വീരവാദം പറയാതെ നേട്ടങ്ങൾ കൊയ്തു; അറിയാതെ പോകരുത് അസാധാരണ മനുഷ്യരുടെ കഥകൾ...

HIGHLIGHTS
  • ഒഴുക്കിനെതിരെ നീന്തിയ അസാധാരണമനുഷ്യരുടെ ജീവിതകഥകൾ.
  • ആത്മവിശ്വാസമുള്ളയാൾക്ക് അതു പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല.
harekala-hajabba
മംഗളൂരു ന്യൂപദപ്പിൽ താൻവാങ്ങിക്കൊടുത്ത സ്ഥലത്തു സർക്കാർ നിർമിച്ച. സ്കൂളിനു മുന്നിൽ ഹരേക്കള ഹജബ്ബ. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
SHARE

‘ഏറ്റവും ചെറിയ പട്ടി ഏറ്റവും ഉറക്കെ കുരയ്ക്കും’ എന്ന് അമേരിക്കൻ മൊഴി. തഴക്കവും പഴക്കവും പക്വതയും ജീവിതാനുഭവങ്ങളുടെ അനുഗ്രഹവും ഉള്ളയാൾ പൊട്ടിത്തെറിക്കില്ല. കാര്യങ്ങൾ സൗമ്യമായി പറയുന്നതാവും കൂടുതൽ ഫലപ്രദമെന്ന തത്വം സ്വീകരിക്കും. ആത്മവിശ്വാസമുള്ളയാൾക്ക് അതു പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. അതില്ലാത്തയാൾ ഉണ്ടെന്ന് ആവർത്തിച്ചുകൊണ്ടിരിക്കും. യഥാർഥ ധനികന് ധനമ‌ുണ്ടെന്നു തെളിയിക്കേണ്ടതില്ല. എന്നല്ല, മറിച്ച് ധനമില്ലെന്നു തോന്നുംവിധം പ്രവർത്തിച്ചെന്നുമിരിക്കും. വളരെ ഉച്ചത്തിൽ കുരയ്ക്കുന്നത് പേടിക്കൂടുതൽ കൊണ്ടെന്നു കരുതുന്നവരുമുണ്ട്. കടിക്കാൻ കഴിവില്ലാത്തതുകൊണ്ടും കുര ശക്തമാവാം. ചിലരുടെ കാര്യത്തിൽ കടിയിലും  ദുസ്സഹം കുരയാണ്. ഇതെല്ലാമാണ് അമേരിക്കൻ മൊഴിയുടെ സന്ദേശം. 

ദൗർബല്യങ്ങളെ പരാജയപ്പെടുത്തി, നിശ്ശബ്ദസേവനംവഴി സമൂഹത്തെ ധന്യമാക്കിയ ചരിതങ്ങൾ നമുക്കു പാഠപുസ്കങ്ങളാണ്. മഹാമനുഷ്യരുടെ ജീവിതകഥകൾക്ക് വമ്പിച്ച പ്രചാരമുണ്ട്. പക്ഷേ ചില ചെറിയ മനുഷ്യർ തങ്ങളുടെ മേഖലകളിൽ വലിയ വിജയം വരിക്കുന്നു. ആവേശോജ്വലമായ അത്തരം പല കഥകളും വനപുഷ്പത്തിന്റെ സൗരഭ്യംപോലെ അറിയാതെ പോകുന്നു. പ്രാദേശികപത്രങ്ങളിലോ മറ്റോ ചെറിയ വാർത്ത വന്നേക്കാം. വലിയ വാർത്ത വന്നാൽപ്പോലും അൽപ്പായുസ്സാകും. അതിനുശേഷം  കഥ ചരിത്രത്തിന്റെ  ചവറ്റുകുട്ടയിൽ വീണ് വിസ്മൃതിയിൽ ആണ്ടു പോകും. 

പ്രസംഗവും പ്രസ്താവനയും ബഹളങ്ങളും ഇല്ലാതെ, സമർപ്പിതസേവനം നടത്തിയ ചിലരുടെ വീരഗാഥകൾ കേൾക്കുക. ഓറഞ്ചു വിറ്റ് കാലംകഴിക്കുന്ന നിരക്ഷരനായ  ഹരേകാല ഹജബ്ബ എന്ന 68കാരൻ ഇക്കഴിഞ്ഞ നവംബർ 8ന് രാഷ്ട്രപതിയിൽ നിന്ന് പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. മംഗളൂരുനിന്ന് 30 കിലോമീറ്റർ ദൂരത്തുള്ള ന്യൂപദുപ്പ് എന്ന കുഗ്രാമത്തിൽ കഴിയുന്ന. അയാൾക്ക് ഒരിക്കൽ വിദേശിയോട് ഇംഗ്ലിഷിൽ വിലപറയാൻ കഴിഞ്ഞില്ല. ആ ദുഃഖം തന്റെ ഗ്രാമത്തിലെ മറ്റാർക്കും വന്നുകൂടാ എന്നു നിശ്ചയിച്ചു. തുച്ഛവരുമാനത്തിൽ നിന്ന് നിരന്തരം ചെറുതുകകൾ സൂക്ഷിച്ചുവച്ചു. ശുഭകാംക്ഷികളുടെ സഹായവും ചേർത്ത് പടിപടിയായി പ്രയത്നിച്ച് നാട്ടിലൊരു സ്കൂൾ സ്ഥാപിച്ചു. 

ഒന്നര ഏക്കറോളം സ്ഥലത്ത് രണ്ടു കെട്ടിടങ്ങൾ. പത്താം ക്ലാസുവരെയുള്ള കുട്ടികൾ. സ്കൂളിന്റെ അംഗീകാരത്തിന് അധികാരികളുടെ തടസ്സങ്ങളും മറ്റും തരണം ചെയ്യാൻ ഏറെ പാടുപെട്ടു. ഭേദപ്പെട്ട വീടുപോലുമില്ലാത്ത ഹജബ്ബ ഓറഞ്ചുകച്ചവടത്തോടൊപ്പം സ്കൂൾവികസനത്തിന്റെ ശ്രമവും തുടരുന്നു. അസാധാരണ മനുഷ്യസ്നേഹവും ത്യാഗവും നിറഞ്ഞ ആ പാവത്തിനെ രാഷ്ട്രം അംഗീകരിച്ചു. തൽക്കാലം ഇക്കഥ മാധ്യമങ്ങളിലുണ്ട്. പക്ഷേ ഇത് എത്ര കാലം നിലനിൽക്കും!

മരുഭൂമിയെ മഹാവനമാക്കിയ ഒറ്റയാൾപ്പട്ടാളമാണ് ജാദവ് പായേങ്. 1963ൽ അസമിൽ ജനിച്ച ജാദവ്ബ്രഹ്മ പുത്രാനദിയിലെ മണൽത്തിട്ടയിൽ 1360 ഏക്കർ വനം ഒറ്റയ്ക്കു നിർമ്മിച്ചു. ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന ഓമനപ്പേരും പദ്മശ്രീയും ലഭിച്ചെങ്കിലും അർഹിക്കുന്ന പ്രസിദ്ധി കിട്ടിയിട്ടില്ല. വെള്ളപ്പൊക്കം കഴിഞ്ഞ് ചുട്ടുപഴുത്ത മണൽത്തിട്ടയിൽ ചത്തൊടുങ്ങിയ പാമ്പുകളുടെ ദൈന്യംകണ്ട്, ഇനിയിതു വരരുതെന്നുറച്ച്, 20 മുളകൾ വളർത്തിയായിരുന്നു തുടക്കം. ആയിരം മരങ്ങളും നൂറ് ആനകളും റൈനോസറസുകളുമെല്ലാമുള്ള മഹാവനം ക്രമേണ രൂപംകൊണ്ടെന്നത് അവിശ്വസനീയമായിത്തോന്നാം. ചെറുകുടിലിൽ കുടുംബത്തോടൊത്ത് പാൽവിറ്റ്  ജീവിച്ചു. 

Jadav-Payeng
ജാദവ് പായേങ്

കൂലിപ്പണിക്കാരൻ ദശരഥ് മാംഝി ജനിച്ചത് ബീഹാറിലെ ഗഹലോർ ഗ്രാമത്തിൽ. ചുറ്റും  മലയുള്ള പ്രദേശം. ഒരുനാൾ  ഭാര്യ ഫാൽഗുനീ ദേവി  വെള്ളം ചുമന്നുവരുമ്പോൾ കാൽവഴുതി വീണു. വൻമലയുെട തടസ്സംകാരണം  അവരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. കഠിനവേദന സഹിച്ച് അവർ ജീവൻ വെടിയുന്ന കാഴ്ച അയാളെ ഉലച്ചു.. ഈ നില മാറ്റാനുറച്ച് ഉളിയും ചുറ്റികയും എടുത്ത് മാംഝി മല വെട്ടിനീക്കാനിറങ്ങി. കാണികൾ ആർത്തുചിരിച്ച് പരിഹസിച്ചു. അത് അവഗണിച്ച് മല കുറേശ്ശെ വെട്ടിനീക്കി. 22 വർഷം പരസഹായമില്ലാതെ നിരന്തരം ഈ ജോലി മാത്രം ചെയ്തു. 360 അടി നീളവും 30  അടി വീതിയും 25 അടി ആഴവുമുള്ള വഴി 1982ൽ പൂർത്തിയാക്കി. സർക്കാർ സഹായിച്ചതേയില്ല. റോഡ്‌വഴി പുറത്തേക്കുള്ള ദൂരം 55 കിലോമീറ്ററിൽനിന്ന് 15 കിലോമീറ്ററായി കുറഞ്ഞു.  മാംഝിക്ക് ‘മൗണ്ട്ൻ മാൻ’ എന്ന പേരു വീണു.

ബ്രിട്ടീഷുകാർക്കെതിരെയുള്ള ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി, 1942 സെപ്റ്റംബർ 29ന് മുഖ്യമായും വനിതകളടങ്ങിയ 6000 വോളന്റിയർമാരുടെ ജാഥ നയിച്ചുകൊണ്ട് ബംഗാളിലെ മിഡ്നപ്പൂരിലുള്ള താംലുക് പൊലീസ് സ്റ്റേഷൻ പിടിച്ചടക്കാൻ 72കാരി മാതംഗിനീ ഹാജ്റാ (Matangini Hazra) മുന്നേറി. പിന്മാറാൻ പറഞ്ഞതനുസരിക്കാത്ത മാതംഗിനിയുടെ നേർക്ക് പൊലീസ് മൂന്നു വട്ടം വെടിവച്ചു. അവസാനനിമിഷം വരെ കൈയിൽ നിന്നു ത്രിവർണപതാക വീഴാതെ നോക്കിയ അവർ ‘വന്ദേ മാതരം’ എന്നുച്ചരിച്ചുകൊണ്ട് അന്ത്യശ്വാസം വലിച്ചു. ദരിദ്രകർഷകന്റെ  മകളായി ജനിച്ച് വിദ്യാഭ്യാസം ലഭിക്കാതെ 12–ാം വയസ്സിൽ 60കാരനെ വിവാഹം കഴിച്ച് 18–ാം വയസ്സിൽ വിധവയായ ആ ധീരവനിതയെ ഇന്ന് എത്ര പേർക്കറിയാം?

പുസ്തകം ബൈൻഡ് ചെയ്തു ജീവിച്ചുപോന്ന ബീഹാറുകാരൻ പീർ ആലി ഖാൻ 1957ലെ ആദ്യ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. രഹസ്യ പാംഫ്‌ലറ്റുകൾ സ്വാതന്ത്ര്യസമരസേനാനികൾക്കു വിതരണം ചെയ്യുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ  കോപത്തിനു പാത്രമായ 45കാരൻ പീർ ആലിയെയും 14 അനുയായികളെയും 1957 ജൂലൈ 7ന് ബ്രിട്ടീഷ് നൃശംസത പരസ്യമായി തൂക്കിക്കൊന്നു. അറിയപ്പെടാതെ പോകുന്ന വീരാത്മാക്കൾ.

1865ൽ മുംബൈയിൽ ജനിച്ച്, ഒൻപതാം വയസ്സിൽ വിവാഹിതയായി, 14–ാം വയസ്സിൽ അമ്മയായി, 10 ദിവസത്തിനകം കുഞ്ഞു മരിച്ച ദുഃഖം അനുഭവിച്ച വനിതയാണ് ആനന്ദിബായി ജോഷി. ഇന്ത്യയിൽ വനിതാ ഡോക്ടർമാർ വേണമെന്നുറച്ച്, അക്കാലത്ത് അചിന്ത്യമായ രീതിയിൽ 18കാരി ബ്രാഹ്മണവനിത മെഡിസിൻ പഠിക്കാൻ അമേരിക്കയിലേക്കു കപ്പൽ കയറി. യാഥാസ്ഥികസമൂഹത്തിന്റെ ഭീഷണികളെ വെല്ലുവിളിച്ചു പ്രവർത്തിക്കുന്നതിൽ ഭർത്താവ് ഗോപാൽ റാവു ശക്തമായ പിൻതുണ നൽകി. ഇന്ത്യയിൽ വനിതകളുടെ വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നൽകിയ അസാധാരണസംഭവമായിരുന്നു അത്. 1885ൽ മെഡിക്കൽ യോഗ്യത നേടി മടങ്ങിയെത്തി. വിദേശ മെഡിക്കൽയോഗ്യത നേടിയ ആദ്യ  ഇന്ത്യൻ വനിത. 22 തികയുന്നതിനു മുൻപ് നിർഭാഗ്യവശാൽ ക്ഷയരോഗം അവരുടെ ജീവൻ കവർന്നു. 1884ൽ കാദംബിനി ഗാംഗുലി  കൊൽക്കത്ത മെഡിക്കൽ കോളജിൽ യാഥാസ്ഥിതികരെ വെല്ലുവിളിച്ച് പ്രവേശനം നേടിയിരുന്നു.  ആദ്യകാല വനിതാ ഡോക്ടർമാരായ ഇരുവരും വനിതകളുെട പ്രഫഷനൽ വിദ്യാഭ്യാസത്തിന് ഗണ്യമായ ശക്തി പകർന്നു.

arunima-sinha
അരുണിമ സിൻഹ

23കാരി ലക്നൗ സ്വദേശിനി വോളിബോൾ താരം അരുണിമ സിൻഹയെ കൊള്ളക്കാർ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞു. 49 കാരിയേജുകൾ മുകളിലൂടെ കടന്നുപോയെങ്കിലും മരിച്ചില്ല. കാലുകൾ മുറിച്ചുനീക്കേണ്ടിവന്നു. അവർ പക്ഷേ തളർന്നില്ല. രണ്ടു വർഷത്തിനു ശേഷം 2013ൽ കൃത്രിമക്കാലുമായി എവറസ്റ്റ് കൊടുമുടിയുടെ തുമ്പത്തെത്തി റിക്കോർഡിട്ടു. തുടർന്ന് പല ഭൂഖണ്ഡങ്ങളിലെയും കൊടുമുടികളും കാലടിയിലാക്കി.

ജബൽപ്പൂർസ്വദേശി 42കാരൻ ആശിഷ് ഠാക്കൂർ എന്ന ബാങ്കർ അനാഥമൃതദേഹങ്ങൾ 20 വർഷമായി സംസ്കരിച്ചുവരുന്നു. ഒരിക്കൽ അജ്ഞാതമൃതദേഹം പട്ടികൾ കടിച്ചുവലിക്കുന്നതു കണ്ട് കരളലിഞ്ഞ് തുടങ്ങിയ യജ്ഞം.

ഇപ്പറഞ്ഞതെല്ലാം ഒഴുക്കിനെതിരെ നീന്തിയ അസാധാരണമനുഷ്യരുടെ ജീവിതകഥകൾ. ഭ്രാന്തമായി കുരയ്ക്കുന്നതിലല്ല, ശാന്തമായി പ്രവർത്തിക്കുന്നതിലാണ് ഇവരെല്ലാം ശ്രദ്ധിച്ചത്. മനുഷ്യരാശിയുടെ നന്മയ്ക്ക് എളിയ സംഭാവനകൾ നൽകിയവർ. കാൽക്കാശിനു പണിയെടുക്കാതെ, പ്രസംഗിച്ചും വീരവാദം പറഞ്ഞും പലതും തനിക്ക് അവകാശപ്പെട്ടതെന്നു വാശിപിടിച്ചും കലഹിക്കുന്നവരെ കണ്ട് കണ്ണുകഴയ്ക്കാറില്ലേ? കണ്ണിനു കർപ്പൂരമാകുന്ന ജീവിതങ്ങൾ കാണാതെ പോകരുത്. കാതിൽ തേന്മഴ ചൊരിയുന്ന കഥകൾ കേൾക്കാതെ പോകരുത്. ഇവ ഊർജ്ജസ്വല‌ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും. ജീവിതത്തെ സാർത്ഥകമാക്കാൻ തുണയേകും.

പുകൾപെറ്റ നായകരെക്കാൾ മഹത്ത്വമേറിയവർ പലപ്പോഴും അജ്ഞാതനായകരെന്നു  വിക്റ്റർ യുഗോ.

Content Summary : You Should Know About These Unsung Heros

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA