ഡ്രൈവർക്കു വഴി തെറ്റിയാൽ രണ്ടുകോടിപ്പേർ മരിക്കുമോ?

Dead-Body
SHARE

‘ചീനയിലെ പൂവിലിരുന്ന് ചിത്രശലഭം ചിറകടിച്ചാൽ കരീബിയൻ പ്രദേശത്ത് കൊടുങ്കാറ്റു വീശും.’ ഇത് വെറുംഭ്രാന്തമായ പ്രസ്താവനയല്ല. 1990ലെ ഹവാന എന്ന സിനിമയിൽ ഗണിതജ്ഞാനമുള്ള ചൂതുകളിക്കാരനായി നടിക്കുന്ന റോബർട് ബെഡ്ഫോർഡ് പറയുന്ന വാക്യമാണ്. ഇതിന് പിൻകഥയുണ്ട്.

എംഐറ്റി എന്ന ലോകപ്രസിദ്ധ സാങ്കേതികസ്ഥാപനത്തിൽ കാലാവസ്ഥാഗവേഷണം നടത്തിയിരുന്ന എഡ്വേർഡ് ലോറൻസ് എന്ന ശാസ്ത്രജ്ഞൻ കാലാവസ്ഥയിലെ വലിയ മാറ്റങ്ങൾക്ക് അതിനിസ്സാരമെന്നു തോന്നിക്കുന്ന മാറ്റങ്ങളും കാരണമാകുമെന്ന് തെളിയിച്ചു. ഏതാനും ആഴ്ചകൾക്കുമുൻപ് പൂമ്പാറ്റ ചിറകടിച്ചതുപോലും കൊടുങ്കാറ്റു രൂപം കൊള്ളുന്ന നേരത്തെയും അതിന്റെ  ഗതിയെയും സ്വാധീനിക്കുമെന്നു സൂചിപ്പിച്ചതാണ് ‘ബട്ടർഫ്ലൈ ഇഫക്റ്റ്’ എന്ന് അറിയപ്പെടുന്നത്. പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ റേ ബ്രാഡ്ബറി (1920 –2012) ‘എ സൗണ്ട് ഓഫ് തണ്ടർ’ എന്ന ചെറുകഥയിലൂടെ പൂമ്പാറ്റക്കാര്യത്തിനു പ്രചാരം  നൽകി.

സയൻസും കഥയും നിൽക്കട്ടെ. ഈ ആശയത്തിന് നമ്മുടെ നിത്യജീവിതത്തിൽ പ്രാധാന്യമുണ്ടോയെന്നു നോക്കാം. മാന്യമായി വർഷങ്ങളോളം ജീവിച്ച്, സമൂഹത്തിന്റെ ആദരം നേടി, പ്രസിദ്ധനായയാൾ സന്ദർഭം നോക്കാതെ ഒരൊറ്റ വഷളൻ വാക്യം പരസ്യമായി പറഞ്ഞുപോയാൽ, അദ്ദേഹം ആർജ്ജിച്ച മാന്യത നിമിഷനേരംകൊണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയും.

വെടിവയ്ക്കുന്നയാൾ തോക്കു ചൂണ്ടുന്ന ചൊവ്വിൽ തീരെച്ചെറിയ പിശകു വരുത്തിയാൽ ലക്ഷ്യസ്ഥാനം തെറ്റാം. തെറ്റായ സ്ഥലത്ത് വെടിയുണ്ടയെത്തി അപകടം സംഭവിക്കാം. ‘എള്ളിട തെറ്റിയാൽ വില്ലിട പായും’ എന്ന നമ്മുടെ പഴമക്കാർ പറഞ്ഞിരുന്നതും  ഇതുതന്നെ.

ഭംഗിയായിക്കൂട്ടിയ വലിയ നെൽക്കുനയുടെ ഏറ്റവും താഴത്തെ വരിയിൽ ഒരു നെല്ലു മാറ്റിയാൽ കൂന ഇടിഞ്ഞെന്നു വരാം. സമരാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസ് മേധാവിയുടെ നെറ്റിയിൽ ചെറുകല്ലു കൊണ്ടാൽ ജനങ്ങൾ അടിക്കോ വെടിക്കോ ഇരയാകാം.

നിർണായകസമയത്തുണ്ടാകുന്ന ചെറിയ ഉപദേശമോ സഹായമോ പലരുടെയും ജീവിതപ്പാത തിരിച്ചുവിട്ട സംഭവങ്ങളുണ്ട്. ഇംഗ്ലിഷിലെഴുതി പ്രശസ്തനായ ഇന്ത്യൻ നോവലിസ്റ്റ് ആർ. കെ. നാരായന്റെ ജീവിതം വഴിതിരിഞ്ഞത്  ചെറുസംഭവം മൂലമായിരുന്നു. ‘സ്വാമി ആൻഡ് ഫ്രണ്ട്സ്’ എന്ന നോവലെഴുതി പ്രസിദ്ധീകരിക്കുന്നതിന് ഓക്സ്ഫഡിൽ പഠിച്ചിരുന്ന സുഹൃത്തിനെ ഏൽപ്പിച്ചു. ഇംഗ്ലണ്ടിലെ പല പ്രസാധകരും  പുസ്തകം തിരസ്കരിച്ചതറിഞ്ഞ്,  കൈയെഴുത്തുപ്രതി തെംസ് നദിയിലെറിഞ്ഞു കളയാൻ സുഹൃത്തിനോടു പറഞ്ഞു. പക്ഷേ സുഹൃത്ത് അനുസരിച്ചില്ലെന്നു മാത്രമല്ല, അത് പ്രശസ്ത നോവലിസ്റ്റ് ഗ്രയം ഗ്രീനിനെ കാണിക്കുകയും ചെയ്തു. അദ്ദേഹത്തിന്  പുസ്തകം ഇഷ്ടപ്പെട്ടു. അതു തെല്ലു  പരിഷ്കരിച്ചുവാങ്ങി ‘ഹാമിഷ് ഹാമിൽട്ടൻ’ എന്ന പ്രസാധകരെ ഏൽപ്പിച്ചു. കൂട്ടത്തിൽ ഗ്രന്ഥകാരന്റെ പേർ രാശിപുരം കൃഷ്ണസ്വാമി . നാരായൺ എന്നത് ഇംഗ്ലിഷ് വായനക്കാരുടെ സൗകര്യത്തിനായി ആർ. െക. നാരായൺ എന്നു മാറ്റാനും നിർദ്ദേശിച്ചു. പേരു മാറ്റി. പുസ്തകം 1935ൽ പ്രസിദ്ധപ്പെടുത്തി. തുടർന്ന് മറ്റു പുസ്തകങ്ങളും. ശേഷം ചരിത്രം.

രവീന്ദ്രനാഥ ടാഗൂറിന്റെ ഗീതാഞ്ജലി എന്ന ഗ്രന്ഥം 1913ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി. ആ പുരസ്കാരം നേടിയ ആദ്യഭാരതീയൻ. അതിനകം അത്യുന്നതനിലവാരത്തിൽ പലതും അദ്ദേഹം രചിച്ചുകഴിഞ്ഞിരുന്നു. പക്ഷേ ഭാരതീയൻ ആ പുരസ്കാരത്തിനു പരിഗണിക്കപ്പെടുക അക്കാലത്തും എളുപ്പമായിരുന്നില്ല. ഗീതാഞ്ജലിക്ക്  അവതാരികയെഴുതുക മാത്രമല്ല, അത് പ്രസിദ്ധമാക്കുന്നതിലും അക്കാലത്ത് ലണ്ടനിലെ സാഹിത്യലോകത്ത് നിറഞ്ഞുനിന്ന ഐറിഷ് കവി ഡബ്ലിയൂ ബി യേറ്റ്സ് വലിയ പങ്കു വഹിച്ചു. അത് നൊബേലിലേക്കു  വഴിതുറക്കുകയായിരുന്നു.

ഡ്രൈവർക്കു വഴി  തെറ്റിയാൽ രണ്ടുകോടിപ്പേർ മരിക്കുമോ? 

അങ്ങനെ മരിച്ചു. യൂറോപ്പിൽ പല രാജ്യങ്ങളും തമ്മിൽ സംഘർഷം  മുറ്റിനിൽക്കുന്ന കാലം. ഒരു തീപ്പൊരി മതി വെടിമരുന്നിനു തീയ് പിടിക്കാൻ. 1914 ജൂൺ 28ന് ഓസ്ട്രോ–ഹംഗേറിയൻ (Austro-Hungarian) കിരീടാവകാശി ആർച്ഡ്യൂക് ഫ്രാൻസ് ഫെർഡിനാൻഡ് പത്നി സോഫിയോടൊപ്പം ബോസ്നിയയുടെ തലസ്ഥാനമായ സരയേവോ സന്ദർശിച്ചു. ആറു വർഷം മുൻപ് തങ്ങളെ ആക്രമിച്ചു കീഴടക്കിയ രാജ്യക്കാരനെ വകവരുത്താൻ ദേശീയവാദികളായ യുവാക്കൾ തയാറെടുത്തിരുന്നു. തുറന്ന കാറിൽ ദമ്പതികളെ കൊണ്ടുപോകേണ്ട വഴി ഡ്രൈവർക്കു തെറ്റി. പിശകു മനസ്സിലാക്കി അയാൾ വേഗം കുറച്ചപ്പോൾ കാർ എത്തിയത് വധിക്കാൻ സന്നദ്ധനായി നിന്ന 19കാരൻ ഗാവ്രിലോ പ്രിൻസിപ്പിന്റെ മുന്നിൽ. ദമ്പതികളിരുവരുടെയും നേർക്ക് തൊട്ടടുത്തുനിന്ന് യുവാവ് അതിവേഗം നിറയൊഴിച്ചു. ഇരുവരും തൽക്ഷണം മരിച്ചു. ഈ രാഷ്ട്രീയവധം തുടങ്ങിവച്ച പൊട്ടിത്തെറികൾ വളർന്ന് ഒന്നാം ലോകയുദ്ധമായി. രണ്ടുകോടിപ്പേർ മരിക്കുകയും  അതിലേറെപ്പേർ അംഗഹീനരാകുകയും ചെയ്ത മഹാദുരന്തം. പൂമ്പാറ്റയുടെ ചിറകടിയും കൊടുങ്കാറ്റും അതിശയോക്തിയല്ല.

ലിഫ്റ്റിൽ കയറുന്നതിനു പകരം രണ്ടു നില വരെ പടി കയറുക, ലക്ഷ്യസ്ഥാനത്തുനിന്ന് തെല്ലകലെ വണ്ടി പാർക്കു ചെയ്തു നടക്കുക എന്നിവ ശീലമാക്കിയാൽ കാലക്രമത്തിൽ ഈ വ്യായാമം ശരീരത്തിനു ഗുണം ചെയ്തതായിക്കാണാം. പണത്തിന് എത്ര ഞെരുക്കമുണ്ടെന്നു പറഞ്ഞാലും ചെറിയ തുക എല്ലാ മാസവും സമ്പാദ്യമാക്കും എന്ന നിഷ്ഠ പാലിക്കുന്നത് നിർണായകസമയത്ത് സഹായകരമാകും.

ടെലിഫോൺ കണ്ടുപിടിച്ചതാര് എന്നു ചോദിച്ചാൽ ലോകത്ത് എവിടെയുമുള്ള കുട്ടികൾ പറയും, അലക്സാണ്ടർ ഗ്രഹാം ബെൽ എന്ന്. പക്ഷേ ഈ കണ്ടുപിടിത്തത്തിന്റെ വക്കത്തു വരെയെത്തുകയും ഭാഗികമായി  പ്രവർത്തിക്കുന്ന ടെലിഫോൺ നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്ത ഫിലിപ് റെയിസ് എന്ന ജർമ്മൻ ശാസ്ത്രജ്ഞനുണ്ടായിരുന്നു. പ്രവർത്തനതത്ത്വത്തിലെ നേരിയ വ്യത്യാസമാണ് റെയിസിനെ പിൻതള്ളി ബെൽ അനശ്വരനാകാൻ ഇട വരുത്തിയത്.

ക്രിക്കറ്റിലെ മഹാനായ കളിക്കാരനും നല്ല കളിക്കാരനും തമ്മിൽ നേരിയ വ്യത്യാസമേ കാണുകയുള്ളൂ. പക്ഷേ മേമ്പൊടിപോലെ വരുന്ന ആ ചെറിയ വ്യത്യാസം ഫലത്തിൽ വലിയ വ്യത്യാസമായി മാറുന്നു. ദലൈലാമ ഒരിക്കൽ പറഞ്ഞു, ‘മാറ്റം വരുത്താൻ കഴിയാത്തവിധം തീരെച്ചെറുതാണ് നിങ്ങളെന്നു തോന്നുന്നുണ്ടെങ്കിൽ കൊതുകിനോടൊപ്പം കിടന്ന് ഉറങ്ങി നോക്കുക.’ കാര്യം ശരിയല്ലേ? എത്ര നിസ്സാരമാണ് കൊതുകിന്റെ വലിപ്പം. പക്ഷേ അത് രാജാവിന്റെയും ഉറക്കം കെടുത്തും. എന്തിന്, ശാസ്ത്രസാങ്കേതികവിദ്യ കൊടുമുടിയിലെത്തിയെന്നു വീമ്പിളക്കുന്ന മനുഷ്യന് ഇന്നേവരെ കൊതുകിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇലക്ട്രോൺ മൈക്രോസ്കോപ് കൊണ്ടു മാത്രം കാണാന് കഴിയുന്ന കൊറോണാ വൈറസ് ലോകത്തെ മുഴുവൻ ചക്രശ്വാസം വലിപ്പിക്കുന്നത് നാം അനുഭവിക്കുകയല്ലേ?

കാറോടിക്കുന്നയാൾ ഒരു സെക്കൻഡ് കണ്ണടച്ചുപോകുന്നത് ജീവിതവും മരണവും തമ്മിലുള്ള അകലം എത്ര ചെറുതെന്നു വെളിവാക്കുന്നില്ലേ? ഷെർലക് ഹോംസിനെ സൃഷ്ടിച്ച് അപസർപ്പകകഥകളുടെ ചക്രവർത്തിയായ ആർതർ കോണൻ ഡോയ്‌ൽ : ‘തീരെച്ചെറിയ വസ്തുക്കളാണ് നിസ്സീമപ്രാധാന്യമുള്ളവ എന്നത് അടിസ്ഥാനതത്ത്വമായി ഞാൻ പണ്ടേ കരുതിപ്പോരുന്നു’

ചെറിയ തെറ്റിദ്ധാരണ ഉറ്റ മിത്രങ്ങളെ ബദ്ധവൈരികളാക്കിയ സംഭവങ്ങളേറെ. നിസ്സാരകാര്യങ്ങൾക്ക് രാജ്യങ്ങൾ തമ്മിൽപ്പോലും യുദ്ധമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാരും അമേരിക്കക്കാരും പാർത്തിരുന്ന സാൻജുവാൻ ദ്വീപിൽ അമേരിക്കൻ കർഷകൻ ബ്രിട്ടീഷുകാരന്റെ പന്നിയെ ശല്യം സഹിയാഞ്ഞ് വെടിവച്ചു കൊല്ലാനിടയായി. 1859ൽ നടന്ന ഈ സംഭവം വളർന്ന് അമേരിക്കൻ പട്ടാളവും ബ്രിട്ടീഷ് നാവികസേനയും മുഖാമുഖം വന്ന് ‘പിഗ് വാർ’ എന്ന യുദ്ധത്തിലെത്തി.  തെരുവുനായെ പിൻതുടർന്ന ഗ്രീക് സൈനികൻ അറിയാതെ  ബൾഗേറിയൻ അതിർത്തികടന്നു. അയാളെ ബൾഗേറിയ വെടിവച്ചിട്ടു. തുടർന്ന് ഗ്രീക്കുകാർ ബൾഗേറിയ ആക്രമിച്ചു. 1925ൽ 50 പേർ മരിക്കാനിടയായ യുദ്ധത്തിന്റെ വെടിനിർത്തലിന് രാഷ്ട്രന്തരസമിതി ഇടപെടേണ്ടിവന്നു.

ഒന്നും നിസ്സാരമെന്നു കരുതിക്കൂടാ. ഏതിലും വേണം തെല്ലു ശ്രദ്ധ. ചെറിയ  വിളക്കുകൊണ്ട് ഈ വിശ്വത്തെയാകെ ദീപ്തമാക്കാമെന്ന് പ്രേമസംഗീതത്തിൽ ഉള്ളൂർ വരച്ചത് മനോഹരചിത്രം : ‘വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം,’

English Summary: Career Column By BS Warrier: Butterfly effect

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA