400 വോൾട്ടു കൈകാര്യം ചെയ്തയാളുടെ മുന്നിൽ 66000 വോൾട്ടിന്റെ ട്രാൻസ്ഫോമർ; ആദ്യ ജോലിയിലെ പാഠം പറഞ്ഞ് കേരളത്തിന്റെ പ്രിയ കരിയർ ഗുരു

HIGHLIGHTS
  • ഇന്റർവ്യൂവിനു ചെന്ന എല്ലായിടത്തും ഒരേ ചോദ്യം: 'ഇന്നു ചേരുന്നോ, അതോ നാളെ വരെ സമയം വേണോ?'!
  • പവർ ഹൗസിലെ ട്രാൻസ്ഫോമർ യാർഡും ഇരയ്ക്കുന്ന ജനറേറ്ററുമൊക്കെ കണ്ടപ്പോൾ ആകെ അങ്കലാപ്പായി
ente-adya-joli-column-b-s-warrier-s-first-job-experience
ബി.എസ്.വാരിയർ
SHARE

വർഷം 1954. അന്നു കേരളസംസ്ഥാനമില്ല, തിരുവിതാംകൂർ–കൊച്ചിയാണ്. കേരള സർവകലാശാലയില്ല, ട്രാവൻകൂർ യൂണിവേഴ്സിറ്റിയാണ്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ശാഖകളിലായി 100 കുട്ടികളെ വർഷംതോറും പ്രവേശിപ്പിക്കുന്ന ഒരേയൊരു എൻജിനീയറിങ് കോളജ് തിരുവനന്തപുരത്ത്. അവിടെ പ്രവേശനം കിട്ടുന്നതുതന്നെ വാർത്തയാണ്! ഇന്റർമീഡിയറ്റിന് (ഇന്നത്തെ പ്ലസ് ടു) പഠിച്ചിരുന്ന ഫസ്റ്റ് ഗ്രൂപ്പുകാരിൽ മിക്കവരുടെയും സ്വപ്നമാണ് എൻജിനീയറിങ് കോളജ് പ്രവേശനം. മാർക്കിന്റെ ബലത്തിൽ എനിക്കവിടെ പ്രവേശനം കിട്ടി. 1958 ൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയായി. 

വർഷത്തിൽ കേരളത്തിൽ പരമാവധി 25 ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരികൾ മാത്രം. അവർക്കന്നു വലിയ ഡിമാൻഡാണ്. പരീക്ഷ ജയിച്ച് രണ്ടാഴ്ച ബോംബെയിൽ പോയി താമസിച്ചു. അവിടെയുണ്ടായിരുന്ന ബന്ധു ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിലെ ‘സിറ്റുവേഷൻ വാണ്ടഡ്’ കോളത്തിൽ എനിക്കുവേണ്ടി പരസ്യം കൊടുത്തു. അവസരങ്ങൾ പലതും തുറന്നു. പക്ഷേ, മുംബൈ ജോലിയിൽ എനിക്കു താൽപര്യമില്ലായിരുന്നു. വെറുതേ രസത്തിനുവേണ്ടി മൂന്നിടത്ത് ഇന്റർവ്യൂവിനു ചെന്നു. എല്ലായിടത്തും ഒരേ ചോദ്യം: ‘ഇന്നു ചേരുന്നോ, അതോ നാളെ വരെ സമയം വേണോ?’! ജോലി കയ്യകലത്തായിരുന്നിട്ടും ഞാൻ നാട്ടിലേക്കു പോന്നു. അതിന് ഏതാനും മാസം മുൻപാണു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുണ്ടായത്. 

വൈകാതെ പിഎസ്‌സി വഴി ജൂനിയർ എൻജിനീയറായി കെഎസ്ഇബിയിലെ ആദ്യ ബാച്ചിൽ നിയമനം കിട്ടി. ആദ്യ നിയമനം പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ. പവർ ഹൗസിലെ ട്രാൻസ്ഫോമർ യാർഡും ഇരയ്ക്കുന്ന ജനറേറ്ററുമൊക്കെ കണ്ടപ്പോൾ ആകെ അങ്കലാപ്പായി. എജ്യുക്കേഷനൽ ടൂറിന്റെ ഭാഗമായി ചില പവർ ഹൗസുകൾ കണ്ടതും വലിയ യന്ത്രങ്ങളെക്കുറിച്ചു പുസ്തകത്തിൽ പഠിച്ചതും മാത്രമാണു കൈമുതൽ. എൻജിനീയറിങ് കോളജ് ലാബിൽ 400 വോൾട്ട് വരെ മാത്രം കൈകാര്യം ചെയ്തിട്ടുള്ള ഞാൻ 66,000 വോൾട്ടിന്റെ ട്രാൻസ്ഫോമറും സർക്കീട്ട് ബ്രേക്കറും ലൈനും മറ്റും കൈകാര്യം ചെയ്യണം. 11,000 വോൾട്ടിലുള്ള ജനറേറ്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കണം. 

career-guru-bs-warrier-ente-adhya-joli-thozhilveedhi
ബി.എസ്.വാരിയർ . വര: നാരായണൻ കൃഷ്ണ

നാലു മാസത്തെ പരിശീലനത്തിനു ശേഷമേ സ്വതന്ത്ര ഷിഫ്റ്റ് തരൂ. കാര്യങ്ങൾ വേഗം പഠിച്ചെടുത്തതുകൊണ്ടാകാം, എനിക്ക് ഒന്നര മാസത്തിനു ശേഷം ഇൻഡിപെൻഡന്റ് ഷിഫ്റ്റ് തന്നു. 8 മണിക്കൂർ ഷിഫ്റ്റിൽ പവർ ഹൗസിന്റെ എല്ലാ ചുമതലയും വഹിക്കണം. പണിതീർന്ന രണ്ടു പുത്തൻ ജനറേറ്ററും പണിഞ്ഞുവരുന്ന രണ്ടു ജനറേറ്ററും മാത്രമുണ്ടായിരുന്ന പെരിങ്ങൽക്കുത്തിൽനിന്ന് ആറു പഴയ ജനറേറ്ററുള്ള പള്ളിവാസലിലെത്തിയപ്പോൾ മുൻ പാഠങ്ങൾ സഹായകമായി. അവിടെ ഇലക്ട്രിക്കൽ വിഭാഗത്തിലും ഹൈഡ്രോളിക് വിഭാഗത്തിലും ചെറു തകരാറുകൾ വന്നുകൊണ്ടിരിക്കും. അവ ഉടനുടൻ പരിഹരിക്കണം. ഒരിക്കലും വൈദ്യുതോൽപാദനം നിലയ്ക്കാൻ അനുവദിച്ചുകൂടാ. 

പിൽക്കാലത്ത്, കൊച്ചി തുറമുഖത്തുള്ളതിന്റെ പത്തുമടങ്ങ് ബെർത്തുകളും പലമടങ്ങു ചരക്കുനീക്കവുമുള്ള ജിദ്ദ തുറമുഖത്തെ യുഎസ് കമ്പനിയിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ചീഫ് എൻജിനീയറെന്ന വലിയ ഉത്തരവാദിത്തം നിർവഹിക്കാൻ പിൻബലമായത് ആദ്യ ജോലിയിലെ പാഠങ്ങളായിരുന്നു. പത്തോളം രാജ്യങ്ങളിലുള്ളവരുടെ മേൽനോട്ടച്ചുമതലയുണ്ടായിരുന്നു ജിദ്ദയിൽ. വീണ്ടും നാട്ടിലെത്തി അധ്യാപകനും കോളജ് പ്രിൻസിപ്പലും സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറകടറുമെല്ലാമായി 27 വർഷം വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കാൻ ആത്മവിശ്വാസം പകർന്നതും ആദ്യ ജോലിയിലെ ബാലപാഠങ്ങൾതന്നെ. കഴിഞ്ഞ മുപ്പതിലേറെ വർഷമായി നിരന്തരം പത്രങ്ങളിലും മാസികകളിലും എഴുതുകയും പുസ്തകങ്ങൾ രചിക്കുകയും ചെയ്യുമ്പോഴും മനസ്സിനെ പഠിപ്പിച്ച ആദ്യപാഠങ്ങൾ ഒപ്പമുണ്ട്– ജിജ്ഞാസയും കൃത്യതയുമുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും കഠിനപ്രയത്നത്തോടുള്ള താൽപര്യവും സർവോപരി സമർപ്പണബുദ്ധിയും.   പ്രവൃത്തി ആഹ്ലാദകരമെന്നു കരുതിയാൽ എല്ലാം എളുപ്പമാകും. 84–ാം വയസ്സിലും എന്റെ അനുഭവം അതാണ്. 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

∙ഏതു ജോലിയിൽ ഏർപ്പെടുമ്പോഴും അതു സംബന്ധിച്ചതെല്ലാം കറതീർത്തു പഠിക്കുക, സംശയം തീരുംവരെ അന്വേഷണം തുടരുക. 

∙ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടരുത്. ഒരു ജോലിയെയും ഭയപ്പെടാതിരിക്കുക. നാലു പേർ ചെയ്യുന്നത് എനിക്കും ചെയ്യാൻ കഴിയും എന്നു ചിന്തിക്കുക. 

∙പരിചയസമ്പന്നരെ അംഗീകരിച്ച്, അവരുടെ വാക്കിനു വില നൽകുക. 

∙ഏറ്റെടുക്കുന്ന ജോലിയുടെ എല്ലാ വശങ്ങളും കൃത്യമായി പഠിക്കുക, പ്രയാസമുള്ള കാര്യങ്ങൾ ഏറ്റെടുക്കുക. 

∙എത്ര സാമർഥ്യം ൈകവരിച്ചാലും പൂർണമനസ്സോടെ കൃത്യങ്ങൾ നിർവഹിക്കുക. 

∙ഉന്നതസ്ഥാനത്തെത്തിയാൽ ജോലിയിലെ ചെറുകാര്യങ്ങൾ ചെയ്യുന്നതു മോശമെന്നു കരുതാതിരിക്കുക 

∙ആശയവിനിമയത്തിൽ നൈപുണി നേടുക. 

Content Summary : Ente Adya Joli Column - B.S. Warrier's first job experience

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA