ADVERTISEMENT

ക്ലാസ് ഓൺലൈനാണെങ്കിലും ഓഫ്‍ലൈനാണെങ്കിലും ഡിഗ്രി പ്രവേശനത്തിന്റെ ഹോട്‌ലിസ്റ്റിലുണ്ട് ഡൽഹി സർവകലാശാല. കട്ട് ഓഫ് 100 ആണെങ്കിലും ഡൽഹിയിലെ കോളജുകളിൽ പഠിക്കാനാണു പല വിദ്യാർഥികൾക്കും മോഹം. 91 കോളജുകളിലായി ഏകദേശം 70,000 ബിരുദ സീറ്റുകൾ. 95 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചാൽ പോലും മികച്ച കോളജുകളിൽ, മികച്ച കോഴ്സുകൾക്കു പ്രവേശനം ലഭിക്കുക പ്രയാസം. എന്താണ് ഡിയുവിനെ ആകർഷകമാക്കുന്നത് ?

 

പഠനം: ഭൂരിഭാഗവും ഓണേഴ്സ് കോഴ്സുകൾ. വിഷയം ആഴത്തിൽ പഠിക്കാം. നിരന്തരം പുതുക്കുന്ന സിലബസ്. വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കാനും സിവിൽ സർവീസ് തയാറെടുപ്പിനുമെല്ലാം ആഴത്തിലുള്ള ഈ പഠനം സഹായിക്കും.

career-guru-delhi-university-courses-illustration-admissiion

അധ്യാപകർ വിദേശത്തുൾപ്പെടെ ഗവേഷണ പരിചയമുള്ളവർ. ക്ലാസുകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സമ്മാനിക്കുന്ന സാംസ്കാരിക വൈവിധ്യം.

 

പരീക്ഷ: വിദേശ സർവകലാശാലകൾ പിന്തുടരുന്ന രീതിയിലാണ് പരീക്ഷ. വിശദമായി ഉത്തരമെഴുതാനുള്ള മൂന്നോ നാലോ ചോദ്യങ്ങൾ. പുസ്തകങ്ങളിൽനിന്നു നേരിട്ടുള്ള ഉത്തരങ്ങളല്ല, വിശകലനാത്മകമായ ഉത്തരങ്ങളാണു വേണ്ടത്. ഇക്കാരണത്താൽ തന്നെ ലോക്ഡൗൺ സമയത്ത് ഓപ്പൺ ബുക് പരീക്ഷ ഉൾപ്പെടെയുള്ള രീതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു.

career-guru-anuvindha-gireesh

 

ഇന്റേൺഷിപ്: മികച്ച ഇന്റേൺഷിപ് സൗകര്യങ്ങൾ. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും രാജ്യാന്തര എൻജിഒകളിലും അവസരം ലഭിക്കും. കോവിഡ് സമയത്ത് ഇന്റേൺഷിപ്പുകളും ഓൺലൈനിലായി.

 

മറ്റു മെച്ചങ്ങൾ: പാഠ്യേതര പ്രവർത്തനങ്ങളാണ് മറ്റൊരു ആകർഷണം. വിവിധ കോളജുകളിലെ കൾചറൽ ഫെസ്റ്റുകൾ രാജ്യത്തെ തന്നെ ഏറ്റവും മികച്ചവയാണ്. ജെഎൻയു, ഡൽഹി ഐഐടി, ജാമിയ മില്ലിയ, അംബേദ്കർ യൂണിവേഴ്സിറ്റി, എയിംസ് തുടങ്ങിയ ഉന്നതപഠനകേന്ദ്രങ്ങൾ ചുറ്റിനും. ഡൽഹി എന്ന നഗരം നൽകുന്ന ആകർഷണം മറ്റൊന്ന്.

 

കോഴിക്കോട്ട് ഹ്യുമാനിറ്റീസിലായിരുന്നു പ്ലസ് ടു. അന്നത്തെ അധ്യാപികയാണു ഡൽഹി സർവകലാശാലയിൽ തുടർന്നുപഠിക്കാൻ പറഞ്ഞത്. വായു മലിനീകരണം, കോവിഡ്, ദൂരം തുടങ്ങിയ പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അച്ഛൻ പിന്തുണച്ചു. ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോളജുകളിലൊന്നിൽ പഠിക്കുന്നതിന്റെ സന്തോഷമുണ്ട്. ഓൺലൈനിലാണു ക്ലാസെങ്കിലും വിദ്യാർഥികൾക്ക് ഏറെ അവസരങ്ങൾ നൽകാൻ അധ്യാപകർ ശ്രമിക്കുന്നു. 
സിലബസിനു പുറത്തുള്ള ഒരുപാട് റീഡിങ് മെറ്റീരിയൽ അധ്യാപകർ പങ്കുവയ്ക്കുന്നുണ്ട്. ആശയവിനിമയ ശേഷി ഉൾപ്പെടെ എല്ലാം മെച്ചപ്പെട്ടുവെന്ന ആത്മവിശ്വാസമുണ്ട്.

അനുവിന്ദ ഗിരീഷ് (എൽഎസ്ആറിൽ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ്)

 

റാങ്കിങ്ങിൽ മുന്നിൽ

കേന്ദ്ര സർക്കാരിന്റെ എൻഐആർഎഫ് 2020 റാങ്കിങ്ങിൽ രാജ്യത്തെ ഏറ്റവും മികച്ച 5 കോളജുകളിൽ നാലും ഡൽഹി സർവകലാശാലയുടെ കീഴിലാണ്; മിറാൻഡ ഹൗസ്, ലേഡി ശ്രീറാം (എൽഎസ്ആർ), ഹിന്ദു കോളജ്, സെന്റ് സ്റ്റീഫൻസ് എന്നിവ. ആദ്യ പത്തിൽ ഹൻസ്‌രാജ് ഉൾപ്പെടെ 5 കോളജുകൾ. ആദ്യ 25റാങ്കിൽ ശ്രീറാം കോളജ് ഓഫ് കൊമേഴ്സ്, ആത്മാറാം, ശ്രീ വെങ്കിടേശ്വര, ദീൻദയാൽ ഉപാധ്യായ, ഗാർഗി, കിരോരിമാൽ, ദയാൽ സിങ് എന്നീ കോളജുകളും ഉൾപ്പെടുന്നു.

 

അപേക്ഷ 31 വരെ

ഡിയുവിന്റെ ബിരുദ പ്രവേശത്തിന് ഈമാസം 31 വരെ അപേക്ഷിക്കാം. തുടർന്നു കോളജുകൾ പ്രസിദ്ധീകരിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിനു ശ്രമിക്കേണ്ടത്. 4 വിഷയങ്ങളുടെ മാർക്ക് കൂട്ടിയാണു കട്ട് ഓഫ് നിശ്ചയിക്കുക. കട്ട് ഓഫ് 100 എന്നു നിശ്ചയിക്കുന്ന കോളജിലേക്ക് നാലു വിഷയങ്ങൾക്കും 100 കിട്ടിയവർക്കായിരിക്കും അവസരം. ന്യൂനപക്ഷ പദവിയുള്ള സെന്റ് സ്റ്റീഫൻസ് കോളജിലേക്കു പക്ഷേ, പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 

admission.uod.ac.in.

 

സഹായത്തിന് മലയാളി കൂട്ടായ്മകൾ

ഡിയുവിൽ പ്രവേശനത്തിനു താൽപര്യമുള്ള മലയാളി വിദ്യാർഥികളെ സഹായിക്കാൻ മൈത്രി, സർഗ എന്നീ കൂട്ടായ്മകൾ സജീവമാണ്. 

വിവരങ്ങൾക്ക്: 7827890309, 9645478000

 

English Summary:  University of Delhi Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com