ADVERTISEMENT

സാധാരണ ക്ലാസിൽനിന്ന് ഓൺലൈൻ ക്ലാസിലേക്കും പതിവു കച്ചവട രീതികളിൽനിന്ന് ഇ– കൊമേഴ്സിലേക്കുമുള്ള മാറ്റത്തേക്കാൾ സങ്കീർണവും ദൂരവ്യാപകവുമാണ് സാധാരണ കറൻസിയിൽനിന്ന് ക്രിപ്റ്റോകറൻസിയിലേക്കുള്ള (ഡിജിറ്റൽ നാണയം) മാറ്റം. സതോഷി നകാമോട്ടോ എന്ന അജ്‍ഞാത വ്യക്തി (അതോ വ്യക്തികളോ?) 2009ൽ അവതരിപ്പിച്ച ബിറ്റ്കോയിനാണ് ആദ്യ ക്രിപ്റ്റോകറൻസി. ഇന്ന് മൈക്രോസോഫ്റ്റ്, ബിഎംഡബ്ല്യു, ജെപിമോർഗൻ, കോക്കകോള തുടങ്ങിയ കമ്പനികളുമായി ബിറ്റ്കോയിനിൽ ഇടപാടു നടത്താം. മധ്യ അമേരിക്കൻ രാജ്യം എൽ സാൽവദോർ അതിനെ ഔദ്യോഗിക കറൻസിയാക്കി.

 

illustration-cryptocurrency-career-guru

മൂല്യത്തിൽ വൻതോതിലുള്ള ഏറ്റക്കുറച്ചിലാണ് ക്രിപ്‌റ്റോകറൻസികളെക്കുറിച്ചുള്ള പ്രധാന പരാതി. എന്നാൽ മൂല്യത്തിൽ സ്ഥിരതയുള്ള (സ്‌റ്റേബിൾകോയിൻ) ‘ഡീയം’ (Diem) എന്ന സ്വന്തം ക്രിപ്റ്റോകറൻസിയുമായി ഫെയ്സ്ബുക് രംഗത്തെത്തുകയാണ്. പ്രത്യക്ഷമായും പരോക്ഷമായും ഒരു കോടിയിലേറെ തൊഴിലവസരങ്ങളും ഫെയ്‌സ്ബുക് ഉറപ്പുനൽകുന്നു. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളും സ്വന്തം ക്രിപ്റ്റോകറൻസികളുടെ പണിപ്പുരയിലാണ്. എന്തൊക്കെയാണു ക്രിപ്റ്റോകറൻസി തരുന്ന തൊഴിലവസരങ്ങൾ ?

ബ്ലോക്ക്ചെയിൻ അറിഞ്ഞാൽ ജോലി

ക്രിപ്‌റ്റോ സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവർക്ക് 5 വർഷത്തിനിടെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് അപ്‌വർക്, ഇൻഡീഡ് തുടങ്ങിയ ഫ്രീലാൻസ്, തൊഴിൽ പ്ലാറ്റ്‌ഫോമുകൾ പറയുന്നു. 621 % ആണ് ഇക്കാലയളവിലെ തൊഴിൽവളർച്ച. ബ്ലോക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണ് ക്രിപ്റ്റോകറൻസികൾ. അതിനാൽ ബ്ലോക്ചെയിനിൽ പരിചയമുള്ളവരെയാണ് കമ്പനികൾ തേടുന്നത്. യുഎസ് സർവകലാശാലകളുടെ റിപ്പോർട്ട് പ്രകാരം ഭാവിയിൽ ക്രിപ്‌റ്റോ മേഖലയിലെ ഹോട്ട് ഫേവറിറ്റ് കോഴ്‌സുകൾ ഇവയാകും.

ബ്ലോക്ചെയിൻ എൻജിനീയർ, ഡവലപ്പർ: ബ്ലോക്‌ചെയിൻ അധിഷ്ഠിത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയാകും പ്രധാന ചുമതല. ക്രിപ്‌റ്റോകറൻസിയിൽ മാത്രമായിരിക്കില്ല ഇവരുടെ സാധ്യത. ആരോഗ്യം, വിദ്യാഭ്യാസം, സപ്ലൈചെയിൻ മാനേജ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിങ്, റിയൽ എസ്റ്റേറ്റ് തുടങ്ങി ബ്ലോക്ചെയിൻ പ്രയോജനപ്പെടുന്ന ഒട്ടേറെ മേഖലകളിൽ ഇവരെ ആവശ്യം വരും.

 

സപ്ലൈ കുറവും ഡിമാൻഡ് കൂടുതലുമുള്ള ജോബ് മാർക്കറ്റാണു ബ്ലോക്ചെയിനിനുള്ളത്. രാജ്യാന്തര പ്ലേസ്‌മെന്റുകൾക്കു വലിയ സാധ്യതയുണ്ട്. ഇന്റർനാഷനൽ വർക് ഫ്രം ഹോം സാധ്യതകളും കൂടുതലാണ്

dr-ashraf-s-crypto-currency-expert
ഡോ.എസ്. അഷറഫ്

ക്രിപ്‌റ്റോ ഫിനാൻഷ്യൽ അനലിസ്റ്റ്: ശരിയായ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപം നടത്താനുള്ള മാർഗനിർദേശങ്ങളാകും ഇവർ നൽകുക. ക്രിപ്റ്റോ മേഖലയിൽ സവിശേഷ വൈദഗ്ധ്യമുള്ള ഫിനാൻഷ്യൽ അനലിസ്റ്റുകളായിരിക്കും ഇവർ.

 

ക്രിപ്‌റ്റോഗ്രഫർ: സൈബർ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ ക്രിപ്‌റ്റോ അധിഷ്ഠിതമായ സാമ്പത്തിക സംവിധാനങ്ങൾക്കു സൈബർ സുരക്ഷ ഒരുക്കേണ്ടത് ഇവരുടെ ജോലിയായിരിക്കും.

ഡിമാൻഡ് കൂടുതൽ, സപ്ലൈ കുറവ്

ഇടപാടുകളിലെ സുരക്ഷിതത്വമാണ് ക്രിപ്റ്റോകറൻസിക്കു സ്വീകാര്യത കൂട്ടുന്നത്. ഫെയ്സ്ബുക് പോലെ വലിയ നെറ്റ്‌വർക്കിങ് സാധ്യതകളുള്ള കൂടുതൽ കോർപറേറ്റുകൾ ഈ രംഗത്തേക്കു കടന്നുവരാനാണു സാധ്യത. ഇത്തരം സ്വകാര്യ സംരംഭങ്ങൾക്കു വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ പിന്തുണ നൽകുന്ന സങ്കര സമ്പദ്‌വ്യവസ്ഥകൾ ഉയർന്നുവന്നേക്കാമെന്ന് കേരള സർക്കാർ പങ്കാളിത്തമുള്ള കേരള ബ്ലോക്ചെയിൻ അക്കാദമിയിലെ പ്രഫസർ ഇൻ ചാർജ് ഡോ. എസ്. അഷറഫ് പറയുന്നു. കേരള ബ്ലോക്‌ചെയിൻ അക്കാദമി ഇതിനകം ലോകമെമ്പാടും 60 രാജ്യങ്ങളിൽ 5000 ആളുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും ബ്ലോക്ചെയിൻ മേഖലയിൽ വലിയ അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. 

 

യോഗ്യതയേക്കാൾ പ്രധാനം പരിചയം

കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കാണ് ബ്ലോക്‌ചെയിൻ എൻജിനീയർ, ഡവലപ്പർ, ക്രിപ്‌റ്റോഗ്രഫർ തുടങ്ങിയ ജോബ്റോളുകളിൽ സാധ്യത. പ്രോഗ്രാമിങ് മികവും തുണയാകും. ഫിനാൻസ് പശ്ചാത്തലമുള്ള ബിരുദധാരികൾക്ക് ക്രിപ്‌റ്റോ ഫിനാൻഷ്യൽ അനലിസ്റ്റാകാം. ഇരുകൂട്ടർക്കും ക്രിപ്‌റ്റോമേഖലയിലെ വിവിധ സർട്ടിഫിക്കേഷനുകൾ സഹായകമാകും. ക്രിപ്റ്റോഗ്രഫർക്ക് പബ്ലിക് കീ ക്രിപ്റ്റോഗ്രഫി, എലിപ്റ്റിക് കർവ് സിഗ്നേച്ചർ തുടങ്ങിയ വിവിധ പ്രോട്ടോക്കോളുകളിൽ അറിവു വേണം.

നിലവിലെ സാഹചര്യത്തിൽ അക്കാദമിക് ഡിഗ്രികളേക്കാൾ വില, ആർജിച്ചെടുത്ത പ്രാവീണ്യത്തിനും തൊഴിൽപരിചയത്തിനുമാണ്. ഗിറ്റ്ഹബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നൽകിയ സംഭാവനകളും റെസ്യുമെയിൽ ഉൾപ്പെടുത്താം.

ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് പ്രഫഷനൽ, മെഷീൻ ലേണിങ് വിദഗ്ധർ, റിസർച് അനലിസ്റ്റ്, ടെക്നിക്കൽ റൈറ്റർ, വെബ് ഡവലപ്പർ തുടങ്ങി പരമ്പരാഗത ടെക് മേഖലയിലെ മിക്ക ജോബ്റോളുകൾക്കും ക്രിപ്റ്റോമേഖലയിലും അവസരമുണ്ടാകും. ഡേറ്റ സയന്റിസ്റ്റുകൾക്കും വലിയ സാധ്യതയുണ്ടായിരിക്കും.

Content Summary : What is Cryptocurrency? Career Options, Salary and Demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com