ഉയർന്ന ഉദ്യോഗസ്ഥനോടുള്ള ഒറ്റച്ചോദ്യം നിർണായകമായി, ഉദ്യോഗാർഥികൾ മടിക്കുന്ന കാര്യം ചോദിച്ച് 23–ാം വയസ്സിൽ ജോലി നേടി

HIGHLIGHTS
  • ഭരതിന്റെയും അവനോട് അനുകമ്പാപൂർവം പ്രതികരിച്ച റജിസ്ട്രാറുടെയും കഥ
  • കുറവുകളുള്ളവർക്കു പിൻബലമാകാൻ നമ്മളൊക്കെ എന്തു ചെയ്യാറുണ്ട് ?
bharath-k-r
SHARE

ഭരത് ജനിച്ചത് 1998 ലാണ്. ഏകദേശം ആറു മാസം പ്രായമായപ്പോഴേ അവനു കേൾവിപ്രശ്നമുള്ളതായി മാതാപിതാക്കൾക്കു മനസ്സിലായി. ആ സമയത്ത് അവനെ തിരുവനന്തപുരത്തെ ‘നിഷി’ൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്) കൊണ്ടുവന്നതാണ്. അതുകഴിഞ്ഞ് 5 വർഷം ഭരത് നിഷിൽ പഠിച്ചു. 

പ്രീ–സ്കൂളിൽനിന്നു റഗുലർ സ്കൂളിലേക്കു ഭരത് മാറിയത് ശിശുവിഹാർ സ്കൂളിലേക്കാണ്. തുടർന്ന് ഏബ്രഹാം മെമ്മോറിയൽ സ്കൂളിൽനിന്നു പത്താം ക്ലാസ് പൂർത്തിയായി. വിളവയ്ക്കൽ ഗവ. എച്ച്എസ്എസിൽനിന്നു പ്ലസ് ടുവിനുശേഷം ഗവ. ആർട്സ് കോളജിൽനിന്നു ബികോമും എംകോമും കഴിഞ്ഞു. 

എംകോം പഠനകാലത്തുതന്നെ കേരള ഹൈക്കോടതിയിൽ ടൈപ്പിസ്റ്റ് ഒഴിവിലേക്കു പരസ്യം കണ്ട് ഭരത് അപേക്ഷിച്ചു. പരീക്ഷ കടന്നു. ഇന്റർവ്യൂ എത്തി. ഹൈക്കോടതി റജിസ്ട്രാറാണ് ഇന്റർവ്യൂ നയിക്കുന്നത്. ചുണ്ടുകളുടെ ചലനവും ശ്രവണസഹായിയും കൊണ്ടേ ചോദ്യങ്ങൾ മനസ്സിലാക്കാൻ ഭരതിനു സാധിക്കൂ. ‘ആ മാസ്കൊന്നു മാറ്റിയാൽ എനിക്കു ചോദ്യങ്ങൾ കുറേക്കൂടി നന്നായി മനസ്സിലാക്കാനും ഉത്തരം പറയാനും എളുപ്പമാകും’–റജിസ്ട്രാറോടു ഭരത് പറഞ്ഞു. വളരെ ഉയർന്ന പദവിയിലുള്ള ഒരാളോട് അങ്ങനെ പറയാൻ സാധാരണ ഉദ്യോഗാർഥികൾക്കു ധൈര്യമുണ്ടാ കണമെന്നില്ല. പക്ഷേ, റജിസ്ട്രാർ ആ ആവശ്യത്തെ അതിന്റേതായ അർഥത്തിൽ ഉൾക്കൊണ്ടു. അനുഭാവപൂർവം അദ്ദേഹം മാസ്ക് മാറ്റി ചോദ്യങ്ങൾ ചോദിച്ചു. ആ ജോലി ഭരതിനെ അനുഗ്രഹിക്കുകയും ചെയ്തു. 23–ാം വയസ്സിൽ, ഈ സെപ്റ്റംബർ അവസാനം ഭരത് കെ.ആർ. ഹൈക്കോടതിയിൽ ടൈപ്പിസ്റ്റായി ജോലിക്കു കയറി. 

ഭരതിന്റെ ഒറ്റ വാചകമാണ് അവന്റെ ജീവിതത്തിൽ നിർണായകമായത്. മാസ്ക് മാറ്റാൻ ആവശ്യപ്പെട്ട ആ വാചകം അതിന്റെ പൂർണ അർഥത്തിൽ ഉൾക്കൊണ്ട്, അനുകമ്പാപൂർവം പ്രതികരിച്ച റജിസ്ട്രാറല്ലായിരുന്നു ഇന്റർവ്യൂ പാനലിലെങ്കിൽ അവനു കാര്യമായി ഉത്തരമൊന്നും പറയാൻ കഴിയുമായിരുന്നില്ല. ചില വാക്കുകൾ അങ്ങനെയാണ്; ചരിത്രം മാറ്റിമറിക്കും. അതു വ്യക്തിയുടേതാകാം, അല്ലെങ്കിൽ സമൂഹത്തിന്റേതാകാം. 

അവസരം കണ്ടെത്തുകയും കഠിനപരിശ്രമത്തിലൂടെ അതു നേടിയെടുക്കുകയും ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പക്ഷേ, അയാൾക്ക് അനുകൂലമായി ചുറ്റുപാടുകൾകൂടി മാറുമ്പോഴേ ആ പരിശ്രമം ഫലപ്രാപ്തിയിലെത്തൂ. ഭിന്നശേഷിക്കാർക്കു ധാരാളം അനുകൂല സമീപനങ്ങൾ ഇക്കാലത്തു കിട്ടുന്നുണ്ട്. പക്ഷേ, കടലാസിൽ മാത്രമല്ലാതെ, പ്രവൃത്തിയിൽ അതൊക്കെ എത്രത്തോളം നടപ്പാകുന്നുണ്ട് എന്നുകൂടി നമ്മൾ ഓരോരുത്തരും ചിന്തിക്കണം. 

ശാരീരികവൈകല്യം കാരണം ഒറ്റ ക്ലാസിലും ഭരത് ഒന്നിലേറെ വർഷം പഠിക്കാൻ ഇടയായില്ല. അത് അവന്റെ നിശ്ചയദാർഢ്യംകൊണ്ടും പരിശ്രമംകൊണ്ടും സാധ്യമായതാണ്. ഒരു അനിയത്തിയുമുണ്ട്, ഭരതിന്. അച്ഛൻ കുമാർ പൊലീസിൽ ഡ്രൈവറായിരുന്നു. എസ്ഐ ഗ്രേഡിൽ അടുത്ത കാലത്തു വിരമിച്ചു. അമ്മയും അച്ഛനും ഭരതിന്റെ ഓരോ ചുവടിലും ഒപ്പം നിന്നതുകൊണ്ടാണ് അവനു സ്വന്തം കാലിൽ നിൽക്കാൻ ഇപ്പോൾ ഒരവസരമെത്തിയത് എന്നതിൽ സംശയമില്ല. പഠിച്ച ഓരോ സ്ഥലത്തെയും അധ്യാപകർ നൽകിയ പിന്തുണയും എടുത്തുപറയണം. ദൂരസ്ഥലങ്ങളിലേക്കു സ്ഥലംമാറ്റമില്ലാതെ ഭരതിന്റെ അച്ഛനു സഹായം നൽകിയ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും നൽകണം, ഒരു ബിഗ് സല്യൂട്ട്. 

Content Summary :Career Column Vijayatheerangal by G.Vijayaraghavan - Success Story Of Bharath K.R

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS