ADVERTISEMENT

രാജ്യത്ത് അതിശക്തമായ ക്ഷാമം വന്നു. ഭക്ഷ്യശേഖരം തീർന്നപ്പോൾ വിത്തു പോലും ജനങ്ങൾ പാകം ചെയ്തു ഭക്ഷിച്ചു. വിതയ്ക്കാൻ സമയമായപ്പോൾ ഒരു വിത്തുപോലും രാജ്യത്തില്ല. എന്നാൽ, ഒരു വയോധികൻ മാത്രം കൃഷി ചെയ്യുന്നതായി രാജാവിനു വിവരം ലഭിച്ചു. രാജാവ് അയാളെ വിളിച്ചുവരുത്തി ചോദിച്ചു: നിങ്ങൾക്ക് എവിടെ നിന്നാണു വിത്തു ലഭിച്ചത്. അയാൾ പറഞ്ഞു: എന്റെ കയ്യിൽ ഒരു വിത്തുപോലും ഇല്ലായിരുന്നു. ആളുകൾ ധാന്യങ്ങളുമായി ചന്തയിലേക്കു പോകുന്ന വഴിയോരം ഞാൻ ഉഴുതുമറിച്ചു. ഇതിനു മുൻപു ധാന്യങ്ങൾ മെതിച്ചിരുന്ന പരിസരവും ഞാൻ കിളച്ചൊരുക്കി. ഇവിടെയെല്ലാം ധാരാളം വിത്തുകൾ വീണുകിടപ്പുണ്ടായിരുന്നു. അവയെല്ലാം സാവധാനം മുളച്ചുപൊങ്ങി. 

 

അനുകൂലമായ സാഹചര്യമുണ്ടായാൽ അവഗണിക്കപ്പെട്ടവയും തഴച്ചുവളരും. വളരാനാഗ്രഹവും ശേഷിയുമുണ്ടായിട്ടും വരണ്ടുണങ്ങിപ്പോകുന്നവരുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കയറാനുള്ള കരുത്ത് എല്ലാവർക്കു മുണ്ടാകണമെന്നില്ല. വളരുന്നവർക്കു നൽകാവുന്ന ആദരം അവർക്കനുയോജ്യമായ അന്തരീക്ഷം ഒരുക്കുക എന്നതാണ്. തളിരിടാനും നിവർന്നുനിൽക്കാനും നിശ്ചിതസമയം വേണം. അതുവരെ വിതച്ചവർതന്നെ സംരക്ഷിച്ചേ മതിയാകൂ. വിതയ്ക്കുന്നവർ ശീലിക്കേണ്ട ചില പാഠങ്ങളുണ്ട്. ഇണങ്ങിയ സ്ഥലമുണ്ടാകണം, മുളപൊട്ടാനുള്ള സമയം അനുവദിക്കണം, അതീവശ്രദ്ധ പുലർത്തണം, കള പറിക്കണം, കാലികൾ തിന്നാതെ നോക്കണം, വിളവെടുക്കണം, വിത്തു മാറ്റിവയ്ക്കണം. എത്ര തിരസ്കരിക്കപ്പെട്ടു കിടക്കുന്നവരും തുണയാകാനൊരാളുണ്ടെന്നറിഞ്ഞാൽ തിരിച്ചുവരും. ആരുമില്ല എന്ന തോന്നലിൽ നിന്നാണു പലരും ആരുമല്ലാതാകുന്നത്. 

 

എല്ലാവരും ഉപേക്ഷിച്ചവയെ തിരഞ്ഞെടുക്കാനും സംരക്ഷിക്കാനും അസാധാരണമായ ധൈര്യം വേണം. കൃഷിസ്ഥലമെന്നു പേരെടുത്ത ഇടങ്ങളിൽ മികവുതെളിയിച്ച വിത്തുകൾ വിതച്ച് വിളവെടുക്കാൻ ആർക്കും കഴിയും. തരിശുഭൂമിയിൽ ചിതറിക്കിടക്കുന്ന വിത്തുകൾക്കു വെള്ളമൊഴിക്കാൻ പോലും ആരും തയാറാകില്ല.  എല്ലാ വിളവെടുപ്പുത്സവങ്ങളിലും അനുമോദന യോഗങ്ങളിലും മികച്ചവയ്ക്കു മാത്രമേ മെഡലുകൾ ലഭിക്കാറുള്ളൂ. രണ്ടാമന്റെയും മൂന്നാമന്റെയും അവസാന സ്ഥാനക്കാരന്റെയും വിയർപ്പുകണങ്ങൾക്കൂടി വിലമതിക്കപ്പെടുന്നിടത്തേ എല്ലാവർക്കും പടർന്നുപന്തലിക്കാനുള്ള താൽപര്യമുണ്ടാകൂ.

 

Content Summary : How do you comfort someone who feels ignored?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com