തുടക്കം പത്രപ്രവർത്തകനായി, ഒടുവിൽ എത്തിചചേർന്നത് സിനിമാലോകത്തും; കരിയർ യാത്രയെക്കുറിച്ച് വേണുഗോപാൽ

g-venugopal
SHARE

പാടാൻ എനിക്കു കാരണങ്ങൾ പലതുണ്ടായിരുന്നു. പക്ഷേ, എഴുതാൻ എനിക്ക് അധികം വഴികൾ തെളിഞ്ഞില്ല. അതിനുള്ള സന്ദർഭം തുറന്നുവരുംമുൻപേ സംഗീതലോകം പിടിച്ചുമുറുക്കിയെന്നും പറയാം. ഇല്ലായിരുന്നെങ്കിൽ ഞാനൊരു പത്രപ്രവർത്തകനാകുമായിരുന്നില്ലേ എന്നു മനസ്സു പലപ്പോഴും ചോദിക്കാറുണ്ട്. 

തിരുവനന്തപുരം മോഡൽ ഹൈസ്കൂളാണ് ആദ്യത്തെ കലാവേദി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലെ വേദിയിൽനിന്നു പാടിയ ‘ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമാണോ...’ എന്ന ഗാനം എനിക്കു സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിത്തന്നു. പെൺകുട്ടികളുടെ ലളിതഗാനത്തിൽ അന്നത്തെ രണ്ടാം സ്ഥാനക്കാരി ഇന്നത്തെ പ്രശസ്ത ഗായിക സുജാതയായിരുന്നു. 

മോഡൽ സ്കൂളിലെ കൂട്ടുകാരുമൊത്തു കലാവിരുന്നുമായാണ് ആകാശവാണിയിൽ ആദ്യം കയറിച്ചെല്ലുന്നത്. മുഖത്തു നിറയെ കുസൃതിയുള്ള മോഹൻലാൽ എന്ന കൂട്ടുകാരൻ അന്നേ കൂടെയുണ്ട്. സ്കൂളിൽ എന്നേക്കാൾ ഒരു വർഷം സീനിയർ. ആകാശവാണി എനിക്കു വീടുപോലെ പരിചിതമായിരുന്നു. അമ്മയുടെ സഹോദരിമാർ (പ്രശസ്ത ഗായകർ പറവൂർ സിസ്റ്റേഴ്സ്) ആകാശവാണിയിലെ അനൗൺസർമാരായിരുന്നു. അമ്മ തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ സംഗീതാധ്യാപിക. ചെറുപ്പത്തിലേ പാട്ട് കൂടെക്കൂടെയതു സ്വാഭാവികം മാത്രം. 

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മെഡിസിൻ പ്രവേശനം കിട്ടാതെപോയത് വളരെ കുറച്ചു മാർക്കിനായിരുന്നു. തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ സുവോളജി ഡിഗ്രിക്കു ചേർന്നു. ആദ്യവർഷം കേരള സർവകലാശാലാ കലോത്സവത്തിൽ സമ്മാനമൊന്നും കിട്ടിയില്ല. പക്ഷേ, നല്ലൊരു സംഗീതക്കൂട്ടിനെ കിട്ടി. ഇന്നത്തെ പ്രശസ്ത സംവിധായകൻ ടി.കെ.രാജീവ് കുമാറും ഗായകർ ശ്രീനിവാസനും ബാലഗോപാലൻ തമ്പിയുമൊക്കെ ചേർന്ന കലാസംഘം. രാജീവ് നന്നായി കോംഗോ ഡ്രംസ് വായിക്കുകയും മിമിക്രി അവതരിപ്പിക്കുകയും ചെയ്യും. പിന്നീടുള്ള വർഷങ്ങൾ കലോത്സവത്തിനായി കോളജിൽ പഠിക്കുന്നു എന്ന നിലയിലേക്കു മാറി. 

പിജിയെത്തിയപ്പോൾ തിരഞ്ഞെടുത്തത് ഇംഗ്ലിഷാണ്. മാർ ഇവാനിയോസ് കോളജിൽ ചേർന്നു. പഠിക്കാൻ മോശമൊന്നുമായിരുന്നില്ലെങ്കിലും അവിടെയും സംഗീതവും സദിരനുഭവങ്ങളും തന്നെയായിരുന്നു മുന്നിൽ. അത്യാവശ്യം വായിക്കുന്നവനും എഴുതാൻ തൽപരനുമായിരുന്നതിനാൽ ഇംഗ്ലിഷ് പഠനം ആ രീതിയിലും എന്റെ ഇഷ്ടങ്ങൾക്കൊപ്പം ശ്രുതി ചേർന്നു. 

പിജി പഠനകാലത്തുതന്നെ ഒരു സിനിമയിൽ പാടിയിരുന്നു. 1984 ൽ പ്രിയദർശന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിൽ ‘മേരി ഘടി ഘടി സിന്ദഗി നഹി നഹി...’ എന്ന നാലുവരി ഹിന്ദിപ്പാട്ട്. എം.ജി.രാധാകൃഷ്ണൻ ചേട്ടനായിരുന്നു സംഗീതം. സിനിമയിൽ പിന്നെയും പാടണമെന്നുണ്ട്. പക്ഷേ, അവസരങ്ങൾ ഒത്തുവരണ്ടേ? 

പിജി കഴിഞ്ഞപ്പോൾ പിന്നെ ഒന്നും ചെയ്യാനില്ല. ഇനിയും പഠിച്ചാലോ എന്നായി ആലോചന. പഠിക്കാനുള്ള താൽപര്യത്തേക്കാൾ യുവജനോത്സവത്തിൽ സ്ഥിരമായി പങ്കെടുക്കാമല്ലോ എന്നായിരുന്നു അതിനുള്ള ന്യായം. അങ്ങനെ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ജേണലിസം പിജി എൻട്രൻസ് പരീക്ഷ എഴുതി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേണലിസം ഡിപ്ലോമ കോഴ്സിന്റെയും എൻട്രൻസ് എഴുതിയിരുന്നു. ആദ്യം പ്രവേശനം കിട്ടിയതു പ്രസ് ക്ലബ്ബിലാണ്. അവിടെ ഒരു മാസം പഠിച്ചപ്പോഴേക്കു കാര്യവട്ടത്തെ റിസൾട്ട് വന്നു. അവിടെയും പ്രവേശനം കിട്ടിയപ്പോൾ പഠനം സർവകലാശാലയിലേക്കു മാറി. ആ രണ്ടു വർഷങ്ങളിലൂംകൂടി കലോത്സവങ്ങളിൽ നിറഞ്ഞുനിൽക്കാൻ ഭാഗ്യം കിട്ടി. 

ജേണലിസം പഠിച്ചുകഴിഞ്ഞാൽപ്പിന്നെ പത്രപ്രവർത്തകനാവാനാണല്ലോ ശ്രമം? പാട്ടിനോടെന്നപോലെ എഴുത്തിനോടും ഇഷ്ടമുള്ളതിനാൽ ഏതു വഴിയും തിരഞ്ഞെടുക്കാൻ ഞാൻ തയാർ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. അപ്പോഴേക്ക് ആകാശവാണിയിലെ ജോലിക്കുള്ള യുപിഎസ്‌സി ഇന്റർവ്യൂ കഴിഞ്ഞിട്ടുണ്ട്. ജോലി കിട്ടുമെന്ന് ഉറപ്പുനൽകുന്ന സന്ദേശവും വന്നു. എന്നിട്ടും ഞാൻ കൊച്ചിയിൽ ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലിക്കു പോയി. ആകാശവാണിയിൽ ഏതു സമയത്തും ജോലി കിട്ടുമെന്നതിനാൽ സർട്ടിഫിക്കറ്റുകളൊന്നും കൊടുക്കാതെ അവിടെയുമല്ല, ഇവിടെയുമല്ല എന്ന മട്ടിലായിരുന്നു പത്രപ്രവർത്തനം. ദിവസങ്ങൾക്കുള്ളിൽ ആകാശവാണിയിലെ നിയമന അറിയിപ്പു വന്നു. 1988 ൽ തൃശൂർ നിലയത്തിൽ ഞാൻ ജോലിക്കു കയറി. 

തിരുവനന്തപുരം, ചെന്നൈ നിലയലങ്ങളിലടക്കം 14 വർഷത്തോളം ആകാശവാണിയിൽ ജോലി ചെയ്തു. പാട്ടുകാരനു പറ്റിയ ജോലിയാണ് ആകാശവാണിയെന്നു പുറമെ തോന്നാമെങ്കിലും, സിനിമയിൽ സജീവമാകാൻ അവിടത്തെ സാങ്കേതികത പലപ്പോഴും തടസ്സമായി. ആകാശവാണിയിൽനിന്ന് അവധിയെടുത്തു സ്ഥിരമായി സിനിമയിൽ പാടാൻ പോകണമെന്ന അവസ്ഥ വന്നപ്പോൾ, പാട്ടുതന്നെ തൊഴിലാക്കണമെന്ന ചിന്ത മനസ്സിൽ മുളച്ചു. ഏറെക്കാലത്തെ മനസ്സംഘർഷത്തിനുശേഷം 2003 ൽ ഞാൻ ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്നു രാജിവച്ചു. പിന്നെയുള്ള യാത്രയിൽ തൊഴിലായത് എന്റെ ഇഷ്ടവഴിയായ സംഗീതം മാത്രം. 

English Summary: Career and First Job Experience of G.Venugopal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA