ADVERTISEMENT

ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന നെടുനീളൻ കുറിപ്പടികൾ മുതൽ മൊബൈൽ ഫോണിൽ ഇടയ്ക്കിടെ തെളിയുന്ന കുഞ്ഞൻ സന്ദേശങ്ങൾ വരെ പലതരം ‘കണ്ടന്റ്’ അറിഞ്ഞും അറിയാതെയും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു. ഇതെല്ലാം ആരെഴുതിയതാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോ കമ്പനിയുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. അനുവദനീയമായ വാക്കുകളുടെ എണ്ണവും രീതിയും വായിക്കുമ്പോൾ ലഭിക്കേണ്ട മൂഡും മാറും. ഈ അതിർവരമ്പുകൾക്കുള്ളിൽനിന്ന്, പറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായ ഉള്ളടക്കം നെയ്തെടുക്കുന്നവരാണ്‘കണ്ടന്റ് റൈറ്റേഴ്സ്’. 

 

അബ്ദുൽ അസീസ്
അബ്ദുൽ അസീസ്

വലിയ കമ്പനികളുടെ കടിച്ചാൽപൊട്ടാത്ത ഘടാഘടിയൻ വാക്യങ്ങൾ മനസ്സിലാകുംവിധം മാറ്റിയെഴുതുന്ന ‘ടെക്നിക്കൽ റൈറ്റർ’, പരസ്യ വിഡിയോകളുടെ ‘സ്ക്രിപ്റ്റ് റൈറ്റർ’, ഓൺലൈൻ വിദ്യാഭ്യാസ കമ്പനികളുടെ പാഠഭാഗങ്ങൾ തയാറാക്കുന്ന ‘കണ്ടന്റ് ഡിസൈനർ’, സിനിമകൾക്കു വേണ്ടി സബ്ടൈറ്റിലുകൾ തയാറാക്കുന്ന ‘സബ്ടൈറ്റ്ലർ’, പരസ്യങ്ങൾക്കും വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും വേണ്ടി ശ്രദ്ധയാകർഷിക്കുന്ന ഉള്ളടക്കം തയാറാക്കുന്ന ‘കോപ്പിറൈറ്റർ’ തുടങ്ങിയവരെല്ലാം ഈ മേഖലയുടെ ഭാഗമാണ്.

 

ക്രിസ്റ്റീന എലിസബത്ത് ഇമ്മാനുവൽ
ക്രിസ്റ്റീന എലിസബത്ത് ഇമ്മാനുവൽ

അത്ര സിംപിളല്ല

 

ക്രിസ്റ്റ ഡേവിസ്
ക്രിസ്റ്റ ഡേവിസ്

കമ്പനി ജീവനക്കാർ തന്നെ തട്ടിക്കൂട്ടുന്ന രീതിയിൽ നിന്ന് കണ്ടന്റ് റൈറ്റിങ് ഏറെ മുന്നേറിക്കഴിഞ്ഞു. വലിയ കമ്പനികളിൽ ഇന്നു സ്പെഷലൈസ്ഡ് ടീം തന്നെയുണ്ട്. നമുക്കു വരുന്ന സന്ദേശങ്ങളുടെയും പ്രമോഷനുകളുടെയും എണ്ണം ദിനംപ്രതി  വർധിക്കുകയാണ്. കസ്റ്റമറെ ‘വീഴ്ത്താനായി’ തങ്ങൾക്കു ലഭിക്കുന്നതു സെക്കൻഡിലൊരംശം മാത്രമാണെന്ന് ഓരോ കമ്പനിക്കും അറിയാം. ഈ തിരിച്ചറിവാണ് കണ്ടന്റ് റൈറ്റിങ്ങിനു പ്രഫഷനലുകൾ തന്നെ വേണമെന്ന ബോധ്യത്തിലേക്കു കമ്പനികളെ നയിക്കുന്നത്.

 

കരിയർ വളർച്ച എങ്ങനെ 

 

കരിയർ വളർച്ചയ്ക്കുള്ള പരിമിതി കണ്ടന്റ് റൈറ്റിങ് മേഖലയിൽ പ്രശ്നമായിരുന്നെങ്കിലും രണ്ടു വർഷമായി മാറ്റമുണ്ട്. പല കമ്പനികളും കണ്ടന്റ് ഡവലപ്പേഴ്സിനു പ്രത്യേകം ഡിപ്പാർട്മെന്റ് ആരംഭിച്ചതാണു കാരണം. മിക്ക കമ്പനികളും അടിസ്ഥാന യോഗ്യതയായി ഭാഷകളിലുള്ള ബിരുദമോ പിജിയോ ചോദിക്കാറുണ്ടെങ്കിലും ചില കമ്പനികളിൽ അതും അത്ര നിർബന്ധമില്ല. ബെംഗളൂരു, ഹൈദരാബാദ് പോലുള്ള നഗരങ്ങളിലെ ഓഫിസുകളിൽ പരീക്ഷയും ആക്ടിവിറ്റികളും അഭിമുഖങ്ങളും ഉണ്ടാവാറുണ്ട്. ഇവയിലുള്ള മികച്ച പ്രകടനവും ഏതെങ്കിലും ബിരുദവും മതി. ജോലിക്കു കയറിയ ശേഷം ‘മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (MOOC) വഴി തുടർപഠനം ചെയ്യുന്നവരും കുറവല്ല. പ്രകടനം മെച്ചപ്പെടുത്താനും പ്രമോഷനും ഇതു സഹായകമാകും. പ്രവൃത്തിപരിചയം, ഒന്നിലേറെ ഭാഷകളിൽ പ്രാവീണ്യം, വിവർത്തന പരിചയം എന്നിവ ഗുണകരമാണ്.

 

വർത്തമാനമാണ് ഭാവി

 

ആർട്ടിഫിഷൽ ഇന്റലിജൻസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ്. ഇപ്പോളുള്ള ഒട്ടേറെ ജോലികൾ ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറ്റെടുത്താലും കണ്ടന്റ് റൈറ്റിങ് ആ ഭീഷണിയെ അതിജീവിക്കുമെന്നു വിദഗ്ധർ പറയാൻ കാരണവും ഇതുതന്നെ. ഇടപെടേണ്ടതു മനുഷ്യമനസ്സുമായിട്ടാണ്. വികാരങ്ങളുമായാണ് ഇവർ തയാറാക്കുന്ന കണ്ടന്റ് ‘വർത്തമാനം പറയുന്നത്’. 

‘വർക്ക് ഫ്രം ഹോം’ രീതി ഏറ്റവും എളുപ്പം നടപ്പാക്കാനാകുന്ന ജോലിയുമാണിത്. ധാരാളം കമ്പനികൾ ഇന്റേൺഷിപ്പും നൽകുന്നു.

 

English Summary: Career In Content Writing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com