തീരുമാനങ്ങൾ എപ്പോൾ, എങ്ങനെ? കാത്തിരുന്നു തീരുമാനിച്ചാൽ മികവ് കൂടുമോ?

HIGHLIGHTS
  • യുദ്ധത്തിലും മറ്റും തെറ്റായ ഒരൊറ്റ തീരുമാനം വിജയസാദ്ധ്യതയെ പരാജയമാക്കിയെന്നു വരാം
  • തീരുമാനം ശരിയായാൽ മാത്രം പോരാ, അതു വേഗം കൈക്കൊള്ളുകയും വേണം
motivational-column-by-b-s-warrier-the-importance-of-the-decision-making-process
Representative Image. Photo Credit : Fizkes
SHARE

ഒരു കഴുതക്കഥ. നമ്മുടെ സാങ്കൽപികക്കഴുതയ്ക്ക് വിശപ്പും ദാഹവും  തുല്യം. ഒരു വശത്ത് പുല്ലും മറുവശത്ത് പരന്ന വലിയ പാത്രത്തിൽ വെള്ളവും. രണ്ടിലേക്കും  ദുരം തുല്യം. കഴുതയെന്തു ചെയ്യും? ഏതിലേക്കു പോകണമെന്ന് തിരിച്ചും മറിച്ചും ആലോചിച്ച് തീരുമാനിക്കാനാവാതെ വിശപ്പും  ദാഹവും  ക്രമാധികമായി വർദ്ധിച്ച് കഴുത ചാകും. 

ഇതു വെറുംകഥയല്ല. പ്രശസ്ത ഫ്രഞ്ച് ദാർശനികൻ ഷാൻ ബുറിഡിയൻ (1301–1358) ആവിഷ്കരിച്ച സിദ്ധാന്തമാണ്. തീരുമാനമെടുക്കാനാവാത്ത മനുഷ്യനെ മുന്നിൽക്കണ്ടുള്ള ആക്ഷേപഹാസ്യമെന്നതാണ് സത്യം. ബുറിഡിയൻ കഴുതയെ വക്രസത്യം (പാരഡോക്സ്) എന്നും വിശേഷിപ്പിക്കാറുണ്ട്. കഥയിൽത്തന്നെ വൈരുദ്ധ്യമുണ്ട്.  രണ്ടു സാദ്ധ്യതകൾ ഒരിക്കലും തുല്യമാവില്ല.

ബുറിഡിയന് ഏറെ മുൻപ് യവനദാർശനികൻ അരിസ്റ്റോട്ടിൽ (ബിസി 384–322) ഈ ആശയം മറ്റൊരു രൂപത്തിൽ പറഞ്ഞിരുന്നു : ‘തിന്നാനും കുടിക്കാനുമുള്ള വസ്തുക്കളുടെയിടയിൽ തുല്യ  വിശപ്പും  ദാഹവും ഉള്ളയാളെ ഇരുത്തിയാൽ, അയാൾ അവിടെത്തന്നെയിരുന്ന് വിശന്നു മരിക്കും.’

വൻസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നവരുടെ വൈഭവം പലപ്പോഴും വിലയിരുത്തുന്നത് തീരുമാനമെടുക്കാനുള്ള കഴിവിനെ ആസ്പദമാക്കിയാണ്. ഫലപ്രദമായ മാനേജ്മെന്റിലെ നിർണായക ഘടകം. യുദ്ധത്തിലും മറ്റും തെറ്റായ ഒരൊറ്റ തീരുമാനം വിജയസാദ്ധ്യതയെ പരാജയമാക്കിയെന്നു വരാം. 

തീരുമാനം ശരിയായാൽ മാത്രം പോരാ, അതു വേഗം കൈക്കൊള്ളുകയും വേണം. കാത്തിരുന്നാൽ മെച്ചമായ തീരുമാനം ഉരുത്തിരിയുമെന്നു കരുതി, കാര്യങ്ങൾ വച്ചുതാമസിപ്പിക്കുന്ന അധികാരികളുണ്ട്.  സർക്കാരിലെ കാര്യക്ഷമത പൊതുവേ കുറയാനുള്ള ഒരു കാരണം നേരത്തും കാലത്തും തീരുമാനമെടുക്കാത്തതത്രേ. തീരുമാനത്തിന്റെ ഭവിഷ്യത്ത് മോശമായാൽ തനി‌ക്കു വ്യക്തിപരമായ നഷ്ടം വരുമോയെന്നു ഭയപ്പെട്ട് ഒന്നും തീരുമാനിക്കാത്തവരുമുണ്ട്.

വലിയ സ്ഥാപനങ്ങളിൽ  ഉന്നതലത്തിലുള്ളവർ കൂട്ടായിട്ടാവും പലതും തീരുമാനിക്കുക. പല വകുപ്പുകളിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താൻ ഈ രീതി വേണ്ടിവരും. തീരുമാനത്തിലേക്കുള്ള പടവുകളുടെ ഒരു ശൈലിയിങ്ങനെ :

പ്രശ്നവും തീരുമാനത്തിന്റെ ലക്ഷ്യവും കിറുകൃത്യമായി നിർവചിക്കുക. തുടർന്നുള്ള ഓരോ ഘട്ടത്തിലും നാം നീങ്ങുന്നത് ശരിയായ ലക്ഷ്യത്തിലേക്കു തന്നെയോ എന്ന് പരിശോധിക്കുക.

ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുക - സ്ഥാപനത്തിനുള്ളിലെയും പുറത്തെയും വിവരങ്ങൾ.

ഇവയുപോഗിച്ചു ചിന്തിക്കുമ്പോൾ പല വഴികളും തെളിഞ്ഞുവരും. ഇവയെല്ലാം കൃത്യമായി എഴുതിത്തയാറാക്കി, ഒറ്റയ്ക്കോ കൂട്ടായോ താരതമ്യം ചെയ്ത് ഓരോന്നും എത്തിച്ചേർക്കുന്ന സാഹചര്യം ഊഹിച്ചെടുക്കുക. ചർച്ചകളുണ്ടെങ്കിൽ പുതിയ ആശയങ്ങൾ രൂപപ്പെട്ടേക്കാം. അവയും പരിഗണിച്ച് ഏറ്റവും മെച്ചമായ മാർഗം തീരുമാനിക്കുക. ചിലപ്പോൾ രണ്ടു മാർഗങ്ങളിലെ  അംശങ്ങൾ കൂട്ടിയോജിപ്പിച്ച് തീരുമാനം ഉണ്ടാകാം

തീരുമാനം കഴിവതുംവേഗം നടപ്പാക്കുക

നടപ്പാക്കുന്നതിന്റെ ഫലങ്ങൾ ഗുണകരമാണോ എന്നുവിലയിരുത്തി, തീരുമാനം 

പരിഷ്കരിക്കേണ്ടതുണ്ടെങ്കിൽ, ആദ്യത്തെ പടവുകൾ വീണ്ടും ചവിട്ടി, അതും നിർവഹിക്കുക

തുടക്കത്തിൽ പ്രശ്നവും ലക്ഷ്യവും  നിർവചിക്കുന്നത് പാളിയാൽ എല്ലാം പാളും. ഏതെങ്കിലും ഒരു വഴി നല്ലതെന്നു തോന്നുമ്പോൾത്തന്നെ അത് കണ്ണടച്ചു സ്വീകരിക്കുകയും  മറ്റു സാദ്ധ്യതകൾ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു വീഴ്ച. വേ‌ണ്ട സമയത്തു കാര്യങ്ങൾ ചെയ്യാതിരിക്കുക, ഫലത്തെപ്പറ്റി വെറുതേ ആശങ്കപ്പെടുക എന്നിവ തീരുമാനം വൈകിക്കും. ഭരണാധികാരികൾ മാത്രമല്ല, നിത്യജീവിതത്തിൽ  സാധാരണക്കാരും പല പ്രധാന തീരുമാനങ്ങളെടുക്കേണ്ടിവരും. മേൽസൂചിപ്പിച്ച പടവുകൾക്ക് ഇത്തരം തീരുമാനങ്ങളിലുമുണ്ട് പ്രസക്തി. നാം സ്വീകരിക്കുന്ന നിർണായകതീരുമാനം ജീവിതത്തെ മാറ്റി മറിച്ചെന്നു വരാം. തീരുമാനങ്ങളെ കണ്ണടച്ചു വിമർശിക്കുന്ന പലരും തീരുമാനമെടുക്കാനേ കഴിവില്ലാത്തരാവാം. ചെറിയ നല്ല തീരുമാനങ്ങൾ ചേർന്ന് വിജയത്തിലേക്കുള്ള പാത ഒരുക്കാറുണ്ട്. ചില തീരുമാനങ്ങളെടുത്തു കഴിഞ്ഞാൽ തിരികെപ്പോകാനാവില്ല. അവ ഏറെ  സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

തീരുമാനങ്ങളും  കുടംബകലഹവും

കുടംബകലഹത്തിന്റെ കണിക പോലുമില്ലാത്ത മധ്യവയസ്കരായ ദമ്പതിമാരോട് അതിന്റെ രഹസ്യം ചോദിച്ചു. 

ഭർത്താവ് : ‘ചെറിയ തീരുമാനങ്ങളെല്ലാം ഭാര്യയെടുക്കും. വലിയവ ഞാനും.’

പത്രക്കാരൻ: ‘എന്നു വച്ചാൽ?’

ഭർത്താവ് : ‘അത്താഴത്തിന് എന്ത് ആഹാരം വേണം, കുട്ടികൾക്ക് ഏതു തരം വസ്ത്രം വാങ്ങണം, ഏതു സ്കൂളിലും കോളജിലും അവരെ ചേർക്കണം, അവർ എന്തു പഠിക്കണം, മകൾ ഏതു ജോലിക്കു പോകണം, അവളുടെ കല്യാണക്കാര്യത്തിൽ ഏതു പയ്യനെ സ്വീകരിക്കണം തുടങ്ങിയവ.’

പത്രക്കാരൻ: ‘പിന്നെ ഏതാണ് വലിയ തീരുമാനം?’

ഭർത്താവ് : ‘ഉത്തര കൊറിയ അണുബോംബ്  നിർമ്മിക്കണോ, യുഎസ്സും ചൈനയും വ്യപാരക്കരാർ ഒപ്പു വയ്ക്കണോ മുതലായവ.’

നമ്മൾ പല സാദ്ധ്യതകളിൽ നിന്ന് ഏറ്റവും മെച്ചമായതു തിരഞ്ഞെടുക്കേണ്ടതിനെക്കുറിച്ചു പറഞ്ഞു. പക്ഷേ കാര്യങ്ങൾ ചിലപ്പോൾ ഷേക്സ്പിയർ എഴുതിയതുപോലെയാകാം. ‘ചീഞ്ഞ ആപ്പിളുകളിൽ നിന്ന് ഏതെങ്കിലുമൊന്ന്  എടുക്കേണ്ടിവരും’ (ദ് ടേമിങ്  ഓഫ് ദ് ഷ്രൂ – 1:1). ഏതെടുത്താലും സംഗതി തീരെ മോശം. പക്ഷേ  ഒഴിവാക്കാനാവാത്ത മോശം സാഹചര്യത്തെ  നല്ലതാക്കി മാറ്റാനും കഴിയണം.

‘നല്ല തീരുമാനങ്ങൾ വരുന്നത് പ്രവൃത്തിപരിചയത്തിൽ നിന്ന്. പ്രവൃത്തിപരിചയം വരുന്നത് തെറ്റായ തീരുമാനങ്ങളെടുത്തതിൽ നിന്ന്’ എന്ന് ഏതിലും നർമ്മം കണ്ടെത്തുന്ന മാർക് ട്വെയിൻ. മാനേജ്മെന്റ് വിദഗ്ധനായ പീറ്റർ ഡക്കർ:  ‘എവിടെയെങ്കിലും വിജയിച്ച ബിസിനസ് കണ്ടാൽ,  ഏതോ ഒരാൾ ഒരിക്കൽ ധീരമായ തീരുമാനമെടുത്തെന്നു തീർച്ച.’

ഫലം മോശമാകുമോ, ആരെങ്കിലും വിമർശിക്കുമോ  എന്ന മട്ടിൽ  പേടിച്ചാൽ തീരുമാനമെടുക്കാൻ കഴിയില്ല. മോശമായ തീരുമാനംപോലും ഒന്നും തീരുമാനിക്കാതിരിക്കുന്നതിനെക്കാൾ മെച്ചമാണ്. ‘ഒന്നും തീരുമാനിക്കാതിരിക്കുന്നതും തീരുമാനമാണ്’ എന്നു ബോധപൂർവം പറഞ്ഞ്, ചിലപ്പോൾ അങ്ങനെ പ്രവർത്തിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മാതൃക സാധാരണക്കാർക്കു സ്വീകരിക്കാനാവില്ല. കൈവന്ന അവസരത്തെ ആ സമീപനം നഷ്ടപ്പെടുത്തിയേക്കാം. ‘ഇന്നലത്തെ ഓർമ്മകളും ഇന്നത്തെ യാഥാർത്ഥ്യങ്ങളും നാളത്തെ പ്രതീക്ഷകളും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയാണ് ഫലപ്രദമായ തീരുമാനം.’

തെറ്റിപ്പോയ തീരുമാനത്തെ ഫലം മോശമായതിന്റെ പേരിൽ കണ്ണടച്ചു പഴിക്കുന്നതു ശരിയാവണമെന്നില്ല. ഏതു സാഹചര്യത്തിലാണ് ആ തീരുമാനമെടുത്തതെന്നും പരിഗണിച്ചിട്ടേ അതു കുറ്റമായിരുന്നോയെന്നു വിധിക്കാൻ സാധിക്കു. മനുഷ്യജീവിതം തന്നെ തീരുമാനങ്ങളുടെ  ആകെത്തുകയാകയാൽ ഓരോ തീരുമാനവും കഴിയുന്നിടത്തോളം ശ്രദ്ധയോടെയാവട്ടെ.

Content Summary: Motivational Column by B.S.Warrier - The importance of the decision making process

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA