വിശക്കുന്നവനെ മനസ്സിലാകുന്നവൻ ആര്? അത്യാഗ്രഹങ്ങളില്ലാത്തവരുടെ കൊച്ചുസന്തോഷങ്ങൾക്കു കൂട്ടാകാം

HIGHLIGHTS
  • വയറു നിറഞ്ഞിരിക്കുമ്പോഴും വിശക്കുന്നവനെ മനസ്സിലാകുന്നവനാണു വിശുദ്ധൻ.
motivation-why-should-we-serve-the-poor-and-needy
Photo Credit : Jamesboy Nuchaikong / Shutterstock.com
SHARE

നാളെ വിശേഷദിവസമായതുകൊണ്ട് ഉച്ചഭക്ഷണത്തിനുശേഷം എല്ലാവർക്കും ഓറഞ്ച് ലഭിക്കും– അനാഥമന്ദിരത്തിലെ കുട്ടികളോടു വാർഡൻ പറഞ്ഞു. അമിതമായ ഓറഞ്ച് കൊതിയുള്ള കുട്ടിയും അവിടെയുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അവൻ പിറ്റേദിവസമാകാൻ കാത്തിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ഓറഞ്ച് വാങ്ങാനുള്ള ക്യൂവിൽ ആദ്യം നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനസ്ഥാനം മാത്രമാണ് അവനു ലഭിച്ചത്. നിർഭാഗ്യവശാൽ അവന്റെ അടുത്തെത്തിയപ്പോഴേക്കും ഓറഞ്ച് തീർന്നു. അവൻ ഓടി കട്ടിലിൽ പോയിക്കിടന്നു കരയാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ഒരു തൂവാലയിൽ പൊതിഞ്ഞ എന്തോ ഒന്ന് അവന്റെ കൈകളിൽ തടഞ്ഞു. തുറന്നു നോക്കിയപ്പോൾ ഒരു ഓറഞ്ചിന്റെ തൊലിക്കുള്ളിൽ കുട്ടികളെല്ലാവരും ഓരോ അല്ലി ചേർത്തുവച്ചിരിക്കുന്നു.

വയറു നിറഞ്ഞിരിക്കുമ്പോഴും വിശക്കുന്നവനെ മനസ്സിലാകുന്നവനാണു വിശുദ്ധൻ. അപരനെ മനസ്സിലാകണമെങ്കിൽ അയാളുടെ സമാനാനുഭവങ്ങൾ ഉണ്ടാകണം. സംതൃപ്താനുഭവങ്ങളിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ളവരുടെ കാതുകളിൽ നിസ്സഹായരുടെ നിലവിളി മുഴങ്ങില്ല. എന്തിനും മുന്നിൽ നിൽക്കുകയും എവിടെയും മുന്നിലെത്തുകയും ചെയ്തിട്ടുള്ള ആർക്കാണു പിറകിൽ നിൽക്കുന്നവന്റെയും അവസാനനിമിഷം അവസരം നഷ്ടപ്പെട്ടവന്റെയും വേദന മനസ്സിലാകുക. എല്ലാവരുമുള്ളവരുടെ കൂടെ നിൽക്കാനും പരിചരിക്കാനും എല്ലാവർക്കുമിഷ്ടമാണ്. ആരുമില്ലാത്തവരെ എല്ലാവരും അവഗണിക്കുകയും ഒന്നുമറിയില്ലെന്ന ഭാവത്തിൽ കടന്നുകളയുകയും ചെയ്യും. 
 

ആൾക്കൂട്ടത്തിനിടയിൽപൊലും തനിച്ചാകുന്നവരെയും ആരും കാണാതെ കരയുന്നവരെയും കണ്ടെത്തണമെങ്കിൽ അത്രമാത്രം സഹാനുഭൂതിയുണ്ടാകണം. എല്ലാ ആഘോഷങ്ങൾക്കിടയിലും, അർഹതയുണ്ടായിട്ടും അതിൽ പങ്കെടുക്കാൻ കഴിയാത്തവരുണ്ടോ എന്നൊരന്വേഷണമാകാം. ഒരാളുടെ ആനന്ദോത്സവം മറ്റൊരാളുടെ അടിസ്ഥാനാവശ്യങ്ങളെയോ ആത്മാഭിമാനത്തെയോ ഹനിക്കുന്നതാണെങ്കിൽ അതു സ്വഭാവവൈകൃതം തന്നെയാണ്. എല്ലാമുള്ളവന് എത്ര ലഭിച്ചാലും സംതൃപ്തി വരില്ല. ഒന്നുമില്ലാത്തവന് എന്തു ലഭിച്ചാലും സന്തോഷമാകും. അത്യാഗ്രഹങ്ങളില്ലാത്തവരുടെ കൊച്ചുസന്തോഷങ്ങൾക്കു കൂട്ടാകാൻ കഴിയുന്നതുതന്നെ പുണ്യമാണ്

Content Summary : Motivation - Why should we serve the poor and needy?

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS