ADVERTISEMENT

ആമുഖമായി പറയട്ടെ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒാഫ് മിനസോട്ടയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടിയ സമയം മുതൽ കേൾക്കുന്ന രണ്ടു ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇൗ കുറിപ്പ്. അമേരിക്കയിൽ ഗവേഷണ പഠനത്തിന് അപേക്ഷിക്കുന്നതിനു മുൻപ് എന്തെല്ലാം തയാറെടുപ്പു വേണം? എങ്ങനെ മികച്ച സർവകലാശാലകൾ കണ്ടെത്താം ?

വിദേശരാജ്യങ്ങളിൽ പോയി പഠിക്കാൻ പലർക്കും മോഹമുണ്ടെങ്കിലും എങ്ങനെ തയാറെടുക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകാം. അവർക്ക് എന്റെ പഠനാനുഭവം ഉപകരിക്കുമെന്ന് കരുതട്ടെ. കലണ്ടറിൽ ഒാഗസ്റ്റ് എന്നു കാണുമ്പോൾ മനസ്സ് എട്ടു വർഷം പിന്നിലേക്ക് നടക്കും. കാരണം ഇതേ സമയത്താണ് അമേരിക്കയിൽ ഗവേഷണ വിദ്യാർഥിയായി പോകുവാൻ അപേക്ഷകൾക്കുള്ള ഒരുക്കം തുടങ്ങിയത്.  ഏതു കോഴ്സിന് അപേക്ഷിക്കുമ്പോഴും അതുവരെയുള്ള നമ്മുടെ അക്കാദമിക് നിലവാരം നിശ്ചയമായും വിലയിരുത്തപ്പെടും. അതുകൊണ്ട് നിലവിൽ കോളജിൽ പഠിക്കുന്നവർക്കായിരിക്കും ഇൗ ലേഖനം ഏറെ ഉപകാരപ്പെടുക. കഴിഞ്ഞു പോയ പരീക്ഷകളിലെ മാർക്ക് വീണ്ടും തിരുത്താൻ ആർക്കും അവസരമില്ലല്ലോ.

overseas-education-university-of-minnesota
ചിത്രത്തിന് കടപ്പാട് : University of Minnesota Official Site

ഗവേഷണത്തിലും അധ്യാപനത്തിലും താൽപര്യമുള്ളതുകൊണ്ട് അമേരിക്കയിലെ ഏതെങ്കിലുമൊരു R1 സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയ ശേഷം ഇന്ത്യയിലെ മികച്ച ഏതെങ്കിലുമൊരു െഎെഎടിയിൽ പ്രഫസർ ആകുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. അമേരിക്കയിലെ സർവകലാശാലകളിൽനിന്നു നേടുന്ന പിഎച്ച്ഡി ഒരാളെ സഹായിക്കുക സാധാരണയായി മൂന്നു തരത്തിലാണ്.

1. നാട്ടിലെയും വിദേശത്തെയും അക്കാദമിക് സ്ഥാപനങ്ങളിൽ അധ്യാപനത്തിനും ഗവേഷണത്തിനുമുളള തസ്തികകളിൽ ലഭിക്കുന്ന മുൻഗണന.

2. മുൻനിര ടെക് കമ്പനികളിൽ പലതും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ (ആർ ആൻഡ് ഡി) ഉന്നത തസ്തികകളിലേക്ക് അമേരിക്കൻ സർവകലാശാലകളിൽനിന്നു പിഎച്ചഡി നേടിയവരെ പരിഗണിക്കുന്ന പ്രവണത.

3. അമേരിക്കൻ പൗരത്വത്തിനുള്ള ഗ്രീൻ കാർഡ് നേടാൻ സഹായിക്കുന്ന അനുകൂല ഘടകം.

dr-umesh-madanan-assistant-professor
ഡോ. ഉമേഷ് മദനൻ

പിഎച്ച്ഡി പ്രവേശനവും അനുബന്ധ ഒരുക്കങ്ങളും

അമേരിക്കയിൽ പോയി പഠിക്കുന്നതിന് മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ടോഫൽ – ടെസ്റ്റ് ഒാഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ് (TOEFL – Test of English as a Foreign Language) പരീക്ഷയും ജിആർഇ - ഗ്രാജ്വേറ്റ് റെക്കോർഡ് (GRE - Graduate Record Examinations) പരീക്ഷയും പാസാകുകയെന്നതാണ് ഒരു സുപ്രധാന കടമ്പ. ഒരാളുടെ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യവും ഗണിതശാസ്ത്രത്തിലെ അഭിരുചിയും അനുസരിച്ചാണ് പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ എപ്പോൾ തുടങ്ങണമെന്ന് തീരുമാനിക്കേണ്ടത്. പിഎച്ച്ഡി പ്രവേശനത്തിനുളള സർവകലാശാലാ വിജ്ഞാപനങ്ങൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എപ്പോഴെങ്കിലും വരാം. പക്ഷേ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സാധാരണ നവംബർ പതിനഞ്ചിനും ഡിസംബർ ഇരുപതിനും മധ്യേയായിരിക്കും. ഓരോ സർവകലാശാലയെയും കുറിച്ചുള്ള പരാമാവധി വിവരങ്ങൾ  ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നു മുൻകൂട്ടി ശേഖരിക്കുന്നതാണ് അഭികാമ്യം.

അപേക്ഷിക്കുമ്പോൾ തയാറാക്കേണ്ട രേഖകൾ

വിശദമായ കരിക്കുലം വിറ്റായ് (CV) 

സമഗ്രവും വിശദവുമായ കരിക്കുലം വിറ്റായ് ആണ് (സിവി) ആദ്യമായി തയാറാക്കേണ്ടത്. നിങ്ങളുടെ അക്കാദമിക്, ഗവേഷണ, പാഠ്യേതര വിഷയങ്ങൾ മാത്രമല്ല, ലഭിച്ചിട്ടുള്ള അവാർഡുകളും അംഗീകാരങ്ങളും അടക്കം വിശദമായി നൽകണം. കാരണം അക്കാദമിക് മികവിനോടൊപ്പം നേട്ടങ്ങൾക്കും സർവകലാശാലകളിലെ അഡ്മിഷൻസ് കമ്മിറ്റി പ്രാധാന്യം നൽകാറുണ്ട്.

സ്റ്റേറ്റ്മെന്റ് ഒാഫ് പർപ്പസ് (SOP)

അപേക്ഷകന്റെ ഗവേഷണ താത്പര്യവും വിഷയം തിര‍ഞ്ഞെടുക്കാനുള്ള കാരണവും വിശദീകരിക്കുന്ന രണ്ടോ മൂന്നോ പേജുള്ള കുറിപ്പാണ് സ്റ്റേറ്റ്മെന്റ്   ഒാഫ് പർപ്പസ്. ഒരോ സർവകലാശാലയെയും അവിടുത്തെ പ്രഫസറെയും ലബോറട്ടറിയുമെല്ലാം പരാമർശിക്കുന്ന സ്റ്റേറ്റ്മെന്റ്   ഒാഫ് പർപ്പസ് സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുന്നതാണ് അഭികാമ്യം. ഇന്റർനെറ്റിൽ പരതിയാൽ, മുൻപ് പ്രസിദ്ധീകരിച്ച സ്റ്റേറ്റ്മെന്റ്  ഒാഫ് പർപ്പസിന്റെ കോപ്പികൾ ധാരാളം ലഭിക്കുമെങ്കിലും മറ്റുള്ളവരുടെ എസ്ഒപി  അതേപടി പകർത്തി എഴുതിയാൽ പ്രവേശനം ലഭിക്കുമെന്ന് കരുതുന്നതും തെറ്റാണ്. കാരണം ഓരോ ഗവേഷണ വിദ്യാർഥിയുടെയും ലക്ഷ്യവും അക്കാദമിക് വിവരങ്ങളും വ്യത്യസ്തമായിരിക്കുമല്ലോ.                                    

ഗവേഷണ ഫലങ്ങൾ; പ്രബന്ധങ്ങൾ

ബിരുദ–ബിരുദാനന്തര പഠനകാലത്ത് എത്ര ഗവേഷണഫലങ്ങൾ മുൻനിര അക്കാദമിക് ജേണലുകളിലും ശാസ്ത്ര സമ്മേളനങ്ങളിലും അവതരിപ്പിക്കാൻ സാധിക്കുന്നുവോ അത്രയും നല്ലതാണ്. കാരണം ഇത്തരം പ്രബന്ധങ്ങൾ പിഎച്ച്ഡി അഡ്മിഷൻസ് കമ്മിറ്റി വളരെ ഗൗരവത്തോടെ പരിഗണിക്കും.                                        

overseas-education-university-of-minnesota-flagship
ചിത്രത്തിന് കടപ്പാട് : Oglethorpe.edu

സർവകലാശാല തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് 

വിദേശത്തു പഠനം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചോദ്യമാണ് എത്ര ചെലവു വരുമെന്ന്. അപേക്ഷിക്കുന്ന ഘട്ടം മുതലുള്ള ചെലവു തൊട്ട് അറിഞ്ഞിരിക്കണം. അപേക്ഷാ ഫീസിന്റെ കാര്യം മാത്രമാണ് ഇൗ ലേഖനത്തിൽ പറയുന്നത്. പല സർവകലാശാലകളും അപേക്ഷാ ഫീസായി 50 മുതൽ 100 ഡോളർ വരെ ഇൗടാക്കുന്നു. ഇന്നത്തെ വിനിമയ നിരക്ക് വച്ച് കണക്കാക്കുമ്പോൾ, ഒരു സർവകലാശാലയിൽ അപേക്ഷിക്കുമ്പോൾ 3700 - 7500 രൂപ വരെയാകും. അപ്പോൾ പത്ത് സർവകലാശാലകളിലേക്ക് അപേക്ഷ കൊടുത്താൽ ഏകദേശം 75,000 രൂപ അപേക്ഷയിനത്തിൽ മാത്രം ചെലവാകും.

വിദേശ സർവകലാശാലകളിലെ പ്രവേശനത്തിൽ പലപ്പോഴും അനിശ്ചിതത്വമുള്ളതിനാൽ ഗവേഷണത്തിന് ഒരു സർവകലാശാലയിലേക്ക് മാത്രം അപേക്ഷിച്ച് ഫലം കാത്തിരിക്കുന്നതിനെക്കാൾ നല്ലതാണ് പത്തു സർവകലാശാലകളിലെങ്കിലും അപേക്ഷിക്കുന്നത്. ഗവേഷണ പഠനത്തിന് സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന നാല് കാര്യങ്ങൾ പരിഗണിക്കണം.                                  

1. അവിടെ എത്ര ശതമാനം വിദ്യാർഥികൾക്ക് ഓരോ വർഷവും പ്രവേശനം കിട്ടാറുണ്ട് (ഗ്രാജ്വേറ്റ് അഡ്മിഷൻസ് ആക്സപ്റ്റൻസ് റേറ്റ്).

2. ഗവേഷണം നടത്താൻ ആഗ്രഹിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന എത്ര പ്രഫസർമാർ ആ സർവകലാശാലയിലുണ്ട്. പ്രഫസർമാരുടെ എണ്ണത്തിനനുസരിച്ച് പ്രവേശനസാധ്യതയേറും.                                            

3. സർവകലാശാലയുടെ പേരിനെക്കാളും ഒരുപടി മുകളിലാണ് പിഎച്ച്ഡി സൂപ്പർവൈസറുടെ ആഗോളമൂല്യം. ബന്ധപ്പെട്ട ഗവേഷണ വിഷയത്തിൽ ആഗോളമൂല്യമുള്ള ഒരു പ്രഫസറുടെ കീഴിൽ ഗവേഷണം ചെയ്യാൻ അവസരം കിട്ടിയാൽ, വലിയ പേരുള്ള മറ്റു സർവകലാശാലകളിൽ പ്രവേശനം കിട്ടിയാലും ഒഴിവാക്കുന്നതിൽ രണ്ടുവട്ടം ചിന്തിക്കേണ്ട. കാരണം ആഗോളമൂല്യമുള്ള പ്രഫസറുടെ കീഴിൽ ഗവേഷണം പൂർത്തിയാക്കുന്നവർക്കു മുൻപിൽ എവിടെയും വാതിലുകൾ തുറക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.  

4. ഗവേഷണ പഠനം നാലോ അഞ്ചോ വർഷമോ അതിലധികമോ നീണ്ടു നിൽക്കുന്ന പ്രോഗ്രാമാണ്. ഗവേഷണത്തിനായി സർവകലാശാലകൾ നൽകുന്ന അക്കാദമിക് ഫെലോഷിപ്പ് അല്ലെങ്കിൽ അസിസ്റ്റന്റ്ഷിപ് സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് മനഃസമാധാനത്തോടെ ഗവേഷണത്തിൽ ശ്രദ്ധിക്കാൻ വിദ്യാർഥിയെ സഹായിക്കും. സർവകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നോ ചേരാൻ ആഗ്രഹിക്കുന്ന ഗവേഷണ ഗ്രൂപ്പുകളിൽ നിന്നോ വിവരങ്ങൾ തേടാവുന്നതാണ്.                        

dr-umesh-madanan-assistant-professor-iit-kanpur
ലേഖകൻ യൂണിവേഴ്സിറ്റി ഒാഫ് മിനസോട്ടയിലെ ലബോറട്ടറിയിൽ

ലെറ്റർ ഒാഫ് റെക്കമെൻഡേഷൻ

പിഎച്ച്ഡി അഡ്മിഷൻ പ്രക്രിയയിൽ വളരെ പ്രാധാന്യത്തോടെ അഡ്മിഷൻസ് കമ്മിറ്റി പരിശോധിക്കുന്ന രേഖയാണ് ലെറ്റർ ഓഫ് റെക്കമെൻഡേഷൻ. ഒരു വിദ്യാർഥി അപേക്ഷ സമർപ്പിക്കുമ്പോൾ മൂന്നു റെഫെറീമാരുടെ വിവരങ്ങൾ അതാത് യൂണിവേഴ്സിറ്റികളെ മുൻകൂട്ടി അറിയിക്കണം. സാധാരണയായി, മുൻപ് പഠിച്ച കോളജിലെ പ്രഫസർമാരോ ജോലി ചെയ്ത സ്ഥാപനത്തിലെ മേലധികാരികളോ ആകും ലെറ്റർ ഒാഫ് റെക്കമെൻഡേഷൻ തയാറാക്കുന്നത്. 

റെഫെറീമാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആര് എഴുതുന്നു എന്നതിലല്ല, കത്തിന്റെ ഉള്ളടക്കം എന്താണെന്നതാണ് പ്രധാനമെന്നതിനാൽ നമുക്കായി ആത്മാർഥമായി കത്തെഴുത്തും എന്ന് ഉറപ്പുള്ളവരെ മാത്രം റെഫെറീമാരായി തിരഞ്ഞെടുക്കുക. നമ്മുടെ അക്കാദമിക് നിലവാരം, ഗവേഷണ പരിചയം, ഒരു ടീമിൽ പ്രവർത്തിക്കാനുള്ള കഴിവ്, ഭാഷാപാടവം തുടങ്ങി പലതിനെ കുറിച്ചും എഴുതി ഫലിപ്പിക്കാൻ കഴിവുള്ളവരെ മാത്രം റെഫെറീമാരായി തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. 

ഗ്രാജുവേറ്റ് റെക്കോർഡ് എക്സാമിനേഷൻസ് (GRE - Graduate Record Examinations) ടോഫൽ – ടെസ്റ്റ് ഒാഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ് (TOEFL – Test of English as a Foreign Language) സ്കോറുകൾ

പിഎച്ച്ഡി അപേക്ഷയിലെ അവിഭാജ്യഘടകമായ GRE (Graduate Record Examinations), TOEFL (Test of English as a Foreign Language) എന്നീ പരീക്ഷകളിലെ ഉയർന്ന സ്കോറുകൾ കൊണ്ടു മാത്രം മുൻനിര സർവകലാശാലകളിൽ പ്രവേശനം നേടാനാകുമോ എന്നാണ് ചോദ്യമെങ്കിൽ സംശയമാണ് എന്നതാണ് ഉത്തരം. അക്കാദമിക് യോഗ്യതകൾ മികവുള്ളതാണെങ്കിൽ ശരാശരി GRE/TOEFL സ്കോറിന് (GRE: 310- 320/340; TOEFL: 95-105/120) പിഎച്ച്ഡി പ്രവേശനം നേടിത്തരാൻ സാധിച്ചെന്നും വരാം. പക്ഷേ, അക്കാദമിക് നിലവാരമോ മറ്റു യോഗ്യതകളോ പിന്നിലാണെങ്കിൽ 340/340 GRE സ്‌കോറോ 120/120 ടോഫെൽ സ്കോറോ കിട്ടിയാൽ വരെ പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടുണ്ടാവാം. കോവിഡ്–19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പല അമേരിക്കൻ സർവകലാശാലകളും GRE സ്കോറിനെ തൽക്കാലത്തേക്ക് പ്രവേശനത്തിനുള്ള മാനദണ്ഡമല്ലാതാക്കിയെന്ന കാര്യം ഇക്കൊല്ലം  അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക.                                         

അപേക്ഷിച്ചതിന് ശേഷമുള്ള ഫോളോ അപ്പ്

സർവകലാശാലകളിൽ പ്രവേശനത്തിന് അപേക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് താത്പര്യം തോന്നുന്ന പ്രഫസർമാർക്ക് ഇ – മെയിൽ അയയ്ക്കുന്നതിൽ തെറ്റില്ല. വിദ്യാർഥി അയയ്ക്കുന്ന  ഇ – മെയിലുകൾക്ക് മറുപടി അയയ്ക്കാൻ ഒരു പ്രഫസറും ബാധ്യസ്ഥരല്ലെന്ന കാര്യം ആദ്യമേ മനസ്സിലാക്കുക. ഇ –  മെയിലിന്റെ ഉള്ളടക്കവും അതിലെ ആത്മാർത്ഥതയും മറുപടി അർഹിക്കുന്നതാണെങ്കിൽ മറുപടി ലഭിച്ചേക്കാം. കാരണം നൂറുകണക്കിന് ഇ – മെയിലുകളാകാം  പ്രഫസർക്ക് ഒരു ദിവസം ലഭിക്കുന്നത് എന്നോർക്കുക. ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണം ചെയ്യാനുള്ള വിദ്യാർഥിയുടെ ആഗ്രഹം മനസ്സിലാക്കുന്ന ഏത് പ്രഫസറും സർവകലാശാലയുടെ പിഎച്ച്ഡി പ്രവേശനത്തിനുള്ള അഡ്മിഷൻസ് കമ്മിറ്റിയോട് വിദ്യാർഥിക്ക് അനുകൂലമായി  റിപ്പോർട്ട് എഴുതാനുള്ള സാധ്യത ഇരട്ടിയാണ്.

പ്രഫസർമാർക്ക് ഇ – മെയിൽ അയയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ                           

1. പ്രഫസറുടെ പേരെടുത്തു പറഞ്ഞ് ഹൃദ്യമായ സംബോധനയോടെ പറയാനുള്ള കാര്യങ്ങൾ ചുരുക്കി എഴുതണം.

2. സ്വയം പരിചയപ്പെടുത്തിയുള്ള കുറിപ്പിനൊപ്പം, പ്രഫസറുടെ ഗവേഷണ മേഖലയും ഏതെല്ലാം പ്രബന്ധങ്ങളുമാണ് നിങ്ങളെ ആകർഷിച്ചത് എന്നതും ചേർക്കാം. നിങ്ങളുടെ അക്കാദമിക് മികവുകളും ഭാവിതാത്പര്യങ്ങളും നിങ്ങൾ അപേക്ഷിച്ച മേഖലയിൽ ഭാവിയിൽ എന്ത് സംഭാവന നൽകാൻ കഴിയുമെന്നതും വ്യക്തമാക്കുക.

3. പ്രഫസറെ പേരെടുത്ത് സംബോധന ചെയ്യാതെ ‘ഡിയർ പ്രഫസർ’ അല്ലെങ്കിൽ ‘ഡിയർ സർ’ എന്ന പൊതുവായ സംബോധനയുള്ള ഇ – മെയിലുകൾ പ്രഫസർക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. പൊതുവായുള്ള ഉള്ളടക്കമെന്ന് തോന്നുന്ന ഇ – മെയിലുകൾ ഗുണത്തെക്കാൾ ദോഷം ചെയ്യും.

4. പ്രഫസറുടെ പരിഗണനയ്ക്കായി അപ്ഡേറ്റ് ചെയ്ത സിവി കൂടി പിഡിഎഫ് ഫോർമാറ്റിൽ ഇ – മെയിലിനൊപ്പം അറ്റാച്ച് ചെയ്യുക.    

കാത്തിരിപ്പ് എത്ര നാൾ? 

ഗവേഷണത്തിനുള്ള അപേക്ഷയിൽ ‘അക്‌സെപ്റ്റൻസ് അല്ലെങ്കിൽ റിജക്‌ഷൻ’ എന്ന ഉത്തരം ലഭിക്കാൻ അതിന്റേതായ സമയം എടുക്കും. സാധാരണയായി എടുക്കുന്ന സമയം ഇപ്രകാരമാണ്. നവംബർ - ഡിസംബർ കാലത്ത് അപേക്ഷിച്ചാൽ ഫെബ്രുവരി - മാർച്ച് മുതൽ മേയ് - ജൂൺ വരെ എന്നു വേണമെങ്കിലും മറുപടി ലഭിക്കാം. മറുപടി വൈകും തോറും സാധ്യത മങ്ങിത്തുടങ്ങുകയാണെന്നു വേണം കരുതാൻ. സാധാരണ ഫെലോഷിപ്പോടു കൂടിയോ മറ്റു ഫണ്ടിങ് അവസരങ്ങളോടു കൂടിയോ പ്രവേശനം കിട്ടുകയാണെങ്കിൽ ഫെബ്രുവരി - മാർച്ച് മാസത്തോടെ അറിയിപ്പ് ലഭിക്കേണ്ടതാണ്.

വേണമൊരു ബാക്ക്അപ്പ് പ്ലാൻ

ഏതു സംരംഭത്തിന്റെ വിജയത്തിനും ഒന്നിലധികം പ്ലാനുകൾ തയാറാക്കേണ്ടതു പോലെ പഠന കാര്യത്തിലും നമ്മൾ ഒന്നിലധികം പ്ലാനുകൾ തയാറാക്കണം. അമേരിക്കയിലെ സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനം വളരെ മത്സര സ്വഭാവമുള്ളതായതിനാലും അപേക്ഷകർക്ക് അവരവരുടെ യോഗ്യതകളെക്കുറിച്ച് വ്യക്തമായി അറിയാവുന്നതു കൊണ്ടും ഇതേ കാലയളവിൽ ഇന്ത്യയിലോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലോ പിഎച്ച്ഡിക്ക് അപേക്ഷിക്കുവാനോ, നമ്മൾ പിന്നിലാണെന്നു കരുതുന്ന മേഖലകളെ മെച്ചപ്പെടുത്തുവാനോ ശ്രമിക്കാം. ഉദാഹരണത്തിന്, ഒരു രാജ്യാന്തര പ്രബന്ധം ഇല്ലാത്തതാണ് കുറവെന്നു തോന്നുന്നുണ്ടെങ്കിൽ ഇപ്പോൾ പ്രവർത്തിക്കുന്നതോ മുൻപ് പ്രവർത്തിച്ചിട്ടുള്ളതോ ആയ സ്ഥാപനത്തിൽത്തന്നെ തുടർന്ന് ഗവേഷണ വിഭാഗത്തിന്റെ കൂടെ അഞ്ചോ ആറോ മാസം ചെലവഴിച്ച് ഒരു രാജ്യാന്തര പ്രബന്ധം അവതരിപ്പിക്കുവാൻ ശ്രമിക്കാം. അക്കാദമിക് മികവുള്ള വിദ്യാർഥിയാണെങ്കിലും അമേരിക്കൻ സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്ന കാര്യത്തിൽ യാതൊരു ഉറപ്പും പറയാനാവില്ല. അക്കൊല്ലം അപേക്ഷിക്കുന്നവരെല്ലാം വളരെയധികം കഴിവും അസാമാന്യ യോഗ്യതകളും ഉള്ളവരാണെങ്കിൽ നമ്മുടെ അപേക്ഷ തള്ളപ്പെടാമെന്നുള്ളത് കൊണ്ട് ഒരിക്കലും നിരാശപ്പെടരുത്. കാര്യങ്ങൾ അനൂകൂലമാണെങ്കിൽ നിനച്ചിരിക്കാത്ത നേരത്ത് ഏതെങ്കിലും മുൻനിര സർവകലാശാലയിൽ പ്രവേശനം ലഭിക്കാനും സാധ്യതയുണ്ട്. 

(ലേഖകൻ കാൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്. അഭിപ്രായം വ്യക്തിപരം)

Content Summary : Dr Umesh Madanan on how to choose good universities in the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com