ADVERTISEMENT

ഇക്കൊല്ലം ഈ മാറ്റങ്ങൾ എൻട്രൻസ് എഴുതി ഡിയുവിലെത്താം

ജെഎൻയു, പോണ്ടിച്ചേരി, ഹൈദരാബാദ് ഉൾപ്പെടെ 41 കേന്ദ്ര സർവകലാശാലകളിൽ ബിരുദപ്രവേശനത്തിനു പൊതു പരീക്ഷ വരുന്നു. ഡൽഹി സർവകലാശാലയ്ക്കു (ഡിയു) കീഴിലുള്ള കോളജുകളിലും പ്രവേശനപരീക്ഷ വഴിയാകും ബിരുദ പ്രവേശനം. കേരളം, തമിഴ്നാട് ഉൾപ്പെടെ 12 കേന്ദ്ര സർവകലാശാലകളിലേക്കു നിലവിൽ പൊതു പ്രവേശനപരീക്ഷയുണ്ട് (സിയുസിഇടി). ഈ രീതിയാണു വ്യാപിപ്പിക്കുന്നത്. 

 

ashly

മറ്റു കേന്ദ്ര സർവകലാശാലകളിലേക്കുള്ള അതേ പരീക്ഷ വഴിയാണോ, പ്രത്യേക പ്രവേശനപരീക്ഷ വഴിയാണോ ഡിയുവിനു കീഴിലുള്ള കോളജുകളിലേക്കു പ്രവേശനം നടത്തുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുവരെ 12–ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. കഴിഞ്ഞവർഷം രണ്ടായിരത്തിലേറെ മലയാളി വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കുകയും ചെയ്തു. പ്രവേശനപരീക്ഷ വരുന്നതിനാൽ ഇക്കൊല്ലം മുതൽ അതിനനുസരിച്ചുള്ള തയാറെടുപ്പു കൂടി വേണ്ടിവരും. പൊതുപരീക്ഷയിലെ മാർക്കും 12–ാം ക്ലാസിലെ മാർക്കും തുല്യ അനുപാതത്തിൽ കണക്കാക്കിയാകും ഡിയു പ്രവേശനമെന്നാണു വിവരം. 

 

ഡൽഹി സർവകലാശാലയിലെ നിലവിലെ പ്രവേശനരീതിക്കു പല പോരായ്മകളുമുണ്ട്. വിവിധ സ്കൂൾ ബോർഡുകളുടെ മൂല്യനിർണയ രീതി വ്യത്യസ്തമായതിനാൽ പ്രവേശനത്തിനു പൊതു മാനദണ്ഡം ആവശ്യമാണ്. പൊതു പ്രവേശനപരീക്ഷ ഇതിന് ഒരുപരിധി വരെ പരിഹാരമാണ്. എങ്കിലും സാധാരണക്കാരെ  ബാധിക്കാത്ത രീതിയിൽ, എല്ലാവർക്കും അവസരം ഉറപ്പാക്കുംവിധം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷാസൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. 

 

എൻ.പി.ആഷ്‌ലി, അസി. പ്രഫസർ, 

സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി

 

amrith

എംഫിൽ ഔട്ട്;  പകരം മാസ്റ്റേഴ്സ് വിത്ത് റിസർച്

പിജിക്കു ശേഷം ഇനി എംഫിൽ പഠിക്കാനാകില്ല. പകരം  2 വർഷത്തെ ഗവേഷണത്തോടൊപ്പമുള്ള  പിജി പ്രോഗ്രാമുകളും (മാസ്റ്റേഴ്സ് വിത്ത് റിസർച്) പിഎച്ച്ഡിയും മാത്രം. പുതിയ ദേശീയ വിദ്യാഭ്യാസനയ പ്രകാരമുള്ള മാറ്റമാണിത്. കേരളത്തിൽ ഉൾപ്പെടെ ഇതിനുള്ള തീരുമാനമെടുത്തുകഴിഞ്ഞു. 

 

ഡിഗ്രി + ബിഎഡ് ഇക്കൊല്ലം

ബിരുദവും ബിഎഡും കൂടി ചേർന്നുള്ള 4 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഡൽഹി, തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഈ അധ്യയന വർഷം ആരംഭിക്കും. കേരളത്തിൽ തൽക്കാലമില്ലെങ്കിലും വരുംവർഷങ്ങളിൽ നമുക്കും ഒഴിഞ്ഞുനിൽക്കാനാകില്ല. രാജ്യത്ത് എല്ലായിടത്തും നിലവിലുള്ള 2 വർഷ ബിഎഡ് പ്രോഗ്രാം തൽക്കാലം തുടരും. ഇതിനു പുറമേ പിജി യോഗ്യതയുള്ളവർക്കായി ഒരു വർഷ ബിഎഡ് പ്രോഗ്രാം ആരംഭിക്കാനുള്ള നീക്കവും സജീവമാണ്. നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലും പിജി കഴിഞ്ഞവർക്കുള്ള ഒരു വർഷ പ്രോഗ്രാമിലും വിദ്യാർഥികൾക്ക് ഒരു വർഷം ലാഭമാണെന്ന മെച്ചമുണ്ട്. 

 

അധ്യാപക വിദ്യാഭ്യാസ രംഗത്തു ഘടനാപരമായ മാറ്റം വരുന്നുവെന്നതാണു പ്രധാനം. 2030 മുതൽ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത 4 വർഷ കോഴ്സാകും. രാജ്യത്തെ നിലവിലുള്ള എല്ലാ ബിഎഡ് കോളജുകളും ഈ തരത്തിലേക്കു മാറേണ്ടി വരും. കേരളത്തിലെ സ്ഥാപനങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടി വരുമെന്നതാണു വെല്ലുവിളി. 

 

ഡോ. അമൃത് ജി. കുമാർ,

അസോഷ്യേറ്റ് പ്രഫസർ, 

കാസർകോട് കേന്ദ്ര സർവകലാശാല

 

കേരളത്തിൽ കോഴ്സ് ഘടന മാറും; പരീക്ഷാരീതികളും

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ നവീകരണം ലക്ഷ്യമിട്ടു രൂപീകരിച്ച മൂന്നു കമ്മിഷനുകൾ 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കോഴ്സ് ഘടനയിലുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വരുന്ന അധ്യയന വർഷം തന്നെ പ്രതീക്ഷിക്കാം. ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷാ രീതികളിൽ ‌സമഗ്ര മാറ്റത്തിനും വഴിയൊരുങ്ങും. ഓൺലൈൻ വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങളും കണക്കിലെടുത്തും. സർവകലാശാലാ നിയമങ്ങളിലും മാറ്റം വരും.

 

സ്വാശ്രയ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അക്രഡിറ്റേഷൻ പരിധിയിലേക്കു കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നു. ഇതിനകം തന്നെ തുടങ്ങിയ ‘സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്ററി’ന്റെ (സാക്) പരിധിയിലേക്കു കൂടുതൽ സ്ഥാപനങ്ങളെ കൊണ്ടുവരാനുള്ള പദ്ധതി വരും.

 

Content Summary: Changes In Higher Education

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com