ADVERTISEMENT

ഉദ്യോഗസമ്പാദനത്തിനു ശ്രമിക്കുന്നവർ പലപ്പോഴും പിരിമുറുക്കത്തിലാവും. ഇന്റർവ്യൂവേളയിലെ പരിഭ്രമത്തിനുള്ള മുഖ്യകാരണം ഇതു തന്നെ. ഉയർന്ന ജോലികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉദ്യോഗാർത്ഥിയുടെ നിലപാടുകൾ തിരിച്ചറിയാൻ ഉദ്യോഗദാതാവ് ശ്രമിക്കും. അ‌തിനു തക്ക ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. ‘ഞാൻ പാവവും നിരുപദ്രവിയും ആണ്’ എന്നു വരുത്തുകയാണോ ഉദ്യോഗാർത്ഥി ചെയ്യേണ്ടത്?

 

തൊട്ടാവാടികളെയും നട്ടെല്ലില്ലാത്തവരെയും ആരെങ്കിലും ബഹുമാനിക്കുമോ? അവരിൽനിന്നു മുതലെടുക്കാമെന്നു വിചാരിക്കുന്നവർക്കുപോലും ഉള്ളിൽ മതിപ്പു കാണില്ല. ഏതെങ്കിലും സ്ഥാപനത്തിലെ ഉത്തവാദിത്വമുള്ള സ്ഥാനത്തു പ്രവേശിക്കാൻ ചെല്ലുന്നയാൾ ഏതു തരക്കാരനായിരിക്കണം എന്നായിരിക്കും ഉദ്യോഗദാതാവു കരുതുക? സമ്മർദ്ദതന്ത്രവുമായി വരുന്നവരുടെ മുന്നിൽ വിനയത്തോടെ മുട്ടുമടക്കുന്നയാളെയായിരിക്കുമോ, അതോ ശരിയായ സ്വാഭിപ്രായത്തിൽ ഉറച്ചുനിന്ന് സമ്മർദ്ദക്കാരെ സത്യവും ന്യായവും പറഞ്ഞു ബോദ്ധ്യപ്പെടുത്തി, നീതിപൂർവമായി പ്രവർത്തിക്കുന്നയാളെയായിരിക്കുമോ സ്ഥാപനം സ്വീകരിക്കാൻ ഇഷ്ടപ്പെടുക? രണ്ടാമത്തെയാൾക്കായിരിക്കും മുൻഗണന എന്നു സ്പഷ്ടം. 

 

ജോലിക്കുള്ള ഇന്റർവ്യൂവിലോ ഗ്രൂപ്പുചർച്ചയിലോ പങ്കെടുക്കുന്നവരും സ്ഥിരം ജോലിക്കു തുടക്കമായേക്കാവുന്ന അപ്രന്റിസ്ഷിപ്പിലും പ്രൊബേഷനിലും ഏർപ്പെടുന്നവരും ഇക്കാര്യം സശ്രദ്ധം മനസ്സിൽ വയ്ക്കേണ്ടതുണ്ട്. പക്ഷേ, ഒരു കാര്യം മറന്നുകൂടാ. സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതിന്റെ തീവ്രത അഹങ്കാരത്തിന്റെ മേഖലയിലേക്ക് കടക്കരുത്. രണ്ടിന്റെയും ഇടയിലെ അതിർവര നേർത്തതാണ്. വിനയവും പക്വതയും കാട്ടാത്തവരെ സ്വീകരിക്കാൻ സ്ഥാപനങ്ങൾ സാധാരണഗതിയിൽ താത്പര്യം കാട്ടിയില്ലെന്നുവരാം.

 

അന്യരുടെ അവകാശങ്ങൾക്കു തടസ്സമാകാത്തവിധം എന്നെപ്പറ്റിയും എന്റെ അവകാശങ്ങളെപ്പറ്റിയും ഉറപ്പിച്ചു പറയാനുള്ള കഴിവ് (assertiveness) ഉദ്യോഗമുൾപ്പെടെ ഏതു രംഗത്തും പ്രധാനമാണ്. ശരിയായ അഭിപ്രായത്തിലോ തീരുമാനത്തിലോ ഉറച്ചു നിൽക്കു‍മ്പോൾ ആത്മവിശ്വാസം മെച്ചപ്പെടുന്നു. ഏതു പ്രശ്നത്തിലും നല്ല തീരുമാനങ്ങളെടുക്കാൻ ഈ നിലപാട് സഹായകമാകുകയുംചെയ്യുന്നു.

 

ഈ നിലപാടിന്റെ ലക്ഷണങ്ങളും സവിശേഷതകളും ഇങ്ങനെ ക്രോഡീകരിക്കാം:

 

•      സ്വാഭിപ്രായം പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം.

•      സ്വന്തം വിശ്വാസങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനില്ക്കാനുള്ള ധൈര്യം.

•      എത്ര വലിയ ആളെയും ചെന്നു കണ്ടു സംസാരിക്കാനുള്ള അന്തർബലം. (യഥാർത്ഥ അധികാരിയെ ചെന്നു കാണാൻ ഭയന്ന്, ഉപഗ്രഹങ്ങളെക്കണ്ട് കാര്യം സാധിക്കാതെ പോകുന്നവരെ ഓർക്കുക)

•      ആവശ്യം പറഞ്ഞു ബോദ്ധ്യപ്പെടുത്താനുള്ള മനക്കരുത്ത്.

•      നിസ്സങ്കോചം സഹായാഭ്യർത്ഥന നടത്താനുള്ള ശേഷി.

•      അത്യാവശ്യമുള്ളപ്പോഴെങ്കിലും 'ഞങ്ങൾ' എന്നല്ലാതെ, 'ഞാൻ' എന്നു പറയാനുള്ള സന്നദ്ധത.

•      സ്വന്തം അഭിപ്രായത്തിന്റെയും പ്രവൃത്തികളുടെയും ചുമതല അന്യരിൽ ചാരാതെ സ്വയം ഏറ്റെടുക്കാനുള്ള മനഃസ്ഥിതി.

•      തെറ്റുപറ്റിയാൽ അതു തുറന്നുപറയാനുള്ള ആർജ്ജവം.

•      മറ്റൊരാളിന്റെ പ്രവൃത്തി എനിക്കു ദോഷം വരുത്തിയാൽ, അതു ചൂണ്ടിക്കാട്ടാനുള്ള കഴിവ്.

•      ഭീഷണിക്കാരെ നേരിട്ടു നിൽക്കാനുള്ള സംയമനം.

•      ആവശ്യമെങ്കിൽ ‘ഇല്ല’, ‘സാദ്ധ്യമല്ല’ എന്നു പറയാനുള്ള ചങ്കൂറ്റം. (ഇതു കനപ്പിച്ചു പറയണമെന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ബിസിനസ്സുകാരൻ വാറൻ ബഫറ്റ്  ഒരുപടി കടത്തിപ്പറഞ്ഞു, ‘‘വിജയിയും യഥാർഥവിജയിയും തമ്മിലുള്ള വ്യത്യാസം യഥാർഥവിജയി ഒട്ടുമിക്ക കാര്യങ്ങളോടും ‘നോ’ പറയുമെന്നതാണ്.’’)

•      ആവശ്യമുള്ളപ്പോൾ തുറന്നു സംസാരിക്കാനുള്ള ഉൾക്കരുത്ത്.

•      ഇടനിലക്കാരെ കൂടാതെ ഉന്നതരോടുപോലും കാര്യങ്ങൾ വിനയത്തോടെ പറയാനുള്ള ധീരത.

•      വേണ്ടപ്പോൾ നിശ്ശബ്ദത പാലിക്കാനുള്ള ക്ഷമ.

•      തന്റെയും സ്ഥാപനത്തിന്റെയും അവകാശങ്ങളെപ്പറ്റി പറയാനുള്ള നെഞ്ചുറപ്പ്.

 

ഇത്രയൊക്കെയുള്ളയാൾ അതിരുകടന്ന ആത്മവിശ്വാസത്തിന് അടിപ്പെട്ട് അവകാശസ്ഥാപനത്തിനുവേണ്ടി അക്രമസ്വഭാവം കാട്ടാൻ സാദ്ധ്യതയുണ്ട്. ഈ അപകടത്തിൽപ്പെടാതെ സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധവേണം. ബോദ്ധ്യത്തോടെ, ശബ്ദമുയർത്താതെ, ആത്മാർത്ഥത തുടിക്കുംവിധം, സ്ഫുടതയും ഒഴുക്കും നിലനിർത്തി, മുഖ്യപദങ്ങൾക്ക് ഊന്നൽ നൽകി സംസാരിക്കുന്നത് ആരോഗ്യകരമായ നിലപാടുള്ളവരുടെ ലക്ഷണമാണ്. വികാരത്തിന് അടിപ്പെട്ട് ബഹളംകൂട്ടുന്ന നിരർഥകവ്യായാമം ഒഴിവാക്കാം. മർക്കടമുഷ്ടിയും പിടിവാശിയും ആരും ഇഷ്ടപ്പെടുകയില്ല.

 

ഏതു സ്ഥാപനത്തിലും ചിലപ്പോൾ സമയക്കുറവിന്റെ പിരിമുറുക്കത്തിൽപ്പെട്ട് ജോലി ചെയ്യേണ്ടിവരും. സ്വന്തം ജോലിഭാരംതന്നെ താങ്ങാൻ കഷ്ടപ്പെടുമ്പോൾ അന്യർ അവരുടെ ജോലികൂടെ അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ ‘ബുദ്ധിമുട്ടുണ്ട്’ എന്ന് വിനയത്തോടെ പറയാൻ കഴിയണം. അന്യർ നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധിക്കണമെങ്കിലും അവ സ്വീകരിക്കണമെന്നില്ല. സഹായം ചോദിക്കാൻ ആർക്കും അവകാശമുണ്ട്. അങ്ങനെ ചോദിച്ചുകൊള്ളട്ടെ. നാം ചെയ്യുന്നത് നീതിപൂർവമാകണം.

ആരെങ്കിലും അഭിനന്ദിച്ചാൽ നന്ദിപറയുക. വിമർശിച്ചാൽ അതിൽ കഴമ്പുണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ നന്ദി പറയുകയും തെറ്റു തിരുത്തുകയും ചെയ്യുക. ഏതെങ്കിലും കാര്യത്തിൽ വിജയംവരിക്കാൻ കഴിയുമ്പോഴും സമചിത്തതയും പക്വതയും നിലനിർത്തുക.

 

ജോലി തേടി ചെല്ലുന്നയാൾ അടിമമനോഭാവത്തോടെ പെരുമാറണമെന്നു കരുതേണ്ട. പ്രസന്നതയും ആത്മവിശ്വാസവും ആണ് പ്രധാനം. നിഷ്ക്രിയരായാൽ നമ്മുടെ തീരുമാനങ്ങൾ അന്യരെടുത്തുകളയും. അക്രമിയായാൽ അന്യരുടെ തീരുമാനം നമ്മളെടുക്കും. ആത്മബലമുണ്ടെങ്കിൽ നമ്മുടെ തീരുമാനം നമ്മളെടുക്കും. അതുമതി.    ആരുടെയെങ്കിലും ചവിട്ടുമെത്തായാകാൻ ഒരിക്കൽ അനുവദിച്ചാൽ, തുടർന്ന് എല്ലാവരും നമ്മെ ചവിട്ടിമെതിച്ച് കീഴ്പ്പെടുത്തി, അവരുടെ വരുതിയിലൊതുക്കാൻ ശ്രമിക്കും. സ്വാഭിമാനം തകർന്നയാൾക്ക് സ്വന്തം അധികാരം പ്രയോഗിക്കാൻ കഴിയാതെ  വരും. ഈ അപകടത്തിൽപ്പെടാതിരിക്കാൻ കരുതൽ വേണം. ‘നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങൾ താണതരക്കാരനാണെന്നു തോന്നിക്കാൻ ആർക്കും കഴിയില്ല’ എന്ന അലനോർ റൂസ്‌വെൽറ്റിന്റെ വാക്കുകൾ വിവേകത്തിന്റേത്.

മെഡിക്കൽ ഡോക്ടറും ചിന്തകനുമായ ചാൾസ് എഫ് ഗ്ലാസ്മൻ:

“Be calm; yet assertive.

Be meek; yet courageous.

Be gentle; yet bold.

Be kind; yet strong.

 

Content Summary : Ulkazhcha- Career Column By BS Warrier : Assertiveness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com