ADVERTISEMENT

നിർണായകതീരുമാനങ്ങളെടുക്കാൻ നാം പലപ്പോഴും ഏറെ പ്രയാസപ്പെടാറുണ്ട്. നമ്മെ രണ്ടു ശക്തികൾ ഇരുവശങ്ങളിലേക്കും പിടിച്ചു വലിക്കുന്നതു പോലെ തോന്നും. ആദ്യശക്തി യുക്തിക്കു നിരക്കുന്നത്; നഷ്ടം വരുത്താത്തത്. മറ്റൊന്ന് വികാരത്തിന്റെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ ശക്തി. ഇതു ചെയ്തേ മതിയാകൂ എന്ന സ്നേഹത്തിന്റെ ഉൾവിളി വന്നുകൊണ്ടേയിരിക്കും. ഈ വഴി പോയാൽ നഷ്ടം വരാം. പക്ഷേ അത് അനന്യമായ ചാരിതാർത്ഥ്യം പകർന്നുതരും. ഏതു വേണം സ്വീകരിക്കുക?

 

ആദ്യ‌ത്തേതിൽ തലയാണ് സ്വാധീനിക്കുന്നത്. രണ്ടാമത്തേതിൽ ഹൃദയവും. രണ്ടും വിരുദ്ധധ്രുവങ്ങൾ പോലെ പെരുമാറിക്കളയും. നാം ഇടയിൽക്കിടന്ന് ശ്വാസം മുട്ടുകയും ചെയ്യും. ഇതിൽ നിന്നാണ് സാരവത്തായ മൊഴി ഉടലെടുത്തത് :‘ഏറ്റവും കൂടിയ ദൂരം 18 ഇഞ്ച് – ശിരസ്സു മുതൽ ഹൃദയം വരെ.’

 

നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്ന രണ്ടു ജോലികളുണ്ടെന്നു കരുതുക. ആദ്യത്തേതിൽ സത്യസന്ധമായി പ്രവർത്തിക്കാം. മനസ്സിനു സന്തോഷമണയ്ക്കുന്ന അന്തരീക്ഷം. പക്ഷേ വേതനം കുറവ്. രണ്ടാമത്തേത് സ്ഥാനമഹിമയും ഉയർന്ന വേതനവും നൽകും. എന്നാൽ മനസ്സിനിണങ്ങാത്തതും നീതിക്കു നിരക്കാത്തതുമായ പലതും ചെയ്യേണ്ടിവരും. ഇഷ്ടമില്ലാത്ത പലതും സഹിക്കേണ്ടിവരും. ഏതാവും നിങ്ങൾ സ്വീകരിക്കുക? ഹൃദയം പറയും ആദ്യത്തേത്. തല പറയും രണ്ടാമത്തേത്. തീരുമാനമെടുക്കേണ്ട നിമിഷം അടുത്തടുത്തു വരും. ക്ലോക് ടിക്ചെയ്തു മുന്നേറിക്കൊണ്ടിരിക്കും. നിങ്ങൾക്ക് ജോലി കിട്ടിയേ മതിയാകൂ. സംഘർഷനിമിഷങ്ങൾ. ഏവർക്കും സ്വീകാര്യമായ ഒറ്റയുത്തരമില്ലാത്ത പ്രശ്നം. ഇരുവശവും വിശകലനം ചെയ്ത്, രണ്ടിന്റെയും ഗുണദോഷങ്ങളെഴുതി, തുലനം ചെയ്ത്, നിങ്ങളുടെ മൂല്യങ്ങളനുസരിച്ച് തീരുമാനം കൈക്കൊള്ളാനേ കഴിയൂ. ‘റെഡിമെയ്ഡ് ഫോർമുല’ പറഞ്ഞുതരാൻ ആർക്കും കഴിയില്ല. 

 

ഒരു തരത്തിൽ ഇത് വിചാരവും വികാരവും തമ്മിലുള്ള സംഘർഷമാണ്. മനഃശാസ്ത്രജ്ഞരും മാനേജ്മെന്റ് വിദഗ്ധരും ഊന്നിപ്പറയാറുള്ള ഐക്യൂവും ഇക്യൂവും തമ്മിലുള്ള വ്യത്യാസവും ഇതിൽ അന്തർഭവിക്കുന്നു. ബുദ്ധിയുടെ അളവുകോലായി കരുതിവരുന്ന ഇന്റലിജൻസ് ക്വോഷ്യന്റും, വികാരവും നന്മയും കാരുണ്യവും മറ്റുമായി ബന്ധപ്പെട്ട ഇമോഷനൽ ക്വോഷ്യന്റും.

 

മനസ്സു വച്ചാൽ പല കാര്യങ്ങളിലും ഇവയെ ഒരു പരിധിവരെ സമന്വയിച്ച് ആനന്ദകരമായ മധ്യമാർഗം കണ്ടെത്താൻ കഴിഞ്ഞേക്കാം. പക്ഷേ ബഹുഭൂരിപക്ഷംപേരും ഇവയിലൊന്ന് കണ്ണടച്ചു സ്വീകരിക്കുകയാണു പതിവ്. യുക്തിയുടെയും ബുദ്ധിയുടെയും വഴി പ്രായോഗികമായി വിജയത്തിലെത്തിക്കാൻ സാധ്യത കൂടും. പക്ഷേ സ്നേഹവിരുദ്ധമായ അത്തരം തീരുമാനങ്ങൾ ഹൃദയമുള്ളവരെ എന്നും കുത്തിനോവിച്ചുകൊണ്ടിരിക്കും.

 

എന്നാൽ ഇത്തരം വേദന ഒരിക്കലും വരാത്ത ശിലാഹൃദയരുമുണ്ട്. 1999 ഫെബ്രുവരി 19ന് സ്നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഐതിഹാസികമായ ബസ്‌യാത്ര നടത്തി ലഹോറിലെത്തി. ദേവ് ആനന്ദും കപിൽ ദേവും മല്ലികാ സാരാഭായിയും മറ്റും കൂടെയുണ്ടായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറിഫുമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി തെളിക്കാൻ വാജ്പേയി പരിശ്രമിച്ചു. പക്ഷേ അതിന് യാതൊരു വിലയും നൽകാതെ, ഏറെ വൈകാതെ രഹസ്യനീക്കങ്ങളിലൂടെ, പട്ടാളമേധാവി പർവേസ് മുഷറഫ് നമ്മുടെ കാർഗിൽ കുന്നുകൾ കൈയടക്കി. തികഞ്ഞ വഞ്ചനയിലൂടെ ഇന്ത്യയെ ആക്രമിച്ചു. ഇരുപക്ഷത്തെയും നൂറുകണക്കിനു സൈനികരുടെ വധത്തിനു വഴിവച്ചു. നിരവധി വിധവകളെയും നിരാശ്രയസന്തതികളെയും സൃഷ്ടിച്ചു. നാണംകെട്ട് യുദ്ധത്തിൽ പരാജയപ്പെട്ടു മടങ്ങി. തലതിരിഞ്ഞ തല നിർദ്ദേശിച്ച നീചകൃത്യത്തെപ്പറ്റി അദ്ദേഹം ഒരിക്കലും പശ്ചാത്തപിച്ചില്ല. ഇങ്ങനെ ഹൃദയമില്ലാത്ത ചിലരെങ്കിലുമുണ്ട്.

 

ഇനി, മറ്റൊരു ദൃശ്യം കാണുക. പോളണ്ട് സ്വദേശിനി 25കാരി മറിയാ മഗ്നലെനാ അന്ദ്രേസിക് എന്ന കായികതാരം ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഈ മാസം 6ന് 64.61 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് വെള്ളിമെഡൽ നേടി. ഒളിമ്പിക് വെങ്കലമെഡൽ പോലും ദേശീയ ആഘോഷമാക്കുന്ന നമ്മുടെ നാട്ടുകാർക്ക് വെള്ളിമെഡലിന്റെ വിലയറിയാമല്ലോ. മറിയ തനിക്കു കിട്ടിയ അമൂല്യമായ വെള്ളിമെഡൽ ലേലത്തിൽ വിറ്റു. എട്ടു മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്റ്റാൻഫഡ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയയ്ക്ക് ധനസമാഹരണം നടത്തുന്നതറിഞ്ഞ മറിയ ഇങ്ങനെ ലേലം ചെയ്യുകയായിരുന്നു. തോളിലെ പരിക്കും അസ്ഥി–കാൻസറും അതിജീവിച്ച് മഹത്തായ വിജയം വരിച്ച മറിയ പറഞ്ഞു, ‘എവിടെയെങ്കിലും കിടന്നു പൊടിപിടിക്കുന്നതിനു പകരം ഈ മെഡൽ ഒരു ജീവൻ രക്ഷിക്കട്ടെ.’ അതുവഴി കിട്ടിയ 1,25,000 യൂഎസ് ഡോളർ മറിയ കുഞ്ഞിനു സംഭാവന ചെയ്തു.  എത്ര മഹത്തായ തീരുമാനം! ഹൃദയത്തിന്റെ നിർദ്ദേശം. പക്ഷേ, മറ്റു പലതുമാവും തല ഉപദേശിക്കുക. ചിത്രത്തിനു മറ്റൊരു വശം കൂടിയുണ്ട്. മെഡൽ ലേലത്തിൽപ്പിടിച്ചു പണം നൽകിയ സബ്കാ (Zabka) എന്ന പോളിഷ് സൂപ്പർമാർക്കറ്റ്–ചെയിൻ പറഞ്ഞത്, മെഡൽ മറിയ തന്നെ കൈയിൽ വച്ചുകൊള്ളട്ടെയെന്ന്. അങ്ങനെ നന്മയുടെ രസകരമായ വൃത്തം പൂർത്തിയായി.

 

തനിക്കുള്ളതു നല്ല തലയാണോ നല്ല ഹൃദയമാണോ എന്ന് ഓരുരുത്തർക്കും വസ്തുനിഷ്ഠമായി വിലയിരുത്താം. അതിന്റെ ഫലം അതേപടി സ്വീകരിക്കണോ, അതോ തിരുത്തി പരിഷ്കരിച്ചിട്ടു സ്വീകരിക്കണോ എന്നു തീരുമാനിച്ചാൽ, കാര്യങ്ങൾ എളുപ്പമാകും. അതു നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തും. നേതൃത്വഗുണം കാട്ടേണ്ട സ്ഥാനങ്ങളിലെത്തുമ്പോൾ പ്രവൃത്തിയെടുക്കുന്ന സ്ഥാപനങ്ങളുടെ നയങ്ങളുമായി പൊരുത്തപ്പെടാൻ സ്വന്തം പ്രകൃതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും.

 

നിങ്ങൾ ഏതു തരക്കാരനാണെന്നു നിർണയിച്ചുതരുന്ന എന്നെയഗ്രാം ടെസ്റ്റുണ്ട് (Enneagram Test). 9 തരം വ്യക്തിത്വങ്ങളിലേതിലാണ് നിങ്ങൾ പെടുന്നതെന്നു പറഞ്ഞുതരും. അത്രവരെ പോകാതെതന്നെ, ഒരു പരിധിവരെ സ്വയം വിലയിരുത്താനും കഴിയും.

വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ ഹൃദയത്തെ ആശ്രയിക്കുന്നതാവും ആരോഗ്യകരം. അമ്മയുടെ രോഗചികിത്സയ്ക്കു കണക്കുകൂട്ടിയാൽ ശരിയാവില്ല. കുഞ്ഞിന് അഞ്ചു വയസ്സുവരെ വാങ്ങിയ ചെരിപ്പിന്റെ വിലപ്പട്ടികയെഴുതി ‌തുക കാണുന്നതിലും കാര്യമില്ല. പക്ഷേ കമ്പനിമാനേജർ ചെലവിന്റെ കണക്ക് ഓഡിറ്റ് ചെയ്തേ പറ്റൂ.

 

ബുദ്ധിയും വികാരവും  സമന്വയിക്കുന്നതിൽ നൈപുണ്യം തെളിയിച്ച ഐൻസ്റ്റൈൻ: ‘എണ്ണിത്തിട്ടപ്പെടുത്താവുന്നതെല്ലാം പ്രധാനമല്ല. പ്രധാനപ്പെട്ടതെല്ലാം എണ്ണിത്തിട്ടപ്പെടുത്താനും കഴിയില്ല’ (Not everything that can be counted counts, and not everything that counts can be counted). നാം ഒരിക്കലേ ജീവിക്കുന്നുള്ളൂ. ആ ജീവിതം തന്നെയും ഹ്രസ്വമാണ്. എല്ലാം കണക്കുകൂട്ടി തുലയ്ക്കണോ? ചിന്തകന്മാർ പഴയതെല്ലാം തലയ്ക്കുള്ളിൽ വയ്ക്കുമെങ്കിലും, ഭാവി വരച്ചുണ്ടാക്കുന്നത് ഹൃദയം കൊണ്ട്. സ്നേഹമുണ്ടെങ്കിലേ ജീവിക്കാനാവൂ. ഏതും കണക്കിലൊതുക്കാമെന്നു കരുതിക്കൂടാ. ജി. കെ. ചെസ്റ്റർട്ടൺ പറഞ്ഞു, ‘മറ്റൊരാളിന്റെ ഹൃദയത്തെ സ്പർശിക്കാനാവും. പക്ഷേ തലയോട് എന്തു ചെയ്യാം, തല്ലിപ്പൊട്ടിക്കാനല്ലാതെ?’

 

‘വെറുപ്പ് ഹൃദയത്തിൽ നിന്ന്, നിന്ദ തലയിൽ നിന്ന്’ എന്ന് ജർമ്മൻ ദാർശനികൻ ആർതർ ഷോപ്പനോവർ. ഐറിഷ് നോവലിസ്റ്റ് മാർഗറീറ്റ് ഗാർഡിനർ (1769–1849) നടത്തിയ സാമാന്യവൽക്കരണം കേൾക്കുക : ‘സ്ത്രീയുടെ തലയെ ഹൃദയം എപ്പോഴും സ്വാധീനിക്കുന്നു. പുരുഷന്റെ ഹൃദയത്തെ തല എപ്പോഴും സ്വാധീനിക്കുന്നു.’

 

ഇവയോടു കൂട്ടിവായിക്കാവുന്ന ഹൃദ്യമായ വരി പ്രതിഭാധനനായ ടാഗോറിന്റെ ഗീതാഞ്ജലിയിലുണ്ട് (35–ാം ഗീതം) : Where the mind is without fear and the head is held high എന്നു പാടുമ്പോൾ മനസ്സും ശിരസ്സു വേർ‍തിരിഞ്ഞുനിൽക്കുന്നു.

 

ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവെന്ന് പറയുന്ന സമൂഹത്തെയോർത്ത് ചങ്ങമ്പുഴ വിലപിച്ചു :

‘കപടലോകത്തിലാത്മാര്‍ഥമായൊരു

ഹൃദയമുണ്ടായതാണെന്‍ പരാജയം’

ഇതിന് ഹാസ്യാനുകരണം തീർത്ത കുഞ്ഞുണ്ണി മാഷ് രസിപ്പിക്കുന്ന സത്യം പറഞ്ഞു:

‘കപടലോകത്തിലെന്നുടെ കാപട്യം

സകലരും കാണ്മതാണെന്‍ പരാജയം’

സാഹചര്യം ഏതായാലും വിജയം തലയിലും, പരാജയം ഹൃദയത്തിലും കയറിക്കൂടാതെ നോക്കുന്നതാവും അഭികാമ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com