ADVERTISEMENT

ലോകം ആദരിക്കുന്ന കുറേ ജീവിതങ്ങളെ ഞാനൊന്നു വിവരിക്കാം. സുപ്രസിദ്ധ ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിനെ വലിയ വിജയങ്ങൾ നേടിയ ചലച്ചിത്രകാരനായി നമുക്കറിയാം. പക്ഷേ, സിനിമ പഠിക്കാൻ കഴിവില്ലെന്നു പറഞ്ഞ്, യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയുടെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽ രണ്ടു തവണ പ്രവേശനം നിഷേധിക്കപ്പെട്ടയാളാണു സ്പീൽബർഗെന്ന് എത്ര പേർക്കറിയാം? 

 

ഇലക്ട്രിക് ബൾബ് ഉൾപ്പെടെ ആയിരത്തോളം പേറ്റന്റുകളുള്ള തോമസ് ആൽവ എഡിസനെന്ന അതുല്യ ശാസ്ത്രപ്രതിഭ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ പറഞ്ഞിരുന്നത് ‘പഠിക്കാൻ ഒട്ടും ബുദ്ധിയില്ലാത്ത കുട്ടി’ എന്നായിരുന്നത്രെ. 

Amitabh-Bachchan-blog

 

വാൾട് ഡിസ്നിയെക്കുറിച്ചു നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഹോളിവുഡ് സിനിമകളിലൂടെയും ഡിസ്നി ലാൻഡിലൂടെയും ലോകമെങ്ങുമുള്ളവർക്കു പ്രിയപ്പെട്ടവൻ. ചെറുപ്പത്തിൽ ഡിസ്നി ഒരു പത്രത്തിൽ ജോലി ചെയ്തപ്പോൾ, ‘ഭാവനാശേഷിയോ ആശയമോ ഇല്ലാത്തയാൾ’ എന്നായിരുന്നത്രെ ആ പത്രത്തിന്റെ എഡിറ്റർ പറഞ്ഞത്! 

 

ആൽബർട്ട് ഐൻസ്റ്റീൻ സംസാരിച്ചുതുടങ്ങിയപ്പോൾ നാലു വയസ്സും വായിക്കാൻ തുടങ്ങുമ്പോൾ ഏഴു വയസ്സുമായിരുന്നു. മാനസികവളർച്ചക്കുറവുള്ള കുട്ടിയാണ് ഐൻസ്റ്റീനെന്നാണു പലരും വിചാരിച്ചിരുന്നത്. 

 

yesudas-new

ജെ.കെ.റൗളിങ് എന്ന ‘ഹാരി പോട്ടറിന്റെ കർത്താവ്’, ഒറ്റപ്പെട്ട ജീവിതവും വിഷാദവുമൊക്കെ പിടിച്ചുലച്ച സാഹചര്യത്തിലാണ് എഴുതിത്തുടങ്ങിയത്. ആദ്യം അവരുടെ പുസ്തകങ്ങൾ പലരും തള്ളിക്കളയുകയായിരുന്നു. 

 

യുഎസ് പ്രസിഡന്റുമാരുടെ നിരയിലെ എക്കാലത്തെയും ശ്രദ്ധേയ നേതൃത്വങ്ങളിലൊന്നായ ഏബ്രഹാം ലിങ്കണ്, ഒരുപാടു തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട്, വ്യാപാരങ്ങൾ നടത്തി തകർന്ന് തളർന്നൊരു പശ്ചാത്തലമുണ്ടെന്നു നമ്മളോർക്കാത്തത് അദ്ദേഹം പിൽക്കാലത്തു സ്വയം സഞ്ചരിച്ച വിജയവഴികൾ കാരണമാണ്. 

 

വിൻസെന്റ് വാൻഗോഗ് എന്ന ലോകപ്രസിദ്ധ ചിത്രകാരന്റെ ഒരു ചിത്രത്തിന് ഇന്ന് 700 കോടി രൂപവരെയാണു വില. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതകാലത്ത് വിറ്റുപോയത് ഒരേയൊരു ചിത്രം മാത്രമായിരുന്നു! പ്രതിഭയുടെ വില മരണത്തിനുശേഷവും അമൂല്യമായി നിലനിൽക്കുന്നു. 

അമിതാഭ് ബച്ചനെന്ന ബോളിവുഡിന്റെ സൂപ്പർ സൂപ്പർസ്റ്റാറിനെ അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യമാണു നമ്മളെല്ലാം ഓർക്കുകതന്നെ. പക്ഷേ, ശബ്ദം പോരാ എന്നു പറഞ്ഞു റേഡിയോ അനൗൺസർ ജോലിയിൽനിന്ന് ഒഴിവാക്കപ്പെട്ടയാളായിരുന്നു ബച്ചൻ. 

 

ശബ്ദം മോശമാണെന്നു പറഞ്ഞ് ആകാശവാണി ഓഡിഷനിൽ പരാജയപ്പെട്ടയാളാണ്, കഴിഞ്ഞ 60 വർഷമായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഏറ്റവും നല്ല ശബ്ദമായ നമ്മുടെ ഗാനഗന്ധർവൻ യേശുദാസ്. നിറമോ മുഖശ്രീയോ ഇല്ലെന്നു പറഞ്ഞ് ആദ്യകാലത്തു പുറന്തള്ളപ്പെട്ട ഷാറുഖ് ഖാൻ ഇന്നു കോടിക്കണക്കിന് ആരാധകരുടെ മനസ്സിലെ ബിംബമാണ്. ബസ് കണ്ടക്ടറിൽനിന്ന് കൊച്ചുകൊച്ചു വേഷങ്ങളിലൂടെ, പരാജയങ്ങളിലൂടെ താരദേവനായി വളർന്ന രജനീകാന്തിന്റെ ചരിത്രവും നമ്മുടെതന്നെ കയ്യകലത്തുണ്ട്. 

 

ഒരു പരീക്ഷയിലെ പരാജയംകൊണ്ടു പതറുന്നവരോ പിറകോട്ടു പോകുന്നവരാണോ നിങ്ങൾ? നിങ്ങളോടു പറയാൻ എനിക്കു വേറെ വാക്കുകളൊന്നുമില്ല, മുകളിൽ പറഞ്ഞ ജീവിതങ്ങൾ മാത്രം മതി നിങ്ങൾക്കു മുന്നോട്ടുപോകാനുള്ള ഊർജം ലഭിക്കാൻ. 

English Summary: Vijayatheerangal Career Column by G Vijayaraghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com