അയാളൊന്നു പറഞ്ഞുനിർത്തിയിരുന്നെങ്കിൽ! ; ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ...

HIGHLIGHTS
  • ഏറെ സംസാരിച്ചാൽ സ്മാർട്ടാകാമെന്നത് മിഥ്യാധാരണ മാത്രം.
  • ആവശ്യമായ സന്ദർഭങ്ങളിൽ മിണ്ടാതെ ബലംപിടിച്ചിരിക്കരുത്
Over Talking
Representative Image. Photo Credit: Elnur / Shutterstock
SHARE

‘അയാളൊന്നു പറഞ്ഞുനിർത്തിയിരുന്നെങ്കിൽ!’ എന്നു നിങ്ങൾക്ക് തോന്നാറുണ്ടോ? ഉണ്ടെങ്കിൽ അവർ എത്തരക്കാരാണ്? അവരെ പൊതുവേ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടോ? അതോ അവരെ ഒഴിവാക്കാനാണോ മിക്കവരും ശ്രമിക്കാറുള്ളത്? ഈ ചോദ്യങ്ങൾക്ക് ഉത്തരംപറയേണ്ടതില്ല. പലരും ഇത്തരക്കാരെ ഒഴിവാക്കാൻ ശ്രമിച്ചിരിക്കാം. പലപ്പോഴും അക്കാര്യത്തിൽ പരാജയപ്പെട്ടും കാണും.

എന്തുകൊണ്ടാവും ചിലർ തോരാതെ സംസാരിച്ച് അന്യരെ വിഷമിപ്പിക്കുന്നത്? കാരണം പലതുമുണ്ട്.

∙മറ്റുള്ളവരെ വിഷമിപ്പിക്കുകയാണെന്നു തിരിച്ചറിയാതിരിക്കുക

∙ധാരയായി ഒഴുകുന്ന തന്റെ വാക്കുകൾ അന്യരെ രസിപ്പിക്കുകയാണെന്നു കരുതുക.

∙തന്റെ വാഗ്ധോരണി അസൂയാവഹമാണെന്നും, കേൾവിക്കാരെല്ലാം  തന്നെ ഉള്ളിൽ ആരാധിക്കുകയാണന്നും തെറ്റിദ്ധരിക്കുക.

∙നിരർഗളമായ വാക്പ്രയോഗംവഴി  ഏവരുടെയു ശ്രദ്ധ പിടിച്ചുപറ്റാമെന്നു വിശ്വസിക്കുക.

∙സംഘത്തിലെ  പ്രധാനി താനാണെന്നു വരുത്തിത്തീർക്കുക.

∙സ്വന്തം ശബ്ദം കേട്ടുരസിക്കാൻ മോഹിക്കുക.

∙പരിഭ്രമിച്ചിരിക്കുക, അമിതഭയത്തിൽപ്പെട്ടിരിക്കുക.

∙താൻ മോശക്കാരനാണോയെന്ന് സംശയിച്ച് വാക്കൊഴുക്കിലൂടെ അതു പരിഹരിക്കാൻ ശ്രമിക്കുക.

ഏറെയൊന്നും പറയാനില്ലാത്ത സുഹൃത്തുക്കൾ വായാടികൾ കൂടിയായാൽ അവരുടെ  പഴങ്കഥകൾ വീണ്ടും വീണ്ടും കേട്ടു സഹിക്കേണ്ട യാതന നമുക്കുണ്ടാകും. നാം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ അത് അവഗണിച്ച് ഇവർ നമ്മെ വാക്കുകളുടെ മലവെള്ളപ്പാച്ചിലിൽ മുക്കിക്കൊല്ലാനും മതി. തുടർന്ന് ഇവർ മിക്കവർക്കും അസ്വീകാര്യരാകും. ജോലിസ്ഥലത്ത് സ്വന്തം ജോലിയും അന്യരുടെ  ജോലിയും ഇവർ മുടക്കാറുണ്ട്. എവിടെയും ഏറെപ്പറയുന്ന ശീലവുമായിപ്പോയാൽ, ചിലരെങ്കിലും വർത്തമാനം നിറുത്താൻ സൗമ്യമല്ലാത്ത രീതിയിൽ ആവശ്യപ്പെടുന്നതു സഹിക്കേണ്ടിവരും. ഏകപക്ഷീയമായ സംഭാഷണം കേട്ടിരിക്കാൻ പലർക്കും ക്ഷമ കാണില്ല.

കാടുകയറി സംസാരിച്ചാൽ അർഥം അനർഥമാകും. ഉദ്ദേശിക്കുന്ന കാര്യം ചുരുക്കിപ്പറഞ്ഞാൽ ശ്രോതാവിനു സൗകര്യം. ആശയം വ്യക്തം. ഇതിനു വിപരീതമായ വായാടിത്തം, വാചാലത, വാചാടത എന്നിവയെല്ലാം ക്ലേശവും അവ്യക്തതയും സൃഷ്ടിക്കും. എപ്പോഴും ഏറെപ്പറയുന്നയാൾ, ശ്രദ്ധേയമായ കാര്യം  പറഞ്ഞാലും ശ്രദ്ധിക്കാതെ  പോയേക്കാം. 

ഒറ്റപ്പെട്ടു കഴിയുന്നവർ വല്ലപ്പോഴും നാലാളെ കാണാനിടയായാൽ ഏറെ സംസാരിച്ചുപോകുന്നത് ക്ഷമയോടെ കേൾക്കുന്നതാവും ഔചിത്യം. അതു വായാടിത്തമായി കരുതേണ്ടതില്ല. അവരുടെ മനസ്സിലെ പിരിമുറുക്കം അയയാൻ അനുവദിക്കാം.

ഒന്നും പറയാനില്ലെങ്കിലും, എന്തെങ്കിലും പറയണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ‘എന്താ പറയുക?’ എന്ന മുഖവുരയുമായി വരുന്നവരെപ്പറ്റി കേൾവിക്കാരുടെ ഉള്ളിൽ വരുന്ന ചിന്ത ‘നിങ്ങൾ ഒന്നും പറയേണ്ട’ എന്നായിരിക്കും. ‘എന്താ പറയുക?’ എന്നത്  പ്രസംഗത്തിലെയും മറ്റും ശീലവൈകല്യമാക്കുന്നവർ അതുപേക്ഷിച്ച് കേൾവിക്കാരോട് കാരുണ്യം കാട്ടണം. അറിയാത്ത കാര്യങ്ങളെപ്പറ്റി പറയാത്തതു മാന്യത. നാക്കിനൊരു ദോഷമുണ്ട്. അതിന്റെ ഉടമയെപ്പറ്റി വാതോരാതെ പറയണം. പക്ഷേ അത് ഉടമയെ അന്യരിൽനിന്ന് അകറ്റുമെന്ന് നാക്ക് ഓർക്കണം. His eyes (I’s) are too close എന്ന് മറ്റുള്ളവരെക്കൊണ്ടു പറയിക്കാത്തതല്ലേ നല്ലത്?

‘നാവ് തീയാണ്. മറ്റ് അവയവങ്ങളുടെ കൂട്ടത്തിലിരുന്ന് ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു. നാവിനെ മെരുക്കാൻ മനുഷ്യനു സാധ്യമല്ല. നിറയെ മാരകവിഷം. ഒരേ നാവിൽനിന്ന് സ്തുതിയും ശാപവും പുറപ്പെടുന്നു’ (ബൈബിൾ – യാക്കോബ് : 3–10). ‘മരണവും ജീവനും നാവിന്റെ നിയന്ത്രണത്തിലാണ് ; അതിനെ സ്നേഹിക്കുന്നവർ അതിന്റെ ഫലം കഴിക്കും’ (സുഭാഷിതങ്ങൾ – 18:21). പ്രാർഥനയില്‍ അമിതഭാഷണം ആവശ്യമില്ലെന്ന് ഫ്രാന്‍സിസ് മാർപാപ്പ (2015ലെ വചനധ്യാനത്തിൽ).

ചുരുക്കിപ്പറയുന്നതിന്റെ ഗുണം ഷേക്സ്പിയർ ഏറെച്ചുരുക്കിപ്പറഞ്ഞു : Brevity is the soul of wit (Hamlet 2:2). പഴമൊഴിപോലെയായ മറ്റൊരു വരി ശ്രീഹർഷന്റെ നൈഷധീയചരിതത്തിലുണ്ട് (9:8) : ‘മിതം ച സാരം ച വചോ ഹി വാഗ്മിതാ’. നളൻ ദമയന്തിയോടു പറയൂന്ന വാക്യം. വാഗ്മിതയെന്നാൽ ഏറെ വാക്കുകൾ പറഞ്ഞുകൂട്ടുന്നതല്ല. മിതവും സാരവുമായി  സംസാരിക്കുന്നതത്രേ. ‘നിഷ്പ്രയോജനമായ രണ്ടു കാര്യങ്ങളിൽ എന്റെ നാവ് ഉദാസീനമാണ്. വാക്കുകളേറെപ്പറയുന്നതിലും അർത്ഥമില്ലാത്ത വാക്കുകൾ പറയുന്നതിലും’ എന്നും നളൻ.

കിടമത്സരമുള്ള ബിസിനസ് ലോകത്ത് ഏറെ സംസാരിച്ചാൽ സ്മാർട്ടാകാമെന്നത് പലരുടെയും മിഥ്യാധാരണ മാത്രം. സ്മാർട്ടായവർ അമിതഭാഷണം നടത്താറില്ല. മിതഭാഷികളും മികച്ച ശ്രോതാക്കളും ആയിരിക്കും അവർ. അവരുടെ വാക്കുകൾക്ക് അന്യർ കാതോർക്കും.

‘ലോകത്തിലെ പകുതിപ്പേർക്കു പലതും പറയാനുണ്ട്, പക്ഷേ സാധിക്കുന്നില്ല. മറുപകുതിപ്പേർക്ക് പറയാനൊന്നുമില്ലെ ങ്കിലും പറഞ്ഞു കൊണ്ടേയിരിക്കുന്നു’ എന്ന് പ്രശസ്തകവി റോബർട് ഫ്രോസ്റ്റ്.

മലയാളഭാഷയ്ക്ക് ചിട്ടയുണ്ടാക്കിയതിലെ അനന്യപ്രതിഭ എ.ആർ. രാജരാജവർമ്മ എഴുത്തിലും സംഭാഷണത്തിലും പാലിക്കേണ്ട നിരവധി കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഏതു ഭാഷയിലും പ്രസക്തമായ സൂക്തങ്ങൾ. സാഹിത്യസാഹ്യം എന്ന കൃതിയിൽ ചൂണ്ടിക്കാട്ടിയ ചില ദൃഷ്ടാന്തങ്ങൾ കാണുക.

ആവശ്യത്തിലധികം പദം പ്രയോഗിക്കുന്നത് വക്താവിനു ഘനക്ഷയവും ശ്രോതാവിന് (വാചയിതാവിന്) ഒരവജ്ഞയുമാകുന്നു.

ചവച്ചതു വീണ്ടും ചവയ്ക്കുംപോലെ പറഞ്ഞതുതന്നെ വീണ്ടും പറയുക, പര്യായപദങ്ങൾ ആവർത്തിക്കുക എന്നിവ വേണ്ടാ. (ഉദാ: പ്രസിദ്ധനും കീർത്തിപ്പെട്ടവനുമായ സ്വാമിസമക്ഷം മുമ്പാകെ വിനയത്തോടും വണക്കത്തോടും കൂടി ബോധിപ്പിക്കുന്ന അപേക്ഷ ഹർജി. തിരിച്ചുമടങ്ങി, കറുത്ത കാർമേഘം, വെള്ളം ദാഹിക്കുന്നു, വയറു  വിശക്കുന്നു മുതലായവ പാടില്ല.)

അമിതഭാഷണം ലോകമെമ്പാടും ധാരാളമുണ്ടെന്നതു സൂചിപ്പിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് ഭാഷയിലെ പദബാഹുല്യം : babble, blather, burble, earbash, gibber, jabber, prate, prattle, rabbit on, voluble, waffle, garrulous, loquacious, talkative, chatterbox, motormouth, natterer. അത്ര നല്ലതല്ലാത്ത verbal diarrhoea എന്നതും നിലവിലുണ്ട്.

ഇത്രയൊക്കെപ്പറഞ്ഞെങ്കിലും ആവശ്യമായ സന്ദർഭങ്ങളിൽ മിണ്ടാതെ ബലംപിടിച്ചിരുക്കുന്നത് തെറ്റിദ്ധാരണയ്ക്കു വഴിനൽകും. വേണ്ടതു വേണ്ടപ്പോൾ വേണ്ടവിധം വേണ്ടത്ര പറയുന്നത് സമൂഹജീവിതത്തിൽ ആവശ്യമാണ്. മൗനം എപ്പോഴും വിദ്വാനു ഭൂഷണമാകില്ല. ഏതും പാകത്തിനു മതി; പാകത്തിനു വേണം.

Content Summary : How Do You Stop Over Talking

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA