ADVERTISEMENT

പ്രശസ്തമായ പല സ്ഥാപനങ്ങളിലെ പഠനത്തിനുശേഷവും യുവാവിനു ജോലിയൊന്നും ലഭിച്ചില്ല. വളരെനാൾ തൊഴിലിനുവേണ്ടി അലഞ്ഞ അയാൾ നിരാശനായി വീട്ടിലെത്തി. ജോലിയൊന്നും ലഭിച്ചില്ലേ എന്ന ചോദ്യം അഭിമുഖീകരിക്കാനുള്ള മടികൊണ്ടു മുറിയടച്ച് ഇരിപ്പായി. മകന്റെ സ്വഭാവവ്യതിയാനം ശ്രദ്ധിച്ച അച്ഛൻ അവനെയുംകൂട്ടി കൃഷിയിടത്തിലേക്കിറങ്ങി. അവിടെ നിൽക്കുന്ന വിളകൾ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു: ഈ നിൽക്കുന്ന വാഴയും ചേനയും നീ കാണുന്നുണ്ടല്ലോ. ഇവയെല്ലാം പെട്ടെന്നു വിളവുതന്ന് പലതവണ പുതിയ വിത്തുകൾ നട്ടു. എന്നാൽ, ദീർഘകാലം പരിപാലിച്ചിട്ടും ആ പ്ലാവിൽനിന്നു ഫലങ്ങൾ കിട്ടിയില്ല. വർഷങ്ങൾക്കുശേഷമാണ് ഒരു ചക്ക വിരിഞ്ഞത്. പക്ഷേ, ഞാൻ ഒരിക്കലും അതിനെ പരിപാലിക്കുന്നതിൽനിന്നു പിൻവാങ്ങിയില്ല.

എല്ലാ ചെടികളും ഒരേസമയം പുഷ്പിക്കില്ല. എല്ലാ പൂവും ഒരേകാലം നിലനിൽക്കില്ല. എല്ലാ വിത്തും ഒരേ ദിവസം മുളയ്ക്കില്ല. ഓരോന്നും ജന്മമെടുക്കുന്നതും കാലചക്രം പൂർത്തിയാക്കുന്നതും അതിന്റേതായ സമയത്താണ്. ആരുടെയും പ്രതീക്ഷകൾക്കൊത്തല്ല മറ്റാരും വളരുന്നത്. സ്വന്തം അഭിലാഷങ്ങൾക്കും പദ്ധതികൾക്കും അനുസരിച്ചുപോലും ആകണമെന്നില്ല. സ്വന്തം വിധി തീരുമാനിക്കുന്നതിലെ ചില ഗുരുതര പിഴവുകളുണ്ട്. മറ്റാരെങ്കിലും വിജയിച്ച വഴികളുടെയും അവർ പൂർത്തിയാക്കാനെടുത്ത സമയത്തിന്റെയും അനുകരണം; അധികനേരം കാത്തിരിക്കുന്നതിനുള്ള വിമുഖത; ആകസ്മികതയെ അഭിമുഖീകരിക്കുന്നതിനുള്ള ശേഷിക്കുറവ്; പേരെടുത്ത സമ്പ്രദായങ്ങളുടെ വേലിക്കെട്ടുകൾ പൊളിക്കുന്നതിനുള്ള ധൈര്യമില്ലായ്മ; നാലു ദിക്കുകളിലുമുള്ളവരുടെ ചോദ്യങ്ങളോടുള്ള ഭയം തുടങ്ങി ആത്മവിശ്വാസമില്ലായ്മയിൽ അവസാനിക്കുന്ന അനേകം ദുർഘട ഘട്ടങ്ങളിലൂടെ ഓരോ വ്യക്തിയും കടന്നുപോകും.

സ്വയം നിയന്ത്രണമില്ലാത്ത കാര്യങ്ങളുടെമേൽ നടത്തുന്ന അധിനിവേശങ്ങൾ സ്വയംനാശത്തിലേ അവസാനിക്കൂ.

വേഗമല്ല എപ്പോഴും മികവിന്റെ അടയാളം. ഒച്ചെന്തിനാണ് ചീറ്റപ്പുലിയുടെ വേഗം കണ്ട് അപകർഷതയിലേക്കു വീഴുന്നത്. അവനവൻ ചെയ്യേണ്ട കാര്യങ്ങളുടെ സ്വതസിദ്ധശൈലിയിലുള്ള പൂർത്തീകരണമാണ് യഥാർഥ മികവ്. അതിനനുവദിക്കേണ്ട സമയവും തുടരേണ്ട പ്രയാണവുമുണ്ട്. നല്ല സമയവും മോശം സമയവും കണ്ടെത്തി കാര്യങ്ങൾ ശുഭകരമാക്കുമ്പോഴും സ്വന്തം സമയം തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ പിന്നെങ്ങനെ ഓരോരുത്തർക്കും അവരർഹിക്കുന്ന ജീവിതം ലഭിക്കും.

Content Summary : Daily Motivation - The Fruit of Patience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com