ADVERTISEMENT

ഏറെ ഇഷ്ടപ്പെട്ട അധ്യാപകജോലിയിൽ 23 വർഷം പ്രവർത്തിച്ച അനുഭവങ്ങൾ വിവരിക്കുന്നു, മുൻ മന്ത്രി കെ.കെ.ശൈലജ എംഎൽഎ 

 

മൂന്ന് അമ്മമാരുടെ മകളായിരുന്നു ഞാൻ. അമ്മമ്മ എം.കെ.കല്യാണി, അമ്മ ശാന്ത, അമ്മയുടെ അനിയത്തി ദമയന്തി... ഇവർ മൂന്നു പേരും എനിക്ക് അമ്മമാർ തന്നെയായിരുന്നു. ഇളയമ്മ പ്രസവിച്ച പെൺകുട്ടി മൂന്നു വയസ്സിൽ മരിച്ചുപോയതിനാൽ, ഞാൻ അവർക്കു മകൾ തന്നെയായി. 

 

പരമ്പരാഗതമായി കമ്യൂണിസ്റ്റ് കുടുംബമാണു ഞങ്ങളുടേത്. ചെറിയ പ്രായത്തിലേ അമ്മമ്മയ്ക്കൊപ്പം പാർട്ടി ക്ലാസുകളിലും മിച്ചഭൂമി സമരത്തിലുംവരെ പങ്കെടുത്ത അനുഭവം ഉണ്ടായത് അങ്ങനെയാണ്. പക്ഷേ, സ്കൂൾ പഠനകാലത്തു രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നില്ല. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജിൽ പ്രിഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുമ്പോഴാണു രാഷ്ട്രീയത്തിൽ സജീവമായത്. എസ്എഫ്ഐ ഏരിയ വൈസ് പ്രസി‍ഡന്റ് ആയെങ്കിലും, വൈകാതെ 1975–’76 കാലത്തു കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷനിലും (ഇപ്പോഴത്തെ ഡിവൈഎഫ്ഐ) കേരള മഹിളാ ഫെഡറേഷനിലും (ഇപ്പോഴത്തെ ജനാധിപത്യ മഹിളാ അസോസിയേഷൻ) യൂണിറ്റ് ഭാരവാഹിയായി. 

പഠിക്കാൻ മോശമായിരുന്നില്ല. വായനയും എഴുത്തും അന്നേ പ്രിയം. സ്കൂളിൽ പഠിക്കുമ്പോൾ കവിതാപാരായണത്തിലും ലളിതഗാനത്തിലുമൊക്കെ പങ്കെടുക്കുമായിരുന്നു. അധ്യാപികയോ അഭിഭാഷകയോ ആവുകയായിരുന്നു സ്വപ്നം. രസതന്ത്രം മെയിനായി 1979 ൽ ബിരുദം പൂർത്തിയാക്കിയപ്പോൾ, അമ്മാവൻ സഹദേവന്റെ അഭിപ്രായം പരിഗണിച്ചാണു വിരാജ്പേട്ടയിൽ ബിഎഡിനു ചേർന്നത്. തൊട്ടടുത്ത വർഷംതന്നെ നാട്ടിലെ ശിവപുരം ഹൈസ്കൂളിൽ (ഇപ്പോഴതു ഹയർ സെക്കൻഡറി സ്കൂളാണ്) അധ്യാപികയായി ജോലിക്കു കയറി. എന്റെ ആദ്യ ജോലി! 

 

ജോലി കിട്ടിയ 1981 ൽ തന്നെയാണു പഴശ്ശി അയ്യല്ലൂരിലെ കോടഞ്ചേരി വീട്ടി‍ൽ കെ.ഭാസ്കരനുമായുള്ള വിവാഹം. കെഎസ്‌വൈഎഫ് ജില്ലാ കമ്മിറ്റിയിൽ ഒരുമിച്ചു പ്രവർത്തിച്ച പരിചയം, ഇരു കുടുംബക്കാരുടെയും സ്വീകാര്യതയോടെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. പഴശ്ശി ഈസ്റ്റ് എൽപി സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പ്രധാന അധ്യാപകനായാണു വിരമിച്ചത്. പിന്നീടു മട്ടന്നുർ നഗരസഭ അധ്യക്ഷനുമായി.

 

1981 ൽ ഡിവൈഎഫ്ഐയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും നിലവിൽ വന്നതോടെ രണ്ടിലും ഞാൻ ജില്ലാ കമ്മിറ്റി അംഗമായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായെങ്കിലും, 1985 മുതൽ പ്രവർത്തനം കൂടുതലും ജനാധിപത്യ മഹിളാ അസോസിയേഷനിലായിരുന്നു. മുത്തങ്ങ ആദിവാസി സമരവുമായി ബന്ധപ്പെട്ട കണ്ണൂർ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ലാത്തിയടിയേറ്റ് തല പൊട്ടി നാലു തുന്നലിട്ട് ഏറെ ദിവസം ആശുപത്രിയിലായി. 

 

1996 ൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ആയിരിക്കെയാണ്, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽപ്പോലും മത്സരിച്ച പരിചയമില്ലാത്ത എന്നെ കൂത്തുപറമ്പിൽനിന്നു നിയമസഭയിലേക്കു മത്സരിക്കാൻ പാർട്ടി നിയോഗിക്കുന്നത്. ആദ്യ മത്സരത്തിൽ ജയിച്ചു നിയമസഭയിലെത്തിയതോടെ അധ്യാപകജോലിയിൽനിന്ന് അഞ്ചു വർഷം അവധിയെടുത്തു. 2001 ൽ മത്സരിച്ചില്ല. അവധി റദ്ദാക്കി പ്രിയപ്പെട്ട ജോലിയിലേക്കു തിരിച്ചെത്തി. കെമിസ്ട്രിയാണ് എന്റെ വിഷയമെങ്കിലും ഫിസിക്സും കണക്കും ഇംഗ്ലിഷുമൊക്കെ ഞാൻ സ്കൂളിൽ പഠിപ്പിച്ചിരുന്നു. 

 

പാർട്ടി പ്രവർത്തനത്തിൽ സജീവമാകേണ്ടിവന്നപ്പോൾ ജോലി ഉപേക്ഷിക്കാതെ തരമില്ലെന്നായി. അങ്ങനെയാണ്, 9 വർഷം സർവീസ് ബാക്കിയിരിക്കെ 2004 ൽ സ്വയം വിരമിച്ചത്. 2006 ൽ പേരാവൂരിൽനിന്നു വീണ്ടും എംഎൽഎ ആയി. 2011 ൽ പേരാവൂരിൽ പരാജയപ്പെട്ടു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളുമായത് 2011–’16 കാലഘട്ടത്തിലായിരുന്നു. പിന്നീടു 2016 ൽ കൂത്തുപറമ്പിൽ വിജയം, ആരോഗ്യമന്ത്രി സ്ഥാനം. ഭരണത്തിരക്കേറിയപ്പോൾ മഹിളാ അസോസിയേഷൻ ഭാരവാഹിത്വങ്ങൾ ഒഴിഞ്ഞു. ഇത്തവണ മട്ടന്നൂരിൽനിന്നു വീണ്ടും നിയമസഭയിൽ. 

ആദ്യ തവണ എംഎൽഎയായിരിക്കെ സായാഹ്ന ക്ലാസിൽ പഠിച്ച് എൽഎൽബി എടുക്കാൻ ശ്രമം നടത്തിയെങ്കിലും തിരക്കിനിടെ അതു മുന്നോട്ടുപോയില്ല. ഇഷ്ടജോലിയിൽനിന്ന് പൊതുപ്രവർത്തനത്തിന്റെ ഇഷ്ടത്തിലേക്കു വഴിമാറിയെന്നേയുള്ളൂ. 23 വർഷം കുട്ടികൾ വിളിച്ച ‘ടീച്ചർ’ എന്ന ആ വിളി കേൾക്കുമ്പോൾ ഞാൻ ഇപ്പോഴും എന്റെ കുട്ടികളോടൊപ്പമാണെന്നു തോന്നും. 

 

തൊഴിൽ എന്നെ പഠിപ്പിച്ചത്

അധ്യാപനം സാമുഹികപ്രവർത്തനത്തിന്റെ ഭാഗം തന്നെയാണ്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണു ക്ലാസ് മുറികൾ. സാമൂഹിക മാറ്റത്തിനു വേണ്ടി ക്ലാസ് മുറികൾക്കു പുറത്തും പ്രവർത്തിക്കുന്നവർക്കാണു നല്ല അധ്യാപകരാകാൻ കഴിയുക. തലമുറകൾക്കു നേർവഴി കാണിക്കാൻ ഭാഗ്യം ലഭിക്കുന്നവരാണ് അധ്യാപകർ. ആ സംതൃപ്തി സമൂഹത്തിലേക്കു പകരാനുള്ള വലിയ കാഴ്ചപ്പാട് അധ്യാപകർക്കുണ്ടാകണം. ജനങ്ങളുടെ പ്രശ്നങ്ങളിൽ എന്നും ഇടപെട്ടു പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രവർത്തകർക്കു ലഭിക്കുന്നതും സമൂഹമാറ്റത്തിനുള്ള ചുമതലതന്നെ. 

English Summary: Career And First Job Experience Of KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com