ADVERTISEMENT

സംസ്ഥാനത്തു യൂണിഫോം സേനാവിഭാഗങ്ങളിലെ തസ്തികകളിലേക്കുള്ള നിയമനം സ്തംഭനാവസ്ഥയിൽ. പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ജയിൽ വകുപ്പുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് വൈകുന്നതാണു കാരണം. 

എസ്ഐ, സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഫയർമാൻ,  എക്സൈസ് ഇൻസ്പെക്ടർ, അസി. ജയില‍ർ എന്നീ പ്രധാന തസ്തികകളിലെല്ലാം നിയമനം നിലച്ചിരിക്കുകയാണ്. 

പിഎസ്‌സിയുടെ പ്ലസ് ടു, ബിരുദതല പൊതുപരീക്ഷകളിൽ ഉൾപ്പെടുത്തിയാണ് ഈ തസ്തികകളിലേക്കു പരീക്ഷ നടത്തിയത്. ഒരു തസ്തികയിലും പ്രാഥമികപരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടു പോലുമില്ല. 

മെയിൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ കടമ്പകൾകൂടി പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഒരു വർഷത്തിലേറെ വേണ്ടിവന്നേക്കും. എല്ലാ തസ്തികയുടെയും മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ടും വർഷങ്ങളായി. 

CPO ലിസ്റ്റ് കാലാവധി തീർന്നിട്ട് 3 മാസം 

സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ പ്രാഥമിക പരീക്ഷ നടത്തി 7 മാസം പിന്നിട്ടിട്ടും  ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. 2019 ഡിസംബർ 31നായിരുന്നു വിജ്ഞാപനം. ഈ വർഷം ഓഗസ്റ്റ് 3നു റാങ്ക് ലിസ്റ്റ് അവസാനിച്ചു. 

757 പേർക്കാണു ശുപാർശ ലഭിച്ചത്. 2020 ജൂൺ 30നു റദ്ദായ മുൻ ലിസ്റ്റുകളിൽ 5609 പേർക്കു ശുപാർശ ലഭിച്ചിരുന്നു. വനിതാ സിപിഒ റാങ്ക് ലിസ്റ്റും നിലവിലില്ല. 

എക്സൈസ് ഓഫിസർ ലിസ്റ്റില്ലാതെ ഒന്നര വർഷം 

സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്കു 2019 ഡിസംബർ 31നായിരുന്നു വിജ്ഞാപനം. കഴിഞ്ഞ ഏപ്രിൽ 10, 18 തീയതികളിലായിരുന്നു പരീക്ഷ. മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ട് ഒന്നര വർഷം കഴിഞ്ഞു. 14 ജില്ലകളിലുമായി 453 പേർക്കാണു ശുപാർശ ലഭിച്ചത്. 

ഫയർമാൻ ലിസ്റ്റില്ലാതെ 2 വർഷം 

ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർമാൻ ഗ്രേ‍ഡ്–2 തസ്തികയിൽ നിയമനം നിലച്ചിട്ട് 2 വർഷം. 2019  ഡിസംബർ 16നാണു  മുൻ റാങ്ക് ലിസ്റ്റ് അവസാനിച്ചത്. 2019 ഒക്ടോബർ 15നായിരുന്നു വിജ്ഞാപനം. 

 

ഫയർ വുമൺ നിയമനവും വൈകുകയാണ്. ആദ്യമായാണ് ഈ തസ്തികയിൽ പിഎസ്‌സി തിരഞ്ഞെടുപ്പു നടത്തുന്നത്. 2020 നവംബർ 16നായിരുന്നു വിജ്ഞാപനം. 100 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

 

എസ്ഐ ലിസ്റ്റില്ലാതെ ഒന്നര വർഷത്തിലേറെ 

2019 ഡിസംബർ 30നാണ് സബ് ഇൻസ്പെക്ടർ  തസ്തികയിലേക്കു വിജ്ഞാപനം  പ്രസിദ്ധീകരിച്ചത്. നവംബർ 13നായിരുന്നു പ്രാഥമിക പരീക്ഷ. മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് ഒന്നര വർഷം കഴിഞ്ഞു. 339 പേർക്ക് ശുപാർശ ലഭിച്ചിരുന്നു. 

 

റാങ്ക് ലിസ്റ്റുകളില്ലാതെ എക്സൈസും ജയിലും 

എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിലർ തസ്തികകളുടെ റാങ്ക് ലിസ്റ്റും നിലവിലില്ല. എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2020 മാർച്ച് 13നും അസി. ജയിലർ ലിസ്റ്റ് കഴിഞ്ഞ ഒക്ടോബർ 15നുമാണ് അവസാനിച്ചത്. രണ്ടു ലിസ്റ്റിൽനിന്നുമായി യഥാക്രമം 71, 76 പേർക്കു ശുപാർശ ലഭിച്ചു. നവംബർ 13നാണ് ഈ തസ്തികകളുടെയും പരീക്ഷ നടന്നത്. 

English Summary: Kerala PSC Recruitment In Uniformed Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com