‘നളിനിയെ പ്രേമിച്ച്’ നടന്നെത്തിയ വഴി: ഇഷ്ടജോലിയിലേക്കെത്തിയ വഴി കെ.ജയകുമാർ വിവരിക്കുന്നു

Jayakumar
SHARE

ഞാൻ ഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് അച്ഛൻ (പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം.കൃഷ്ണൻ നായർ) പുതിയൊരു വീടു പണിതത്. ആർക്കിടെക്റ്റിനോട് അച്ഛൻ പറഞ്ഞു: ‘ഭാവിയിൽ നഴ്സിങ് ഹോം ആക്കാവുന്ന പ്ലാനായിരിക്കണം’. ആ പ്ലാനിന്റെ പോരായ്മകളൊക്കെ ഞങ്ങളുടെ വീടിന് ഇപ്പോഴുമുണ്ട്!  

എന്നെ ഡോക്ടറാക്കി നാട്ടിൽ ആശുപത്രി തുടങ്ങുകയായിരുന്നു അച്ഛന്റെ ലക്ഷ്യം. ഡോക്ടറാവാൻ എതിർപ്പൊന്നുമില്ലെങ്കിലും, അതിനുള്ള ഇച്ഛാശക്തി എനിക്കില്ലായിരുന്നു. പക്ഷേ, അച്ഛൻ പറഞ്ഞതിനെ എതിർത്തില്ല. പ്രീഡിഗ്രി കഴിഞ്ഞ് പ്രവേശനപ്പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബിഎസ്‌സി സുവോളജിക്കു ചേർന്നു. ബിരുദപഠനം മുന്നോട്ടു പോകുംതോറും ഞാൻ മെഡിക്കൽ കോളജ് പഠനത്തോട് അകലുകയായിരുന്നു. 

മലയാളമായിരുന്നു രണ്ടാം ഭാഷ. വള്ളത്തോളിന്റെ ശാകുന്തളം പരിഭാഷയും കുമാരനാശാന്റെ ‘നളിനി’യും പഠിക്കാനുണ്ടായിരുന്നു. ഞാൻ അന്നേ   ആശാൻ പക്ഷപാതിയാണ്. പഠിപ്പിച്ച അധ്യാപകൻ ‘നളിനി’യോടു തീരെ നീതി പുലർത്തിയില്ല. വകുപ്പ് അധ്യക്ഷൻ ജോർജ് ഓണക്കൂർ സാറിനെ കണ്ട് ഞാൻ അഭ്യർഥിച്ചു: ‘സാർ നളിനി പഠിപ്പിക്കണം’. 

സാർ പറഞ്ഞു: ‘വീട്ടിൽ പോയി തനിയേ വായിച്ചു പഠിക്ക്; സംശയം വല്ലതുമുണ്ടെങ്കിൽ വന്നോളൂ’. ഞാൻ ‘നളിനി’യിൽ ആമഗ്നനായി. എന്റെ താൽപര്യം കണ്ടപ്പോൾ ഓണക്കൂർ സാർ ആശാന്റെ മറ്റു കൃതികൾ വായിക്കാൻ പ്രേരിപ്പിച്ചു. ലീലയും ചിന്താവിഷ്ടയായ സീതയും ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും കരുണയുമൊക്കെ എന്നാലാവുംവിധം മനസ്സിലാക്കി. മനസ്സിലാക്കിയതൊക്കെ എഴുതാൻ സാർ നിർദേശിച്ചു. ഞാൻ കുറേ ലേഖനങ്ങൾ എഴുതി. അതൊരു പുസ്തകമാക്കാൻ തീരുമാനിച്ചു. പ്രഭാത് ബുക്ക് ഹൗസ് വിതരണച്ചുമതല ഏറ്റെടുത്തു. ഞാൻ കാശു മുടക്കി ‘ആശാന്റെ മാനസപുത്രിമാർ’ എന്ന പുസ്തകം അച്ചടിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ ഞാനൊരു ഗ്രന്ഥകർത്താവായി. ചെഞ്ചേരി കെ.ജയകുമാർ എന്നായിരുന്നു ആദ്യ തൂലികാനാമം! 

k-jayakumar

പുസ്തകമെഴുത്തിന്റെ ആവേശത്തിൽ, രണ്ടു മണിക്കൂർ മലയാളം പരീക്ഷയിൽ ‘നളിനി’യെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നര മണിക്കൂർ സമയമെടുത്തു സുദീർഘമായ ഉത്തരം എഴുതി. ബാക്കി ചോദ്യങ്ങൾക്കെല്ലാം കൂടി അര മണിക്കൂറേ കിട്ടിയുള്ളൂ. മാർക്ക് വന്നപ്പോൾ 44% മാത്രം. 

ബിഎസ്‌‌സിക്കു കൃത്യം ഫസ്റ്റ് ക്ലാസ്–600 മാർക്ക്. ഈ മാർക്ക് കൊണ്ട് എംബിബിഎസ് അഡ്മിഷൻ കിട്ടില്ല. മാത്രവുമല്ല, അപ്പോഴേക്ക് എന്റെ മനസ്സ് സാഹിത്യത്തിൽ ഉടക്കിപ്പോയിരുന്നു. മലയാളം എംഎയ്ക്കു ചേരാൻ ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ബിഎസ്‌‌സിക്കാർക്കു സാഹിത്യം പഠിക്കണമെങ്കിൽ രണ്ടാം ഭാഷയ്ക്കു കുറഞ്ഞതു 45% മാർക്ക് വേണം. 

അച്ഛനു പരിചയമുള്ള, മദ്രാസ് സർവകലാശാലയിലെ മലയാളം പ്രഫസർ ഡോ. എസ്‌.കെ.നായർ സാറിനെ ചെന്നുകണ്ടു. ‘സുകുമാർ അഴീക്കോട് നാളെ പ്രാതലിനു വീട്ടിൽ വരുന്നുണ്ട്. തന്റെ പുസ്തകവുമായി വാ. നമുക്കു നോക്കാം’–അദ്ദേഹം പറഞ്ഞു. അഴീക്കോട് മാഷിനെ ആദ്യം കാണുകയാണ്. അദ്ദേഹം എന്റെ പുസ്തകം വിശ്വാസം വരാത്ത പോലെ, തിരിച്ചും മറിച്ചും നോക്കി. പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ, ഒരു ശതമാനം മാർക്ക് ഇളവു ചെയ്ത് പ്രവേശനം നൽകണമെന്നു മലയാളം പ്രഫസറായ അഴീക്കോട് മാഷ് നിർദേശിച്ചെങ്കിലും കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് സമ്മതിച്ചില്ല. 

ഒരു വർഷം പോയി. അടുത്ത വർഷം നാഗ്പുർ സർവകലാശാലയിൽ ഇംഗ്ലിഷ് എംഎയ്ക്കു ചേർന്നു. കേരളത്തിൽ അഡ്മിഷൻ കിട്ടാത്തതിന്റെ നിശബ്ദരോഷംകൊണ്ടുകൂടി ഇംഗ്ലിഷ് ആവേശത്തോടെ പഠിച്ചു. ഒന്നാം റാങ്കും സ്വർണ മെഡലും കിട്ടി. പുതിയൊരു വിജ്ഞാനതൃഷ്ണയും നന്നായി പഠിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ടായി. അച്ഛൻ ചോദിച്ചു: ‘ഇനി എന്താ പ്ലാൻ?’. വലിയ ആലോചനയില്ലാതെ ഞാൻ പറഞ്ഞു: ‘ഐഎഎസിനു തയാറെടുക്കാമെന്നു വിചാരിക്കുന്നു’. നാഗ്പുരിലെ സീനിയറായ മലയാളി സിവിൽ സർവീസ് പരീക്ഷ ജയിച്ചത്, നാഗ്പുർ മലയാളികൾക്കിടയിൽ വാർത്തയായിരുന്നു. ഐഎഎസ് മോഹം എന്നിലുണർന്നത് അന്നാണ്. 

ഐഎഎസ് തയാറെടുപ്പിനിടെയാണ് ആദ്യ ജോലി. നാട്ടിലെ ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായി. പിന്നെ കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗത്തിൽ ജോലി കിട്ടി. വൈകാതെ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലിഷ് അധ്യാപകനായി. ആദ്യ തവണ സിവിൽ സർവീസ് പരീക്ഷ കടന്നില്ല. ആറു മാസത്തോളം അവധിയെടുത്തു. ദിവസവും 18 മണിക്കൂർ വരെ പഠിച്ചു. വീണ്ടും എഴുതിയതു ഫലിച്ചു. അങ്ങനെ 1977 ൽ കേരള കേഡറിൽ ഐഎഎസുകാരനായി. 2021 ൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി വിരമിക്കാൻ ഭാഗ്യമുണ്ടായി. വിരമിച്ചശേഷം, മലയാളഭാഷയുടെ പരിപോഷണത്തിനായി ആരംഭിച്ച തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറാകാനും കഴിഞ്ഞു. 

തൊഴിൽ എന്നെ പഠിപ്പിച്ചത്

താൽക്കാലിക തിരിച്ചടികളിൽ പതറാതെ, ലക്ഷ്യം മുന്നിൽക്കണ്ട് ആത്മവിശ്വാസത്തോടെ അധ്വാനിച്ചാൽ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും.. ആ അധ്വാനത്തിനു പ്രകൃതി (ദൈവം) തരുന്ന അംഗീകാരമാണ് അനുഗ്രഹം. 

ജോലി എന്നത് ഒരാളുടെ ജീവിതംകൂടിയാണ്. ജോലിയിലേക്കുള്ള വഴി ആത്യന്തികമായി ജീവിതപ്പാത തന്നെ. അതുകൊണ്ടുതന്നെ ജോലിയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ, സ്വന്തം തീരുമാനത്തിന് ഒരൽപം മുൻതൂക്കം കൊടുക്കാം. ആ തീരുമാനം ആലോചിച്ചെടുക്കുക. അതു മറ്റുള്ളവരെ നിഷേധിച്ചുകൊണ്ട് ആവരതെന്നും മനസ്സിലുണ്ടാവുക.

English Summary: First Job And Career Experience Of K Jayakumar

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA