കേരളത്തിലെ ആനി, രാജസ്ഥാനിലെ ആശ: കഷ്ടപ്പാടുകളെ മധുരിക്കുന്ന വിജയമാക്കിയ ഇവരെ ഇടയ്ക്കോർക്കാം

anie-asha
SHARE

കേരളത്തിലെ ആനി ശിവയെപ്പോലെയാണു രാജസ്ഥാനിലെ ആശ കന്ദാര. ഇവരുടെ രണ്ടു പേരുടെയും ജീവിതകഥ അറിയുമ്പോൾ കിട്ടുന്ന പ്രചോദനം ചെറുതല്ല. 

കഠിനാധ്വാനത്തിലൂടെ എസ്ഐ പരീക്ഷ ജയിച്ച് ജീവിതവിജയത്തിന്റെ മാതൃകയായ ആനിയുടെ കഥ, ‘തൊഴിൽ വീഥി’യിലടക്കം അടുത്തിടെ നമ്മൾ ധാരാളം വായിച്ചു. പതിനെട്ടാമത്തെ വയസ്സിൽ ഒരു ചെറുപ്പക്കാരനെ സ്നേഹിച്ച്, വീട്ടുകാരെ എതിർത്ത് അയാൾക്കൊപ്പം ജീവിതയാത്ര തുടങ്ങുന്നു. ഒരു കുഞ്ഞ് ജനിക്കുന്നു. അയാൾ അവരെ ഉപേക്ഷിച്ചു പോകുന്നു. പിന്നെ പല ജോലികളും ചെയ്ത് ആനി ജീവിക്കുന്നു, അതിനൊപ്പം പഠിക്കുന്നു. വർക്കലയിൽ നാരങ്ങാവെള്ളവും ഐസ്ക്രീമും വിറ്റ് ജീവിതോപാധി തേടുന്നു. പിഎസ്‌സി പരീക്ഷകൾ എഴുതുന്നു. അതേ വർക്കലയിൽത്തന്നെ എസ്ഐ ആയി ചുമതലയേൽക്കുന്നു... ആനി ശിവയുടെ സിനിമാസമാനമായ ജീവിതകഥ ഇങ്ങനെയൊക്കെയാണ്. 

ഏറെക്കുറെ ഇതുപോലെത്തന്നെയാണ്, നമ്മൾ അധികം അറിഞ്ഞിട്ടില്ലാത്ത ആശ കന്ദാരയുടെ ജീവിതം. 1997 ലായിരുന്നു അവരുടെ വിവാഹം. രണ്ടു കുട്ടികൾ ജനിച്ചു. എട്ടു വർഷം കഴിഞ്ഞപ്പോഴേക്കു ഭർത്താവ് ഉപേക്ഷിച്ചു. തളർന്നിരിക്കാതെ ആശ പഠിക്കാൻ തുടങ്ങി. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടെ, ജോധ്പുർ കോർപറേഷനിൽ തൂപ്പുകാരിയുടെ ജോലിയാണ് ആദ്യം ലഭിച്ചത്. ആ ജോലിയിലിരിക്കെയാണ് അവർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ ജയിച്ച് ഭരണസംവിധാനത്തിന്റെ ഉയരങ്ങളിലെത്തുന്നത്. തൂപ്പുകാരിയിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ആശ ഉയർന്നതു ഡപ്യൂട്ടി കലക്ടറുടെ കസേരയിലേക്കായിരുന്നു! ആനിയെപ്പോലെ, സ്വന്തം നാട്ടിൽത്തന്നെയായിരുന്നു ആശയുടെയും ആദ്യ പോസ്റ്റിങ്.  

വീട്ടുകാരുടെപോലും പിന്തുണയില്ലാതെയാണ് ആനി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതെങ്കിൽ, ആശയ്ക്കു വീട്ടുകാരുടെ സഹായം ലഭിച്ചിരുന്നു എന്ന വ്യത്യാസം മാത്രം. ഇത്രത്തോളം ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽനിന്ന്, മറ്റാരും ജീവിതമേ പോയി എന്നു ചിന്തിക്കാവുന്ന സമയത്ത് ജീവിതത്തോടുതന്നെ പടവെട്ടി മത്സരിച്ച് ജയിച്ചു വന്ന ഇവർ രണ്ടു പേരുടെയും ജീവിതമറിയുമ്പോൾ കിട്ടുന്ന ഊർജം ഈ വാക്കുകളിൽ വിവരിക്കാൻ കഴിയുന്നില്ല. 

ഇത് ഈ ലേഖനം വായിക്കുന്ന എല്ലാവർക്കും, ബാധകമാണ്. ഓരോരുത്തരുടെയും ബുദ്ധിമുട്ടുകളുടെ വലിപ്പച്ചെറുപ്പം വ്യത്യാസമുണ്ടാകും. പക്ഷേ, ചെറിയ പ്രയാസങ്ങൾ വരുമ്പോൾ പോലും പിന്നാക്കം പോകുന്നവർ, ആനിയെയും ആശയെയും അപ്പോൾ മനസ്സിൽ ഓർക്കണം. ‘ഓ, ഇനി മുന്നോട്ടുപോകാനാവില്ല. ഇതു നടക്കില്ല. ഇത്രയും പരീക്ഷ എഴുതിയിട്ടു വല്ല കാര്യവുമുണ്ടോ? എന്തിനാണ് ഇത്രയും അപേക്ഷകൾ അയച്ചു വെറുതെ സമയവും പണവും കളയുന്നത്? ഇതൊന്നും കിട്ടാൻ പോകുന്നില്ല. എനിക്ക് അതിനുള്ള കഴിവും ഭാഗ്യവുമില്ല...’–ഇങ്ങനെയൊക്കെ വിചാരിക്കുന്നവർക്കുള്ള ഉത്തരമാണ് ആനിയും ആശയും സ്വന്തം ജീവിതംകൊണ്ടു നൽകിയത്. 

ജീവിതപ്പാതയിൽ ആനിക്കും ആശയ്ക്കും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളുടെ ഒരു ശതമാനംപോലുമില്ലാത്തവരായിരിക്കും നമ്മളിൽ മിക്കവരും. എന്നിട്ടും എന്തുകൊണ്ടാണു നമ്മൾ പലപ്പോഴും പിറകോട്ടു പോകുന്നതെന്നു സ്വയം ചിന്തിക്കുക. അവസരങ്ങൾ ഓരോന്നും അപ്പപ്പോൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പിന്നെ തിരികെക്കിട്ടില്ലെന്ന് എപ്പോഴും ഓർക്കുക. 

English Summary: Sucees Stories Of Anie Siva And Asha Kandara

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA