ADVERTISEMENT

നമ്മിൽ മിക്കവരും കുറുക്കുവഴികൾ തേടുന്നവരാണ്. ഒരു മാസം പാട്ടു പഠിക്കുമ്പോഴേക്കും  പാട്ടുകച്ചേരി നടത്താനോ, സിനിമയിൽ പിന്നണി പാടാനോ തിടുക്കപ്പെടുന്ന കുട്ടികളുണ്ട്. അതെല്ലാം ഭംഗിയായി ചെയ്യുന്നവർ എത്രയോ കാലം സംഗീതാഭ്യസനം എന്ന തപസ്സിലേർപ്പെട്ടുകാണും എന്നു ചിന്തിക്കാൻപോലും ക്ഷമയില്ലാത്തവർ.രംഗമേതായാലും കഥയിതുതന്നെ. മഹാവിജയത്തിലേക്ക് ഒറ്റയടിക്ക് അതിവേഗം പായിച്ചെത്തിക്കുന്ന ലിഫ്റ്റുണ്ടെങ്കിൽ എല്ലാവരും പെട്ടെന്നു വിജയിച്ചുനിൽക്കുമായിരുന്നു. അങ്ങനെയെല്ലാവരും വിജയിച്ചാൽ വിജയമെന്നത് വിലയില്ലാത്തതാകുമായിരുന്നു. വിജയത്തിലെത്താൻ നീണ്ട കോണിപ്പടികളുടെ പടവുകൾ ഓരോന്നായി ക്ഷമയോടെ ചവിട്ടിക്കറിയേ മതിയാവൂ. ഓരോ പടവും കയറുമ്പോഴും പലതും ശ്രദ്ധിക്കുകയും വേണം. ഓരോന്നും കയറിക്കഴിയുമ്പോൾ കൈവന്ന ചെറുവിജയത്തിൽ സന്തോഷിക്കാം. കുറെയേറെ പടവുകൾ കയറിക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ലിഫ്റ്റ് കാത്തുനിൽക്കുന്നവരെ താഴെ കാണുകയുമാകാം. വരാനിടയില്ലാത്ത ലിഫ്റ്റ്.

 

ജിംനേഷ്യത്തിൽപ്പോയി ഭാരം ഉയർത്തൽ പരിശീലിക്കുന്നവർക്കറിയാം, പുരോഗതി സാവധാനമായിരിക്കുമെന്ന്. ഭാരോദ്വഹനത്തിലെ ചലനങ്ങളും ശ്വാസനിയന്ത്രണവും കൃത്യമായി പരിശീലിച്ച്, ചെറുഭാരത്തിൽ  തുടങ്ങി ആത്മവിശ്വാസം ഉറപ്പിച്ച്, ക്രമേണ ഭാരം കൂട്ടിക്കൂട്ടിയാവും പരിശീലനം. മറിച്ച്,  വൻഭാരമുയർത്തി മെഡൽ നേടുന്നയാളെക്കണ്ട്, ഒറ്റയടിക്ക് അതിനു ശ്രമിച്ചാൽ ആശുപത്രിയെ ശരണം പ്രാപിക്കേണ്ടിവരാം.

 

പത്താം ക്ലാസുകാർക്ക് ഒരു വർഷംകൊണ്ട് ബിരുദം നേടാമെന്ന കള്ളപ്പരസ്യത്തിൽ വീഴുന്നവരുണ്ട്. ബിരുദം വേണ്ടവർ പത്തു കഴിഞ്ഞ് അഞ്ചു വർഷമെങ്കിലും  ക്ഷമ കാട്ടണം.

വീട്ടിലെത്തി നൂറുരൂപാനോട്ട് ചെപ്പടിവിദ്യകൊണ്ട് രണ്ടു നൂറു രൂപാനോട്ടുകളാക്കി, കാഴ്ചക്കാരനെ മയക്കി, നോട്ടിരട്ടിപ്പ് സാധ്യമെന്നു ബോധ്യപ്പെടുത്തുന്നവർ ഇന്നുമുണ്ട്. അതിൽ വീഴൂന്നവർ വൻതുകയ്ക്കുള്ള നോട്ട് കൊടുത്ത് ഇരട്ടിത്തുക വാങ്ങി സന്തോഷിക്കും. കപടവിദ്യക്കാരൻ പോയി കുറെക്കഴിഞ്ഞാവും കിട്ടിയതെല്ലാം കള്ളനോട്ടാണെന്നു തിരിച്ചറിയുക. അമളി പിണഞ്ഞത് ആരോടും പറയാനും വയ്യ. ക്ഷമയുണ്ടെങ്കിൽ നമുക്ക് തെല്ലു യുക്തി പ്രയോഗിച്ചു നോക്കരുതോ? അങ്ങനെ നോട്ടിരിട്ടിപ്പു സാധ്യമെങ്കിൽ എന്തുകൊണ്ട് വിദ്യക്കാരൻ നൂറുരൂപയെടുത്ത് വീണ്ടുംവീണ്ടും ‌ഇരട്ടിപ്പിച്ച് കോടീശ്വരനാകുന്നില്ല? എന്തിനു ചെറുകമ്മിഷനു വേണ്ടി തെണ്ടിനടക്കുന്നു? കൈനനയാതെ മീൻപിടിക്കാം എന്നു കരുതുന്നയാൾ കബളിപ്പിക്കപ്പെടുന്നു. അയാൾ സഹതാപം അർഹിക്കുന്നുണ്ടോ?

 

ലോകസാഹിത്യത്തിലെ നല്ല പത്തു കഥകൾപോലും വായിക്കാതെ, വ്യക്തികളുടെ ചിന്താരീതികളും വികാരങ്ങളും ഗ്രഹിക്കാതെ, സമൂഹത്തിലെ ചലനങ്ങൾ ശ്രദ്ധിക്കാതെ, കഥയെഴുത്തിന്റെ ടെക്നിക്ക് മനസ്സിലാക്കാതെ കഥയെഴുതുന്നവരുണ്ട്. ഭാഷ പഠിക്കാതെ കവിതയെഴുതുന്നവരുമുണ്ട്. പ്രയത്നിക്കാതെ ഒറ്റ രാത്രികൊണ്ട് യശസ്വികളാകാമെന്നു വ്യാമോഹിക്കുന്നവർ. അവർ വായനക്കാരെ ക്ലേശിപ്പിക്കും. ഏറെ വൈകാതെ രംഗം വിടാൻ നിർബന്ധിതരാകും. എല്ലാ അനുഗ്രഹങ്ങളും ആകാശത്തിൽനിന്നു ‘മന്ന’ പോലെ വീണുകിട്ടുമെന്ന് കരുതിക്കൂടാ. കർമ്മം ചെയ്യാതെ എങ്ങനെ ഫലം കൈവരും?

 

ഏതു പ്രവർത്തനമായാലും തുടക്കംമുതൽ തീർത്തും കുറ്റമറ്റതാക്കുക പ്രായോഗികമല്ല. തെറ്റുകൾ വരാം. തെറ്റിൽനിന്നു പാഠം പഠിക്കുന്നതാണ് വിജയിയുടെ ലക്ഷണം. ഒരിക്കൽപ്പോലും വീഴാതെ നടക്കാൻ പഠിച്ച കുഞ്ഞുണ്ടോ?

 

achievers-b-s-warrier-motivational-column-career-development-slow-and-steady-wins-the-race
Representative Image. Photo Credit : G Stock Studio / Shutterstock.com

ചില പ്രവർത്തനങ്ങളിലെ പുരോഗതി അക്കങ്ങൾകൊണ്ട് അളക്കാൻ കഴിയില്ലായിരിക്കാം. എങ്കിലും, കാലംകഴിയുന്തോറും മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കും. അടിവച്ച് അടിവച്ച് മുന്നോട്ടു പോകുകയെന്ന രീതിയാണ് ഏതു രംഗത്തെയും വളർച്ചയ്ക്കു സഹായകം. വളർച്ചയിൽ മിക്കപ്പോഴും നാം പീഠഭൂമിയിൽ (plateau) എത്താറുണ്ടെന്നു പറയും. ദൃഷ്ടാന്തംകൊണ്ട് ഇത് വ്യക്തമാക്കാം. നിങ്ങൾ ചെസ്സുകളി പഠിക്കുകയാണെന്നു കരുതുക. ആദ്യത്തെ ഏതാനും ദിവസം പഠനം വേഗം മുന്നേറും. കരുക്കളേതെല്ലാം, ഓരോ കരുവും നീങ്ങുന്ന കളങ്ങളേവ, അടിസ്ഥാനനിയമങ്ങളെങ്ങനെ എന്നെല്ലാം പഠിച്ച്, ഗരുവിനോട് കളിച്ച്, ക്രമേണ സാമർത്ഥ്യം മെച്ചപ്പെടുത്തും. പക്ഷേ മൂന്നോ നാലോ മാസം കഴിയുമ്പോൾ, കൂടുതൽ വളരാൻ കഴിയുന്നില്ലെന്നു തോന്നും. വളർച്ചയുടെ ഗ്രാഫ് വരച്ചാൽ, ചരിഞ്ഞ് മുകളിലോട്ടു പോയിരുന്ന വര ഒരേ ലെവലിൽ തിരശ്ചീനമായി തുടരും. കയറ്റംകയറി ഉയർന്ന സമതലത്തിലെത്തുംപോലെ. നിങ്ങൾ ക്ലബ് ലെവലിലെത്തി,  അതിൽത്തന്നെ നിൽക്കും. ആ സമതലം മുറിച്ച് കയറുന്നവർ ചുരുക്കം. വിശ്വനാഥൻ ആനന്ദിനെപ്പോലെ പല സമതലങ്ങളും തകർത്തു കയറുന്നവർ അപൂർവം. ഈ പരിമിതിയും വേണം മനസ്സിൽ. പരുക്കൻ സത്യങ്ങളെയും പുണർന്നേ പറ്റൂ.

 

ഏതെങ്കിലും മേഖലയിൽ ചെറുവിജയം നേടുമ്പോഴേ നാട്ടുകാരെല്ലാം തന്നെ അഭിനന്ദിക്കണമെന്ന് ആഗ്രഹിക്കുകയും, കുറവു ചൂണ്ടിക്കാട്ടുന്നവരെ ശത്രുപക്ഷത്തു നിർത്തുകയും ചെയ്യുന്നവരുണ്ട്. തന്നെ പാടിപ്പുകഴ്ത്തുന്നതു മാത്രമാണ് സംഗീതമെന്നു കരുതുന്നത് വളർച്ചയ്ക്കു വഴിവയ്ക്കില്ല. പോരായ്മ ചൂണ്ടിക്കാട്ടുന്നത് സഹായമായിക്കരുതി, ആവശ്യമെങ്കിൽ തെറ്റുതിരുത്തി മുന്നേറുകയാണു വേണ്ടത്. 

 

ഒരിക്കൽ തോഷിബയിലെ വൈദ്യുത എൻജിനീയറെ പരിചയപ്പെട്ടു. പലതും സംസാരിച്ചതിനിടയിൽ ചോദിച്ചു, ജാപ്പനീസ് കമ്പനിത്തലവന്റെ മകൻ അവിടെത്തന്നെ വലിയ സ്ഥാനത്തെത്തുമോ? മറുപടിയിങ്ങനെ : ‘എത്തിയേക്കാം. പക്ഷേ കമ്പനിയിലെ ഏറ്റവും ചെറിയ ജോലി മുതൽ ഓരോന്നും മൂന്നു മാസമെങ്കിലും ചെയ്ത്, ടെസ്റ്റ് ജയിച്ച്, പടിപടിയായി മുകളിലെത്താം.’ തുടർന്ന് ചെറുപുഞ്ചിരിയോടെ തുടർന്നു, ‘തെറ്റിദ്ധരിക്കരുത്, ചിലേടങ്ങളിലെപ്പോലെ വലിയ മാനേജരുടെ മകനെ ജോലിയിൽ ഒരു പരിചയവും നേടാതെ ഉയർന്ന പദവിയിൽ അവിടെ നിയമിക്കുകയേയില്ല.’

 

ഓരോരുത്തർക്കും ഇണങ്ങുന്ന മേഖല തിരിച്ചറിഞ്ഞ് ജോലി കണ്ടെത്തിയാൽ വിജയസാധ്യതയേറും. എത്ര ശ്രമിച്ചാലും ചക്കക്കുരുവിൽനിന്നു മാവു മുളപ്പിക്കാൻ  കഴിയില്ല. 

 

‘‘മഹത്തായ കാര്യങ്ങൾ നിർവഹിക്കുന്നത് ഒരൊറ്റ ആവേഗത്തിലല്ല, നിരവധി ചെറുകാര്യങ്ങളുടെ  കൂട്ടുകെട്ടിലാണ്...’’ എന്ന പ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻ ഗോഗ് (1853 – 1890). 

അമേരിക്കൻ ഗ്രന്ഥകാരൻ ഡാൻ  പോയ്ന്റർ : ‘ഓരോ അടിവയ്പും ഓരോ നൂതനചക്രവാളം തുറന്നു കാട്ടും.. അടുത്ത അടിവയ്പ് വെല്ലുവിളിയായെടുക്കുക.’ ‘ശരിയായ ചൊവ്വിൽ നിരവധി ചെറിയചെറിയ അടികൾ വയ്ക്കുന്നതാണ്, വൻകുതിപ്പ് നടത്തി പിന്നോട്ടു വീഴുന്നതിനെക്കാൾ നന്ന്’, ‘മെല്ലെ മാത്രം വളരുന്നതിനെയല്ല, അനങ്ങാതെ നിന്നപോകുന്നതിനെയാണ് ഭയപ്പെടേണ്ടത്’ എന്നുതുടങ്ങി ഏറെ ചൈനീസ് മൊഴികളുണ്ട്.

 

മാർക് ട്വെയിൻ വിവേകം കാട്ടിത്തരുന്നതിങ്ങനെ :‘പുരോഗതിയുടെ രഹസ്യം തുടക്കം കുറിക്കുന്നതിലാണ്. തുടങ്ങുന്നതിന്റെ രഹസ്യം ഭാരിച്ച സങ്കീർണ പ്രവൃത്തി ചെയ്തുതീർക്കാവുന്ന ചെറു  കഷണങ്ങളായി നുറുക്കി, ആദ്യകഷണത്തിൽ തുടങ്ങുന്നതും.....’

 

‘പ്രകാശവർഷക്കണക്കിൽ സ്വപ്നം കാണുക, മൈലുകളെ വെല്ലുവിളിക്കുക, അടിവച്ചടിവച്ച് നടക്കുക...’ എന്ന് അർത്ഥം വരുന്ന ഇംഗ്ലിഷ്മൊഴി പ്രചാരത്തിലുണ്ട്. ക്ഷമയോടെ സ്ഥിരപരിശ്രമം നടത്തുന്നവർ പടിപടിയായി ഉയരും. അവർ വിജയം വരിക്കുകയും ചെയ്യും. പയ്യെത്തിന്നാൽ പനയും തിന്നാം.

Content Summary : B.S. Warrier Motivational Column - Career development: slow and steady wins the race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com