ADVERTISEMENT

രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മാതാവാണു കെ.റഫിയത്ത്. പഠിച്ചതൊക്കെ സർക്കാർ സ്കൂളുകളിൽ. മാതാവ് അധ്യാപികയായിരുന്നു. ഉമ്മ പഠിപ്പിച്ച സ്കൂളുകളിൽത്തന്നെയായിരുന്നു റഫിയത്തിന്റെയും പഠനം. പ്രീഡിഗ്രിക്കു പാലക്കാട് വിക്ടോറിയ കോളജിൽ പ്രവേശനം കിട്ടിയപ്പോൾത്തന്നെയാണു പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ പഠിക്കാൻ റഫിയത്തിന് അവസരമൊരുങ്ങുന്നത്. ജോലി കിട്ടാൻ കൂടുതൽ സഹായകം പ്രഫഷനൽ കോഴ്സായിരിക്കുമെന്ന ഉപദേശത്തിൽ പോളിടെക്നിക്കിലെ പഠനം സ്വീകരിച്ചു. തിരൂരങ്ങാടി ഗവ. പോളിടെക്നിക്കിൽ ചേർന്നു. 

 

1998 ൽ പോളി പാസായ റഫിയത്ത് പോസ്റ്റ് ഡിപ്ലോമയും പൂർത്തിയാക്കി. ആലത്തൂർ സ്വദേശി അക്ബറലിയുമായുള്ള വിവാഹശേഷമാണു ഡിപ്ലോമ പരീക്ഷ എഴുതി പാസായത്. വിവാഹം കഴിഞ്ഞ ആദ്യവർഷങ്ങളിലൊന്നും ജോലിയെന്ന സ്വപ്നത്തിനായി പരിശ്രമിക്കാൻ റഫിയത്തിനു സാധിച്ചില്ല. 2008 ആയപ്പോഴേക്കു ജോലി വീണ്ടും വലിയ മോഹമായി മനസ്സിൽ നുരയിട്ടു. അങ്ങനെയാണു മലമ്പുഴ ഐടിഐയിൽ ഇലക്ട്രോണിക്സ് ഗെസ്റ്റ് ലക്ചററായി ജോലിക്കു പോയിത്തുടങ്ങിയത്. അന്നുമുതൽ പിഎസ്‌സി പരീക്ഷകൾക്കും തയാറെടുത്തുതുടങ്ങി. 

 

2009 ‍മുതൽ പത്തോളം പിഎസ്‌സി പരീക്ഷകളെഴുതി. അഞ്ചോ ആറോ റാങ്ക് ലിസ്റ്റുകളിൽ റഫിയത്ത് ഉൾപ്പെട്ടു. 

2014 ലെ ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി. ഇപ്പോൾ നെൻമാറ ഐടിഐയിൽ അധ്യാപികയാണു റഫിയത്ത്. ഇടക്കാലത്ത് എൽഡി ക്ലാർക്കായി ജോലിക്കു കയറിയിരുന്നു. മറ്റുള്ളവരുടെ അവസരം നഷ്ടമാകാതിരിക്കാനായി, രണ്ടു സർക്കാർ ജോലികൾ റഫിയത്ത് വേണ്ടെന്നുവച്ചു. അപ്പോഴൊക്കെ മനസ്സിലൊരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യമാണ് 35–ാം വയസ്സിൽ, ഒന്നാം റാങ്കോടെ റഫിയത്ത് സഫലീകരിച്ചത്. 

 

 

ആദ്യത്തെ പിഎസ്‌സി പരീക്ഷ എഴുതുമ്പോൾ മൂന്നു കുട്ടികളുടെ അമ്മയാണു റഫിയത്ത്. ഇളയ കുട്ടിക്കു 3 വയസ്സു മാത്രം. വീട്ടുചുമതലകളുടെ ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വപ്നങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരാണു സ്ത്രീകൾ പലരും. കുട്ടികളൊക്കെ വലുതായി വർഷങ്ങൾ കഴിയുമ്പോൾ അങ്ങനെ പലരും നിരാശരാകുന്നതു കാണേണ്ടിവന്നിട്ടുണ്ട്. വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചതിനൊപ്പംതന്നെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കാൻ റഫിയത്ത് നടത്തിയ അധ്വാനമാണ് എല്ലാ പെൺകുട്ടികളും മാതൃകയാക്കേണ്ടത്. 

 

ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്ന സമയത്ത് ജോലി കഴിഞ്ഞ് അവിടെത്തന്നെയിരുന്ന് ദിവസേന രണ്ടു മണിക്കൂറിലേറെ പിഎസ്‌സി പരീക്ഷയ്ക്കു പഠിക്കുമായിരുന്നു. ആ ജോലി നഷ്ടപ്പെട്ടിട്ടും ഒരു വർഷത്തോളം മലമ്പുഴ ഐടിഐയിൽ റഫിയത്ത് പോയി–പഠിപ്പിക്കാനല്ല, തന്നെപ്പോലെ തയാറെടുക്കുന്ന മറ്റു മൂന്നു സുഹൃത്തുക്കളോടൊപ്പം ചേർന്നുള്ള കംബൈൻഡ് സ്റ്റഡിക്ക്. ഹെഡ്മിസ്ട്രസായി വിരമിച്ച ഉമ്മയുടെ പ്രേരണയാണു നിരന്തരം തയാറെടുക്കാനും ടെസ്റ്റുകൾ എഴുതാനും റഫിയത്തിനു ശക്തി പകർന്നത്. 

 

എൽഡി ക്ലാർക്ക് ആവുകയല്ലായിരുന്നു, റഫിയത്തിന്റെ അന്തിമലക്ഷ്യം. പക്ഷേ, ആ പരീക്ഷയും നന്നായി തയാറെടുത്തുതന്നെ എഴുതി. ജോലി കിട്ടുകയും ചെയ്തു. അവിടെയും റഫിയത്ത് ലക്ഷ്യത്തിലേക്കുള്ള തയാറെടുപ്പ് അവസാനിപ്പിച്ചില്ല. പൊതുവിജ്ഞാന തയാറെടുപ്പിന് ഏറ്റവും കൂടുതൽ സഹായകമാവുക എൽഡിസി പരീക്ഷയായതിനാൽ, അതിനും കഠിനമായിത്തന്നെ പഠിച്ചുമുന്നേറുകയായിരുന്നു. 

 

മത്സരം അങ്ങേയറ്റം കടുപ്പമായ ഇക്കാലത്ത് ജോലി ആരും കയ്യിൽ കൊണ്ടുവന്നുതരില്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞുതരേണ്ടതില്ല. പക്ഷേ, നമ്മുടെ പ്രശ്നമാണു വലിയ പ്രശ്നമെന്നു കരുതി ഇടറിപ്പോകുന്നവർ, മൂന്നു കുട്ടികളെയും നോക്കി സ്വപ്നജോലി സ്വന്തമാക്കിയ റഫിയത്തിന്റെ ജീവിതം പിന്തുടരുക. സ്ത്രീകൾ ജോലിക്കു പോകുന്നത് അനാവശ്യമായി കാണുന്നവർ ഇനിയുമുണ്ടെങ്കിൽ, ഇതാ ഞാനാണു മാതൃകയെന്നു റഫിയത്ത് അവരോട് ഉറക്കെപ്പറയുന്നു. 

 

Content Summary : Vijayatheerangal Column By G.Vijayaraghavan Success Story Of Rafiyath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com