കാടുകയറാതെ, വിശ്വാസ്യത നഷ്ടപ്പെടാതെ എഴുതാം; ഉപന്യാസ രചനയിൽ ശ്രദ്ധിക്കാൻ

HIGHLIGHTS
  • കഠിനപദങ്ങളോ ദീർഘവാക്യങ്ങളോ പാണ്ഡിത്യപ്രകടനമോ അല്ല ഉപന്യാസത്തിനു മേന്മ നൽകുന്നത്
ulkazhcha-column-by-b-s-warrier-guide-to-writing-an-essay-representatvie-image
Representative Image. Photo Credit : Yurakrasil / Shutterstock.com
SHARE

ഏതെങ്കിലും വിഷയത്തെപ്പറ്റി ലഘുവിവരണം എഴുതുക പലർക്കും പ്രയാസമാണ്. പരീക്ഷകളിൽ കുറിയ ചോദ്യങ്ങളെയും, മത്സരപ്പരീക്ഷകളിൽ ഉത്തരങ്ങൾ ലഭിക്കുന്ന ഒബ്ജെക്റ്റിവ് ചോദ്യങ്ങളെയും നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാവാം ഉപന്യാസമെഴുതുന്ന കലയിൽ മിക്കവർക്കും മികവു കാട്ടാനാവാത്തത്. പക്ഷേ ഉത്തരവാദിത്വമേറിയ സ്ഥാനങ്ങളിലെത്തുമ്പോൾ, റിപ്പോർട്ടുകളോ മറ്റു വിവരണങ്ങളോ ഭംഗിയായി തയാറാക്കേണ്ടിവരും. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഒരൊറ്റ പോയിന്റ് സൂചിപ്പിക്കുന്ന പരിമിതലക്ഷ്യമല്ല ഉപന്യാസത്തിന്. വിശ്വസനീയമായ വിവിധസ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് ക്രമപ്പെടുത്തി സ്വന്തം മനസ്സിന്റെ മൂശയിലിട്ടു പാകപ്പെടുത്തി, യുക്തിപൂർവം നിഗമനങ്ങളിലെത്തേണ്ടിവരും. ഒറിജിനൽ ചിന്ത പ്രതിഫലിക്കണം. അവതരണത്തിൽ ആശയവ്യക്തത വേണം. കഠിനപദങ്ങളോ ദീർഘവാക്യങ്ങളോ പാണ്ഡിത്യപ്രകടനമോ അല്ല ഉപന്യാസത്തിനു മേന്മ നൽകുന്നത്. ലാളിത്യമാണ് ആശയങ്ങൾ പകരാൻ ഏറ്റവും  സഹായകം. 

ആശയങ്ങൾ വ്യക്തമായിരിക്കണം. (‘കടലും കരയും’ എന്നെഴുതിയാൽ എല്ലാവരും ഒരേ തരത്തിൽ മനസ്സിലാക്കുമോ? ‘തഹസീൽദാർവഴി നിർദ്ധനരായവർക്കു പോഷകാഹാരവിതരണം’ എന്നത് തഹസീൽദാർക്ക് ആക്ഷേപകരമായിത്തോന്നില്ലേ?).

വെറുതേ വിവരണം നൽകുന്നതിൽ പ്രയാസമില്ലായിരിക്കാം. പക്ഷേ പലപ്പോഴും അതിനപ്പുറം പലതും വേണ്ടിവരും. നമ്മുടെ അഭിപ്രായം സ്ഥാപിക്കാൻ വാദങ്ങൾ അവതരിപ്പിക്കാം. ദൃഷ്ടാന്തങ്ങളും അനുഭവസാക്ഷ്യങ്ങളുംവഴി വാദങ്ങൾ ശക്തിപ്പെടുത്താം. മറ്റു പലതുമായുള്ള സാമ്യങ്ങളോ വ്യത്യാസങ്ങളോ എടുത്തുകാട്ടുക, മുൻ അനുഭവങ്ങളിലെ പാഠങ്ങൾ സൂചിപ്പിക്കുക, സൗമ്യമായ ഭാഷയിൽ എതിർവാദങ്ങളുടെ മുനയൊടിക്കുക എന്നിവ ചെയ്യുമ്പോൾ വിഷയത്തിൽ ഏകാഗ്രത നിലനിർത്തണം. കാടുകയറിയാൽ വായനക്കാർ കുഴയും; വിശ്വാസ്യത നഷ്ടപ്പെടും. ആശയങ്ങൾ ക്രമത്തിന് വരണം. മറുവാദങ്ങൾ മനസ്സിൽക്കണ്ട് അവയിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടണം. എതിർവാദങ്ങളെ വികലമായി വ്യാഖ്യാനിച്ചു പരാജയപ്പെടുത്താൻ ശ്രമിക്കരുത്.

പ്രശ്നപരിഹാരത്തിനുള്ള വഴികൾ സൂചിപ്പിക്കേണ്ടിവരാം. തുടക്കത്തിൽ പ്രശ്നം കൃത്യമായി നിർവചിച്ചിട്ടാവണം പരിഹാരത്തിലേക്കു കടക്കുന്നത്. അന്യരുടെ അഭിപ്രായങ്ങൾ വിലയിരുത്തുമ്പോൾ നിഷ്പക്ഷത പാലിക്കുകയും, പാലിക്കുന്നെന്നു ബോധ്യപ്പെടുത്തുകയും വേണം. ഏത് ഉപന്യാസത്തിലും കേന്ദ്രാശയം ഉണ്ടായിരിക്കും. ആശയത്തിന്റെ ഉപശാഖകളിലേക്കു  കടക്കുമ്പോഴും കേന്ദ്രത്തെ മറക്കരുത്.

ഉപന്യാസം നന്നാകണമെങ്കിൽ ഭാഷ ശുദ്ധമാകണം. ശക്തമായി ആശയങ്ങൾ അവതരിപ്പിക്കാൻ തെറ്റില്ലാത്ത ഭാഷ പോരാ. കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾ, ലോകോക്തികൾ, മഹാന്മാരുടെ വചനങ്ങൾ, പ്രസക്ത മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ, ശരിയായ സ്ഥിതിവിവരക്കണക്കുകൾ തുടങ്ങി പലതും യുക്തിപൂർവം സന്നിവേശിപ്പിക്കേണ്ടിവരും. ഭാഷയ്ക്ക് ഒഴുക്കു വേണം. ഖണ്ഡിക മാറുമ്പോൾ ഒരാശയത്തിൽനിന്നു മറ്റൊന്നിലേക്ക് ഒഴുകിനീങ്ങണം. എടുത്തുചാടിയതു പോലെ തോന്നിക്കരുത്. 

ഒരു ഖണ്ഡികയിൽ ഒരു ആശയം മതി. പഴമൊഴികളിലും ഉദ്ധരണികളിലും മാറ്റം വരുത്തരുത്. ‘കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം’ എന്നത് ‘കനകം മൂലം കാമിനിമൂലം ദുരിതം പലവിധമുലകിൽ സുലഭം’ എന്നു മാറ്റാൻ നമുക്ക് അധികാരമില്ല. ‘Brevity is the soul of wit’ എന്നത് ‘Conciseness is the soul of wit’ എന്നു വികലമാക്കാനും പാടില്ല. ഓർമ്മയിലില്ലാത്തത് ഉദ്ധരിക്കേണ്ട.

പദസ്വാധീനത ഒറ്റ രാത്രികൊണ്ട് ആർക്കും നേടാനാവില്ല. നിഘണ്ടു നോക്കി പദങ്ങളുടെ കൃത്യമായ അർത്ഥം മനസ്സിലാക്കുന്ന ശീലം, ആധികാരികമായി എഴുതുന്നവരുടെ ഗദ്യകൃതികൾ വായിക്കുമ്പോൾ, ആശയങ്ങൾക്കു പുറമേ എഴുത്തിന്റെ  ക്രാഫ്റ്റും ശ്രദ്ധിക്കുന്ന രീതി എന്നിവ ഉണ്ടായിരിക്കണം. ഭാഷയിലെ തെറ്റുകൾ തിരുത്തിക്കാട്ടുന്ന ആധികാരികഗ്രന്ഥങ്ങൾ വായിച്ചുപഠിച്ചാൽ തെറ്റുകൾ ഒഴിവാക്കാം. (ശെരി, മുഖദാവിൽ, ഓരോ സ്കൂളുകൾക്കും, ഈരണ്ടു പുസ്കങ്ങൾ വീതം, ഗൗരവതരമായ പ്രശ്നം, സീതയെ ഒരു പാമ്പു കടിച്ചു, മന്ത്രി കൂർമ്മബുദ്ധിയാണ് എന്നെല്ലാം എഴുതുന്നവർ തെറ്റു തിരിച്ചറിയുന്നില്ല.) തെറ്റില്ലാത്ത ഭാഷ കുറെയെങ്കിലും സ്വായത്തമാക്കിയിട്ടു മതി പ്രൗഢഭാഷയ്ക്കുള്ള ശ്രമം.

നാം എഴുതാനുദ്ദേശിക്കുന്ന ഉപന്യാസത്തിൽ ചേർക്കേണ്ട പോയിന്റുകൾ എഴുതിവച്ച്, യുക്തിപൂർവമുള്ള ക്രമത്തിലടുക്കുക. ഒരിക്കൽ പറഞ്ഞ കാര്യം ഏതാനും ഖണ്ഡികകൾ കഴിഞ്ഞ് ആവർത്തിക്കാതിരിക്കാൻ ഇതു സഹായിക്കും. ഓരോ പോയിന്റും  വിപുലമാക്കാനുള്ള കണ്ണായ വിവരങ്ങൾ ശേഖരിക്കണം. എഴുത്തിൽ നല്ല പരിചയം നേടിക്കഴിഞ്ഞാൽ പോയിന്റുകൾ മനസ്സിലോർത്ത് ഉപന്യാസം രചിക്കാനും കഴിയും.

ulkazhcha-column-by-b-s-warrier-guide-to-writing-an-essay-illustration
Representative Image. Photo Credit : Mentatdgt / Shutterstock.com

പരീക്ഷയിൽ ഉപന്യാസമെഴുതുന്നതിനു മുൻപ് ചോദ്യം കൃത്യതയോടെ മനസ്സിലാക്കുന്നത് പ്രധാനം.  ആവശ്യപ്പെട്ടത് തെല്ല്  തെറ്റിദ്ധരിച്ചാൽ എഴുതിക്കൂട്ടുന്നത് വൃഥാവ്യായാമാകും. അതിനു വഴികൊടുക്കരുത്.  ‘നിർബന്ധിത കുടുംബാസൂത്രണം പാടില്ല’ എന്ന വിഷയം ഉപന്യസിക്കേണ്ടയാൾ ‘നിർബന്ധിത’ എന്ന വാക്കു ശ്രദ്ധിക്കാതെ എഴുതിപ്പോയാൽ മാർക്കു കിട്ടില്ലെന്നു തീർച്ച. ധാരാളം പോയിന്റുകൾ വരുന്ന ഏതാനും ഉപന്യാസങ്ങൾ എഴുതി തെറ്റുതിരുത്തി പരിശീലിക്കണം.

തുടക്കവും ഒടുക്കവും ഏറെ നന്നാകണം. തുടക്കത്തിൽ ലക്ഷ്യവും, ഒടുക്കം നിഗമനങ്ങളും വരണം. ഒടുക്കം പറയുന്ന രത്നച്ചുരുക്കം വായനക്കാരന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കണം. വിഷയം നന്നായി അറിയാമെങ്കിലും, വെറുതേയങ്ങ് എഴുതിയാൽ നല്ല ഉപന്യാസം ആകാശത്തുനിന്നു പൊട്ടിവീണുകിട്ടുമെന്ന് പ്രതീക്ഷിക്കരുത്.. നല്ല ആസൂത്രണം, കൃത്യമായ പഠനം, മൗലികചിന്ത, ഏകാഗ്രതയോടെയുള്ള എഴുത്ത്, കുറ്റമറ്റ ഭാഷ എന്നിവയുണ്ടെങ്കിലേ ഉപന്യാസം വിജയിക്കൂ.

അൽപം സാങ്കേതികവിവരം

ഉപന്യാസങ്ങൾ പല തരത്തിലുണ്ട്. മുഖ്യമായവ ഇങ്ങനെ:

1. വിവരണാത്മകം (Expository) : മിക്കപ്പോഴും ഇതാകും വേണ്ടിവരിക. വസ്തുതകൾ വിശദമാക്കുന്ന വിവരണങ്ങൾ നൽകണം. വായനക്കാരന് രസകരമായി തോന്നുംവിധം അഭിപ്രായങ്ങൾ പറയണം. ചിട്ടയൊപ്പിച്ച്  വിവരങ്ങൾ ചേർക്കണം. പൊതുധാരണകൾക്കു വിരുദ്ധമായവ എഴുതുമ്പോൾ വിശ്വസനീയമായ വാദങ്ങൾ നിരത്തണം. ഇവയ്ക്കു ശക്തി പകരുന്ന വസ്തുതകളും ആവശ്യമെങ്കിൽ കണക്കുകളും കാണിക്കണം.

2. വിശകലനാത്മകം (Analytical): ഏതെങ്കിലും വിഷയം അപഗ്രഥിച്ച്, ആവശ്യമെങ്കിൽ വിദഗ്ധാഭിപ്രായവും പരിഗണിച്ച്, കൃത്യമായ നിഗമനങ്ങളിലെത്തുന്നു. തുടർനടപടികൾ നിർദ്ദേശിക്കാം.

3. വിവാദാത്മകം (Argumentative): നിങ്ങളുടെ അഭിപ്രായമോ സിദ്ധാന്തമോ ആണ് ശരിയെന്ന് യുക്തിഭദ്രമായ വാദങ്ങളുയർത്തി സ്ഥാപിക്കുന്നു. വാദങ്ങൾ തടസ്സമില്ലാതെ മുറയ്ക്ക് ഒഴുകിവരണം. വിരുദ്ധാഭിപ്രായക്കാർക്കെതിരെ പരുഷഭാഷയോ അമാന്യസൂചനകളോ പാടില്ല. 

പ്രതിപക്ഷബഹുമാനത്തോടെ പക്വത കാട്ടി വിയോജിക്കാം. സൗമ്യമായ സമീപനം വാദങ്ങൾക്കു ബലം നൽകും.

4. പ്രേരണാത്മകം (Persuasive): നിങ്ങളുടെ ആശയങ്ങൾ സ്വീകരിപ്പിക്കുക, പുതിയ വസ്തുതകളും വാദങ്ങളും നിരത്തി ആശയങ്ങൾ ബോധ്യപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. മാന്യതയുള്ള സമീപനംവഴിയാവും അന്യരെ സ്വാധീനിക്കാൻ കഴിയുക. തങ്ങളുടെ വിശ്വാസങ്ങളിലേക്ക് അന്യരെ വശീകരിച്ചെടുക്കുന്നതിനും ഈ രീതിയിലുള്ള ഉപന്യാസം ഉപയോഗിക്കുന്നവരുണ്ട്. വിശ്വസനീയമായ തെളിവുകൾ നൽകണം. സമൂഹം മാനിക്കുന്നവരുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കാം. വികാരത്തിന്റെയോ അതിഭാവുകത്വത്തിന്റെയോ കെട്ടഴിക്കേണ്ട.

വേറെ തരത്തിലും വിഭജനങ്ങളുണ്ട്. തരമേതായാലും ഉപന്യാസം വിജയിക്കണമെങ്കിൽ വസ്തുതകൾ, ഭാഷ, ചിട്ട, യുക്തി, സമീപനം എന്നിവയിൽ ശ്രദ്ധിച്ചേ മതിയാകൂ.  

Content Summary : Ulkazhcha Column by B.S.Warrier - Guide to writing an essay

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS