ADVERTISEMENT

വയനാട്ടിലെ ഗോത്ര വിഭാഗങ്ങളിൽനിന്നുള്ള 9 വിദ്യാർഥികളാണ് ഇക്കുറി ‘ക്ലാറ്റ്’ പ്രവേശനപരീക്ഷ വിജയിച്ച് ദേശീയ നിയമ സർവകലാശാലകളിൽ ചേരുന്നത്. ഒരുപക്ഷേ രാജ്യത്തു തന്നെ ആദ്യമായാണ് ഒരേ ജില്ലയിൽനിന്ന് ഇത്രയേറെ ആദിവാസി വിദ്യാർഥികൾ ഒരുമിച്ചു ദേശീയ നിയമ സർവകലാശാലകളിലെത്തുന്നത്.

 

clat-1

വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ‘നിയമഗോത്രം’ എന്ന പേരിലൊരുക്കിയ പരിശീലന പദ്ധതിയുടെ വിജയമാണിത്. എല്ലാ പഠന സൗകര്യങ്ങളുമുള്ള വിദ്യാർഥികൾ പോലും വിജയിക്കാൻ പ്രയാസപ്പെടുമ്പോൾ കാട്ടുനായ്ക്ക, പണിയ വിഭാഗത്തിലെ മിടുക്കർ നേടിയ വിജയത്തിനു തിളക്കമേറെ.

clat-2

 

clat-3

പട്ടികവർഗ വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ സ്കൂളുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർഥികൾക്കു മൂന്നു മാസത്തെ പരിശീലനമാണു നൽകിയത്. കഴിഞ്ഞ വർഷം ആദ്യമായി നൽകിയ പരിശീലനത്തിലൂടെ ഒരാൾ കൊച്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പ്രവേശനം നേടിയിരുന്നു. ഇതിന്റെ ആവേശത്തിലാണ് ഈവർഷം പരിശീലനം വിപുലമാക്കിയത്. എം.മൃദുല, ആർ.ജി. അയന, പി. ശ്രീക്കുട്ടി, എ. അമ്മു, കെ.കെ. അനഘ, എം.കെ. ആദിത്യ, എം.ആർ. അതുൽ, ആർ. രാഹുൽ, ദിവ്യ വിജയൻ എന്നിവരാണു ‘ക്ലാറ്റി’ലൂടെ യോഗ്യത നേടിയത്. ബാക്കിയുള്ളവർക്കു സംസ്ഥാന എൽഎൽബി എൻട്രൻസ് വഴി കേരളത്തിലെ ലോ കോളജുകളിൽ പ്രവേശനം ലഭിക്കുമെന്നാണു പ്രതീക്ഷ.

 

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജ‍ഡ്ജി എ.ഹാരിസ്, സെക്രട്ടറിയും സബ് ജ‍ഡ്ജിയുമായ കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം നൽകുന്നത്. കേരള കേന്ദ്ര സർവകലാശാല തിരുവല്ല ലോ ക്യാംപസിലെ ഡോ. ജയശങ്കർ, ഡോ. ഗിരീഷ്, ഡൽഹി ലോയ്ഡ് ലോ കോളജ് പ്രഫസറായ ഡോ. കവിത, കോഴിക്കോട് ലോ കോളജിലെ പ്രഫ. ലോവൽമാൻ, സുപ്രീം കോടതി അഭിഭാഷകരായ ജോർജ് ഗിരി, ഡോ.ജാസ്മിൻ, ‘ഇൻക്രീസിങ് ഡൈവേഴ്സിറ്റി ആൻഡ് ഇൻക്രീസിങ് ആക്സസ്’ എന്ന എൻജിഒയിലെ സന്നദ്ധ പ്രവർത്തകർ എന്നിവരും പരിശീലനത്തിനു ചുക്കാൻ പിടിച്ചു. ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്മെന്റ് പ്രൊജക്ട് (ഐടിഡിപി) വഴിയാണു പണം കണ്ടെത്തിയത്.

 

പരിശീലനത്തിനായി എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ വയനാട് കലക്ടർ അദീല അബ്ദുല്ല ഉത്തരവിട്ടിരുന്നു. സംസ്ഥാന എൻട്രൻസിലും മികച്ച പ്രകടനം ആവർത്തിച്ചാൽ സംസ്ഥാനമെങ്ങും പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

English Summary: Success Story Of Wayanadu Tribal Students In Clat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com