ADVERTISEMENT

പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതു നടപ്പാക്കാൻ ഇനിയും കടമ്പകൾ ഏറെ. അടുത്ത അക്കാദമിക് വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങിയ സാഹചര്യത്തിൽ  അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തകം അടുത്ത വർഷം യാഥാർഥ്യമാകുമോ എന്നു സംശയമാണ്. സംസ്ഥാനത്തു പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങുകയാണ്. 

 

പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുന്ന നടപടി 2 വർഷം നീളും. 2024ൽ പുതിയ പുസ്തകങ്ങൾ  വരും. അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിന് അതു വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ആശങ്ക.

 

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിക്കാനുള്ള നടപടി എൻസിഇആർടി ആരംഭിച്ചു കഴിഞ്ഞു. അതിനനുസരിച്ചു സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടും പരിഷ്കരിക്കും. മുന്നോടിയായി വിദഗ്ധരെ ഉൾപ്പെടുത്തി പാഠ്യപദ്ധതി സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കമ്മിറ്റിയും രൂപീകരിക്കണം. നിലവിലുള്ള കരിക്കുലം കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ പുതിയ കമ്മിറ്റി ഈ മാസം തന്നെ രൂപീകരിക്കുമെന്നാണു പ്രതീക്ഷ. 

 

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നതിനായി ഇരുപത്തഞ്ചോളം ഫോക്കസ് ഗ്രൂപ്പുകൾ എൻസിഇആർടി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തും സമാനമായ ഫോക്കസ് ഗ്രൂപ്പുകൾ വരും. അവർ ശുപാർശ ചെയ്യുന്ന കാര്യങ്ങളായിരിക്കും സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടുത്തുക. പാഠ്യപദ്ധതി സ്റ്റിയറിങ് കമ്മിറ്റിയാണ് ചട്ടക്കൂട് തയാറാക്കുന്നത്. 

 

അതിന്റെ അടിസ്ഥാനത്തിൽ പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുന്നതിന്റെ ചുമതല കരിക്കുലം കമ്മിറ്റിക്കാണ്. ഇതിനായി പുസ്തകം എഴുതുന്നവരെ ഉൾപ്പെടുത്തി ടെക്സ്റ്റ് ബുക് സബ് കമ്മിറ്റികൾ രൂപീകരിക്കും. ഇവർ തയാറാക്കുന്ന പുസ്തകങ്ങൾ കരിക്കുലം കമ്മിറ്റി പരിശോധിച്ചാണു ഭേദഗതികളോടെ അംഗീകരിക്കുക.

 

ഈ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാകുന്നതു വരെ അക്ഷരമാലയ്ക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് ആശങ്ക. പാഠപുസ്തകങ്ങളിൽ നിന്ന് 2013ൽ അപ്രത്യക്ഷമായ അക്ഷരമാല വീണ്ടും  ഉൾപ്പെടുത്തുമ്പോൾ അതു കുറ്റമറ്റ രീതിയിൽ ആയിരിക്കണമെന്നു വിദ്യാഭ്യാസ അധികൃതർക്കു നിർബന്ധമുണ്ട്. 

 

ചില അക്ഷരങ്ങൾ ഒഴിവാക്കി എന്നതുൾപ്പെടെ പല ആക്ഷേപങ്ങളും ഉയരാൻ സാധ്യതയുണ്ട്. പരാതി ഒഴിവാക്കി അക്ഷരമാല ഉൾപ്പെടുത്താൻ പുതിയ പാഠപുസ്തകം വരുന്നതു വരെ കാത്തിരിക്കേണ്ടി വരാം.

 

Content Summary: Malayalam Alphabets In Textbook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com