ADVERTISEMENT

മഹാമനുഷ്യരുടെ ജീവിതകഥകൾ നമ്മെ പുളകം കൊള്ളിക്കാറുണ്ട്. വിസ്മയിപ്പിക്കുന്ന അത്യുന്നതസ്ഥാനങ്ങളിൽ അവരെല്ലാം എങ്ങനെ എത്തിച്ചേർന്നുവെന്ന് മിക്കപ്പോഴും നാം ചിന്തിക്കാറില്ല. പ്രതിസന്ധികളിൽ തളരാതിരിക്കുക, സ്വന്തം ദൗർബല്യങ്ങളെ മനോബലംകൊണ്ട് ശക്തിസ്രോതസ്സുകളാക്കി പരിവർത്തനം ചെയ്യുക, തിരിച്ചടികളു ണ്ടാകുമ്പോൾ മനംമടുത്തു പിൻതിരിയാതിരിക്കുക, മഹത്തായ ലക്ഷ്യങ്ങൾ മുന്നിൽവച്ച് സ്ഥിരപരിശ്രമംവഴി അവ നേടിയെടുക്കുക, ഏതു ഘട്ടത്തിലും ആത്മവിശ്വാസത്തിൽ അടിയുറച്ചു നിൽക്കുക തുടങ്ങിയ പല ഗുണവിശേഷങ്ങളും അവർക്കുണ്ടായിരുന്നു. മഹച്ചരിതങ്ങൾ നമുക്കു പാഠപുസ്തകങ്ങളാകണം.

ആദ്യമായി നൊബേൽ സമ്മാനം നേടിയ വനിത, രണ്ടു ശാസ്ത്രവിഷയങ്ങളിൽ നൊബേൽ നേടിയ ഏകവനിത. മാഡം ക്യൂറിക്കു വിശേഷണങ്ങളേറെ. പത്താം വയസ്സിൽ അമ്മയുടെ മരണം കണ്ട മേരി ബാല്യത്തിൽ ദാരിദ്ര്യത്തിന്റെ കയ്പുനീർ ഏറെ കുടിച്ചു. 1903ലെ ഫിസിക്സ് നൊബേൽ സമ്മാനം ഭർത്താവ് പിയറി ക്യൂറി, ഹെൻറി ബെക്കറൽ എന്നിവരുമായിച്ച പങ്കിട്ടു. 1906–ൽ കുതിരവണ്ടിയിടിച്ചു പിയറി ക്യൂറി മരിച്ചു. ഊർജ്ജസ്വലയായി പ്രവർത്തിച്ച് അഞ്ചു വർഷത്തിനുശേഷം.കെമിസ്ട്രിയിലെ നൊബേൽ. (സയൻസിൽ രണ്ടു നൊബേൽ നേടിയവരായി John Bardeen, Frederick Sanger എന്നിവരുമുണ്ട്.)

ഇരുപതാം വയസ്സിലെ കണ്ടുപിടിത്തം രണ്ടു നൂറ്റാണ്ടോടടുത്തിട്ടും കോടിക്കണക്കിനാളുകൾ ലോകമെമ്പാടും പ്രയോജനപ്പെടുത്തുന്നു. 1829ൽ ലൂയി ബ്രെയിൽ വിഖ്യാതമായ വിശേഷലിപിക്കു രൂപം നൽകി. ലോകത്തിലെ നാലുകോടി അന്ധര്‍ക്ക് ഇന്നും ഇത് അനുഗ്രഹമായി തുടരുന്നു. ആറു വയസ്സിനകം ലൂയി തീർത്തും അന്ധനായി. പക്ഷേ ആത്മവിശ്വാസംവഴി മഹാവിജയം കൈവരിച്ചു. 

1770–ൽ ജർമ്മനിയിൽ ജനിച്ച ബീഥോവൻ. മുപ്പതു വയസ്സായപ്പോഴേക്കും കേൾക്കാനുള്ള കഴിവ് ഇല്ലാതായിരുന്നു. ഇരുപതു വയസ്സുമുതലുള്ള വിട്ടുമാറാത്ത വയറുവേദന. പൂർണമായും ബധിരനായതിനു ശേഷം അദ്ദഹം രചിച്ച ഒൻപതാമത്തെ സിംഫണി, വൈപുല്യം കൊണ്ടും ഉദാത്തമായ കലാമൂല്യം കൊണ്ടും സാങ്കേതികമികവു കൊണ്ടും സ്വരലയത്തിലെ മഹാവിസ്മയമായി.

ശ്രീനിവാസ രാമാനുജൻ (1887 – 1920) തമിഴ്നാട്ടിലെ ദരിദ്രകുടുംബത്തിൽ ജനിച്ചു. സ്കൂൾഫീസിനു പോലും കഷ്ടപ്പെട്ടിരുന്നു. പ്ലസ്ടൂ‌തലം വരെ മാത്രം പഠിക്കാൻ കഴിഞ്ഞ യുവാവ് ഗണിതത്തിൽ സ്വയം ഗവേഷണം നടത്തി. കേംബ്രിജ് സർവകലാശാലയിലെ പ്രശസ്തഗണിതജ്ഞൻ ജി. എച്ച്. ഹാർഡിക്ക് രാമാനുജൻ ‌കണ്ടെത്തലുകളിൽ ചിലത് അയച്ചുകൊടുത്തു. ഗണിതപ്രഫസർമാർ ഈ ഇന്ത്യൻ യുവാവിന്റെ സിദ്ധിയിൽ വിസ്മയിച്ചു. 32 വയസ്സിൽ അന്തരിച്ചത് ഗണിതശാസ്ത്രത്തിന്റെ നഷ്ടം.

b-s-warrier-motivational-column-srinivasa-ramanujan-indian-mathematician
ശ്രീനിവാസ രാമാനുജൻ

കാർട്ടൂൺ കഥാപാത്രങ്ങളായ മിക്കി മൗസും ഡോനൾഡ് ഡക്കും വഴി ലോകജനതയെ രസിപ്പിച്ചു വിജയിച്ച അസാമാന്യ പ്രതിഭാശാലിയായിരുന്നു വാൾട്ട്  ഡിസ്നി (1901 – 1966).    16–ാം വയസ്സിൽ സ്കൂൾപഠനം നിർത്തേണ്ടിവന്നു. സർഗാത്മകതയില്ലെന്നു പറഞ്ഞ് ഒരു പത്രം പിരിച്ചയച്ചു. ഹോളിവുഡിലും പരാജയങ്ങളേറെ. പക്ഷേ ആനിമേഷൻ ചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, ‍ഡോക്യുമെന്ററികൾ, 22 ഒസ്കറുകൾ, മികച്ച സിനിമാ നിർമ്മാണക്കമ്പനി, അമ്യൂസ്മെന്റ് പാർക്കുകൾ, ഹാർവാർഡിലെയും യേലിലെയും അടക്കം ഓണററി ബിരുദങ്ങൾ – ഡിസ്നിയുടെ തൊപ്പിയിൽ‍ തൂവലുകൾ പലതുമെത്തി. 

മിന്നലിൽ വൈദ്യുതിയുണ്ടെന്ന് തെളിയിച്ച സാഹസികൻ. തത്ത്വശാസ്ത്രത്തിൽ പഠനം നടത്തി. ഫിലസോഫിക്കൽ സൊസൈറ്റി സ്ഥാപിച്ചു. ബഫോക്കൽ ലെൻസ്, ഇന്ധനലാഭമുള്ള സ്റ്റൗ, ഗ്ലാസ് ആർമോണിക്ക എന്ന സംഗീതോപകരണം തുടങ്ങിയ കണ്ടുപിടിത്തങ്ങൾ. അമേരിക്കൻ സ്വാതന്ത്ര‌്യപ്രഖ്യാപനവും ഭരണഘടനയും രചിക്കുന്നതിൽ പങ്കെടുത്ത് ആ രാജ്യത്തിന്റെ സ്ഥാപകപിതാക്കളിൽ ഒരാൾ എന്ന സ്ഥാനം. ഈ ബഹുമുഖവൈഭവം കാഴ്ചവച്ചത് ബഞ്ചമിൻ ‌ഫ്രാങ്ക്ളിൻ (1706 – 1790). സോപ്പും മെഴുതിരിയുമുണ്ടാക്കി കഴിഞ്ഞിരുന്ന ജോസയ്യയുടെ 15–ാം സന്തതി. ‘Early to bed and early to rise, makes a man healthy, wealthy and wise’ എന്ന പ്രശസ്തവരി ഫ്രാങ്ക്ളിന്റേതാണ്.

നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളക്കമാർന്ന താരങ്ങളിലൊന്നാണ് 1825–ൽ മുംബൈയിലെ ദരിദ്രകുടുംബത്തിൽ ജനിച്ച ദാദാബായി നവറോജി. നാലാം വയസ്സിൽ അച്ഛൻ മര‌ിച്ചു. അമ്മ വളർത്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാരനായ എ.ഒ.ഹ്യൂമിനോടൊപ്പം സജീവമായി പ്രയത്നിച്ച ‘ഗ്രാൻഡ് ഓൾഡ് മാൻ ഓഫ് ഇന്ത്യ’. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ. അച്ഛനി ല്ലാത്ത ദരിദ്രബാലൻ വളർന്ന് ദേശീയസ്വാതന്ത്ര്യസമ്പാദനത്തിൽ ധീരമായി പങ്കെടുത്തു വിജയിച്ചതു ചരിത്രം. 

b-s-warrier-motivational-column-marie-curie-polish-french-physicistb-s-warrier-motivational-column-marie-curie-polish-french-physicist
വിൽമാ റുഡോൾഫ്

റെയിൽവേ പോർട്ടറായ അച്ഛന്റെ 22 കുട്ടികളിൽ 20–ാമത്തേത്. ദരിദ്രകുടുംബത്തിൽ മാസംതികയാതെ പിറന്നവൾ. നാലു വയസ്സിൽ പോളിയോ ബാധിച്ച്. എട്ടു വയസ്സുവരെ കാൽ ബ്രെയ്സ് വച്ചു ബലപ്പെടുത്തേണ്ടിവന്നു. ഒരൊറ്റ ഒളിമ്പിക്സിൽ മൂന്നു മെഡലുകൾ നേടുന്ന ആദ്യ അമേരിക്കൻ വനിതയായി ഇവൾ മാറി. 1940–ൽ ജനിച്ച വിൽമാ റുഡോൾഫ്.

ലിയണാർഡോ  ഡാവിഞ്ചി (1452 – 1519). ഏതാണ്ട് 500 വർഷം മുൻപ് മൺമറഞ്ഞ ഇറ്റാലിയൻ ചിത്രകാരന്റെ പേർ ലോകമെമ്പാടും വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നു. അദ്ദേഹം രചിച്ച  മോണാലിസ എന്ന‌ വനിതയുടെ പുഞ്ച‌ിരിയുടെ രഹസ്യം ഇന്നും ഉത്തരം കണ്ടെത്താനാവത്ത സമസ്യ. ‘അവസാനത്തെ അത്താഴം’ എന്ന പെയിന്റിങ് കലാരംഗത്തെ നിത്യവിസ‌്മയമായി തുടരുന്നു.

മലമ്പനി പരത്തുന്നത് കൊതുകാണെന്നു കണ്ടുപിടിച്ചത് 1857ൽ ഇന്ത്യയിലെ അൽമോറയിൽ ബ്രിട്ടീഷ് പട്ടാള ഓഫീസറുടെ മകനായി ജനിച്ച റോണൾഡ് റോസ്. ഏറെ കഷ്ടപ്പാടുകൾ സഹിച്ച സാഹസികൻ. 1902ൽ വൈദ്യശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടി. നമ്മുടെ ടോഗോർ സാഹിത്യനൊബേൽ നേടുന്നതിന് 11 വർഷം മുൻപ്.

ഇവയെല്ലാം വലിയ ജീവിതങ്ങളെപ്പറ്റി ചെറിയ സൂചനകൾ മാത്രം. മനുഷ്യപ്രയത്നത്തിന്റെ മഹിമയും മഹാവിജയങ്ങളുംവഴി നമ്മെ കോരിത്തരിപ്പിക്കുകയും ആവേശകരമായ പ്രവൃത്തിക്കു പ്രചോദനം നൽകുകയും ചെയ്യുന്ന ആത്മകഥകൾ നാം വായിച്ചു മനസ്സിലാക്കണം. ഏതാനും പ്രശസ്തകൃതികൾ മാതൃകയ്ക്ക് താഴെക്കൊടുക്കുന്നു.

ചാൾസ് ഡാർവിന്റെയും ബഞ്ചമിൻ ഫ്രാങ്ക്‌ളിന്റെയും മാർക് ട്വെയിന്റെയും ആത്മകഥകൾ,  റൂസ്സോയുടെ ‘കൺഫെഷൻസ്’, ഹെലൻ കെല്ലറുടെ ‘ദ് സ്‌റ്റോറി ഓഫ് മൈ ലൈഫ്’, ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’,   മാക്‌സിം ഗോർക്കിയുടെ ‘എന്റെ  കുട്ടിക്കാലം’, വിൻസ്‌റ്റന്റ് ചർച്ചിലിന്റെ ‘മൈ ഏർലി ലൈഫ്’, ആൽബെർട് ഷ്വൈറ്റ്‌സറുടെ ‘ഔട്ട് ഓഫ്‌ മൈ ലൈഫ് ആൻഡ് തോട്ട്’,  ഫിഡൽ കാസ്‌ട്രോയുടെ ‘മൈ ലൈഫ്– ഏ സ്‌പോക്കൺ  ഓട്ടോബയോഗ്രഫി’, കെപിഎസ് മേനോന്റെ ‘മെനി വേൾഡ്‌സ്’, എപിജെ അബ്‌ദുൽ കലാമിന്റെ ‘വിങ്‌സ് ഓഫ് ഫയർ’, പ്രശസ്‌ത വയലിനിസ്‌റ്റായ യഹൂദി മെനൂയിന്റെ ‘അൺഫിനിഷ്‌ഡ് ജേർണി: ട്വെന്റി ഇയേഴ്‌സ് ലേറ്റർ’, വേർഡ്‌സ് വർത്തിന്റെ ‘ദ് പ്രെല്യൂഡ്’, ഷാൻ പാൾ സാർത്രെയുടെ ‘ദ് വേർഡ്‌സ്’, ഗോയ്‌ഥേയുടെ ‘ദ് ട്രൂത്ത് ആൻഡ് ഫിക്‌ഷൻ റിലേറ്റഡ് ടു മൈ ലൈഫ്’.

കഴിഞ്ഞ കാലം – കെപി കേശവമേനോൻ, എന്റെ ജീവിതസ്‌മരണകൾ – മന്നത്തു പത്മനാഭൻ, ആത്മകഥ – ഇഎംഎസ്, എന്റെ നാടുകടത്തൽ– സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, ഓർമ്മയുടെ ഓളങ്ങളിൽ – ജി ശങ്കരക്കുറുപ്പ്, കണ്ണീരും കിനാവും – വി.ടി. ഭട്ടതിരിപ്പാട്, ജീവിതപ്പാത – ചെറുകാട്, ജീവിതസമരം – സി കേശവൻ, ജീവിതസ്‌മരണകൾ – കെസി മാമ്മൻ മാപ്പിള,  എട്ടാമത്തെ മോതിരം – കെഎം മാത്യു, തൂക്കുമരത്തിന്റെ നിഴലിൽ – സിഎ ബാലൻ, ആരോടും പരിഭവമില്ലാതെ – എംകെകെ നായർ.

ഇനിയുമുണ്ട് ആവേശം കൊള്ളിക്കുന്ന എത്രയോ ആത്മകഥകൾ! എത്രയോ ജീവചരിത്രങ്ങൾ !

Content Summary : B.S. Warrier Motivational Column - Great lives of motivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com