ADVERTISEMENT

ഏതു ജൈവഭാഷയും പഠിക്കുന്നത് ഒരു ജനതയുടെ ജീവിതശൈലിയുമായും സംസ്കാരവുമായും ഇടപഴകാൻ അവസരം നൽകും. ഏറെ ആളുകൾ സംസാരിക്കുന്ന ഭാഷയാകുമ്പോൾ ഇതിന്റെ മാനം വർധിക്കുകയും ചെയ്യും. ഏതു ജനതയുമായും ഇടപെടുമ്പോൾ, അവരുടെ മാതൃഭാഷ അറിയുന്നത് ആശയവിനിമയം സുഗമമാക്കുമെന്നു മാത്രമല്ല, അവർക്കിടയിൽ നമ്മുടെ സ്വീകാര്യത വർധിപ്പിക്കുകയും ചെയ്യും. 

 

ഭാഷാപാരമ്പര്യം 

 

അറേബ്യ, മധ്യപൗരസ്ത്യ ദേശങ്ങൾ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലായി 45 കോടിയോളം പേർ സംസാരിക്കുന്ന ഭാഷയാണ് അറബിക്. ഇത് സെമെറ്റിക് ഭാഷകളിൽപ്പെടുന്നു. എഴുത്തിൽ പൊതുവേ ഉപയോഗിക്കുന്ന മാനക അറബിക്കിനപ്പുറം മുപ്പതോളം ഭാഷാഭേദങ്ങളുണ്ട്. മലയാളമടക്കം ലോകഭാഷകളിലെല്ലാം അറബിക് പദങ്ങൾ കടന്നെത്തിയിട്ടുണ്ട്. 

 

ഒഴുക്കോടെ അറബിക് സംസാരിക്കാൻ കഴിയുന്നത് ഗൾഫ് രാജ്യങ്ങളിൽ മാർക്കറ്റിങ്, സെയിൽസ്, ആതുരശുശ്രൂഷ തുടങ്ങിയ ജനസമ്പർക്കമുള്ള മേഖലകളിൽ പ്രവർത്തിക്കാൻ സൗകര്യപ്രദമാണ്. പക്ഷേ, സ്കൂളിലും കോളജിലും പഠിപ്പിക്കുന്ന എഴുത്തിലും സാഹിത്യത്തിലും ഊന്നിയുള്ള ഭാഷ മാത്രംകൊണ്ട് അറബിരാജ്യങ്ങളിലെ സാധാരണ ജനങ്ങളുമായി വേഗം ഇടപെടാൻ കഴിഞ്ഞെന്നു വരില്ല. അതിനു സംഭാഷണഭാഷ വശത്താക്കണം. ഏതു തരത്തിൽ പ്രയോഗിക്കാനും ധാരാളം സാധ്യതകളുള്ള ഭാഷയാണിത്. മിക്ക ഭാഷക്കാരും കാർ, സ്ക്രൂ ഡ്രൈവർ തുടങ്ങിയ വാക്കുകൾ ഇംഗ്ലിഷിൽത്തന്നെ പ്രയോഗിക്കുമ്പോൾ അറബിക്കിൽ സ്വന്തമായ വാക്കുകളുണ്ട്. വിനയവും ആദരവും കാട്ടാനുള്ള ഉപചാരപദങ്ങൾ നിരന്തരം ഉപയോഗിക്കപ്പെടുന്നു. 

 

വലത്തുനിന്ന് ഇടത്തോട്ടാണ് എഴുതുന്നതെങ്കിലും സംഖ്യകൾ ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുക. യൂനാനി മെഡിക്കൽ ബാച്‌ലർ ബിരുദ കോഴ്സിനു പഠിക്കാനുള്ള മിനിമം യോഗ്യതയിൽ അറബിക്കിനു സ്ഥാനമുണ്ട്. പ്ലസ് ടുവിൽ ബയോളജി/കെമിസ്‌ട്രി/ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കിനു പുറമെ അറബിക്/ഉറുദു/പേർഷ്യൻ ഭാഷയിൽ നിർദിഷ്ട അധികയോഗ്യത വേണം. 

 

പഠനസാധ്യതകൾ 

 

∙കേരളത്തിലെ പല സ്കൂളുകളിലും കോളജുകളിലും അറബിക് പഠിക്കാൻ സൗകര്യമുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് ഫാറൂഖ് കോളജ്, തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ്, മമ്പാട് എംഇഎസ് കോളജ്, തളിപ്പറമ്പ് സർ സയ്യിദ് കോളജ്, കാസർകോട് ഗവ. കോളജ് തുടങ്ങി പല കലാലയങ്ങവിലും അറബിക് എംഎ പഠനസൗകര്യമുണ്ട്.

∙കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലാണ് അറബിക് പഠനസാഹചര്യം കൂടുതൽ. ∙കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, കോഴിക്കോട് ഫാറൂഖ്, തുടങ്ങിയ കോളജുകളിലും പിഎച്ച്ഡിക്കു സൗകര്യമുണ്ട്. പൂർണ വിവരങ്ങൾക്കു കോളജ് വെബ്സൈറ്റുകൾ നോക്കാം. 

 

∙അറബിക് പഠനഗവേഷണത്തിനുള്ള ചില സ്ഥാപനങ്ങൾ: ∙ Arabic Persian Research Institute, Jaipur ∙ Department of Arabic, Jamia Millia Islamia, New Delhi ∙ Department of Arabic, Delhi University ∙ Department of Arabic, Aligarh Muslim University ∙ School of Language, Literature & Cultural Studies, Jawaharlal Nehru University ∙ Faculty of Islamic Studies & Social Sciences, Jamia Hamdard, New Delhi ∙ Al Jamia al Islamia, Santhapuram, Pattikkad, Malappuram. 

 

Content Summary : How Learning Arabic can help you to get your dream job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com