എന്തിനെയും രണ്ടുതരത്തിൽ നശിപ്പിക്കാം, ഒന്നുകിൽ തച്ചുടച്ച് അല്ലെങ്കിൽ ഓമനിച്ച്; രക്ഷിതാക്കൾ ഓർക്കാൻ

HIGHLIGHTS
  • താലോലിക്കുമ്പോൾ ഒരു കാര്യം ഉറപ്പുവരുത്തണം; തന്റേടം നഷ്ടപ്പെടുന്നില്ല എന്ന്
daily-motivation-how-to-be-a-good-mentor-article-image-two
Photo Credit : Fizkes / Shutterstock.com
SHARE

ഫലവൃക്ഷത്തൈകളുടെ സൗജന്യവിതരണ സ്ഥലത്തുനിന്ന് അച്ഛനും മകനും ഓരോ തൈ വാങ്ങി. രണ്ടുപേരും തങ്ങളുടെ ചെടികളെ ശ്രദ്ധയോടെ പരിപാലിച്ചു. മകൻ ദിവസവും മൂന്നു തവണയെങ്കിലും ചെടിയുടെ അരികിൽ വരും, നനയ്ക്കും, വളമിടും. അച്ഛൻ ഇടയ്ക്കു മാത്രമാണു ചെടികളെ സംരക്ഷിക്കുന്നത്. തൈകൾ പാതി വളർച്ചയെത്തി. ഒരു ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടായി. മകന്റെ ചെടി വേരോടെ പിഴുതെറിയപ്പെട്ടു. 

അച്ഛന്റെ ചെടിക്ക് ഇളക്കംപോലും തട്ടിയില്ല. കാരണമന്വേഷിച്ച മകനോട് അച്ഛൻ പറഞ്ഞു: നീ നിന്റെ ചെടിക്കു വേണ്ടതെല്ലാം സമയത്തു നൽകി. അതു സ്വയം ഒന്നും തേടിയില്ല. അതുകൊണ്ട് അതിന്റെ വേരുകൾക്കു കരുത്തുണ്ടായില്ല. എന്റെ ചെടിക്ക് ആവശ്യമുള്ളവ മാത്രമേ ഞാൻ നൽകിയുള്ളൂ. അതുകൊണ്ട് അതു പിടിച്ചുനിന്നു. 

താലോലിക്കുമ്പോൾ ഒരു കാര്യം ഉറപ്പുവരുത്തണം; തന്റേടം നഷ്ടപ്പെടുന്നില്ല എന്ന്. അമിത സംരക്ഷണം ഒരു കുറ്റകൃത്യമാണ്. തനിച്ചു വളരാനും തനിവഴികൾ കണ്ടെത്താനും ശേഷിയുള്ളവരെ ചുറ്റുമതിൽ കെട്ടി പരിരക്ഷിച്ചു നിർഗുണരാക്കിത്തീർക്കുന്ന പ്രക്രിയയാണത്. വളരുന്ന എന്തിനും എവിടെനിന്നാണോ നിരന്തരസഹായം ലഭിക്കുന്നത് അവിടേക്കൊരു ചായ്‌വുണ്ടാകും. അങ്ങോട്ടു തന്നെയാകും ഒരിക്കൽ മറിഞ്ഞു വീഴുന്നതും. 

daily-motivation-how-to-be-a-good-mentor-article-image-one
Photo Credit : Fizkes / Shutterstock.com

വളർത്തുക എന്നതിനെക്കാൾ പ്രധാനമാണ് വളരാൻ അനുവദിക്കുക എന്നത്. തനിയെ രൂപപ്പെടാനും തനതുശൈലിയിൽ നിലനിൽക്കാനുമുള്ള ശേഷി ഏതു ജീവിക്കുമുണ്ടാകും. ആ സ്വാഭാവികതയെ കാത്തുസൂക്ഷിക്കുക എന്നതാണു രക്ഷാകർത്താക്കളുടെ ഉത്തരവാദിത്തം. എന്തിനെയും രണ്ടുതരത്തിൽ നശിപ്പിക്കാം. ഒന്നുകിൽ തച്ചുടച്ച് അല്ലെങ്കിൽ ഓമനിച്ച്. തകർക്കാൻ ചെല്ലുന്നവരുടെ മുന്നിൽ പിടിച്ചുനിൽക്കാനുള്ള ശ്രമമെങ്കിലും ഉണ്ടാകും. അതു കൂടുതൽ ഉണർവും ഊർജവും പകരും. എന്താവശ്യവും കണ്ടറിഞ്ഞു ചെയ്തു തരുന്നവരുടെ മുന്നിൽ എന്തു ചോദിക്കാൻ? ഒരു പോരായ്മയും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തവർ പിന്നെന്തിനുവേണ്ടി പരിശ്രമിക്കും. 

വേരുകൾ നിർമിക്കുന്നതാണ് യഥാർഥ പരിപാലനം. നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കാനറിയാമെങ്കിൽ ഇലകളും പൂക്കളും തനിയെ ഉണ്ടായിക്കൊള്ളും.

Content Summary :  Daily Motivation - How to be a good mentor

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS