ADVERTISEMENT

ജീവിതാനുഭവങ്ങൾ ചേർത്തുവച്ചാണു വയനാട് തേറ്റമല സ്വദേശി വി.ആർ. നജീബ് തന്റെ ഗവേഷണ പ്രബന്ധം തയാറാക്കിയത്. വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ആ ഗവേഷണം നജീബിനെ ഓക്സ്ഫഡ് സർവകലാശാലയിൽ പ്രശസ്തമായ സെന്റ് ജോൺസ് കോളജിന്റെ വേദിയിൽവരെ എത്തിച്ചു. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയ ദിവസവും നജീബ് ഓർമിച്ചത് തോട്ടത്തിൽ പണിയില്ലാത്ത വറുതിയുടെ നാളുകളാണ്. ആ തൊഴിലാളികളിൽ സ്വന്തം അമ്മയുമുണ്ടായിരുന്നു. 

 

കൂലിപ്പണിക്കാരനായ വി. റഷീദിന്റെയും തോട്ടം തൊഴിലാളിയായ റംലത്തിന്റെയും മകനായ നജീബ് വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണു പഠിച്ചത്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞ സമയത്ത് എസ്റ്റേറ്റ് പൂട്ടി; തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. ഒടുവിൽ നജീബ് പുളിഞ്ഞാൽമലയിലെ റിസോർട്ട് നിർമാണ സൈറ്റിൽ ജോലിക്കു പോയിത്തുടങ്ങി.  175 രൂപ കൂലി. പണി അൽപം മെല്ലെയായാൽ മേസ്തിരിയുടെ വക അസഭ്യം. പഠിച്ച് ഉയർന്ന ജോലി നേടുകയാണ് പോംവഴിയെന്നു നജീബ് മനസ്സിലാക്കി.

 

കോഴിക്കോട് ഫാറൂഖ് കോളജിൽ ബിഎ സോഷ്യോളജിക്കു ചേർന്നു. ട്യൂഷനെടുത്ത് പണം കണ്ടെത്തി. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായി. 2012ൽ ജെഎൻയുവിൽ എംഎ സോഷ്യോളജിക്കു ചേർന്നു. സ്കോളർഷിപ് തുണയായി. എംഫില്ലിനു ചേർന്നപ്പോൾ നെറ്റും ജെആർഎഫും നേടി. തോട്ടം തൊഴിലാളികളെക്കുറിച്ചു തന്നെയായിരുന്നു എംഫിൽ പഠനവും. 2016ൽ പിഎച്ച്ഡിക്കും ചേർന്നു. 2018ൽ ഓക്സ്ഫഡിലെ സെന്റ് ജോൺസ് കോളജിൽ രാജ്യാന്തര ആന്ത്രപ്പോളജി സമ്മേളനത്തിൽ ഇന്ത്യയിൽനിന്നു പ്രബന്ധം അവതരിപ്പിച്ച രണ്ടുപേരിൽ ഒരാളായി. 

 

പിന്നീട് ജർമനിയിലും പ്രബന്ധം അവതരിപ്പിച്ചു. രാജ്യാന്തര ജേണലുകളിൽ  പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിനിടെ 2019ൽ എംഡി വിദ്യാർഥിനി ഡോ. ബി. സുനൈജയുമായി വിവാഹം. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള ശ്രമങ്ങളിലാണ് നജീബ് ഇപ്പോൾ. അമ്മ റംലത്ത് ഈയിടെയാണു തോട്ടത്തിലെ ജോലി അവസാനിപ്പിച്ചത്. ജീവിതാനുഭവങ്ങൾ തന്നെയാണ് ഈ വിഷയം തിരഞ്ഞെടുക്കാനുള്ള പ്രേരണ; കൂടുതൽ പഠിക്കാനുള്ള ഊർജവും.

 

English Summary : Inspirational Life Story Of Dr. Najeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com