ADVERTISEMENT

ബിരുദം യോഗ്യതയായുള്ള തസ്തികകളിലേക്കു പിഎസ്‌സി നടത്തിയ പ്രിലിമിനറി പരീക്ഷ പ്രതീക്ഷിച്ചതിനെക്കാളും കടുപ്പമുള്ളതായി. എന്നാൽ മനസ്സു മടുക്കേണ്ട കാര്യമില്ല. പരീക്ഷ കടുപ്പമാകുക എന്നതിനർഥം കട്ട് ഓഫ് മാർക്ക് കുറയുക എന്നു കൂടിയാണ്. പ്രിലിമിനറി പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടുക എന്നതിനു മാത്രമേ പ്രാധാന്യമുള്ളൂ.

ചോദ്യം നേരിട്ടു ചോദിക്കുന്നതിനു പകരം വിശകലനാത്മകമായി ചോദിക്കുന്ന രീതിയാണ് ഉണ്ടായത്. ചേരുംപടി ചേർക്കലും ഒറ്റ വായനയിൽ ഉത്തരത്തിലെത്താൻ കഴിയുന്നതായിരുന്നില്ല. ആശയക്കുഴപ്പമുണ്ടാക്കി നെഗറ്റീവ് മാർക്ക് വീഴാൻ സാധ്യതയുള്ള ചോദ്യങ്ങളും ഏറെയുണ്ടായിരുന്നു. ചോദ്യകർത്താവ് ഉദ്ദേശിച്ചതെന്തെന്നു വ്യക്തമാകാത്ത ചോദ്യങ്ങളും ഓപ്ഷനുകൾ തെറ്റായി രേഖപ്പെടുത്തിയ ചോദ്യങ്ങളും ഉണ്ടായി.

പൂർണമായും അറിയുന്ന ഉത്തരങ്ങൾ മാത്രമേ രേഖപ്പെടുത്തൂ എന്ന് ഉറച്ച തീരുമാനമെടുത്തവർക്കു പ്രിലിമിനറി കടന്നു കയറാൻ വലിയ പ്രയാസമുണ്ടാകില്ല. ഭാഗ്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ച് ഉത്തരം രേഖപ്പെടുത്തിയവർ നെഗറ്റീവ് മാർക്ക് വാങ്ങിക്കൂട്ടും. ശരാശരി പഠന നിലവാരം പുലർത്തുന്ന ഉദ്യോഗാർഥിയാണെങ്കിൽ പോലും 30 ചോദ്യങ്ങളെങ്കിലും ഉത്തരം എഴുതാതെ വിട്ടു കളയേണ്ട തരത്തിലുള്ളതായിരുന്നു.

ചോദ്യത്തിൽ പിഴവുകൾ

പോക്സോ കേസിന് ചോദ്യ പേപ്പറിൽ ‘പോസ്കോ’ എന്നാണു ചോദിച്ചത്. ‘ഒന്നാം ലോക മഹായുദ്ധത്തിന്റെ ഫലങ്ങൾ ശരിയായി പ്രതിനിധീകരിക്കുന്നത്’ എന്ന ചോദ്യത്തിനു ശരിയായി ആലോചിച്ചാൽ ഉത്തരമുണ്ടാകില്ല. 

ഏകദേശ ഉത്തരമെന്ന നിലയിൽ ഓപ്ഷൻ സി തിരഞ്ഞെടുക്കുകയേ നിവൃത്തിയുള്ളൂ. ‘വാല സമുദായ പരിഷ്കരണി സഭ’ എന്നതു മലയാളം ചോദ്യപേപ്പറിൽ എത്തിയപ്പോൾ ‘വള സമുദായ പരിഷ്കരണി സഭ ആരംഭിച്ചത്’ എന്നായി. തെറ്റുകൾ സംഭവിച്ച ചില ചോദ്യങ്ങൾ പിഎസ്‌സി ഒഴിവാക്കിയേക്കാം.

മാർക്ക് വിഭജനവും സിലബസിന് ആനുപാതികമായിട്ടല്ല. 10 മാർക്ക് വരെ പ്രതീക്ഷിച്ച കറന്റ് അഫയേഴ്സിൽ നിന്ന് ആകെ 5 മാർക്ക് ചോദ്യങ്ങളാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് എന്ന ഭാഗത്തു നിന്നു പ്രതീക്ഷിക്കാത്ത ഒരുപാട് ചോദ്യങ്ങളുണ്ടായി.

പാഠപുസ്തകങ്ങൾക്കും ക്വസ്റ്റ്യൻ പൂളിനും ചോദ്യക്കടലാസിൽ വലിയ പ്രാധാന്യമുണ്ട് .

പരീക്ഷയുടെ രണ്ടാം ഘട്ടം 13നു നടക്കാനിരിക്കുകയാണ്. പരീക്ഷ വളരെ ശ്രദ്ധിച്ച് എഴുതണമെന്നാണു കഴിഞ്ഞ അനുഭവം വ്യക്തമാക്കുന്നത്. നെഗറ്റീവ് മാർക്കുകളിൽ തട്ടി വീഴാൻ സാധ്യത ഒഴിവാക്കുക. കൃത്യമായ ഉത്തരം കിട്ടുന്നില്ലെങ്കിൽ ചോദ്യം ഒഴിവാക്കുക. കഴിഞ്ഞ പരീക്ഷയുടെ ചോദ്യം നന്നായി വിശകലനം ചെയ്യുക. അതിൽ ഓരോ ചോദ്യവും ഉൾപ്പെടുന്ന ഭാഗങ്ങളെ കുറിച്ചു വീണ്ടും നന്നായി വായിക്കുക.

കട്ട് ഓഫ് മാർക്ക് എത്ര?

ചോദ്യങ്ങളുടെ നിലവാരം വിലയിരുത്തിയാൽ നന്നായി പഠിച്ച ഒരാൾക്കു പോലും 55–65നും ഇടയിൽ മാർക്ക് സ്കോർ ചെയ്യാനേ സാധ്യതയുള്ളൂ.

എങ്കിലും മലയാളം, ഇംഗ്ലിഷ്, കണക്ക്–മെന്റൽ എബിലിറ്റി എന്നിവ താരതമ്യേന എളുപ്പമായിരുന്നു. കണക്കിനും ഇംഗ്ലിഷിനും 10 മാർക്ക് വീതവും മലയാളത്തിൽ 6 മാർക്കും സ്കോർ ചെയ്യാൻ ശരാശരി ഉദ്യോഗാർഥിക്കു പോലും കഴിയും. അതിനാൽ 35–45 നും ഇടയിൽ കട്ട് ഓഫ് മാർക്ക് വരുമെന്നു പ്രതീക്ഷിക്കാം.

ഫിസിക്കൽ ടെസ്റ്റ് ആവശ്യമുള്ള സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് വളരെ കുറഞ്ഞ കട്ട് ഓഫ് മാർക്കാണു പ്രതീക്ഷിക്കുന്നത്. ഈ തസ്തികകളിലേക്കു കട്ട് ഓഫ് മാർക്ക് 20–25 മാർക്ക് ആയി കുറയാം.

Content Summary : Kerala PSC Degree Level Exam 2021 - Exam tips by Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com