘സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും’ എന്ന വേദവാക്യമാണ് കോളേജിന്റെ ആപ്ത വാക്യം. ഇത് സംഭാവന  ചെയ്തതും അച്ചനാണ്. അക്കാലത്ത് ഷിഫ്റ്റ് സമ്പദായത്തിലാണ് ക്ലാസുകൾ നടന്നിരുന്നത്. അച്ചന്റെ പ്രത്യേക താൽപര്യപ്രകാരം പണ്ടൊക്കെ രാവിലെ അധ്യാപകർ ഒരുമിച്ചു പ്രാർഥിച്ച ശേഷമാണ് ക്ലാസുകളിലേക്കു പോയിരുന്നത്. അന്ന് വേദപഠന ക്ലാസുകളും മോറൽ ക്ലാസുകളും നടന്നിരുന്നു. ഇതൊക്കെ അന്നത്തെ വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തെ നന്നായി സ്വാധീനിച്ചിരുന്നുവെന്ന് നിസ്സംശയം പറയാം.

പേരുകൾ വിളിച്ചുതന്നെ ഹാജർ എടുക്കണമെന്നുള്ള അച്ചന്റെ നിർബന്ധം മൂലം ഓരോ ക്ലാസിലെയും വിദ്യാർഥികളെയാകെ പേരുസഹിതം തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളെ വ്യക്തികളായി കണ്ടു അവരുടെ വളർച്ചയിൽ വഴികാട്ടി ആയി മാറാൻ കഴിയുന്നത് എന്തുകൊണ്ടെന്ന് അധ്യാപകർക്ക് വ്യക്തമായത് അച്ചന്റെ ഈ നിർബന്ധം കാരണമാണെന്നും ആദ്യബാച്ചിലെ അധ്യാപകനായ പ്രൊഫ. വി.സി. ജോൺ ഓർക്കുന്നു. പണത്തിന്  ഞെരുക്കം അനുഭവിച്ചിരുന്ന കാലത്തും അച്ചൻ ഒരു കാര്യത്തിൽ നിർബന്ധം പിടിച്ചിരുന്നു. കടമെടുത്തായാലും അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം നൽകുന്ന കാര്യം. 

career-mavelikara-bishop-moore-college-founder-principal-rev-prof-k-c-mathew-memoir-by-rojin-pynummood

കെട്ടിട നിർമാണത്തിനും ലബോറട്ടറി സൗകര്യങ്ങൾ വർധിപ്പിക്കാനുമൊക്കെ പണം കൂടിയേ തീരു. മൂന്ന് നെടുനീളൻ ഓല ഷെഡുകളിൽ ഒതുങ്ങരുതെല്ലോ ഒരു ഉന്നതവിദ്യാഭാസ സ്ഥാപനം. മറ്റുമാർഗങ്ങളോടൊപ്പം ഒരു നൂതന പരിപാടിക്ക് അച്ചൻ നേതൃത്വം നൽകി. സായാഹ്നങ്ങളിൽ മാവേലിക്കരയിൽനിന്നും പരിസരങ്ങളിൽനിന്നും സംഭാവന പിരിക്കുക. ഒരു പറ്റം അധ്യാപകർ കൂട്ടിനുണ്ടാകും ആരും നിർബന്ധിച്ചിട്ടല്ല. അച്ചന് മാത്രമേ അന്ന് സ്വന്തമായി സൈക്കിൾ ഉണ്ടായിരുന്നുള്ളൂ. അധ്യാപകർ ‘കൂലി’ സൈക്കിളിൽ നേതാവിനൊപ്പം. കർശന പിരിവൊന്നുമില്ല സ്നേഹത്തോടെ നൽകുന്ന തുക അത് അഞ്ചു രൂപയായാലും 500 രൂപയായാലും ആദരവോടെ കൈപറ്റിയകാലം പ്രഫ. വി. സി ജോൺ ഓർക്കുന്നു.

മുകളിൽ പറഞ്ഞത് പോലെ അച്ചടക്കത്തിന്റെ കാര്യത്തിൽ അച്ചൻ വളരെ  കർക്കശക്കാരനായിരുന്നു. അച്ചന്റെ കാൽപ്പെരുമാറ്റം ക്ലാസ് വരാന്തയിൽ കേട്ടാൽ കുട്ടികൾ നിശബ്ദരാകുമായിരുന്നു. ബഹുമാനം കലർന്ന ഭയത്തോടെ എല്ലാവരും ഓടിയൊളിച്ചിരുന്നു അന്ന്. പ്രീഡിഗ്രി കാലത്തു കുട്ടികൾ അച്ചടക്കത്തോടെ പഠിക്കേണ്ട കാലമെന്നാണ് അച്ചന്റെ  പക്ഷം. ക്യാംപസിൽ കയറിയാൽ ആൺകുട്ടികൾ മുണ്ട് മടക്കിക്കുത്തരുത്, ഷർട്ടിന്റെ  രണ്ടാമത്തെ ബട്ടൺ ഇല്ലാതെ നടക്കരുത് എന്നിവയെല്ലാം നിഷ്കർഷകളിൽ ചിലത് മാത്രം. ആഴ്ചയിൽ ഒരു ദിവസം വെള്ള നിറത്തിൽ ഉള്ള യൂണിഫോമും നിർബന്ധമായിരുന്നു. കോളേജിന്റെ ആരംഭകാലത്തു ആൺകുട്ടികൾ മിക്കവാറും നിക്കറും ഉടുപ്പുമായിരുന്നു ധരിച്ചായിരുന്നു വന്നിരുന്നത് എന്ന് ശ്രദ്ധിക്കുമല്ലോ.

പ്രീഡിഗ്രിക്കു ചേർന്ന ദിവസം പുതിയ ബാച്ചിലെ 540 വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു അച്ചൻ നടത്തിയ പ്രസംഗം പ്രമുഖ കഥാകൃത്തും പൂർവവിദ്യാർത്ഥിയുമായ കെ. കെ സുധാകരൻ ഓർക്കുന്നു, നിങ്ങൾ വെറും കോളജ് വിദ്യാർത്ഥികളല്ല, മറിച്ച് സർവകലാശാലാ വിദ്യാർഥികളാണ് എന്ന ആദ്യത്തെ പ്രസ്താവനയോടെതന്നെ അദ്ദേഹം കുട്ടികളെ കയ്യിലെടുത്തു, ആ പുതിയ സ്ഥാനലബ്ധിയിൽ ഏതു കുട്ടികളാണ് ഹർഷപുളകിതരാകാത്തത്. 

പ്രീഡിഗ്രി പെൺകുട്ടികളുടെ ഇഷ്ടവേഷമായിരുന്നു അക്കാലത്തു ഇറക്കമുള്ള ബ്ലൗസും ഹാഫ് സ്കർട്ടും പാതിമനസോടെ അച്ചൻ  അത് അനുവദിച്ചുകൊടുത്തിരുന്നു. ഡിഗ്രിക്ക് ചേർന്നു കഴിഞ്ഞാൽ സാരി നിർബന്ധമായിരുന്നു. ഫുൾ സാരി വേണമെന്നില്ല ഹാഫ് സാരിയായാലും മതി. എന്നാൽ അച്ചന്റെ വക ചില നിയന്ത്രണങ്ങൾ പിന്നീട് വന്നു. ആൺകുട്ടികൾ എത്ര ചെറിയവരായാലും നിക്കർ ധരിച്ചുകൊണ്ട് കോളജിൽ വരാൻ പാടില്ല. ഒന്നുകിൽ മുണ്ട് അല്ലെങ്കിൽ പാന്റ്സ് നിർബന്ധം. ഫുൾ  ഷർട്ടിന്റെ സ്ലീവുകൾ ചുരുക്കി കയറ്റിവയ്ക്കാൻ  പാടില്ല. പെൺകുട്ടികൾക്കുമുണ്ട് നിബന്ധനകൾ. മിനിസ്‌കർട്ട് ധരിച്ചുകൊണ്ട് കോളേജിൽ വരാൻ പാടില്ല. ഒന്നുകിൽ ഫുൾസ്‌കർട്ട് അല്ലെങ്കിൽ ഹാഫ് സാരി. അന്ന് ചുരിദാർ ഇത്ര സർവസാധാരണമായിട്ടില്ല, സൽവാർ കമ്മീസ് ഹിന്ദി സിനിമകളിൽ മാത്രമേ കണ്ടിരുന്നുള്ളൂ – സുധാകരൻ ഓർക്കുന്നു.

കല്ലുമല എന്ന പ്രദേശം ശരിക്കും കല്ലുകൾ നിറഞ്ഞ ഒരു മല തന്നെയായിരുന്നുവെന്നാണ് കോളജിലെ മുൻ ഇംഗ്ലിഷ് വിഭാഗം മേധാവി അന്തരിച്ച പ്രൊഫ. അനന്തശിവ അയ്യർ എന്ന അയ്യർ സാർ പറഞ്ഞിരുന്നത്. കല്ലുമല പ്രദേശത്തിന് ഒരു മാറ്റം ഉണ്ടാകുന്നതിനു മുഖ്യ പങ്കുവഹിച്ച വ്യക്തികളിൽ പ്രധാനി അച്ചനായിരുന്നവെന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. പ്രീഡിഗ്രി കാലത്തു അദ്ദേഹത്തിന്റെ വീട്ടിൽ പ്രഭാതത്തിൽ പങ്കെടുത്ത ഇംഗ്ലിഷ് പഠന കാലത്തു അനേകം പുതിയ വാക്കുകൾ പഠിച്ചിരുന്ന , അങ്ങനെ പഠിച്ച ഒരു വാക്കാണ് ‘ക്ലർജി’ എന്നുള്ളത്. ക്ലർജിയും ക്ലർജി കോളറും ഒക്കെ അദ്ദേഹം പഠിപ്പിച്ചപ്പോൾ ഉദാഹരണമായി പറഞ്ഞത് അച്ചന്റെ  കാര്യവും.

കോളജിന്റെ പൂർവ വിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു 2010ൽ ദുബായിൽ നടത്തിയ ‘ഛായങ്ങൾ: ചിതറിയ ഓർമകളുടെ പത്തുവർഷങ്ങൾ’ എന്ന പരിപാടിയുടെ  ഉദ്‌ഘാടകനായി എത്തിയത് പ്രിയപ്പെട്ട മാത്യു അച്ചനായിരുന്നു. അന്ന് അച്ചൻ ഞങ്ങളോടൊപ്പം പങ്കിട്ട നിമിഷങ്ങൾ സന്തോഷത്തോടെ ഓർക്കുന്നു. പണ്ടത്തെ തീപ്പൊരി നേതാക്കളൊക്കെ കുഞ്ഞാടുകളെപ്പോലെ അച്ചന്റെ അടുക്കൽ നിന്നപ്പോൾ അച്ചന്റെ പുഞ്ചിരിയോടെയുള്ള തമാശകൾക്കൊപ്പം ഊറിച്ചിരിക്കാൻ കോളജിന്റെ  മുൻ വൈസ് പ്രിൻസിപ്പലായ വി.സി.ജോൺ സാറുമുണ്ടായിരുന്നു. 

മുൻ വൈസ് പ്രിൻസിപ്പൽ ആയിരുന്ന അന്തരിച്ച പ്രഫ. രാജൻ വർഗീസിന്റെ സ്മരണാർഥം നൽകുന്ന ചെറുകഥാ പുരസ്‌കാരം ആ വർഷം നേടിയത് പൊന്നാനിക്കാരനായ ചെറുകഥാകൃത്തും സുഹൃത്തുമായ ഷാജി ഹനീഫിനാണ് ‘ആഹിർഭൈരവ്’ എന്നായിരുന്നു ആ കഥയുടെ പേര്. അന്ന് അച്ചൻ നടത്തിയ പ്രസംഗം ഇടയ്ക്കു ഷാജി എന്നെ ഓർമിപ്പിക്കും. ഹിന്ദുസ്ഥാനി സംഗീതത്തിലെ ആഹിർഭൈരവ് രാഗത്തെ കുറിച്ച് അച്ചൻ  പറഞ്ഞ ചില കാര്യങ്ങളും. ഒരു പക്ഷേ  എംഎസ്‌സിക്ക്  ബിറ്റ്‌സ് പിലാനിയിൽ പഠിച്ച കാലത്തെ ഓർമകൾ കാരണമാകാം അച്ചൻ അന്ന് ആ രാഗമൊക്കെ പറഞ്ഞതെന്ന് കരുതുന്നു.

mavelikara-bishop-moore-college-founder-principal-rev-prof-k-c-mathew-memoir-by-rojin-pynummood
റോജിൻ പൈനുംമൂടും മാവേലിക്കര ബിഷപ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ റവ. പ്രഫ. കെ. സി മാത്യുവും (ഫയൽ ചിത്രം)

തൊട്ടടുത്ത വർഷം നാട്ടിൽ അവധിക്കെത്തിയപ്പോഴാണ് പത്രത്തിൽ ഒരു വാർത്ത കണ്ടത്, കോളേജിലെ വിരമിച്ച അധ്യാപകരുടെ ഒരു സമ്മേളനം നടക്കുന്നുവെന്ന്. ഞാനും പോൾ ജോർജും കൂടെ നേരെ കോളേജിലേക്ക്. അവിടെ മുഖ്യാഥിതിയായി അച്ചനുണ്ടായിരുന്നു. അന്ന് പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം കുറെ നല്ല നിമിഷങ്ങൾ പൂർവ വിദ്യാർഥിയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ ബാബൂസ് പനച്ചമൂട് എടുത്ത ചില ചിത്രങ്ങൾ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. പൂർവവിദ്യാർഥി സംഘടനയുടെ അമരക്കാരൻ കെ.ജി. മുകുന്ദനും ഞങ്ങൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്‍ക്ക് കൂടി. അതായിരുന്നു അച്ചനുമായുള്ള എന്റെ  അവസാന കൂടിക്കാഴ്ച.

പ്രിയ അച്ചന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ

(ലേഖകൻ മാവേലിക്കര ബിഷപ് മൂർ കോളേജ് പൂർവ വിദ്യാർഥിയും ബിഷപ് മൂർ കോളേജ് അലമ്‌നൈ യുഎഇ ചാപ്റ്ററിന്റെ ജനറൽ സെക്രട്ടറിയുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com