നിങ്ങളെന്താണ് ഒരാഴ്ചയായി പല്ലുതേക്കാത്തത് ?, അവൾ ദേഷ്യത്തോടെ ചോദിച്ചു; നന്നാകാൻ തീരുമാനിച്ച ഭർത്താവിന്റെ കഥ!

career-daily-motivation-what-causes-people-not-to-change-illustration
Photo Credit : Megaflopp / Shutterstock.com
SHARE

അവർ വിവാഹിതരായിട്ട് 21 വർഷമായി. പക്ഷേ, ഇപ്പോഴും ഭർത്താവിനെക്കുറിച്ച് ഒരു കാര്യത്തിൽ പരാതിയുണ്ട്. പല്ലു തേക്കാൻ പേസ്റ്റ് എടുത്താൽ അതടച്ചു വയ്ക്കില്ല. ഇത്രയും കാലത്തെ പരാതി പരിഗണിച്ച് വിവാഹവാർഷിക ദിനം മുതൽ നന്നാകാൻ ഭർത്താവ് തീരുമാനിച്ചു. ഒരാഴ്ച വളരെ ശ്രദ്ധയോടെ അദ്ദേഹം പേസ്റ്റ് അടച്ചുവച്ചു. ഭാര്യ അഭിനന്ദിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒരു ദിവസം അവൾ ദേഷ്യത്തോടെ ചോദിച്ചു: നിങ്ങളെന്താണ് ഒരാഴ്ചയായി പല്ലുതേക്കാത്തത് ?

എല്ലാവർക്കും മാറാനും നന്നാകാനും കഴിയും. പലരും അതിനു തയാറുമാണ്. പക്ഷേ അവരെ മാറാൻ അനുവദിക്കണം. ശീലങ്ങളുടെ അടിമകളായി ജീവിക്കുന്നവരെക്കാൾ അധികമുണ്ടാകും, ചാർത്തിക്കിട്ടിയ പേരിന്റെ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവർ. എത്ര തിരുത്തിയാലും നന്നായാലും അകപ്പെട്ട ദുഷ്പേരിനുള്ളിൽ ചുറ്റിക്കറങ്ങേണ്ടി വരുന്നതുകൊണ്ടാണു മെച്ചപ്പെടാനുള്ള ആഗ്രഹം പോലും ആളുകൾ ഉപേക്ഷിക്കുന്നത്.

കയ്യബദ്ധമോ സാഹചര്യപ്രേരണയോ ആകാം ഒരിക്കൽ മാത്രം ചെയ്ത പല ദുഷ്കർമങ്ങളുടെയും അടിസ്ഥാനകാരണം. വിരൽചൂണ്ടുന്നവർ നീതിമാന്മാരായി തുടരുന്നത് അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരാത്തതുകൊണ്ടുമാകാം. ഒരാളെ അയാളുടെ പഴയകാലത്തുതന്നെ തളച്ചിടണമെന്ന വാശി അപരിചിതർക്കല്ല, അടുത്തിടപഴകുന്നവർക്കാണ് ഉണ്ടാകുന്നത്. അപരിചിതൻ ആയുഷ്കാല പ്രാബല്യമുള്ള സ്വഭാവ സർട്ടിഫിക്കറ്റുകൾ അന്വേഷിച്ചു നടക്കാറില്ല.

അവസരത്തിനനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ള പിഴവുകൾ. അത്തരക്കാരിലൂടെ ജീവപര്യന്തം ശിക്ഷ തടവറയ്ക്കു വെളിയിൽ അനുഭവിക്കുന്ന ഒട്ടേറെയാളുകളുണ്ട്. ആളുകളുടെ പഴയകാലം തേടുന്നവരുടെ ഏക ലക്ഷ്യം അപമാനിക്കലാണ്.

career-daily-motivation-what-causes-people-not-to-change-relationship
Photo Credit : Ruslan Huzau / Shutterstock.com

ജീവചരിത്രത്തിൽ നിന്നു കറുത്ത അധ്യായങ്ങൾ മാത്രം തേടുന്നതിനു ചില കാരണങ്ങളുമുണ്ട്. അയാൾ ഇന്നു കൂടുതൽ മെച്ചപ്പെട്ട മനുഷ്യനാണ്; ഈ രീതി തുടർന്നാൽ അയാളുടെ ഭാവി കൂടുതൽ തിളക്കമുള്ളതാകും; അപ്പോൾ അയാളെ തളയ്ക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം മുൻകാല പിഴവുകൾ വീണ്ടും പ്രസിദ്ധീകരിക്കുക എന്നതു മാത്രമാണ്. തെറ്റുകൾക്കു ലഭിക്കുന്ന കീർത്തി തിരുത്തലുകൾക്കും കൂടി ലഭിച്ചിരുന്നെങ്കിൽ എത്രപേർ വിശുദ്ധരായേനെ.

Content Summary : Daily Motivation : What causes people not to change?

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA