വിദേശത്തു പോയി ഡോക്ടറായി വരാം, എത്ര തുക മുടക്കണം? ഇതാ അറിയേണ്ടതെല്ലാം

HIGHLIGHTS
  • ഇന്ത്യയിൽ മാനേജ്മെന്റ് സീറ്റിനു മാത്രം 50 ലക്ഷം നൽകണം
  • ചൈന പോലുള്ള രാജ്യങ്ങളിൽ ശരാശരി 20–50 ലക്ഷമാണ് പഠന ചെലവ്
Study MBBS Course Abroad
Representative Image : Photo Credit: ESB Professional / Shutterstock
SHARE

മെഡിക്കൽ പഠനത്തിന് വിദേശ രാജ്യങ്ങളിലേക്കു പറക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ ഓരോ വർഷവും വർധിച്ചു വരികയാണ്. നല്ല സാമ്പത്തിക ശേഷിയുള്ളവർ യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള, വലിയ സാമ്പത്തികസ്ഥിതിയില്ലാത്ത കുട്ടികൾ റഷ്യ, ചൈന, യുക്രെയ്ൻ, ഫിലിപ്പീൻസ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കു ടിക്കറ്റെടുക്കും. അതേസമയം കേരളത്തിൽ നിന്നുള്ള ബഹുഭൂരിപക്ഷം വിദ്യാർഥികളുടെയും മെഡിക്കൽ പഠനത്തിനുള്ള ഇഷ്ട കേന്ദ്രമായി മാറുകയാണ് ചൈന. 

എന്തുകൊണ്ട് വിദേശത്തേക്ക്?

ഇന്ത്യയിൽ എംബിബിഎസ് പഠനത്തിനായി ആകെയുള്ള സീറ്റുകൾ ഏകദേശം 83,000 ആണ്. എന്നാൽ ഇന്ത്യയിൽ ഈ വർഷത്തെ നീറ്റ് അപേക്ഷകരുടെ എണ്ണമാകട്ടെ 16 ലക്ഷവും. അതായത് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്കു മാത്രമാണ് ഇന്ത്യയിൽ മെഡിക്കൽ പഠനത്തിന് അവസരം. മാർക്ക് കുറഞ്ഞവർക്ക് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും ഇതിനായി  മുടക്കേണ്ടത് വൻ തുകയാണ്.  ഇന്ത്യയിൽ മാനേജ്മെന്റ് സീറ്റിനു മാത്രം 50 ലക്ഷം നൽകേണ്ടി വരുമ്പോൾ കോഴ്സു കഴിഞ്ഞ് ഒരാൾ പുറത്തുവരുമ്പോൾ കോടികൾ ചെലവായിട്ടുണ്ടാകും. ഇനി എംബിബിഎസ് തന്നെ വേണമെന്നു ലക്ഷ്യംവയ്ക്കുന്നവരാണെങ്കിൽ അടുത്ത വർഷം നീറ്റ് പരീക്ഷ വീണ്ടും എഴുതണം. അതിനായുള്ള പരിശീലനം, വർഷം നഷ്ടമാകൽ, പഠന ചെലവുകൾ... ഈ തുകയുണ്ടെങ്കിൽ വിദേശത്തു പോയി ഡോക്ടറായി തിരിച്ചുവരാം എന്നതാണ് വിദേശങ്ങളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം. 

വിദേശ പഠനം എങ്ങനെ? 

നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ, സർവകലാശാല ആവശ്യപ്പെടുന്ന യോഗ്യതയുള്ള ആർക്കും വിദേശത്ത് എംബിബിഎസ് പഠിക്കാം. ചൈന പോലുള്ള രാജ്യങ്ങളിലാണെങ്കിൽ ശരാശരി 20–50 ലക്ഷമാണ് എംബിബിഎസ് പഠനം പൂർത്തിയാക്കാൻ ഒരു വിദ്യാർഥിക്കു ചെലവു വരിക. സർവകലാശാലകൾ,  രാജ്യങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഇതിൽ മാറ്റം വരാം. ദേശീയ മെഡിക്കൽ കൗൺസിൽ (എൻഎംസി) അംഗീകരിച്ച  സർവകലാശാലകളിലാണ് വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം. ഇംഗ്ലിഷ് പഠനമാധ്യമമായിട്ടുള്ള സർവകലാശാലകൾക്കാണ് എംഎൻസി അംഗീകാരം നൽകുന്നത്. 

വിദേശ സർവകലാശാലകളിൽ ഭൂരിഭാഗവും സർവകലാശാലകളുടെ റാങ്കിങ്ങിൽ ആദ്യ 100ൽ വരുന്നവയാണ്. ഇതിൽ ഇന്ത്യയിൽ നിന്നുള്ളതാകട്ടെ ഒന്നോ രണ്ടോ സ്ഥാപനങ്ങൾ മാത്രം. ഇന്ത്യയിലെ പഠനസൗകര്യങ്ങൾ വച്ചു നോക്കുമ്പോൾ വളരെ  മികച്ച സൗകര്യങ്ങളാണ് വിദേശത്തെ സർവകലാശാലകളിലുള്ളതെന്ന് അവിടെ പഠിച്ചിറങ്ങിയ വിദ്യാർഥികളും ശരിവയ്ക്കുന്നു. അനാട്ടമി പഠിപ്പിക്കാനായി മൃതദേഹമില്ലാതെ മെഡിക്കൽ കോളജുകൾ കാത്തിരിക്കുന്നത് ഇന്ത്യയിൽ വാർത്തയാകുമ്പോൾ വിദേശങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സർവകലാശാലകളിൽ മികച്ച അധ്യാപകരാണ് ക്ലാസെടുക്കുന്നത് എന്നതും വിദേശ സർവകലാശാലകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നു. മാത്രമല്ല, പഠനത്തിനായി വായ്പയും സർവകലാശാലകൾ നൽകുന്ന സ്കോളർഷിപ്പുകളും ലഭ്യമാണ്. 

ഇഷ്ടരാജ്യം ചൈന

വിവിധ രാജ്യങ്ങളിൽ നിന്നായി 5 ലക്ഷത്തിലധികം വിദേശികൾ ചൈനയിലെ സർവകലാശാലകളിൽ പഠിക്കുന്നുണ്ടെന്നാണു കണക്ക്.  ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം 23,000 ഇന്ത്യൻ വിദ്യാർഥികൾ ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്നുണ്ട്. ഇതിൽ കേരളത്തിൽ നിന്ന് ഏകദേശം മൂവായിരത്തോളം പേരുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മെഡിക്കൽ പഠനത്തെ അപേക്ഷിച്ച് ചൈനയിൽ ചെലവ് കുറവാണ് എന്നതാണ് ചൈനയിലേക്ക് മെഡിക്കൽ വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം.  

മെഡിക്കൽ യൂണിവേഴ്സിറ്റികൾ ധാരാളമുള്ള രാജ്യം കൂടിയാണ് ചൈന. 5 വർഷത്തെ കോഴ്സും ഒരു വർഷത്തെ ഇന്റേൺഷിപ്പും ഉൾപ്പെടെ 6 വർഷമാണ് ചൈനയിലെ മെഡിക്കൽ കോഴ്സ്. ചൈനയിൽ ഇരുന്നൂറോളം സർവകലാശാലകളുണ്ടെങ്കിലും ദേശീയ മെഡിക്കൽ കൗൺസിൽ (എൻഎംസി) അംഗീകരിച്ച 45 സർവകലാശാലകളിലാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം. ഈ സർവകലാശാലകളെല്ലാം ഇന്ത്യയിലുള്ള മെഡിക്കൽ കോളജുകളേക്കാൾ ലോക റാങ്കിങ്ങിൽ മുൻനിരയിലാണെന്നും വിദ്യാർഥികൾ അവകാശപ്പെടുന്നു. കൂടാതെ, ഇന്ത്യയിലെ അംഗീകൃത സിലബസാണ് ചൈനയിൽ പഠിപ്പിക്കുന്നത്. ടെക്സ്റ്റ് ബുക്കുകൾ എല്ലാം ഇന്ത്യയിൽ നിന്നാണ് വാങ്ങുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.

നീറ്റ് പാസായ, പ്ലസ് ടുവിന് 80 ശതമാനമോ അതിലധികമോ മാർക്കുള്ളവർക്കാണ് ചൈനയിലെ മെഡിക്കൽ സർവകലാശാലകളിൽ  പ്രവേശനം ലഭിക്കുക. ഏജൻസികൾ വഴിയാണ് ഇവർ പ്രവേശനത്തിനായി അപേക്ഷിക്കുന്നത്. 35– 50 ലക്ഷം വരെയാണ് 5  വർഷത്തെ കോഴ്സു പൂർത്തിയാക്കി തിരിച്ചു വരാനുള്ള ഏകദേശ ചെലവ്. സർവകലാശാലകൾക്കനുസരിച്ച് ഫീസിലും വ്യത്യാസമുണ്ട്. മറ്റു രാജ്യങ്ങളിലെ പോലെ ചൈനയിൽ പഠനം കഴിഞ്ഞാൽ റസിഡൻഷ്യൽ വീസ ലഭിക്കുക അത്ര എളുപ്പമല്ലാത്തതിനാൽ ഭൂരിഭാഗം പേരും ഇന്ത്യയിലേക്കു തിരിച്ചുപോരുകയാണു പതിവ്. യുക്രെയിൻ, റഷ്യ, ഫിലിപ്പീൻസ്, ജോർജിയ എന്നിവയാണ് കുറഞ്ഞ ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം തേടുന്നവരുടെ മറ്റ് ഇഷ്ട ഇടങ്ങൾ. 

തിരിച്ചു ചെല്ലാറായില്ലെന്നു ചൈന

നാട്ടിലേക്ക് കോവിഡും കൊണ്ടു വന്നവർ എന്ന പേരുദോഷം കേട്ടവരാണ് ചൈനയിൽ മെഡിക്കൽ കോഴ്സുകൾ ഉൾപ്പെടെ വിവിധ കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികൾ. ഇപ്പോൾ കോവിഡിനു ശേഷം ലോകം എല്ലാ വാതിലുകളും തുറന്നു കൊടുക്കാനൊരുങ്ങുമ്പോൾ ഇവർക്കു മാത്രം തിരിച്ചുപോകാനാകുന്നില്ല.  ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രമാണ് നിലവിൽ ചൈന പ്രവേശനത്തിന് അനുമതി കൊടുക്കുന്നത്. അതിനാൽ ലാബ്, ക്ലിനിക്കൽ ക്ലാസുകൾ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്  ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്ന അവസാന വർഷ വിദ്യാർഥികൾ.

കഴിഞ്ഞ വർഷം ജനുവരിയിൽ കോവിഡ് വ്യാപനം തുടങ്ങിയതോടെ ഇന്ത്യയിലെത്തിയതാണിവർ. അതിനു ശേഷം ഇതുവരെയും ഇവർക്കു യൂണിവേഴ്സിറ്റികളിലേക്കു തിരിച്ചു പോകാനായിട്ടില്ല.  ഇതിൽ രണ്ടാംവർഷ വിദ്യാർഥികൾ മുതൽ അവസാന വർഷ വിദ്യാർഥികൾ വരെയുണ്ട്. ക്ലാസുകളെല്ലാം മുടക്കമില്ലാതെ ഓൺലൈനായി നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകളില്ലാത്തതാണ് ഇവർക്കു പ്രയാസമുണ്ടാക്കുന്നത്. നാലാം വർഷ, അവസാന വർഷ വിദ്യാർഥികളാകട്ടെ പ്രാക്ടിക്കൽ ക്ലാസുകൾ ലഭിക്കാതെ എങ്ങനെ പരീക്ഷയെഴുതുമെന്ന ആശങ്കയിലാണ്. പ്രാക്ടിക്കലും ഇന്റേൺഷിപ്പും പൂർത്തിയാക്കിയാൽ മാത്രമേ ഇവർക്കു ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ചൈന പ്രവേശനം അനുവദിക്കുന്നതു വരെ  ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ടു പോകാനാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിദ്യാർഥികളോട് നിർദേശിച്ചിട്ടുള്ളത്. 

താൽപര്യമുള്ളവർക്ക് നാട്ടിൽ തന്നെ പ്രാക്ടിക്കൽ, ലാബ് പരിശീലനം തേടാമെന്ന് സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. അതിനാൽ പല വിദ്യാർഥികളും സ്വകാര്യ ആശുപത്രികളിൽ പ്രാക്ടിക്കൽ പരിചയത്തിനായി പോകുകയാണിപ്പോൾ. എന്നാൽ വിദ്യാർഥികൾക്ക് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ലാബ്, പ്രാക്ടിക്കൽ പരിശീലനത്തിനുള്ള സൗകര്യം നൽകണമെന്നാണ് വിദേശങ്ങളിൽ പഠിക്കുന്ന മെഡിക്കൽ‌ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പാരന്റ്സ് അസോസിയേഷന്റെ (എഫ്എംജിപിഎ) ആവശ്യം. ഇതു സംബന്ധിച്ച് സർക്കാരിനു നിവേദനവും നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ കടുത്ത വിവേചനം

വിദേശത്തു പഠനം പൂർത്തിയാക്കി ഇന്ത്യയിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഡോക്ടർമാർക്ക് ഇവിടെ നേരിടേണ്ടി വരുന്നത് കടുത്ത വിവേചനമാണ്. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ പാസാകുന്നവർക്കു മാത്രമേ ഇന്ത്യയിൽ താൽക്കാലിക റജിസ്ട്രേഷൻ ലഭിക്കൂ. പരീക്ഷ കഴിഞ്ഞാലും മാസങ്ങൾ കഴിഞ്ഞാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഇത് ഇവരുടെ ഉപരി പഠനത്തെയും ജോലി സാധ്യതകളെയും ബാധിക്കുന്നതായി വിദ്യാർഥികൾ പരാതിപ്പെടുന്നു. 

നീറ്റ്, ക്ലാറ്റ് തുടങ്ങി ഇന്ത്യയിൽ നടത്തുന്ന സുപ്രധാന പരീക്ഷകളേക്കാളും ഇരട്ടിയാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയ്ക്കുള്ള ഫീസ്. പരീക്ഷയാണെങ്കിൽ കടുകട്ടി. വിജയശതമാനം പലപ്പോഴും 20– 37 ശതമാനമോ അതിൽ താഴെയോ ആണ്. 17,000 പേർ പരീക്ഷ എഴുതിയാൽ പാസാകുന്നത് ഏകദേശം 5000 ൽ താഴെ ആളുകൾ മാത്രം. ഈ പരീക്ഷയ്ക്കു പ്രത്യേക സിലബസില്ലെന്നു മാത്രമല്ല പരീക്ഷയ്ക്കു ശേഷം ഉത്തരസൂചിക പോലും പ്രസിദ്ധീകരിക്കാറില്ലെന്നു ഡോക്ടർമാർ പറയുന്നു. താൽക്കാലിക റജിസ്ട്രേഷൻ ലഭിച്ചാലാണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനാകുക.

വിദേശത്തു പഠിച്ച്  ഇന്റേൺഷിപ്പും പൂർത്തിയാക്കി വരുന്നയാൾ ഇന്ത്യയിൽ ഇന്റേൺഷിപ് ചെയ്യേണ്ടതില്ലെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ നിർദേശം  പാലിക്കപ്പെടുമ്പോൾ കേരളത്തിൽ ഇതു ബാധകമല്ല. വിദേശത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയാലും  റജിസ്ട്രേഷൻ ലഭിക്കാൻ കേരളത്തിൽ ഇന്റേൺഷിപ് പൂർത്തിയാക്കണമെന്നാണ് ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ നിലപാട്. മറ്റെല്ലാ സംസ്ഥാനങ്ങളും മെഡിക്കൽ കമ്മിഷൻ തീരുമാനം നടപ്പാക്കുമ്പോൾ കേരളത്തിന്റെ വിരുദ്ധ നിലപാട് വട്ടം ചുറ്റിക്കുന്നതു വിദ്യാർഥികളെയാണ്. ആറു വർഷം നീണ്ട പഠനം പൂർത്തിയാക്കി തിരിച്ചു വന്നാൽ റജിസ്ട്രേഷന് പിന്നെയും 3 വർഷമെടുക്കുന്ന അവസ്ഥ. 

അപേക്ഷ നൽകി രണ്ടും മൂന്നും വർഷം കഴിഞ്ഞാണ് പലർക്കും ഇന്റേൺഷിപ്പിന് അവസരം ലഭിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധയ്ക്കുള്ള കാലതാമസം, ഒഴിവില്ല തുടങ്ങിയ കാരണങ്ങളാണ് ഇതിനായി അധികൃതർ നിരത്തുന്നത്. മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ആശുപത്രികളിലാണ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം. വളരെ കുറച്ചു ആശുപത്രികൾ മാത്രമേ ഈ ലിസ്റ്റിലുള്ളൂ. അതിനാൽ ഒഴിവില്ലെന്നു പറഞ്ഞു ഒഴിവാക്കുകയാണ് അധികൃതരെന്ന് വിദ്യാർഥികൾ  ആരോപിക്കുന്നു. മാത്രമല്ല, കേരളത്തിൽ പഠിക്കുന്ന കുട്ടി സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ് പൂർത്തിയാക്കുമ്പോൾ വിദേശത്തു നിന്നു പഠനം പൂർത്തിയാക്കി വരുന്നവർ ഇന്റേൺഷിപ്പിനായി കെട്ടിവയ്ക്കേണ്ടത്  1,20,000 രൂപ. മാത്രമല്ല, പരിശീലന സമയത്ത് ഒരു രൂപ പോലും പ്രതിഫലമില്ല. ഈ കടമ്പകളെല്ലാം കടന്നാൽ മാത്രമേ ഇവർക്കു സംസ്ഥാനത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള അനുമതി ലഭിക്കൂ.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും റജിസ്ട്രേഷൻ നടപടിക്രമങ്ങൾ പലവിധത്തിലാണെന്നും ഇതെല്ലാം ഏകീകരിക്കേണ്ട സമയമായെന്നും ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പ്രാക്ടീഷ്നേഴ്സ് സംഘടന പറയുന്നു. ‘‘വളരെ കാലമായിവിവേചനം തുടരുന്നുണ്ട് സർക്കാരിന്റെയും മെഡിക്കൽ കൗൺസിലിന്റെയും ഭാഗത്തു നിന്ന് വിദ്യാർഥികൾക്ക് അനുകൂലമായ നപടികൾ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു.’’ –എറണാകുളം ലൂർദ്ദ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻഡ്രോളജി വിഭാഗത്തിലെ സീനിയിൽ മെഡിക്കൽ ഓഫിസറും ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പ്രാക്ടീഷ്നേഴ്സ് സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായ ഡോ. സഞ്ജയ് മുകുന്ദൻ െപറയുന്നു. 10 വർഷം മുൻപു വരെ നടപടിക്രമങ്ങൾ ഇത്രയും സങ്കീർണമല്ലായിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ  വിവേചനങ്ങൾ ഒഴിവാക്കാനുള്ള  നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

അന്യനാട്ടിൽ പോയി അഞ്ചും ആറും വർഷം കഷ്ടപ്പെട്ടു പഠിച്ചു തന്നെയാണ് ഈ വിദ്യാർഥികളും മെഡിക്കൽ ബിരുദം നേടുന്നത്. സംവരണ സീറ്റുകളിൽ കുറഞ്ഞ മാർക്കുള്ളവർക്ക് മെഡിക്കൽ കോളജുകളിൽ പഠിക്കാമെങ്കിൽ അതിൽ കൂടുതൽ മാർക്കുള്ളവർ ചൈനയിൽ പഠിച്ചുവന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഒരേ സ്വരത്തിൽ ചോദിക്കുന്നു. മറുപടി പറയേണ്ടത് സർക്കാരാണ്.

Content Summary : Things to know before you plan to study MBBS course abroad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA