ADVERTISEMENT

നമ്മുടെ സ്ഥാനമനുസരിച്ചു വേണം ഓരോ  സന്ദർഭത്തിലും  പെരുമാറുന്നത്. ഓരോരുത്തരും  ഓരോ സന്ദർഭത്തിലും എങ്ങനെ പെരുമാറും, ഓരോരുത്തരോടും  എങ്ങനെ  സംസാരിക്കും എന്ന കാര്യങ്ങളിൽ  സമൂഹം  ചില ധാരണകൾ വച്ചു പുലർത്തും. അതിനു വിരുദ്ധമായ പെരുമാറ്റത്തെ വകതിരിവുകേടായി വിലയിരുത്തുക സ്വാഭാവികം.

 

പെരുമാറ്റവും സംഭാഷണവും സംബന്ധിച്ച് ചില അലിഖിതമാനദണ്ഡങ്ങൾ ഓരോ സമൂഹവും പുലർത്തുന്നു. അച്ഛനമ്മമാർക്ക് മക്കളോട് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്.  എങ്കിലും അതിലുമുണ്ട് ചില ലക്ഷ്മണരേഖകൾ. ചിലതു പറയില്ല. സമന്മാരായ സുഹൃത്തുക്കൾ ഒത്തുചേരുമ്പോൾ പറഞ്ഞുചിരിക്കാറുള്ള പലതും കുടുംബസദസ്സുകളിൽ വിളമ്പാറില്ല. മേലധികാരിയും കീഴ്ജീവനക്കാരും തമ്മിലുള്ള ബന്ധങ്ങളിലുമുണ്ട് അതിർവരമ്പുകൾ. ദേശവും കാലവും അനുസരിച്ച് ഇതിൽ  ഗണ്യമായ മാറ്റങ്ങൾ വരും.

 

പാശ്ചാത്യരാജ്യങ്ങളിൽ മേലധികാരിയെ പേർപറഞ്ഞാണ് വിളിക്കാറുള്ളത്. ഇന്ത്യയിൽ ആ രീതിയില്ല. വികസിതരാജ്യങ്ങളിലെ രീതി ഞാൻ സ്വീകരിക്കുകയാണ് എന്നുപറഞ്ഞ് ‘സർ’ എന്ന സംബോധന വിട്ട് പേരെടുത്തു വിളിച്ചാൽ ഇന്ന് ഇവിടെ തെറ്റിദ്ധാരണയുണ്ടാകാം. ക്രമേണ ഇന്നത്തെ രീതി മാറാനും മതി. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ ‘മൈ ലോർഡ്’, ‘യുവർ ലോർഡ്ഷിപ്’  എന്നിങ്ങനെ വക്കീൽമാർ വിളിച്ചുപോന്ന കൊളോണിയൽരീതി നിന്നുപോയത് ഓർക്കുക.

 

ദമ്പതികൾ തമ്മിലാവുമ്പോൾ ഒരു മറയുമില്ലാതെ ഏതു വിഷയവും എങ്ങനെയും പറയാം എന്നു നമുക്കറിയാം. എങ്കിലും അവിടെയും ചില നിയന്ത്രണങ്ങൾ പാലിക്കുന്നതാവും ഔചിത്യം. ഇതു പുലർത്താത്തതാവാം പല ബന്ധങ്ങളും ക്രമേണ തകരാൻ വഴിവയ്ക്കുന്നത്.

 

വേഷത്തിന്റെ കാര്യത്തിലെ ഔചിത്യം സുപ്രധാനമാണ്. മൾട്ടിനാഷനൽ കമ്പനിയിലെ  എക്സിക്യൂട്ടീവ് ഇൻറർവ്യൂവിന് മുണ്ടും വള്ളിച്ചെരിപ്പുമായി  പോയാലെന്താ, അതു ഇവിടുത്തെ സാധാരണ വസ്ത്രധാരണരീതിയല്ലേ, ഉഷ്ണരാജ്യത്തു കോട്ടും ടൈയും കൃത്രിമമല്ലേ എന്നെല്ലാം ചോദിക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രായോഗികബുദ്ധി ഉപദേശിക്കും – ഇന്റർവ്യൂവിലെ ആദ്യമതിപ്പ് സൃഷ്ടിക്കുന്നത് മുഖഭാവവും വേഷവുമാണ്,  നാലു പേർ  ചെയ്യുംപോലെ കോട്ടും ടൈയും ധരിച്ചു തന്നെ പോകാം, ആ ഘട്ടത്തിൽ നിഷേധഫലം  ക്ഷണിച്ചുവരുത്തരുത് എന്ന്. 

 

ഉത്തരേന്ത്യൻ വസ്ത്രമെന്ന്  തുടക്കത്തിൽ പറഞ്ഞുപോന്ന ചുരിദാർ കേരളത്തിലെ അദ്ധ്യാപികമാർ ധരിക്കുന്നത് ശരിയോ, സാരി തന്നെ വേണ്ടേ എന്ന് ഇവിടെ ഏറെക്കാലം ചർച്ച ചെയ്തിരുന്നു. ഒന്നും ശരിയോ തെറ്റോ എന്ന് നാം വിധിയെഴുതേണ്ട. സമൂഹം ചില മാനദണ്ഡങ്ങളിലെത്തും. അതു സ്വീകരിച്ചാൽ, ‘ഇയാളെന്താ ഈ വേഷത്തിൽ?’ എന്ന ചോദ്യം ഒഴിവാക്കി,  പ്രധാനകാര്യങ്ങളിലേർപ്പെടാം. പൊതുസ്ഥലത്ത്് അനുചിതപദങ്ങൾ പറഞ്ഞ് ചിരിയോ കൈയടിയോ നേടുന്നത്  അമാന്യമാണ്.

 

ശ്രദ്ധ ആകർഷിക്കാനായി മര്യാദവിട്ട വസ്ത്രം ധരിക്കുന്നവരെ അന്യർ മാനിച്ചില്ലെന്നു വരാം. വസ്ത്രധാരണരീതി എന്റെ സ്വകാര്യതീരുമാനമാണ് എന്ന വാദം തീർത്തും ശരിയെന്നു പറായനാവുമോ? ‘നിങ്ങൾ ഭക്ഷിക്കുന്നതു നിങ്ങൾക്കു വേണ്ടി, വസ്ത്രം ധരിക്കുന്നത് അന്യർക്കു വേണ്ടി’ എന്ന പ്രശസ്ത ചൊല്ല് ഇംഗ്ലിഷിലുണ്ട്. സമൂഹം നിർണയിക്കുന്ന മര്യാദകൾ പാലിക്കുന്നതുകൊണ്ട് ആർക്കും ദോഷം വരില്ല. ഔചിത്യമെന്നത് തീരെ കടുപ്പമില്ലാത്തതും ഒട്ടുമിക്കവരും സന്തോഷത്തോടെ അനുസരിക്കുന്നതുമായ നിയമമാണ്. ‘എല്ലാം നേരേ വാ, നേരേ പോ എന്ന രീതി ഔചിത്യരഹിതമായി സ്വീകരിക്കുന്നത് മര്യാദകേടാകും’ എന്ന് ചൈനീസ് ചിന്തകൻ കണ്ഫ്യൂഷസ്. വകതിരിവുകേടായേക്കാവുന്ന ഒന്നിനെക്കുറിച്ചും ചിന്തിക്കുക പോലും വേണ്ടെന്നും അദ്ദേഹം  ഉപദേശിക്കുന്നു. മാന്യത നിലനിർത്താൻ വകതിരിവോടെ മാത്രം പെരുമാറിയേ തീരൂ.

 

ഇഷ്ടം തോന്നുന്നതെല്ലാം ചെയ്തുകളയും, സൗന്ദര്യമുള്ളതെല്ലാം  കൈയടക്കും എന്ന മട്ടിൽ ചിന്തിക്കുന്ന വകതിരിവുകെട്ടവരെ സമൂഹം തിരസ്കരിക്കും.  അധികാരസ്ഥാനത്തിരുന്ന് പൊതുപ്പണം അപഹരിച്ച് അപമാനിതരാകുന്ന എത്രയോ  പോരെ നാം കാണുന്നു. തെല്ലു പക്വതയും വകതിരിവും കാട്ടിയിരുന്നെങ്കിൽ ആദരവു നേടാൻ  കഴിയുമായിരുന്നവർ. ബാല്യത്തിൽത്തന്നെ ഔചിത്യത്തിന്റെ പാഠങ്ങൾ പരിശീലിച്ചവർ മര്യാദയോടെ  പെരുമാറി, മാന്യത നേടാൻ സാദ്ധ്യതയേറെ. രക്ഷിതാക്കൾക്കു മനസ്സിൽ വയ്ക്കാവുന്ന കാര്യം. എന്നെ  ആരും ഔചിത്യം പഠിപ്പിക്കേണ്ടെന്ന് വാശി പിടിച്ച്, സാദ്ധ്യമായ എല്ലാ മര്യാദകേടുകളും കാട്ടിയ അവസാനത്തെ ഫ്രഞ്ച് രാജ്ഞി മേരി അന്റോനെറ്റിന്റെ അന്ത്യം  വധശിക്ഷയിലൂടെയായിരുന്നുവെന്ന് ഓർക്കാം.

 

സാധാരണഗതിയിൽ  അനൗചിത്യമെന്നു കരുതുന്നത്  വിശേഷസന്ദർഭങ്ങളിൽ ഔചിത‌്യമാവാം. കൊലപാതകം ക്രിമിനൽക്കുറ്റവും പാപകർമ്മവുമാണെന്നതിൽ തർക്കമില്ല. പക്ഷേ  യുദ്ധത്തിൽ ശത്രുപക്ഷത്തുള്ളവരെ വധിക്കുന്നത് ധീരതയും രാജ്യസ്നേഹത്തിന്റെ അടയാളവുമായി കരുതുന്നു. 

 

അനൗചിത്യം ഔചിത്യമായി വരുന്ന സന്ദർഭം പുരാണത്തെ ആസ്പദമാക്കി വള്ളത്തോൾ മനോഹരമായി വർണ‌ിച്ചിട്ടുണ്ട് (ശിഷ്യനും മകനും).

ശിവനെ കാണാൻ ശിഷ്യൻ പരശുരാമനെത്തുന്നു. ഇപ്പോൾ അനുമതിയില്ലെന്നു പറഞ്ഞ് ശിവന്റെ മകൻ ഗണപതി പരശുരാമനെ തടയുന്നു. ക്രുദ്ധനായ പരശുരാമൻ ഗണപതിയുടെ കൊമ്പരിഞ്ഞു വീഴ്ത്തുന്നു. മകനോട് ശിഷ്യൻ ചെയ്ത മഹാപരാധം കണ്ടു കോപിച്ച പാർവതി ഭർത്താവിനോടു കാട്ടേണ്ട മര്യാദകളെല്ലാം പൂർണമായി അവഗണിച്ച് പെരുമാറുന്നു. പതിയെ ഈശ്വരനായി കാണണമെന്ന സങ്കൽപമുള്ള യുഗം. ഇവിടെ പതി സാക്ഷാൽ പരമേശ്വരൻ തന്നെ. ചിത്രകാരന്റെ കൈത്തഴക്കത്തെ വെല്ലുന്ന ചാതുര്യത്തോടെ വള്ളത്തോൾ സൃഷ്ടിച്ച ശബ്ദചിത്രം കാണുക.

 

ഉടൻ മഹാദേവി,യിടത്തുകയ്യാ-

ലഴിഞ്ഞ വാർപൂങ്കുഴലൊന്നൊതുക്കി,

ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി-

പ്പാർശ്വസ്ഥനാകും പതിയോടുരച്ചു:

 

‘ചോരയൊലിക്കുന്ന മകൻ മരിച്ചാൽ നിങ്ങൾക്കെന്ത്? മഹാരഥനും ജഗൽസത്തമനുമായ ശിഷ്യനിൽ നിന്ന് വേണ്ടത്ര ഗുരുദക്ഷിണ കിട്ടിയില്ലേ?’ കൂട്ടത്തിൽ മഹേശന് ഒരുപദേശവും,  ‘ആളെയറിഞ്ഞു വേണം വിദ്യ പഠിപ്പിക്കേണ്ടത്’.  അപമര്യാദയെന്നോ ധിക്കാരമെന്നോ തോന്നിക്കുന്ന ഈ വാക്കുകൾക്കു മറുവശമുണ്ട്. ഏതിനെയും കടന്നുനിൽക്കുന്ന മാതൃവാത്സല്യം. യുദ്ധത്തിൽ ശത്രുവിനെ വധിക്കുന്നതു പോലെയുള്ള അസാധാരണ സാഹചര്യം.

 

പ്രസന്നത പ്രസരിപ്പിക്കന്ന  മുഖം വേണമെങ്കിൽ അതെന്തെന്നും  അതിന്റെ മൂല്യമെന്തെന്നും തിരിച്ചറിയണം. ബാല്യത്തിൽ ഇതും ശീലിപ്പിക്കാവുന്നതാണ്. പല കാര്യങ്ങളിലും വീട് ‘ഫിനിഷിങ് സ്കൂൾ’ കൂടെയാക്കാം.  

       

സമൂഹത്തിൽ സ്വീകാര്യത കൈവരിച്ച്, നല്ല ബന്ധങ്ങളുറപ്പാക്കി, ജീവിതവിജയം കൈവരിക്കണമെങ്കിൽ നല്ല പെരുമാറ്റം, നല്ല വാക്കുകൾ, തികഞ്ഞ മര്യാദ എന്നിവ ശീലിച്ചേ  മതിയാകൂ.

English Summary: Career Column By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com