ADVERTISEMENT

ഒരു പഴങ്കഥ. ആർക്കും പിടിക്കാനാവാത്ത സ്വർണമാനുകളുള്ള രാജ്യം. അവയിലൊന്നിനെ വിജയചിഹ്നമായി സൂക്ഷിക്കാൻ കിട്ടണമെന്ന് രാജാവിനു മോഹം. സ്വർണമാനിനെ പിടിച്ചുകൊണ്ടുവരുന്നയാൾക്ക് വമ്പിച്ച സമ്മാനം നൽകുമെന്നു  വിളംബരം ചെയ്തു. 

 

വെല്ലുവിളി ഏറ്റെടുക്കാൻ  ആരും മുന്നോട്ടുവന്നില്ല. അതിസമർത്ഥനായ വേട്ടക്കാരൻ നഗരമദ്ധ്യത്തിലെത്തി, പരിഹാസത്തോടെ വിളിച്ചുപറഞ്ഞു :‘ഈ  നിസ്സാരകാര്യത്തിനു ഇത്ര വലിയ സമ്മാനം വാങ്ങാമെന്നതിൽ  അതീവസന്തോഷം.  മറ്റാർക്കും ഇതു കഴിയാത്തതെന്നതുകൊണ്ടാണ്?’

 

വേടൻ കാട്ടിലേക്കു  പുറപ്പെട്ടു. ലക്ഷ്യം എളുപ്പമായിരുന്നില്ല. രണ്ടുനാൾ മാനിനെത്തേടി കാട്ടിൽ അലഞ്ഞു.  ഒരു മാനിനെപ്പോലും കണ്ടില്ലെന്നല്ല, വനമദ്ധ്യത്തിൽ ദിക്കറിയാത്ത നിലയിലെത്തുകയും  ചെയ്തു. കാട്ടിൽനിന്നു പുറത്തുകടക്കാൻ ഒരു വഴിയും കിട്ടിയില്ല. തിന്നാനോ കുടിക്കാനോ ഒന്നുമില്ല.  പ്രതീക്ഷ  വറ്റാതെ ഒരാഴ്ച പട്ടിണിയിൽ അലഞ്ഞു. മരണം മുന്നിൽക്കണ്ട് നടക്കുമ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത കാഴ്ച. കൈയെത്തുംഉയരത്തിൽ കുലകുലയായി മധുരമാമ്പഴം കാറ്റിൽ തൂങ്ങിയാടുന്നു. ഒരു മാമ്പഴം പറിച്ച് ആർത്തിയോടെ തിന്നു. ചാറു വലിച്ചുകുടിച്ചു. സാധാരണ തോന്നുന്നതിന്റെ ആയിരം മടങ്ങു സ്വാദ്. ആഹ്ലാദത്തിന് അതിരില്ല. കഴിയുന്നത്ര മാമ്പഴം പറിച്ചുകൂട്ടി. ഇനി നടക്കുമ്പോൾ വിശപ്പും ദാഹവും തീർക്കാമല്ലോ.

 

ആദ്യത്തെ മാമ്പഴം തിന്നുമ്പോൾ തോന്നിയ  സന്തോഷം രണ്ടാമത്തേതിൽ  നിന്നു കിട്ടിയില്ല. മൂന്നും നാലും കഴിഞ്ഞ് അഞ്ചിലെത്തിയപ്പോഴേക്കും താൽപര്യം തീരെക്കുറഞ്ഞു. പത്താമത്തേതായപ്പോഴേക്കും മടുത്തു. ബാക്കിയെല്ലാം വലിച്ചെറിഞ്ഞിട്ട് വേടൻ അന്വേഷണം തുടരാൻ  പോയി.

 

ഷർട്ടിടാൻ ആഗ്രഹമുണ്ടെങ്കിലും ഷർട്ടേയില്ലാത്തയാൾക്ക് ഒരു ഷർട്ട് കിട്ടിയാൽ പവൻവില തോന്നും. രണ്ടാമതൊന്നു കൂടെ കിട്ടിയാൽ ആദ്യത്തേതു നൽകിയിടത്തോളം സംതൃപ്തി രണ്ടാമത്തേതു നൽകില്ല. കിട്ടുന്ന ഷർട്ടിന്റെ എണ്ണം കൂടുന്തോറും ഓരോന്നും നൽകുന്ന അധികസംതൃപ്തി കുറഞ്ഞുവരും. എന്നല്ല, നൂറു ഷർട്ട് കിട്ടിക്കഴിഞ്ഞ്  നൂറ്റിയൊന്നാമതൊരു ഷർട്ട് വന്നാൽ  അതു  ശല്യമായിത്തോന്നി, അയാൾ വലിച്ചെറിഞ്ഞു കളയാനും മതി. ധനശാസ്ത്രത്തിൽ  ഇതിന് ‘ലോ ഓഫ് ഡിമിനിഷിങ് മാർജിനൽ യൂട്ടിലിറ്റി’ എന്നു പറയും. ഇത് നിത്യജീവിതാനുഭവമാണ്.

 

ചില കാര്യങ്ങളിൽ ഈ നിയമം പിഴച്ചേക്കാം. പണം, സംഗീതം, സ്റ്റാമ്പ്ശേഖരണം, നാണയശേഖരണം മുതലായവയിൽ. ഷർട്ടിന്റെ കാര്യത്തിൽത്തന്നെ പുതിയ നിറങ്ങളോ ഡിസൈനുകളോ ആകുമ്പോൾ നൂറു കഴിഞ്ഞും താൽപര്യമുണ്ടായേക്കാം.

 

ഈ നിയമവുമായി കൂട്ടിവായിക്കേണ്ട  കഥ കൂടി കേൾക്കുക. ചെറിയ പെൺകുട്ടിയുടെ  ആദ്യവിമാനയാത്ര. എയർപോർട്ടിലെത്തിയെങ്കിലും വിമാനം പുറപ്പെടാൻ വൈകുമെന്ന് അറിയിപ്പു വന്നു. യാത്രയെ ഭയന്നും കാത്തിരുന്നു മുഷിഞ്ഞും പ്രയാസപ്പെട്ടിരുന്ന കുട്ടിയെ സമാധാനിപ്പിക്കാൻ അച്ഛൻ ഒരു കളി നിർദ്ദേശിച്ചു. അച്ഛനും മകളുമായി യാത്ര ചെയ്യാനെത്തിയ ചെറുടീമിനെ ആദ്യം കണ്ടെത്തുന്നയാൾ ജയിക്കും. മകൾ തന്നെ വിജയിച്ചു. മദ്ധ്യവയസ്കയായ മകളും വൃദ്ധപിതാവും. മകൾ അച്ഛനോടു യാത്ര പറയുന്ന സന്ദർഭം. വൃദ്ധൻ മകളെ മാറോടണച്ചു നെറ്റിയിൽ ചുംബിച്ചിട്ടു പറഞ്ഞു : ‘മോളേ, വേണ്ടത്ര കിട്ടട്ടെ’. വേർപാടിന്റെ ദുഃഖം തളംകെട്ടിയ മുഖങ്ങൾ. മകൾ അച്ഛന്റെ കഴുത്തിൽ കൈയിട്ട് ചേർന്നുനിന്നു പറഞ്ഞു : ‘ആരോഗ്യം നോക്കണേ അച്ഛാ. വേണ്ടത്ര കിട്ടട്ടെ’.

 

സംശയം തോന്നിയ ചെറിയ കുട്ടി അച്ഛനോടു ചോദിച്ചു, ‘ഇവരെന്തിനാ ‘വേണ്ടത്ര കിട്ടട്ടെ’ എന്നു പറയുന്നത്?’ ഉത്തരമറിയാത്ത അച്ഛൻ വൃദ്ധനോട്, ‘ചോദിക്കുന്നതിൽ ക്ഷമിക്കണേ. ഞാനും മകളും കൂടി ഇവിടെ കളിക്കുമ്പോഴാണ്  അങ്ങ് മകളോടു യാത്ര പറയുന്നതു കണ്ടത്. ഇവൾക്കും എനിക്കും സംശയം. നിങ്ങളെന്തിനാണ് ‘വേണ്ടത്ര കിട്ടട്ടെ’ എന്നു പരസ്പരം ആശംസിക്കുന്നത്?’

 

വൃദ്ധൻ പുഞ്ചിരി തൂകി. ചെറിയ കുട്ടിയെ വാത്സല്യത്തോടെ നോക്കി, കവിളത്തു തട്ടി. തുടർന്ന് അച്ഛനോടു  പറഞ്ഞു. ‘ഇത്  ഞങ്ങളുടെ കുടുംബത്തിൽ പരമ്പരയായി പറഞ്ഞുപോരുന്ന ആശംസാവചനമാണ്. അച്ഛൻ എന്നോടും സഹോദരങ്ങളോടും പറഞ്ഞുപോന്നു. ലളിതമായ ഈ സന്ദേശത്തിൽ വലിയ ആശയം അടങ്ങിയിട്ടുണ്ട്. ആരോടെങ്കിലും ഈ  വാക്കുകൾ പറയുമ്പോൾ നാം  അർത്ഥമാക്കുന്നത് അവരുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും ആവശ്യത്തിനുണ്ടാവട്ടെ എന്നാണ്.  നല്ലതും മോശമായതും വേണ്ടത്രയുള്ള ജീവിതം അർത്ഥപൂർണമായിരിക്കും. ഒന്നും അമിതമായിക്കൂടാ.’

 

കുഞ്ഞിന് ആശയക്കുഴപ്പം. ‘എന്തിനാണച്ഛാ, മോശം കാര്യങ്ങളും പാകത്തിനു വേണമെന്നു പറയുന്നത്?’ വൃദ്ധനു രസം കേറി. 

‘മോളേ. നല്ല മഴ തുടർച്ചയായി കുറെ ദിവസം പെയ്താൽ  നീ  എന്താഗ്രഹിക്കും?’

‘മഴ മതിയായി, എനിക്കു കളിക്കാൻ പോകണ്ടേ? വെയിൽ വരട്ടെ എന്നു  വിചാരിക്കും.’

‘കുറെ ദിവസം വെയിലും ചൂടും മാത്രമായാലോ?’

‘കളിച്ചു കളിച്ച് അതിൽ രസം കുറെയൊക്കെ കുറയും. മഴ വന്നാൽക്കൊള്ളാമെന്നു തോന്നും’

 

തുടർന്ന്, അമ്മ പായസം ഉണ്ടാക്കിത്തന്നാലുള്ള അനുഭവവും കുട്ടിയോട് ചോദിച്ചു. കുറെ  കഴിച്ചുകഴിയുമ്പോൾ ചെടിക്കും, മടുക്കും എന്നെല്ലാം കുട്ടിതന്നെ പറഞ്ഞു. എന്നല്ല, കുറെക്കഴിയുമ്പോൾ, അതു കാണുമ്പോൾ ദേഷ്യം  തോന്നുകപോലും ചെയ്യും. വൃദ്ധൻ ലക്ഷ്യം കണ്ടു. വല്ലപ്പോഴും ചെറിയ  വേദനയുണ്ടെങ്കിലേ, സന്തോഷങ്ങളുടെ വിലയറിയൂ.  ‘വേണ്ടത്ര കിട്ടട്ടെ’ എന്ന് കുട്ടിയോടും അച്ഛനോടും പറഞ്ഞ് വൃദ്ധൻ കൈവീശി യാത്രയായി.

 

‘മനുഷ്യനു വേണ്ടതെല്ലാം പ്രകൃതി തരും, ദുരാഗ്രഹം  തൃപ്തിപ്പെടുത്താനുള്ളതു തരില്ല’ എന്നു ഗാന്ധിജി. പുരാണങ്ങളെ ആധാരമാക്കി, ഒന്നും പരിധി വിടരുത് എന്ന സൂചന നൽകുന്ന പഴയ ചൊല്ലുണ്ട് :

 

‘അതിദാനാൽ ഹതോ കർണഃ, അതിലോഭാൽ സുയോധനഃ

അതി കാമാൽ ദശഗ്രീവോ, അതി സർവത്ര വർജ്ജയേൽ’

അതിരുവിട്ട ദാനശീലമാണ് കർണൻ വധിക്കപ്പെടാൻ വഴിവച്ചത്. (ജനിച്ചപ്പോൾത്തന്നെ ശരീരത്തിലുണ്ടായിരുന്ന കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം കർണനെ  ആർക്കും വധിക്കാൻ സാധ്യമല്ല. സ്വപുത്രനായ അർജുനന് കർണനെ വധിക്കാൻ കഴിയണമെന്ന് ഇന്ദ്രന് ആഗ്രഹം. ഇന്ദ്രൻ കർണനോട് കവചകുണ്ഡലങ്ങൾ ചോദിച്ചു. അതു കൊടുത്താലുള്ള അപകടം മനസ്സിലാക്കിക്കൊണ്ടുതന്നെ ദാനശീലനായ കർണൻ കവചകുണ്ഡലങ്ങൾ മുറിച്ചുനൽകി, സ്വന്തം മരണത്തിനു വഴിവച്ചു). എല്ലാ പരിധികളും വിട്ട ദുരാഗ്രഹം ദുര്യോധനന്റെ മരണത്തിനു കാരണമായി. രാവണന്റെ മരണത്തിനു പിന്നിലും അതിരുകടന്ന വികാരമുണ്ട്. ഒന്നും വളരെക്കൂടുതലാകരുത് എന്നു മനസ്സിൽ വയ്ക്കാം.

 

ഇരുളുണ്ടെങ്കിലേ വെളിച്ചത്തിന്റെ വിലയറിയൂ. പ്രകാശത്തിന്റെ സുഖമറിയണമെങ്കിൽ, അന്ധകാരത്തിന്റെ  ദുഃഖവും അനുഭവിച്ചിരിക്കണം. പക്ഷേ രണ്ടും പാകത്തിനു മതി.

 

കാർഷികോൽപാദനം വർദ്ധിപ്പിക്കാൻ ഭരണാധികാരികൾ ശ്രമിക്കാറുണ്ട്. പക്ഷേ വിറ്റഴിക്കാനാവാത്തവിധം ധാന്യങ്ങളും പഴങ്ങളും ഉണ്ടായി നശിപ്പിക്കേണ്ട ക്ലേശവും കൃഷിക്കാർ അനുഭവിക്കാറുണ്ട്. സമൃദ്ധിയും സുലഭതയും അഭികാമ്യമെങ്കിലും, ധാരാളിത്തം ശാപമായി വരാം. വിൻസ്റ്റൺ ചർച്ചിൽ സ്വതഃസിദ്ധശൈലിയിൽ പറഞ്ഞു,‘We are stripped bare by the curse of plenty.’ 

 

സാധനങ്ങൾ ദുർലഭമാണെങ്കിലും മനസ്സു സംതൃപ്തമെങ്കിൽ സുലഭത അനുഭവപ്പെടും. ക്ഷാമവും സുലഭതയും നിർണയിക്കുന്നത് പലപ്പോഴും മനോഭാവമാകും. പൊന്നും തുണിയും എത്ര വാരിക്കൂട്ടിയാലും ‘എനിക്കൊന്നുമില്ല’ എന്ന് വിലപിക്കുന്നവർ ഏറെ. എത്ര കിട്ടിയാലും അവർക്കു മനഃസമാധാനം കൈവരില്ല. അവർ കുടുംബത്തിൽ പിരിമുറുക്കം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. നേരേമറിച്ച് ഉള്ളതുകൊണ്ട് ഓണംപോലെ സന്തോഷിക്കുന്നവരുമുണ്ട്. സംതൃപ്തിയുള്ളവർ. ഉള്ളതു കുറവാണെങ്കിലും, അതു പങ്കു വയ്ക്കുന്നവർ സമൃദ്ധി ആഘോഷിക്കുന്നു.

 

വളരാനും മികവു കൈവരിക്കാനും ആഗ്രഹിക്കുന്നതോടൊപ്പം മിതത്വം പാലിക്കാനും സംതൃപ്തി പുലർത്താനും ശ്രമിച്ചാൽ, പ്രശ്നങ്ങൾ പലതും ഒഴിവാക്കി ശാന്തമായ ജീവിതം നയിക്കാൻ കഴിയും.

English Summary: Career Column By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com