ദീർഘവീക്ഷണം ജീവിതത്തിൽ ഗുണകരമാകുന്നതെപ്പോൾ?, കാണാപ്പുറങ്ങൾ തേടുന്നവരെ കാത്തിരിക്കുന്നത്...

career-ulkazhcha-b-s-warrier-column-the-benefits-of-a-broad-prespective
Representative Image. Photo Credit: fran_kie/Shutterstock.com
SHARE

ഒറ്റ നോട്ടത്തിൽ കാണുന്നതു കണ്ട് എല്ലാം ഗ്രഹിച്ചെന്നു ചിന്തിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. പക്ഷേ ചുരുക്കം ചിലർ അതിനപ്പുറമെന്ത്, യവനികയ്ക്കു പിന്നിലെന്ത്, മറഞ്ഞിരിക്കുന്ന സത്യമെന്ത്, അതുകൂടി അറിഞ്ഞാൽ പ്രയോജനമില്ലേ, എന്തുകൊണ്ട് കൂടുതലറിയാൻ പരിശ്രമിച്ചുകൂടാ എന്ന മട്ടിൽ ചിന്തിക്കുന്നു.  ആഴത്തിലുള്ള പഠനങ്ങൾവഴി കാഴ്ചയ്ക്കു മിഴിവും വിവരങ്ങൾക്ക് കരുത്തും സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ കാണുന്നവരെ ക്രാന്തദർശികളെന്നു പറയും. കവി ക്രാന്തദർശിയെന്നു സംസ്കൃതമൊഴി.

ഒരു സംഭവകഥ കേൾക്കുക. 1994 ഓഗസ്റ്റ് 3ന് ന്യൂഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസയൻസസിൽ ഡോ. പി വേണുഗോപാലും 20 പേരടങ്ങിയ ഡോക്ടർസംഘവും ചേർന്നു നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ ഇന്ത്യയിലെ ആദ്യത്തേതെന്നു കരുതിവരുന്നു. ഇതിന്റെ റിപ്പോർട്ടാണ് കഥാവിഷയം. (1968 ഫെബ്രുവരി 17ന് ഡോ. പി കെ സെൻ മുംബൈയിലെ കെഇഎം ആശുപത്രിയിൽ അത്തരം ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി രക്ഷപെട്ടില്ല.)

ഒരു പ്രമുഖപത്രത്തിലെ ലേഖകൻ മറ്റു പത്രപ്രവർത്തകോരൊടൊപ്പം  ആശുപത്രിയിലെ പ്രസ്കോൺഫറൻസിൽ പങ്കെടുത്ത് ഡൽഹി ശസ്ത്രക്രിയയുടെ വിവരം ശേഖരിച്ചു. ഹൃദയം സ്വീകരിച്ച ദേവി റാം എന്ന 40 കാരൻ വ്യവസായത്തൊഴിലാളിയെ ഡോക്ടർമാരുടെ കരുണമൂലം ഐസിയൂവിന്റെ ചില്ലിലൂടെ കാണുകയും ചെയ്തു. ഈ വിവരവുമായി ഓഫീസിലെത്തി ബ്യൂറോ ചീഫിനെക്കണ്ടപ്പോൾ  അദ്ദേഹത്തിനു തൃപ്തിയായില്ല. എല്ലാ പത്രങ്ങളിലും നാളെ വരുന്ന വാർത്ത മാത്രമല്ലേ ഇതെന്ന് ചോദിച്ചു. മടങ്ങിപ്പോയി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ റിപ്പോർട്ടറോട് ആവശ്യപ്പെട്ടു. കേട്ടപ്പോൾ തെല്ല് അനിഷ്ടം തോന്നി. എങ്കിലും തിരികെപ്പോയി.

article-image-the-benefits-of-a-broad-prespective
Representative Image. Photo Credit: pathdoc/Shutterstock.com

ഹൃദയം കൊടുത്തതാര് എന്ന ചോദ്യത്തിനു മറുപടി നല്കുന്നത് മെഡിക്കൽ ധർമ്മത്തിനു യോജിച്ചതല്ലെന്ന് ഡോക്ടർമാർ. ഫൊട്ടോഗ്രാഫറോടൊപ്പം ഡോക്ടർമാരുടെ ഏപ്രൺ ധരിച്ച് റിക്കോർഡ് റൂമിൽക്കയറിയ റിപ്പോർട്ടർ, ഹൃദയം കൊടുത്തയാളിന്റെ പേരും വിലാസവും കണ്ടെത്തി. രാത്രി 10ന് ആ വീട്ടിലെത്തിയപ്പോൾ സാന്ത്വനപ്പെടുത്താനാവാത്തവിധം തോരാത്ത കണ്ണീർ വാർക്കുന്ന പൊലീസുകാരനും മൂന്നു ചെറിയ പെൺകുട്ടികളും.

‘35കാരിയായ എന്റെ ഭാര്യ മരിച്ചു. ഡോക്ടർമാർ അവയവദാനത്തെപ്പറ്റി സംസാരിച്ചു. വേറെ ആറു പേർ ജീവിക്കട്ടെയെന്നു കരുതി അവളുടെ ഹൃദയവും കണ്ണുകളും വൃക്കകളും കരളും ദാനം ചെയ്തു. പക്ഷേ ഞങ്ങളെപ്പറ്റി ഒരക്ഷരം ഡോക്ടർമാർ പറഞ്ഞില്ല. പേരും പ്രശസ്തിയും മുഴുവൻ അവർ തട്ടിയെടുത്തു. അന്തരിച്ച എന്റെ ഭാര്യയ്ക്ക് ഒരു വിലയുമില്ല.’’

മറ്റു റിപ്പോർട്ടർമാർക്കു കിട്ടാത്ത അസുലഭവിവരങ്ങളുമായി പാതിരായോടെ റിപ്പോർട്ടർ പത്രമോഫീസിലെത്തി. പിറ്റേന്നു രാവിലെ മറ്റു പത്രങ്ങളെ ഞെട്ടിക്കുന്ന വാർത്ത മുൻപേജിൽ വന്നു. ഡോക്ടർമാർ പിണങ്ങിയെങ്കിലും ബ്യൂറോ ചീഫിന്റെ ദീർഘവീക്ഷണംമൂലം അവയവദാനം ചെയ്ത കുടൂംബത്തെ സംബന്ധിച്ച വിവരങ്ങളും ജനങ്ങൾക്ക് കിട്ടി. മുഖ്യമന്ത്രിയടക്കം പ്രമുഖർ രാവിലെ പൊലീസുകാരന്റെ വീട്ടിലെത്തി കുട്ടികൾക്കു സമ്മാനം നല്കുകയും ചെയ്തു. മൂന്നു മാസം ജീവിക്കുമെന്ന് ഡോക്ടർമാർ വിധിച്ച ദേവി റാം ആരോഗ്യത്തോടെ 15 വർഷം ജീവിച്ചു.

അന്യർ കാണാഞ്ഞതു കാണാനായ  ബ്യൂറോ ചീഫ്‍ നല്ല മാതൃകയാണ്. ഏതു കാര്യവും ഒഴുക്കൻ മട്ടിൽ കണ്ടു തൃപ്തിപ്പെടുന്നതിനു പകരം തെല്ല് ആഴത്തിൽ ചിന്തിക്കാൻ കൂടി ശ്രമിക്കുന്നത് ഗുണകരമാവും. എത്ര ദൂരംവരെ കാണാനാവുമോ, അതു തന്നെയാണ് നാം എന്നു കരുതുന്നവരുണ്ട്. ചക്രവാളത്തിനപ്പുറത്തേക്കും കണ്ണുകൾ പായിക്കാൻ ശ്രമിക്കുന്നത്, കാണാതെപോകുന്ന പലതിനെയും കാണാനിടയാക്കും. കഴിവുകളുള്ളതുകൊണ്ടായില്ല, അവ പ്രയോഗിക്കുന്നതും പ്രധാനം. മുറിയിൽ ലൈറ്റിന്റെ സ്വിച്ചുണ്ടെങ്കിലും അതിടാതിരുന്നാൽ ഇരുട്ടത്തിരുന്നതു തന്നെ.

aspirational-approcach-the-benefits-of-a-broad-prespective
Representative Image. Photo Credit: GaudiLab/Shutterstock.com

സമൂഹം കെട്ടിയുണ്ടാക്കിയ കൃത്രിമമതിലുകൾക്കപ്പുറത്തേക്കും നോക്കാനും നാം ധൈര്യം കാട്ടണം. കിണറ്റിലെ  തവളയെപ്പോലെ വീക്ഷണത്തിനു മതിൽകെട്ടരുത്. ഓരോ കാര്യം ചെയ്യുന്നതിനു മുൻപും അത് അന്യരെ ബാധിക്കുന്നതെങ്ങനെ എന്നുകൂടി ചിന്തിക്കുന്ന ശീലമുണ്ടെങ്കിൽ, നാംകാരണം അവർക്കു ദോഷമുണ്ടാകാതെ നോക്കാം. നാളെയുണ്ടാകുന്ന ഫലം മാത്രമല്ല, അതു കഴിഞ്ഞു വരുന്നതും നമുക്കു പരിഗണിക്ക‌ാം. സ്വന്തം താല്പര്യങ്ങൾക്കപ്പുറത്തേക്കും നോക്കുന്നവർ സഹിഷ്ണുത കാട്ടുന്നു. സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നേറ്റത്തിന് അവശ്യം വേണ്ടതാണല്ലോ സഹിഷ്ണുതയും അന്യരോടുള്ള പരിഗണനയും.

കാടു കണ്ട് മരം കാണാത്തവരും, മരംം കണ്ട് കാടു കാണാത്തവരും പരിമിതമായ കാഴ്ചയിൽ തൃപ്തിയടയുന്നു. പൂർണചിത്രം അവർക്കു കിട്ടുന്നില്ല. സ്വന്തം വേദന തെല്ലു നേരത്തേക്കെങ്കിലും മറന്ന് അന്യന്റെ വേദന കാണാൻ കഴിയുന്നവർ കാരുണ്യമുള്ളവർ. കാണാപ്പുറങ്ങളും കാണാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ലോകം കൂടുതൽ വിശാലമാകും.

Content Summry : Ulkazcha Column by B.S,Warrier - The benefits of a broad perspective

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA