ഗുഹയിലെ തടവുകാരല്ല ഗുരുശിഷ്യന്മാർ , ഇങ്ങനെയാകണം കോവിഡാനന്തര ക്ലാസ്മുറികൾ

HIGHLIGHTS
  • ഇനി ക്ലാസ്മുറി വാതിലുകൾ തുറക്കണം, അനുഭവങ്ങളുടെ തുറസ്സിലേക്ക്
  • പാഠം പഠിക്കൽ പരീക്ഷ എഴുതി ഒന്നാം റാങ്ക് വാങ്ങലല്ല
Representative Image. Photo Credit: Nimito / Shutterstock
Representative Image. Photo Credit: Nimito / Shutterstock
SHARE

ക്ലാസ് മുറികളിലെ അധ്യാപക– വിദ്യാർഥി ബന്ധങ്ങളെ പുനർനിർവചിക്കേണ്ടതിന്റെയും ഒരു പുതിയ വിദ്യാലയ സംസ്കാരം സൃഷ്ടിക്കേണ്ടതിന്റെയും അനിവാര്യതയെക്കുറിച്ച് ഈ കോവിഡ് കാലം ശക്തമായ സൂചന നൽകുന്നുണ്ട്. മഹാമാരികളെ ഇതിനു മുമ്പും സ്കൂൾ-കോളജ് ക്യാംപസുകൾ അതിജീവിച്ചിട്ടുണ്ടെങ്കിലും കോവിഡ് ദേശാതിർത്തികളെ തകർത്തെറിഞ്ഞ് സാർവദേശീയമായി ഒരു പുതിയ അനുഭവ ലോകത്തെത്തന്നെ തീർത്തിരിക്കുകയാണ്. ഈ അനുഭവ ലോകത്ത് കഷ്ടത അനുഭവിച്ചവർ ധാരാളമുണ്ടെങ്കിലും, വിദ്യാലയങ്ങളിൽച്ചെന്നു കളിച്ചു രസിച്ച് പഠിച്ചിരുന്ന വിദ്യാർഥികൾക്കാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായിയത്.  പാറിപ്പറന്ന് നടക്കേണ്ട സമയത്ത് കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ ആയ സ്ഥിതി. ഇവർ വിദ്യാലയങ്ങളിലേക്കു തിരികെ വരുമ്പോൾ അധ്യാപക സമൂഹം ഓർത്തിരിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ ചില കാര്യങ്ങൾ ഇവിടെ വിശദീകരിക്കുന്നു. 

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കണമെന്നതിൽ തർക്കമില്ലെങ്കിലും, അതെങ്ങനെ വേണമെന്നതിൽ‌ കാതലായ മാറ്റം വരുത്തേണ്ടതാണ്. എന്റെ നോട്ടത്തിൽ കോവിഡനന്തര കാലത്ത് അധ്യാപകർ പ്രാവീണ്യം തെളിയിക്കേണ്ടത് സിലബസ് തീർക്കലിന്റെ സാങ്കേതികതയിലല്ല. സിലബസ് കുട്ടികളുടെ ജീവിതപാഠത്തിനൊപ്പം കൂട്ടി വയ്ക്കുന്നതിലൂടെയാണ് ഒരു നല്ല വിദ്യാർഥി ഉണ്ടാകുന്നതെന്ന ബോധ്യം അധ്യാപകർ അറിഞ്ഞിരിക്കണം. ലെസൺ പ്ലാൻ എഴുതി വയ്ക്കുവാൻ മാത്രം പഠിച്ചിരിക്കുന്ന അധ്യാപകർ ഒരേ ദിശയിൽ സഞ്ചരിച്ച് ഒരേ ജ്ഞാന വ്യവസ്ഥയെയും രൂപങ്ങളെയും പകർത്തിയെഴുതുന്നവർ മാത്രമാകും. ഇതിന് പകർത്തെഴുത്തുകാർ മതി. അധ്യാപകർ തങ്ങളുടെ ചിന്താ ലോകത്ത് നേടിയെടുക്കുന്ന ആശയങ്ങൾ വിഷയത്തിലൂടെ കുട്ടികൾക്കു മുന്നിലെത്തിക്കണം. അധ്യാപക –വിദ്യാർഥി കൂട്ടത്തിന്റെ ആശയലോകങ്ങൾ ക്ലാസ് മുറികളിൽ വലിയ ബഹള സന്തോഷങ്ങൾ സൃഷ്ടിക്കുകയും വിദ്യാഭ്യാസ പ്രക്രിയയിൽ തങ്ങളുമാരൊക്കെയോ ആണെന്ന ബോധ്യം വിദ്യാർഥികൾക്കുണ്ടാകുകയും വേണം. ഇതു തന്നെയാണ് കോവിഡ് ലോകം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും. കൂട്ടായ പഠിക്കലിന്റെ / പഠിപ്പിക്കലിന്റെ സംസ്കാരം ക്ലാസ് മുറികളെ വിജ്ഞാനത്തിന്റെ അനുഭവ, രസ ലോകമാക്കിത്തീർക്കണം. പാഠം പഠിക്കൽ പരീക്ഷ എഴുതി ഒന്നാം റാങ്ക് വാങ്ങലല്ല, മറിച്ച് ഒന്നാം റാങ്കിലേക്ക് നമ്മോടൊപ്പം മററുള്ളവരെക്കൂടി കൂട്ടിക്കൊണ്ടു വരുന്നതിലാണെന്ന ബോധ്യം വിദ്യാർഥിക്ക് ഉണ്ടാക്കിക്കൊടുക്കണം. ഇതു തന്നെയല്ലേ കോവിഡ് ലോകാനുഭവങ്ങൾ കാട്ടിത്തരുന്നത്?

കോവിഡ് പുതിയ ആശയലോകത്തെ സൃഷ്ടിച്ച സാമൂഹിക പരീക്ഷണശാല കൂടിയാണെന്നത് അധ്യാപകർ തിരിച്ചറിയണം. ഒരേ ലാബിൽ വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾ / രീതികൾ മാറ്റേണ്ടതാണെന്ന ചിന്തകൾ ഒരു വിദ്യാർഥിക്കുണ്ടായാൽ തെറ്റുപറയാൻ പറ്റില്ല. കേട്ടു മടുത്ത സിദ്ധാന്തങ്ങളും ആശയങ്ങളും വിട്ട് കോവിഡ് കാലം നൽകിയ ഏകാന്തതയിൽ ചിലപ്പോൾ വ്യത്യസ്ത ചിന്തകൾ ഉണ്ടാക്കിയെടുത്ത വിദ്യാർഥികൾ ഇനി ക്ലാസ് മുറികളിലേക്ക് വന്നേക്കാം. അധ്യാപകൻ എന്ന ഏകാംഗ വിദഗ്ധനെ വിട്ട്, നെറ്റ്‌വർക്ക് വിജ്ഞാന ഭൂമിക നൽകിയ പുത്തനറിവുകൾ അവരെ കൂടുതൽ പ്രബുദ്ധരാക്കിത്തീർത്തിരിക്കാനും ഇടയുണ്ട്. പ്ലേഗ് കാലത്തെക്കുറിച്ച് ചരിത്ര ക്ലാസുകളിൽ കേട്ട് പരീക്ഷ എഴുതിയ വിദ്യാർഥി, സമ്പർക്ക വിലക്ക് (quarantine) അനുഭവിച്ച് ക്ലാസിൽ വന്നിരിക്കുമ്പോൾ മഹാമാരികളുടെ കാരണങ്ങൾ വിശദീകരിക്കുന്ന ചരിത്രാധ്യാപകനെ, പതിനാലാം നൂറ്റാണ്ടിലെ മനുഷ്യരുടെ ലോകാനുഭവത്തിലൂടെയായിരിക്കും നോക്കിക്കാണുന്നത്. തന്റെ മുമ്പിലിരിക്കുന്ന വിദ്യാർഥി ഈ അനുഭവവിജ്ഞാന ശക്തിയുള്ള ഒരാളാണെന്ന ബോധമില്ലാത്ത ചരിത്ര അധ്യാപകൻ പഠിപ്പിക്കുന്നത് മറ്റാരോ എഴുതി വച്ചിരിക്കുന്നത് മാത്രമാകും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് ഇത്തരത്തിലുള്ള ക്ലാസ്സുകൾ മരണത്തിന്റെ കണക്കെടുപ്പു ചരിത്രം മാത്രമായിരിക്കും എന്നു മാത്രമല്ല, ചരിത്രാധ്യാപകൻ ഒരു കണക്കെടുപ്പു വിദഗ്ധൻ മാത്രമായി പരാജയപ്പെടുകയും ചെയ്യും.

ക്വാറന്റീൻ നൽകിയ ഏകാന്ത ജീവിതത്തിൽ പുതിയ ആശയലോകത്തെ കണ്ടെത്തിയ ഐൻസ്റ്റീനും റൂസ്സോയുമൊക്കെ വിദ്യാർഥികൾക്ക് കൂട്ടുണ്ട്. വിപ്ളവകരമായ ചിന്തകളും ആശയങ്ങളും  കോവിഡനന്തര ക്ലാസ് മുറികളിലെത്താൻ സാധ്യതയുണ്ട്. അതൊക്കെ അഭിമുഖീകരിക്കാനും കണ്ടെത്താനും അധ്യാപകർക്ക് കടമയുണ്ട്. മാക്സ് പ്ലാങ്ക് തന്റെ ആത്മകഥയായ സയന്റിഫിക് ഓട്ടോബയോഗ്രഫിയിൽ പറയുന്നതു പോലെ പുതിയ ആശയങ്ങൾ  അവതരിപ്പിക്കപ്പെടുന്ന കാലത്ത് പരാജയപ്പെട്ടാലും ഭാവിയിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്. ഈ തിരിച്ചറിവ് അധ്യാപകർക്കുണ്ടാകണം. കൊറോണ കാലത്ത് വരച്ച ചിത്രവും കഥയും കവിതയും ഡയറിക്കുറിപ്പുകളും വിദ്യാർഥികൾ അവതരിപ്പിക്കട്ടെ. ഒരു വാൻഗോഗും എംടിയും ബൊക്കാഷിയോയുമൊക്കെ അതിലുണ്ടാവാം. തങ്ങളുടെ വിദ്യാർഥികൾ കോവിഡ് കാലത്ത് സൃഷ്ടിച്ചെടുത്ത പാഠങ്ങൾ കൂടി പാഠ്യപദ്ധതിയിലേക്ക് കടന്നു വരാൻ തക്ക മാനസിക ഉയർച്ചയുള്ളവരായിരിക്കണം അധ്യാപകർ. കോവിഡനന്തര കാലത്ത് വ്യത്യസ്ത ഭാവനകളെ ഇതൾ വിടർത്തി ശാസ്ത്രജ്ഞൻമാരെയും ഡോക്ടർമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും സൃഷ്ടിക്കുന്ന സാധാരണ സംസ്കാരത്തെയല്ല, മറിച്ച് തങ്ങളുടെ മേഖലയിൽ ശോഭിക്കാൻ പറ്റുമെന്നു കാട്ടിത്തന്ന പ്രതിഭകളെ വളർത്തിയെടുക്കാനാണ് അധ്യാപകർ ശ്രദ്ധിക്കേണ്ടത്. കോവിഡ് നൽകുന്ന ഒരു പാഠമാണിത്.

കരുണയാണ് മാനവ സംസ്കാരത്തിലെ ഏറ്റവും വലിയ മൂല്യമെന്ന് കോവിഡ് വീണ്ടു മനുഷ്യകുലത്തെ കാട്ടിത്തന്നു. കരുണ മറ്റുള്ളവരോടുള്ള കരുതലും സ്നേഹവുമാണ്. കോവിഡനന്തര ക്ലാസ് മുറികളിലും വിദ്യാലയങ്ങളുടെ മുക്കിലും മൂലയിലും പ്രസരിക്കേണ്ട വികാരമാണത്. കരുണയോടു കൂടിയുള്ളു ഒരു നോട്ടം മതി ദുരിതമനുഭവിക്കുന്നവർക്കാശ്വാസമേകാൻ. ക്ലാസ് മുറികൾ ഇനി ഇതിന്റെ വിളനിലമാകണം. തന്റെ മുമ്പിലിരിക്കുന്ന വിദ്യാർഥികളെ തന്റെ ഉറ്റവരായി കാണേണ്ടതുണ്ട്. ക്ലാസ് മുറികളിൽ തന്റെ അധ്യാപകരുടെ ഒരു നോട്ടത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികളുണ്ട്. മുൻനിരയിൽ ഇരിക്കുന്ന പഠിപ്പിസ്റ്റുകളെ മാത്രം നോക്കി ക്ലാസെടുത്തു പോകുന്ന അധ്യാപകർ ധാരാളമുണ്ട്. അവർക്ക് പിന്നിലായിരിക്കുന്ന വിദ്യാർഥിയെ നിങ്ങൾ ഇനി കാണാതെ പോയാൽ ഈ കോവിഡ് അനുഭവ ലോകത്തുനിന്ന് നിങ്ങൾ ഒന്നും പഠിച്ചില്ല എന്നു തന്നെയാണർഥം. ഒരു വർഷം പിജി ക്ലാസിലെ ഒരു വിദ്യാർഥി അധ്യാപകരുടെ ഒരു നോട്ടത്തിനായി ആഗ്രഹിച്ചിരുന്ന കാര്യം പങ്കുവച്ചത് ഓർമയിൽ വരുന്നു. കോവിഡ് ഏൽപിച്ച ദുരന്താനുഭവങ്ങളിൽനിന്നു വിടുതൽ നേടാൻ തന്റെ പ്രിയ അധ്യാപകരുടെ കരുണാപൂർവമുള്ള ഒരു നോട്ടത്തിനും സാധിക്കുമെന്നോർക്കണം. അതിനു വേണ്ടി നീണ്ട കൗൺസലിങ് നടത്താൻ സാധിച്ചില്ലെങ്കിലും, ക്ലാസ് മുറിയിലെ ഒരു നോട്ടം അവരുടെ മുറിവുണക്കാൻ ഉപകരിക്കും.

ആരോഗ്യ സംസ്കാരത്തെ വളർത്തിയെടുക്കേണ്ട ഇടങ്ങളാണ് സ്കൂൾ/കോളജ് ക്യാംപസുകൾ. ഉത്തരവാദിത്തത്തോടു കൂടിയുള്ള ശാരീരിക അകലം വൈറസിനെ തോൽപിക്കാൻ വേണ്ടിയുള്ളതു മാത്രമാണ്. ഹൃദയൈക്യത്തിലും ഈ സുരക്ഷാ അകലം പാലിച്ചുവേണം അടിച്ചു പൊളികൾ നടത്താൻ. ക്ലാസ് മുറികളിലും മൈതാനങ്ങളിലും കാന്റീനുകളിലും ക്യാംപസിലെ മറ്റിരിപ്പിടങ്ങളിലും സ്നേഹിതരുടെ ആരോഗ്യത്തിന് മൂൻതൂക്കം കൊടുത്തുകൊണ്ട് പെരുമാറുവാൻ അധ്യാപകരും വിദ്യാർഥികളും ശ്രമിക്കണം. ഈ സംസ്കാരം സമൂഹത്തിനാകമാനം ഗുണവത്താകുമെന്നതിൽ സംശയമില്ല. വൈറസിനെ ചെറുക്കുന്ന പോരാളികൾ പുത്തൻ ആരോഗ്യ സംസ്കാരത്തെ ക്യാംപസുകളിൽ സൃഷ്ടിച്ചെടുക്കണം. സ്കൂൾ ക്യാംപസ് വിട്ട് കോളജ് ക്യാംപസിലെത്തുന്ന ആരോഗ്യ സംസ്കാരം ആയി ഇതു പരിണമിക്കുക മാത്രമല്ല, സമൂഹത്തിലേക്കു പ്രസരണം ചെയ്യപ്പെടുകയും ചെയ്യും.

റിപ്പബ്ലിക്കിൽ പ്ലേറ്റോ വിശദീകരിക്കുന്ന ഗുഹയിലെ തടവുകാരായി മാറേണ്ടവരല്ല അധ്യാപകരും വിദ്യാർഥികളും. കൈകാലുകൾ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ഇടത്തോട്ടോ വലത്തോട്ടോ നോക്കാൻ പറ്റാതെ തൊട്ടു മുന്നിലെ ഭിത്തിയിൽ കാണുന്ന പ്രതിച്ഛായകളെ യഥാർഥ വസ്തുക്കളായിക്കണ്ട തടവുകാരെപ്പോലെ ആകരുത് വിദ്യാർഥികൾ. അവരെ വിശാലമായ സാമൂഹിക- പാരിസ്ഥിതിക ലോകത്തെ മനസ്സിലാക്കുവാൻ പ്രാപ്തിയുള്ളവരാക്കി മാറ്റണം. കോവിഡിനു മുമ്പു കണ്ട ക്യാംപസുകളിൽ തുറന്ന സ്ഥലങ്ങളിൽ ‘ഗുഹാ ജീവിതം’ നടത്തിയിരുന്ന അധ്യാപക-വിദ്യാർഥി സമൂഹം അവർക്കു മുന്നിൽ തുറന്നു കിടക്കുന്ന ക്യാംപസുകളെ കണ്ടെത്തണം. ക്യാംപസ് മുഴുവൻ പഠന ഇടങ്ങളാക്കി മാറ്റുവാൻ അധ്യാപക –വിദ്യാർഥി കൂട്ടായ്മയ്ക്കു സാധിക്കണം. ഈ രീതിയിലുള്ള ഹോളിസ്റ്റിക് അക്കാദമിക അന്തരീക്ഷത്തിനു മാത്രമേ കൂട്ടായ്മബോധം ഉണ്ടാക്കി എടുക്കുവാൻ സാധിക്കൂ. സ്കൂൾ– കോളജ് ക്യാംപസുകൾ ആരോഗ്യ സംരക്ഷണത്തിലെ നെറ്റ്‌വർക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറണം. അറ്റൻഡൻസ് റജിസ്റ്ററുകളിലെ വെറും നമ്പറുകളല്ല വിദ്യാർഥികൾ എന്ന തിരിച്ചറിവ്, അറ്റൻഡൻസ് കൃത്യമായി എടുക്കുവാൻ പറ്റാത്ത കോവിഡ് കാലം അധ്യാപകരെ ഓർമിപ്പിക്കട്ടെ.

English Summary : how class room will Change post covid 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA