അറിയുമോ, ഈ ഐഐഐടി; പഠിച്ചിറങ്ങുന്നവർക്ക് മികച്ച പ്ലേസ്മെന്റ്

HIGHLIGHTS
  • വരൂ, പാലാ വലവൂരിലെ ഐഐഐടി ക്യാംപസിലേക്ക്
IIT-K
SHARE

ഐടി മേഖലയിൽ ലോകത്തെ മികച്ച സർവകലാശാലകളുമായി പങ്കാളിത്തം, ലോകോത്തര നിലവാരത്തിലുള്ള ഗവേഷണസൗകര്യം, പഠിച്ചിറങ്ങുന്നവർക്ക് രാജ്യാന്തര കമ്പനികളിൽ പ്ലേസ്മെന്റ്... ഏതെങ്കിലും ഐഐടിയെക്കുറിച്ചോ എൻഐടിയെക്കുറിച്ചോ അല്ല, കേരളത്തിന്റെ സ്വന്തം ഐഐഐടിയെക്കുറിച്ചാണു പറഞ്ഞുവരുന്നത്.

രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ചുവടുറപ്പിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കോട്ടയം പാലാ വലവൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി–കെ).

IIIT

ബിടെക് മുതൽ പിഎച്ച്ഡി വരെ

2015ൽ 30 വിദ്യാർഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 300 വിദ്യാർഥികളെ ബിരുദ തലത്തിൽ പ്രവേശിപ്പിക്കുന്നു. 2019 മുതൽ വലവൂരിലെ 52 ഏക്കർ ക്യാംപസിലാണു പ്രവർത്തനം.

ബി.ടെക് കംപ്യൂട്ടർ സയൻസ് (220 സീറ്റ്), ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ (40), ബിടെക് സൈബർ സെക്യൂരിറ്റി (40) എന്നിവയിലേക്കു ജെഇഇ മെയിൻ വഴിയാണു പ്രവേശനം. ദേശീയതലത്തിൽ 48,000 റാങ്ക് നേടിയവർക്കു വരെ കഴിഞ്ഞവർഷം പ്രവേശനം ലഭിച്ചു.

തിരുവനന്തപുരത്തെ ഓഫ് ക്യാംപസ് സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ എംടെക്കുമുണ്ട്. വർക്കിങ് പ്രഫഷനലുകൾക്കു മാത്രമാണു പ്രവേശനം. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, മാത്‌സ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി കോഴ്സുകളുമുണ്ട്.

വിദേശസഹകരണം, സ്റ്റാർട്ടപ് സൗകര്യം

ജർമനിയിലെ മ്യൂണിക് ടെക്നിക്കൽ സർവകലാശാല, ഓസ്ട്രിയയിലെയും കാനഡയിലെയും സർവകലാശാലകൾ എന്നിവയുമായി ഐഐഐടിക്കു സഹകരണമുണ്ട്. അവിടെയുള്ള അധ്യാപകർ ഇവിടെ ക്ലാസുകളെടുക്കാറുണ്ട്.

ഐഐഐടി–കെയിൽ പ്രവർത്തിക്കുന്ന അടൽ ഇൻകുബേഷൻ കേന്ദ്രത്തിൽ നിതി ആയോഗിന്റെ ധനസഹായത്തോടെ 35 സ്റ്റാർട്ടപ് കമ്പനികൾ പ്രവർത്തിക്കുന്നു.

മാറുന്ന വ്യാവസായിക ആവശ്യങ്ങൾ മനസ്സിലാക്കിയാണ് കോഴ്സുകൾ രൂപകൽപന ചെയ്യുന്നത്. ഐടി കംപ്യൂട്ടേഷനൽ ക്ലാസുകൾ ഒന്നാം വർഷം തന്നെ തുടങ്ങുന്നത് ഉദാഹരണം. ഇതുകാരണം ഇത്തവണ ഒട്ടേറെ മൂന്നാം വർഷ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം ലഭിച്ചു.

പ്ലേസ്മെന്റ് ഓഫർ 42 ലക്ഷം വരെ

പഠിച്ചിറങ്ങുന്നവരിൽ ഭൂരിഭാഗവും രാജ്യാന്തര കമ്പനികളിൽ ജോലി ചെയ്യുന്നു. നിലവിലെ അവസാനവർഷ വിദ്യാർഥികളിൽ 50 പേർക്ക് ഏകദേശം 35 കമ്പനികളിലായി പ്ലേസ്മെന്റ് ലഭിച്ചുകഴിഞ്ഞു. ശരാശരി വാർഷിക ശമ്പളവാഗ്ദാനം 9.20 ലക്ഷം രൂപ. ഏറ്റവും ഉയർന്ന ഓഫർ വർഷം 42 ലക്ഷം രൂപ. 2 വിദ്യാർഥികൾക്കു 30 ലക്ഷം രൂപയ്ക്കു മുകളിലുള്ള വാർഷിക ഓഫർ ലഭിച്ചു. മീഡിയനെറ്റ്, എൻവിഡിയ, ഐ മാനേജ്, ഐബിഎം, ഡിലോയ്റ്റ് തുടങ്ങിയ കമ്പനികളാണ് ക്യാംപസിലെത്തിയത്. കോഴ്സ് തീരാൻ ഇനിയും മാസങ്ങൾ ശേഷിക്കെ ബാക്കിയുള്ളവർക്കും ജോലി ലഭിക്കുമെന്ന് പ്ലേസ്മെന്റ് ഓഫിസർ ഡോ. സി.ഡി.മാത്യു പറഞ്ഞു. ‌ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ വർഷം പ്രവേശനം നേടിയ 240 പേരിൽ 35 പേർ മാത്രമായിരുന്നു മലയാളികൾ. സ്ഥാപനത്തെക്കുറിച്ച് അവബോധമുണ്ടായി വരുന്നതേയുള്ളൂ എന്നതാകാം കാരണം.

നൂറിലധികം പ്രോജക്ട് പ്രപ്പോസലുകളും നാനൂറിലധികം ഗവേഷണ പ്രബന്ധങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവിടെനിന്നു പുറത്തുവന്നു. ഇതെല്ലാം ഐഐഐടിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നു.

ഡോ.എം.രാധാകൃഷ്ണൻ (റജിസ്ട്രാർ, ഐഐഐടി–കെ)

Content Summary: Indian Institute of Information Technology, Kottayam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS